ഭരണഭാഷാപരിഷ്കാരങ്ങൾ

ഇപ്പോൾ കേരളസർക്കാർ ഭരണഭാഷ മലയാളമാക്കിക്കൊണ്ടിരിക്കുകയാണല്ലോ. ഇത്തരുണത്തിൽ ഈ വഴിക്കുള്ള ശ്രമങ്ങളെ ശ്‌ളാഘിക്കുന്നതോടൊപ്പംതന്നെ അതിൽ പാകപ്പിഴകൾ ഉണ്ടാകാതിരിക്കുന്നതും നല്ലതാണ് എന്നു ഞാൻ വിചാരിക്കുന്നു. അതിനു വേണ്ടത് ഭാഷയിൽ വേണ്ടത്ര പരിജ്ഞാനവും പ്രാവീണ്യവും ഉള്ളവരും ഇതൊക്കെ നടപ്പാക്കാൻ അർപ്പണമനോഭാവവുമുള്ള ആളുകളുമാണ്. ഇങ്ങനെ പോയാൽ എങ്ങുമെത്തുകയില്ല എന്നു ഞാൻ ന്യായമായും ശങ്കിക്കുന്നു. ഇതോടൊപ്പം ചേർത്തിരിക്കുന്ന കേരളസർക്കാരിന്റെ ലിങ്കിൽ എത്രയോ തെറ്റുകൾ കടന്നുകൂടിയിരിക്കുന്നു !!

തുടക്കംമുതലേ ഇതു പാളിപ്പോയി എന്നു പറയുന്നതിൽ അതിയായി ഖേദിക്കുന്നു. കേരളത്തിലെ സർക്കാർ കേരളസർക്കാർ എന്നാണെഴുതേണ്ടത്. ഉദ്യോഗസ്ഥ എന്നാൽ എന്താണർത്ഥം ? എന്തെങ്കിലും ഉദ്യോഗം വഹിക്കുന്ന സ്ത്രീ എന്നല്ലേ ? ഉദ്യോഗസ്ഥ ഫയൽ നോക്കി, ഉദ്യോഗസ്ഥ വീട്ടിൽപ്പോയി, ഉദ്യോഗസ്ഥ നടപടിയെടുത്തു എന്നൊക്കെ പറഞ്ഞാൽ നമുക്കു കാര്യം എളുപ്പത്തിൽ മനസ്സിലാകും. എന്നാൽ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര എന്നൊക്കെ ഒരിടത്തും തൊടാതെ എഴുതിയാൽ എന്താണു് മനസ്സിലാക്കേണ്ടത് ? കേരള, ഭരണ, പരിഷ്കാര, ഔദ്യോഗിക ഇങ്ങനെയൊന്നും ഭാഷയിൽ വാക്കുകളില്ല.

ഇനി ഇതൊക്കെ ചേർത്തെഴുതിയാലോ ? ഉദ്യോഗസ്ഥഭരണപരിഷ്കരണവകുപ്പ് എന്നായാൽ ഉദ്യോഗസ്ഥരുടെ ഭരണത്തിന്റെ പരിഷ്‌കരണം സംബന്ധിച്ച വകുപ്പ് എന്നർത്ഥം വരും. (പരിഷ്കാര വകുപ്പ് എന്നല്ല വേണ്ടത്) അതാണോ സർക്കാർ ഉദ്ദേശിച്ചത് ? ഈ ഉദ്യോഗസ്ഥരെ ഇതിൽ തിരുകിയതെന്തിനാണ് എന്നു മനസ്സിലാകുന്നില്ല. അങ്ങനെയാണെങ്കിൽ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും അതിൽപ്പെടുത്തണം. ഔദ്യോഗികവും വേണ്ടാ. ഭരണം എന്നു വരുമ്പോൾ അതിൽത്തന്നെ ഔദ്യോഗികം അടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഭരണത്തിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷിനെ മാറ്റി, തത്സ്ഥാനത്തു മലയാളത്തെ പ്രതിഷ്ഠിക്കുക എന്നതാണല്ലോ ഈ അഭ്യാസത്തിന്റെ ചുരുക്കം. അതിനുവേണ്ടി ഇങ്ങനെ ഒരു തലക്കെട്ടു കൊടുത്താൽ ശരിയാവില്ല എന്നാണെന്റെ വിനീതമായ അഭിപ്രായം. ഭരണത്തിനുപയോഗിക്കുന്ന ഭാഷ – ഭരണഭാഷ. ഭാഷയുടെ പരിഷ്കരണം – ഭാഷാപരിഷ്കരണം. പരിഷ്കരണത്തിനുള്ള വകുപ്പ് – പരിഷ്കരണവകുപ്പ്. ഇതെല്ലാംകൂടെ ചേർന്നാൽ ഭരണഭാഷാപരിഷ്കരണവകുപ്പ് (കേരളസർക്കാർ) എന്നു വേണം.

