കൂടി, കൂട്ടി, കൂട്ടം, കൂടെ ഇവയൊക്കെ എങ്ങനെ പ്രയോഗിക്കണം.

Koodiഎല്ലാവരും കൂടി തീരുമാനിച്ചു. മറ്റുള്ളവരൊക്കെ കൂട്ടംകൂടി എന്നെ തല്ലി. അയൽക്കൂട്ടം യോഗം കൂടി. പട്ടികളെല്ലാം കൂടി, ആടിനെ ഓടിച്ചിട്ടുപിടിച്ചു.(കൂടി എന്നു കഴിഞ്ഞു കോമയിട്ടതു ശ്രദ്ധിക്കണം. അപ്പോൾ കൂടിയിട്ട് എന്നു ധ്വനിക്കും. അല്ലെങ്കിൽ അവിടംകൊണ്ട് വാക്യം തീരും) ക്യാബിനറ്റ് യോഗം കൂടി. ഇടുക്കി ഡാമിൽ വെള്ളം കൂടി. എന്നൊക്കെ പറയുന്നത് ശരി. ഇതിന്റെയൊക്കെ അർത്ഥം ഒരുമിച്ചുചേർന്നു, അധികമായി അല്ലെങ്കിൽ വർദ്ധിച്ചു എന്നാണ്. കൂടി, കൂടുന്നു, കൂടും എന്നിങ്ങനെയാണ് ഭൂത,ഭാവി,വർത്തമാനക്രിയാരൂപങ്ങൾ. എടാ നീ അവനോടു കൂട്ടുകൂടരുത്, ചീത്തക്കുട്ടികളുടെ കൂട്ടുകെട്ടിൽ കൂടരുത്, ഞാൻ കൂട്ടു വെട്ടി, കൂട്ടത്തിൽനിന്നു ഞാൻ ഒഴിവായി ഇതൊക്കെ കൂടുക എന്ന ക്രിയയോടനുബന്ധിച്ചുള്ള വാക്കുകളുടെ പ്രയോഗങ്ങളാണ്. കൂട്ടർ, കൂട്ടായ്മ എന്നാൽ ഇങ്ങനെ കൂട്ടംകൂടിയ ആളുകൾ.

ശമ്പളം കൂട്ടിത്തരണം, ഡി എ ശമ്പളത്തോടു കൂട്ടിച്ചേർക്കണം എന്നൊക്കെ തൊഴിലാളികൾ ആവശ്യപ്പെടുമ്പോൾ മുതലാളിമാർ ശമ്പളം കൂട്ടിക്കൊടുക്കും. കൂട്ടിക്കൊടുക്കുക എന്നാൽ പതിവിൽ അധികം കൊടുക്കുക, ഏഷണി പറയുക, വിടന്മാർക്കു സ്ത്രീകളെ കൂട്ടിവിട്ടുകൊടുക്കുക എന്നും അർത്ഥമുണ്ട്. കൂടുക എന്ന അകർമ്മകക്രിയയുടെ പ്രയോജകരൂപമാണ് കൂട്ടുക എന്നത്. കൂടുതൽ, കൂട്ടം ഇതൊക്കെ അതിനോടനുബന്ധിച്ചുള്ള പദങ്ങൾ.

