സംവൃതോകാരം/വിവൃതോകാരം – എങ്ങനെ ഉപയോഗിക്കണം.

 

‘ഉ’കാരം രണ്ടുതരത്തിലുണ്ടു് :
൧. പൂര്‍ണ്ണമായി ഉച്ചരിക്കുന്ന വിവൃതോകാരവും (നിറയുകാരം, മുറ്റുകാരം – ഉ എന്നു ചുണ്ടു വൃത്താകൃതിയിലാക്കി ഉച്ചരിക്കുന്നു.)
൨. പകുതി ഉച്ചരിക്കുന്ന സംവൃതോകാരവും (അരയുകാരം, ഉകാരക്കുറുക്കം, മീത്തൽ, ചന്ദ്രക്കല – അ എന്ന അക്ഷരത്തിന്റെയും ഉ എന്ന അക്ഷരത്തിന്റെയും ഇടയ്ക്കുള്ള ഉച്ചാരണം)

എടുത്തു, കൊടുത്തു എന്നിവയില്‍ വിവൃതമായും എടുത്തു്, കൊടുത്തു്, കല്ലു്, കുഞ്ഞു് എന്നിവയില്‍ സംവൃതവുമായി ഉ കാരം നില്ക്കുന്നു. പണ്ടു് അടിയില്‍ കുനിപ്പും മുകളില്‍ ചന്ദ്രക്കല(മീത്തല്‍) യും ഇട്ടാണു സംവൃതോകാരത്തെ സൂചിപ്പിച്ചിരുന്നതു്. ഇന്നു് കുനിപ്പു കളഞ്ഞു. അപ്പോള്‍ ഇന്നു്, എന്നു് എന്നവയൊക്കെ ഇന്ന്, എന്ന് എന്നൊക്കെയായി. ശുദ്ധവ്യഞ്ജനങ്ങളെയും ഇതുപോലെയാണു് എഴുതുന്നതെന്നോര്‍ക്കുക. അതായതു ക്, ഖ് എന്നതെല്ലാം വ്യഞ്ജനമാണു്. സ്വരങ്ങള്‍ ചേര്‍ന്നു് അവ ക,ഖ തുടങ്ങിയ വ്യഞ്ജനാക്ഷരങ്ങളായി മാറുന്നു. സ്വപ്‌നം, അബ്‌ധി എന്നതിലെല്ലാം ചന്ദ്രക്കല ശുദ്ധവ്യഞ്ജനത്തെ സൂചിപ്പിക്കുന്നു.

എപ്പോഴാണു സംവൃതോകാരചിഹ്നമായ മീത്തല്‍ ഇടേണ്ടതു്?

ഈ വാചകങ്ങള്‍ ശ്രദ്ധിക്കുക :

നിങ്ങള്‍ക്കു് എത്ര കുട്ടികളുണ്ടൂ്? നിങ്ങള്‍ക്കു നാലു കുട്ടികളല്ലേ ഉള്ളതു്? കാളയ്ക്കു് എന്തു കൊടുത്തു? കാളയ്ക്കു പുല്ലു കൊടുത്തു..

സ്വരാക്ഷരത്തില്‍ തുടങ്ങുന്ന മറ്റൊരു വാക്കു പുറകില്‍ വന്നാല്‍ ആദ്യവാക്കിലെ സംവൃതോകാരം മീത്തലുപയോഗിച്ച് കാണിക്കണം.(നിങ്ങള്‍ക്കു് എത്ര..,? കാളയ്ക്കു് എന്തു…?)

എന്നാല്‍ വ്യഞ്ജനാക്ഷരം വന്നാല്‍ സംവൃതോകാരം വിവൃതോകാരമാവും.(നിങ്ങള്‍ക്കു നാലു കുട്ടികള്‍..,കാളയ്ക്കു പുല്ലു കൊടുത്തു.)

പക്ഷേ സംവൃതോകാരത്തിനു പിന്നില്‍ കോമ വന്നാലോ, വാചകത്തിലെ ചില ഭാഗത്തിന് ഊന്നല്‍ നല്കണമെങ്കിലോ സംവൃതോകാരം അതേപടി നില്ക്കും.

ഉദാ: പാലു്, തൈരു്, മോരു് ഇവ ആരോഗ്യത്തിനു നല്ലതാണു്. ആ നില്ക്കുന്നയാളാണു് പ്രതി. അയാളാണു് കൊലപാതകം നടത്തിയതു്.