വിഭക്തിപ്രത്യയങ്ങളോ പരസ്പരബന്ധം സൂചിപ്പിക്കുന്ന മറ്റു ശബ്ദങ്ങളോ ഒന്നുമില്ലാതെതന്നെ അവയെ ഒറ്റപ്പദമാക്കുന്ന വിദ്യയാണു സമാസിക്കൽ. സമാസിച്ചാൽപ്പിന്നെ അതിനെ വിഘടിപ്പിക്കാൻ പാടില്ല. സമാസിച്ചാൽ അതിൽ വാക്കുകളില്ല അക്ഷരങ്ങൾ മാത്രമേയുള്ളൂ.

പുരസ്കാരം/പുരസ്‌കരണം എന്നതിന്റെ അർഥം എന്താണാവോ ഇവർ മനസ്സിലാക്കിയിരിക്കുന്നത് ! മുന്നിലാക്കുക, നായകനാക്കുക, പരിചയപ്പെടുത്തുക, അംഗീകരിക്കുക, തളിക്കുക, വന്ദിക്കുക, അഭിഷേകം ചെയ്യുക, ഒരുക്കുക, പൂർത്തിയാക്കുക, കുറ്റപ്പെടുത്തുക ഇങ്ങനെയൊക്കെയാണ് ശബ്ദതാരാവലിയിൽ കൊടുത്തിരിക്കുന്ന അർത്ഥങ്ങൾ !! ഇതിൽ ഏതാണാവോ ഇവർ ഉദ്ദേശിച്ചത് ?

ഭരണഭാഷയെ സേവിക്കുന്ന പ്രക്രിയ – ഭരണഭാഷാസേവനം. സംസ്ഥാനത്തിന്റെ തലയാണ് സംസ്ഥാനതല. അതു കേന്ദ്രസർക്കാർ നിയമിച്ച ഗവർണറാണ്. അദ്ദേഹവും ഈ മലയാളീകരണവും തമ്മിലെന്തു ബന്ധം !!സംസ്ഥാനതലത്തിൽ ഭരണഭാഷയിൽ ചെയ്യുന്ന സേവനങ്ങൾക്ക് കൊടുക്കുന്ന സമ്മാനങ്ങൾ എന്നു വരണമെങ്കിൽ സംസ്ഥാനതലഭരണഭാഷാസേവനസമ്മാനം. എന്നു വരണം. സമ്മാനമായി കൊടുക്കുന്ന തുക സമ്മാനത്തുക എന്നെഴുതണം.

എല്ലാ എന്നെഴുതുമ്പോൾ വിഭാഗത്തിലുംപെട്ട എന്നു വേണം. അതുപോലെ “ഏർപ്പെടുത്തിക്കൊണ്ടും” എന്നെഴുതിയാൽ അതുപോലെതന്നെ വേറൊരിടത്തും ഉം വരണം. അതായത് “വരുത്തിക്കൊണ്ടും” എന്നെഴുതിയാലേ വാക്യഘടന ശരിയാവൂ.