എന്നാൽ കൂടെ എന്നുള്ള പദം ക്രിയയല്ല. ഗതിയാണ്. അതായത് രണ്ടു പദങ്ങൾ തമ്മിൽ ചേർക്കുന്ന ചങ്ങലക്കണ്ണി. ഈ വാക്ക് അതിനുതൊട്ടുമുന്നിലുള്ള പദത്തോടു ചേർത്തെഴുതണം. കൂടക്കൂടെ എന്നാൽ പിന്നെയുംപിന്നെയും എന്നാണർത്ഥം. കൂടെക്കിടന്നവനേ രാപ്പനിയറിയൂ, കൂടെ നടന്ന് കുതികാൽ വെട്ടരുത് ഇതൊക്കെ പഴയ പ്രയോഗങ്ങൾ. എന്നെക്കൂടെ കൊണ്ടുപോകുമോ എന്നാണു് ചോദിക്കേണ്ടത്; അല്ലാതെ എന്നെക്കൂടി കൊണ്ടുപോകുമോ എന്നല്ല. നിങ്ങളുടെ കൂട്ടത്തിൽ എന്നെക്കൂടെ ചേർക്കുമോ, അവനെക്കൂടെ കൊണ്ടുപോകൂ എന്നൊക്കെ ശരിയായി പറയാം. വേറെ ആരെയെങ്കിലും കൂട്ടത്തിൽ ചേർക്കുന്നതു കണ്ടാൽ എന്നെയുംകൂടെ ചേർക്കാമോ എന്നു ചോദിക്കാം. “എന്നെയുംകൂടൊന്നു കൊണ്ടുപോകൂ” എന്ന് ഉം ചേർത്ത് കവി പാടുന്നത് രമണൻ ആടിനെ കൊണ്ടുപോകുന്ന കൂട്ടത്തിൽ ചന്ദ്രികയെക്കൂടെ ചേർക്കുമോ എന്നറിയാനാണ്; “ചന്ദ്രികയെക്കൂടി” അല്ല. രമണൻ ആടിനെ കൊണ്ടുപോകുന്നില്ലെങ്കിൽ “എന്നെ കൊണ്ടുപോകുമോ” എന്നായിരിക്കും ചന്ദ്രിക ചോദിക്കുക. ഒരുവട്ടം കൂടി എന്നു പാടിയാൽ ഒരു വട്ടം വർദ്ധിച്ചു അല്ലെങ്കിൽ ഒരെണ്ണത്തിനെ കൂടെ മറ്റൊരു വട്ടം ചേർന്നു/അധികമായി എന്നേ അർത്ഥമുള്ളൂ.

(വട്ടംകൂടുക എന്നാൽ കുറേപ്പേർ ചേർന്നു വലയമായി സമ്മേളിക്കുന്നതിനു പറയാം. വട്ടംകൂട്ടുക എന്നാൽ തയ്യാറെടുക്കുക, ഒരുങ്ങുക, ഒരുക്കുക എന്നൊക്കെ അർത്ഥം. ഐതിഹ്യമാലയിലെ 95 – ആം രചനയിൽ നടുവിലെപ്പാട്ടു ഭട്ടതിരിയുടെ ഗുരുനാഥനായിരുന്ന വാദ്ധ്യാൻ നമ്പൂതിരിയുടെ കിടപ്പിന്റെ വട്ടത്തെക്കുറിച്ചൊരു രസകരമായ വിവരണമുണ്ട്. അതിപ്രകാരമാണ്: വാദ്ധ്യാൻ നമ്പൂതിരിക്ക് തൃശ്ശിവപേരൂർതന്നെ ഒരിടത്തു ഉപായത്തിൽ “ഒരു കിടപ്പിന്റെ വട്ടമുണ്ടായിരുന്നു.” എന്നു പറഞ്ഞാൽ സ്വന്തം വീടല്ലാതെ വേറൊരു വീട്ടിലെ കിടപ്പ് !!)

ഇവിടെ പത്രവാർത്തയിൽ “രണ്ടു പേർ കൂടി” എന്നെഴുതിയതു് ശ്രദ്ധിക്കൂ. രണ്ടു പേർ വർദ്ധിച്ചു എന്നാണിതിന്റെ അർത്ഥം. രണ്ടുപേർകൂടെ പിടിയിൽ എന്നാണെങ്കിൽ ശരി. നേരത്തെ ആരെയോ ഈ കേസിൽ പിടികൂടിയിട്ടുണ്ട് എന്നാണു് ധ്വനി. കോയമ്പത്തൂരിൽ നിന്ന് – ഇതും തെറ്റ്. ഇങ്ങനെ എഴുതിയാൽ പ്രതികൾ അവിടെ നില്ക്കുകയായിരുന്നു എന്നാണർത്ഥം. ഇതും ഗതിയാണ്. മുന്നിലുള്ള പദത്തോടു ചേർത്തെഴുതണം. കോയമ്പത്തൂരിൽനിന്നു പിടികൂടി എന്നാണു് ശരി. ഈവകയൊക്കെ ഇങ്ങനെ തെറ്റിച്ചെഴുതുന്നതു ദിവസേന വായിച്ചുവായിച്ച് നമ്മുടെ മനസ്സും അങ്ങനെയായിപ്പോയി. ഇതൊന്നും കണ്ടാൽ ആർക്കും മനസ്സിലാകുകയുമില്ല; അഥവാ മനസ്സിലായാൽത്തന്നെ ഒരു വിരോധവുമില്ല.

facebooktwittergoogle_plusredditpinterestlinkedinmail