ഒരുപോലെ / ഒരേപോലെ എന്നീ അബദ്ധങ്ങൾ

ഒരുപോലെ/ഒരേപോലെ എന്നൊക്കെയുള്ള പ്രയോഗങ്ങൾ അബദ്ധമാണ്. പോലെ എന്നുള്ളത് ഗതിയാണ്. അതു നാമത്തിന്റെ/ക്രിയയുടെകൂടെയാണു പ്രയോഗിക്കേണ്ടത്. എന്നെപ്പോലെ, നിന്നെപ്പോലെ, തന്നെപ്പോലെ, അവനെപ്പോലെ, അവരെപ്പോലെ, കണ്ടതുപോലെ, കേട്ടതുപോലെ, അറിഞ്ഞതുപോലെ എന്നൊക്കെ. ഒരു എന്നത് ഒരു നാമവിശേഷണമാണ്. അതു നാമത്തിന്റെ മുന്നിലാണു വരേണ്ടത്. ഒരു കുട്ടി, ഒരു പട്ടി, ഒരു മനുഷ്യൻ, ഒരു പെൺകുട്ടി, ഒരിടം, ഒരുവൻ എന്നൊക്കെ. ഒന്നുപോലെ എന്നാണു ശരിയായ പ്രയോഗം. “മാനുഷരെല്ലാരുമൊന്നുപോലെ.”കേട്ടിട്ടില്ലേ ?

ഒരു +ഏ (അവധാരകപ്രത്യയം)= ഒരേ. ഏ എന്നു ചേർത്താൽ അതുതന്നെ എന്നർത്ഥം. അപ്പോൾ ഒരേ കാര്യംതന്നെ എന്നു വേണ്ടാ. ഒരു കാര്യംതന്നെ എന്നോ ഒരേ കാര്യം എന്നോ മതി. ഒരേ രീതി, ഒരേ ചിന്ത, ഒരേ മനസ്സ്, ഒരേയൊരാൾ ഇതൊക്കെ ശരിയായ പ്രയോഗങ്ങൾ.

വലിയവലിയ സാഹിത്യകാരന്മാരൊക്കെ ഒരുപോലെ, ഒരേപോലെ എന്നൊക്കെ ഇഷ്ടംപോലെ പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് അത് ശരിയാവണമെന്നില്ല. വൈയാകരണന്മാർ പറയുന്നതാണ് ശരി.

മകൾക്കും മകനും ഒരുപോലെ വീതിച്ചു എന്നെഴുതിയാൽ ആവാക്യം തീർന്നു. ഒരു വാക്യത്തിൽ ഒരു പൂർണ്ണക്രിയയേ പാടുള്ളൂ. വീതിച്ചു, നല്കും ഇതുരണ്ടും പൂർണക്രിയകളാണ്. അതു തമ്മിൽ ഇങ്ങനെ – മകൾക്കും മകനും ‘വീതിച്ചുനല്കും’ -എന്നു ചേർത്തെഴുതിയാൽ വീതിച്ചു എന്നുള്ളത് അപ്രധാനമാകും; അതായത് ക്രിയാവിശേഷണം. നല്കും എന്നുള്ളതുമാത്രമാണ് ഇതിലെ മുറ്റുവിന (പൂർണ്ണക്രിയ). പിടിച്ചുകൊണ്ടുനില്ക്കുന്ന എന്നും ചേർത്തെഴുതണം. …..പിടിച്ചുകൊണ്ടുനില്ക്കുന്ന സ്വന്തം ചിത്രത്തോടൊപ്പമാണ് ട്വീറ്റ്. ഇതിൽ ‘ആണ്’ എന്നുള്ളതാണു പൂർണ്ണക്രിയ. ഇങ്ങനെ എഴുതിയില്ലെങ്കിൽ പിടിച്ചു, കൊണ്ടു ഇതൊക്കെ പൂർണ്ണക്രിയകൾ.

Orupole

facebooktwittergoogle_plusredditpinterestlinkedinmail