“ക്ലാസ്സ് ൧, ൨ വിഭാഗങ്ങളിൽപ്പെട്ട സർക്കാർജീവനക്കാർക്ക് ഭരണഭാഷാപരിഷ്കരണവകുപ്പ് (കേരളസർക്കാർ) സംസ്ഥാനതലത്തിൽ ഭരണഭാഷാസേവനസമ്മാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ടും, എല്ലാ വിഭാഗത്തിലുംപെട്ട സർക്കാർജീവനക്കാർക്ക് സംസ്ഥാനതലത്തിൽ ഗ്രന്ഥരചനാസമ്മാനം, ക്‌ളാസ് ൩ വിഭാഗത്തിൽപ്പെട്ടവർക്ക് സംസ്ഥാനതല/ജില്ലാതലഭരണഭാഷാസേവനസമ്മാനം, ക്ലാസ്സ് ൩ വിഭാഗത്തിൽപ്പെട്ട ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ്/സ്‌റ്റെനോഗ്രാഫർ തസ്തികയിലുള്ളവർക്ക് സംസ്ഥാനതല/ജില്ലാതലഭരണഭാഷാസേവനസമ്മാനം എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകളിലും സമ്മാനത്തുകയിലും ഭേദഗതി വരുത്തിക്കൊണ്ടും, ഉത്തരവു പുറപ്പെടുവിക്കുന്നു :”

എന്നാണു ശരിയായി എഴുതേണ്ടത്.

ഇതു കൂടാതെ പ്രഖ്യാപിതലക്ഷ്യം, നടപ്പിലാക്കിവരുകയാണ്, ഇതിനോടകംതന്നെ, നല്കിവരുന്നുണ്ട്, സർക്കാർനയം, നടത്തിവരുന്ന, ചർച്ചചെയ്ത് തീരുമാനിക്കുകയുണ്ടായി, നിലനിറുത്തിക്കൊണ്ട്, വർദ്ധിപ്പിച്ചുകൊണ്ടും, രൂപയിൽനിന്നു, (ഇവിടെ ഉം വേണ്ടാ) ബജറ്റ്ശീർഷകത്തിൽനിന്നും, ഭരണഭാഷാപരിപോഷണപ്രവർത്തനങ്ങൾക്ക്, തുകയിൽനിന്നും, ഭാഷമാറ്റ പുരോഗതി (ഭാഷാന്തരപുരോഗതി) ഔദ്യോഗികരംഗത്ത്, ജോലിചെയ്തുവരുന്ന, ഔദ്യോഗികഭാഷാവകുപ്പ്, പരിശോധനക്കുറിപ്പും, അയച്ചുനല്കേണ്ടതാണ്, എഴുത്തുപരീക്ഷകൂടെ, സ്വതന്ത്രകൃതികൾ, താഴെപ്പറയുംപ്രകാരം, ഭരണഭാഷാവാരാഘോഷം, തദ്ദേശഭരണസ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ, അർദ്ധസർക്കാർസ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ ഉത്തരവിൻപ്രകാരം – ഇതൊക്കെ ഇങ്ങനെയാണെഴുതേണ്ടത്.

വാൽക്കഷണം : വായിച്ചുവായിച്ചുവന്നപ്പോഴാണ് ഒരു ഭാഷാവിദഗ്ദ്ധൻ അവിടെയുണ്ട് എന്നറിയുന്നത്. അതും തെറ്റായി ഭാഷാ വിദഗ്ധൻ എന്നാണെഴുതിയിരിക്കുന്നത് !

order No. 5671/16/3117

സ. ഉ (കൈയെഴുത്ത്) നമ്പർ 08/2017 /ഉഭപവ (അതായത് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്) തിരുവനന്തപുരം തീയതി 14/03/2017

https://www.kerala.gov.in/documents/10180/cec307ec-f83e-4588-9772-896f666f1266

Facebooktwittergoogle_plusredditpinterestlinkedinmailby feather