സാധാരണക്കാരനല്ല !

Saadharanakkaar

ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്ന ആളെ, എവിടെയെങ്കിലും ഉള്ളവരെ, എന്തെങ്കിലും ഉള്ളവരെ, എന്തിനോടെങ്കിലും ബന്ധപ്പെട്ടവരെയൊക്കെയാണ് കാർ എന്നുള്ള പ്രത്യയം ചേർത്ത് ബഹുവചനം ഉണ്ടാക്കി വിളിക്കുന്നത്. അതായത് – അതു ചെയ്യുന്നവർ, അതുള്ളവർ, അവിടെയുള്ളവർ അതുമായി ബന്ധപ്പെട്ടവർ – ഇവരൊക്കെയാണ് “കാർ”

യാത്ര ചെയ്യുന്നവർ യാത്രക്കാർ, കൂട്ടുകൂടുന്നവർ കൂട്ടുകാർ, ജോലി ചെയ്യുന്നവർ – ജോലിക്കാർ, പാട്ടു പാടുന്നവർ – പാട്ടുകാർ, തല്ലാൻ പോകുന്നവർ – തല്ലുകാർ, പിരിവെടുക്കുന്നവർ – പിരിവുകാർ, ചുമടെടുക്കുന്നവർ – ചുമട്ടുകാർ, കുറ്റം ചെയ്യുന്നവർ – കുറ്റക്കാർ.

ഓരോ പ്രദേശത്തുള്ളവർ – പാലാക്കാർ, കോട്ടയംകാരി, കണ്ണൂരുകാർ, ആലപ്പുഴക്കാർ, വയനാട്ടുകാർ, തൃശ്ശൂരുകാരൻ എന്നിങ്ങനെ. ഓരോരോ രാജ്യങ്ങളിലുമുള്ള ആളുകൾ എന്ന രീതിയിൽ കാരണവൻമാർ പറഞ്ഞുപഠിപ്പിച്ച പലതും തെറ്റാണ്. ബ്രിട്ടീഷുകാർ, സ്‌കോട്ടീഷുകാർ, ജർമ്മൻകാർ, ഫ്രഞ്ചുകാർ, പോർട്ടുഗീസുകാർ ഇതൊക്കെ അതതുസ്ഥലങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത കാറുകളാണ്. ബ്രിട്ടീഷ് എന്നു പറഞ്ഞാൽ ബ്രിട്ടനെസ്സംബന്ധിക്കുന്ന, സ്‌കോട്ടിഷ് എന്നാൽ സ്കോട്ലൻഡിനെസ്സംബന്ധിക്കുന്ന, ജർമ്മൻ എന്നാൽ ജർമ്മനിയെസ്സംബന്ധിക്കുന്ന, ഫ്രഞ്ച് എന്നു പറഞ്ഞാൽ ഫ്രാൻസിനെസ്സംബന്ധിക്കുന്ന, പോർട്ടുഗീസ് എന്നു പറഞ്ഞാൽ പോർട്ടുഗലിനെസ്സംബന്ധിക്കുന്ന എന്നൊക്കെയുള്ള വിശേഷണങ്ങളാണ്. അതിന്റെ കൂടെഅവിടങ്ങളിൽ താമസിക്കുന്നവർ എന്ന് അർത്ഥത്തിൽ കാർ ചേർക്കാൻ പാടില്ല. ബ്രിട്ടൻകാർ, സ്കോട്ലൻഡുകാർ, ജർമ്മനിക്കാർ, ഫ്രഞ്ചുകാർ പോർട്ടുഗൽകാർ എന്നൊക്കെ ശരി. എന്നാൽ അമേരിക്കക്കാർ, ജപ്പാൻകാർ, ചൈനാക്കാർ, ശ്രീലങ്കക്കാർ, അറേബ്യക്കാർ, സ്പെയിൻകാർ, ഭൂട്ടാൻകാർ, നേപ്പാൾകാർ ഇതൊക്കെ ശരി.

ബാങ്കുമായി ബന്ധപ്പെട്ടവർ – ബാങ്കുകാർ, പാർട്ടിയുമായി ബന്ധപ്പെട്ടവർ – പാർട്ടിക്കാർ, ബിജെപിക്കാർ, കോൺഗ്രസ്സുകാർ, (കമ്യൂണിസ്റ്റുകാർ, മാർക്സിസ്റ്റുകാർ, ലെനിനിസ്റ്റുകാർ എന്നൊക്കെ പറയാൻ പാടില്ല. കമ്യൂണിസ്റ്റ് എന്നു പറയുന്നത് കമ്യൂണുമായി ബന്ധപ്പെട്ടവർ, മാർക്സിന്റെ അനുയായി മാർക്സിസ്റ്റ്, ലെനിന്റെ അനുയായി ലെനിനിസ്റ്റ്. ഇതിന്റെയൊക്കെക്കൂടെ കാർ ചേർക്കാൻ പാടില്ല. കമ്യൂണിസ്റ്റുകൾ, മാർക്സിസ്റ്റുകൾ, ലെനിനിസ്റ്റുകൾ എന്നൊക്കെയാവാം.)

