നിയമജ്ഞന്മാർ !

Lakshminairഇന്നു നെറ്റിൽനിന്നു കിട്ടിയ ഒരു ചിത്രമാണിത്. അതിന്റെ ആധികാരികത എന്താണെന്നറിയില്ല. എന്നാൽ ബ. വിദ്യാഭ്യാസവകുപ്പുമന്ത്രി ഒപ്പിട്ടിരിക്കുന്നതായി കാണുന്നതിനാൽ ചിലതു പറയാതെ വയ്യാ:

ലക്ഷ്മീനായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും മാറ്റി എന്നെഴുതിയാൽ ഒരർത്ഥവുമില്ല. വേണമെങ്കിൽ ലക്ഷ്മീനായരെ ഏതോ സ്ഥാനത്തുനിന്നും ഏതോ പ്രിൻസിപ്പൽ മാറ്റിയെന്നു വായിക്കാം. ‘നിന്നും’ എന്നുള്ള പ്രയോഗത്താൽ അവർ മറ്റെന്തോ സ്ഥാനംകൂടെ വഹിച്ചിരുന്നു എന്നു ധ്വനിക്കുന്നുണ്ട്. ഉദാ: അവർ പ്രിൻസിപ്പൽ എന്ന പദവി കൂടാതെ മാനേജർ എന്ന പദവിയുംകൂടെ വഹിക്കുന്നുണ്ടെങ്കിൽ “പ്രിൻസിപ്പൽസ്ഥാനത്തുനിന്നും മാനേജർസ്ഥാനത്തുനിന്നും മാറ്റി” എന്നു പറയാം. മാറ്റിയെന്നു പറഞ്ഞാൽ അവരെ അവിടെയുള്ള ഏതോ ഒരു സ്ഥലത്തേക്കു മാറ്റിയെന്നും വായിച്ചെടുക്കാം. ….തീരുമാനപ്രകാരം ലക്ഷ്മിനായരെ പ്രിൻസിപ്പൽസ്ഥാനത്തുനിന്നു നിഷ്കാസനംചെയ്തു/നീക്കം ചെയ്തു എന്നൊക്കെയാണു വേണ്ടത്.

ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ….തീരുമാനിച്ചു. എന്നു പറഞ്ഞാൽ ഏതോ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വിദ്യാഭ്യാസവകുപ്പാണ് തീരുമാനിച്ചത് ! വിദ്യാഭ്യാസവകുപ്പുമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തീരുമാനിച്ചു എന്നുവേണം എഴുതാൻ.

മാനേജ്‌മെന്റ് ഈ ഉറപ്പിൽ നിന്നും വ്യതിചലിച്ചാൽ സർക്കാർ ഇടപെടുന്നതുമായിരിക്കും – ഉറപ്പിൽ നില്ക്കാൻ പറ്റില്ല. അതു ചേർത്തെഴുതണം. തന്നയുമല്ല ഉം എന്നു വന്നാൽ വേറെന്തോ അതിന്റെ കൂടെയുണ്ട് എന്നാണു ധ്വനി. ഉറപ്പിൽനിന്നു വ്യതിചലിച്ചാൽ എന്നാണു വേണ്ടത്. ഇടപെടുന്നതുമായിരിക്കും – ഇതും അതുപോലെ സർക്കാർ വേറെന്തൊകൂടെ ചെയ്യും എന്ന ധ്വനിയാണ്. അതു വേണ്ടാ. സർക്കാർ ഇടപെടുന്നതായിരിക്കും എന്നു മതി. (എന്തിനാണ് ഇടപെടുന്നതെന്നു ചോദിക്കരുത് !)

മലയാളം എഴുതാൻ അല്പമെങ്കിലും അടിസ്ഥാനവിദ്യാഭ്യാസം വേണം. ഏതു ……നും മലയാളം എഴുതും. ഇങ്ങനെയൊക്കെ എഴുതിയാൽ എന്നെപ്പോലെയുള്ള ഒരാൾ ഇങ്ങനെയൊക്കെയേ മനസ്സിലാക്കൂ. വാക്കുകൾ തമ്മിൽ ചേർത്തെഴുതുമ്പോഴും മാറ്റിയെഴുതുമ്പോഴും വളരെയധികം അർത്ഥവ്യത്യാസം ഉണ്ടാകുമെന്ന് ഇവരൊക്കെ ഇനി എന്നാണു മനസ്സിലാക്കുക !!

(ഇതിൽ എന്നുമുതലാണ് ഇവരെ നിഷ്കാസനം ചെയ്തതെന്നോ ഏതു വകുപ്പുപ്രകാരമാണ് നീക്കം ചെയ്യുന്നതെന്നോ ആരാണ് അവരെ അതിനധികാരപ്പെടുത്തിയതെന്നോ ആരുടെ അധികാരത്തിലാണ് ഈ പ്രവൃത്തി ചെയ്തതെന്നോ പുതിയ പ്രിൻസിപ്പലിനെ നിയമിക്കുന്നത് എന്നാണെന്നോ ഒന്നുമില്ല !!!!) ഇവരൊക്കെക്കൂടെ തീരുമാനിച്ചാൽ അതെങ്ങനെ ലക്ഷ്മിനായരെ ബാധിക്കും ? നിയമപരമായി നിലനില്ക്കുന്ന ഒന്നാണോ ഇത് ? ഇതെഴുതിയവരും വായിച്ചുകേൾപ്പിച്ചവരും ഇതിൽ ഒപ്പിട്ടവരും എല്ലാം കണക്കാ…അല്ല “മലയാളമാ……..” !!!!

നിയമജ്ഞർ എന്നാൽ നിയമത്തെക്കുറിച്ച് അജ്ഞരായവർ എന്നു സമാസിക്കേണ്ടിവരുമോ ?

facebooktwittergoogle_plusredditpinterestlinkedinmail