പണമുള്ളവർ – പണക്കാർ, കാശുള്ളവർ – കാശുകാർ, കടമുള്ളവർ – കടക്കാർ, വെളുത്ത നിറമുള്ളവർ – വെള്ളക്കാർ (വെളുത്ത കാറും വെള്ളക്കാർതന്നെ !) കറുപ്പുനിറമുള്ളവരെ കറുപ്പന്മാർ എന്നാരും പറയുന്നില്ല, കറുമ്പന്മാർ എന്നാണു പറയുക. അതെന്താണാവോ !

ഭാഷയുമായി ബന്ധപ്പെട്ടവരെ ഭാഷക്കാർ എന്നു പറയാം. അതായത് ഹിന്ദിഭാഷ സംസാരിക്കുന്നവരെ ഹിന്ദിഭാഷക്കാർ, കന്നഡഭാഷ സംസാരിക്കുന്നവരെ കന്നഡഭാഷക്കാർ, തെലുഗുഭാഷ സംസാരിക്കുന്നവരെ തെലുഗുഭാഷക്കാർ എന്നൊക്കെ പറയാം. എന്നാൽ ഭാഷയിലെ വ്യാകരണം കൈകാര്യം ചെയ്യുന്നവരെ വൈയാകരണന്മാർ എന്നാണു വ്യവഹരിക്കുന്നത്. അതു വയ്യാകരണൻ എന്നെഴുതാൻ പാടില്ല. അങ്ങനെ എഴുതിയാൽ വയ്യാത്ത എഴുത്തുകാരൻ എന്നാണർത്ഥം. കരണൻ എന്നാൽ ശൂദ്രസ്ത്രീയിൽ വൈശ്യനു പിറന്ന സന്തതി എന്നും അർത്ഥമുണ്ട്. ഭാഷയിൽ ഗഹനമായ അറിവുള്ളവരെ ഭാഷാപണ്ഡിതർ, ഭാഷാവിദഗ്ദ്ധർ എന്നൊക്കെ പറയാം.

ഇതിലൊന്നും പെടാത്ത വെറുതെ നടക്കുന്നവരെ സാധാരണക്കാർ എന്നു പറയാൻ പാടില്ല. സാധാരണൻ എന്നാണു പറയേണ്ടത്. സാധാരണന്മാരിൽ സാധാരണനായ എന്നു ശരി. സാധാരണയായി എന്ന പ്രയോഗവും തെറ്റ്. സാധാരണമായി, അസാധാരണമായി എന്നൊക്കെയാണു ശരിയായ പ്രയോഗങ്ങൾ. വെറുതെ നടക്കുന്നവരെ ആൾക്കാർ എന്നു പറയാൻ പാടില്ല. ആളുകൾ എന്നാണു് ബഹുവചനം.

സാധാരണൻ എന്നതിന്റെ സ്ത്രീലിംഗം സാധാരണത്തി എന്നു വേണ്ടിവരും. സാധാരണി എന്നാൽ താക്കോൽ, ഓടാമ്പൽ, മുള, നാമ്പ് എന്നൊക്കെയാണാർത്ഥം. സാധാരണസ്ത്രീ എന്നാൽ എന്നാൽ വേശ്യ. സാധാരണക്കാർ എന്ന പ്രയോഗം ശരിയല്ലാത്തതിനാൽ സാധാരണന്മാർ എന്നുള്ളത് ഉഭയലിംഗമായി എടുക്കാനേ തരമുള്ളൂ

“ജങ്ക്ഷനിൽ നിന്നുള്ള” എന്നു പറയുമ്പോൾ ആരോ അവിടെ നില്ക്കുന്നു എന്നാണർത്ഥം. ഈ ചിത്രമെടുത്തയാളോ തത്സമയം അവിടെ ഉണ്ടായിരുന്നവരോ ഒക്കെ അവിടെ നില്ക്കുകയായിരുന്നു. ചിത്രം പകർത്തിയയാൾ അവിടെ നിന്നുകൊണ്ടായിരിക്കും ചിത്രമെടുത്തത്. എന്നാൽ അതൊന്നുമല്ല ഈ നില്പ്. നിന്ന്, നിന്നു ഇതൊക്കെ തനിയെ എഴുതിയാൽ നില്ക്കുക എന്ന ക്രിയയുടെ പല രൂപങ്ങളാണു് സിദ്ധിക്കുക. ഇവിടെ വേണ്ടത് “ജങ്ക്ഷനിൽനിന്നുള്ള” (from the junction) ദൃശ്യം എന്നാണ്. അതായത് “നിന്ന്” എന്ന പദത്തിന് ഇവിടെ ഒരർത്ഥവുമില്ല. അതു മറ്റൊരു പദത്തിനോടു ചേർത്താൽ അർത്ഥവ്യത്യാസമുണ്ടാക്കും. ഇങ്ങനെ വാക്കുകൾത്തമ്മിൽ ഘടിപ്പിക്കുന്ന സൂത്രത്തിനു ഘടകം എന്നാണു് പറയുന്നത്. വാഹനങ്ങളുടെ പണിമുടക്ക് – വാഹനപ്പണിമുടക്ക്, സ്വകാര്യമായി ഉപയോഗിക്കുന്ന വാഹനങ്ങൾ – സ്വകാര്യവാഹനങ്ങൾ ഇതൊക്കെ ഇങ്ങനെ എഴുതണം.

facebooktwittergoogle_plusredditpinterestlinkedinmail