മുറ്റുവിനയ്ക്കു (പൂർണ്ണക്രിയ) തൊട്ടുമുമ്പ് ഉകാരാന്തവിനയെച്ചം (ക്രിയാവിശേഷണം) വന്നാൽ വിനയെച്ചത്തിനു മീത്തൽ വേണ്ടാ, ഉകാരംമാത്രം മതി. നടന്നുപോയി, ചെയ്തുകൊടുത്തു, മറിഞ്ഞുവീണു, മടുത്തുപോയി, കരഞ്ഞുപോയി, പറഞ്ഞുതീർത്തു ഇത്യാദി. ഇവ ഒരുമിച്ചെഴുതണം. നടന്നു പോയി എന്നെഴുതിയാൽ ആദ്യം നടന്നു പിന്നെ പോയി എന്ന അർത്ഥമാണ്. എന്നാൽ നടന്നുപോയി എന്നെഴുതിയാൽ ഒരാൾ എങ്ങനെ പോയി എന്നതാണ് പറയുന്നത്. അയാൾ ഓടിയോ, വഞ്ചിയിൽ കയറിയോ, ബസ്സിൽക്കയറിയോ, ബൈക്കിൽക്കയറിയോ ഒക്കെ പോയിരിക്കാം. അപ്പോൾ ഓടിപ്പോയി, വഞ്ചിയിൽക്കയറിപ്പോയി, ബസ്സിൽക്കയറിപ്പോയി, ബൈക്കിൽക്കയറിപ്പോയി എന്നൊക്കെ എഴുതണം.

(മുകളിൽപ്പറഞ്ഞിരിക്കുന്നവയൊക്കെ ചിലർ നടന്ന്പോയി, ചെയ്ത്കൊടുത്തു, മറിഞ്ഞ് വീണു, മടുത്ത്പോയി, കരഞ്ഞ്പോയി, പറഞ്ഞ്പോയി ഇങ്ങനെ സംവൃതോകാരം ഇടയ്ക്കുവരത്തക്കവിധത്തിൽ എഴുതാറുണ്ട്. അതൊക്കെ തെറ്റാണ്. ഇടയ്ക്കു സംവൃതോകാരം വന്നാൽ അവയുടെ ഉച്ചാരണം പകുതിയേ ആകുന്നുള്ളൂ. അവ കണക്കിൽക്കൂടുകയില്ല.)

എന്നാൽ വിനയെച്ചത്തിനും മുറ്റുവിനയ്ക്കുമിടയിൽ മറ്റു പദങ്ങളുണ്ടെങ്കിൽ വിനയെച്ചത്തിന് ഉകാരത്തിനുമേൽ മീത്തൽ കൊടുക്കണം. ഉദാ: വീട്ടിൽച്ചെന്ന് ആഹാരം കഴിച്ചു, വടി കൊടുത്ത്‌ അടി വാങ്ങി, മറിഞ്ഞുവീണ് മുറിവുപറ്റി, ധൂർത്തടിച്ച് അയാൾ പാപ്പരായി ഇത്യാദി.

ഉകാരത്തിലവസാനിക്കുന്ന വിനയെച്ചം മുറ്റുവിനയ്ക്കു തൊട്ടുമുമ്പിൽ വരുകയും മുറ്റുവിനയുടെ ആദ്യവർണ്ണം സ്വരമായിരിക്കുകയും ചെയ്‌താൽ സന്ധിചെയ്തെഴുതുന്നതാണു നല്ലത്. ഉദാ: കിടന്ന്+ഉറങ്ങി=കിടന്നുറങ്ങി, കേട്ട്+എഴുതി=കേട്ടെഴുതി, നടന്ന്+അടുത്തു=നടന്നടുത്തു, പറന്ന്+അകന്നു=പറന്നകന്നു, പഠിച്ച്+എടുത്തു=പഠിച്ചെടുത്തു, നിറച്ച്+ഉണ്ടു=നിറച്ചുണ്ടു, വലിച്ച്+ഊരി=വലിച്ചൂരി, കുനിഞ്ഞ്+എടുത്തു=കുനിഞ്ഞെടുത്തു ഇത്യാദി.

ദ്രാവിഡഭാഷകളിൽ, പദം വ്യഞ്ജനത്തിൽ അവസാനിക്കാൻ പാടില്ല, എന്നൊരു സാമാന്യനിയമമുണ്ട്. പദാന്ത്യത്തിൽ വ്യഞ്ജനമാണു വരുന്നതെങ്കിൽ അതിരട്ടിക്കുകയോ സംവൃതം ചേർക്കുകയോ ചെയ്യണം. മറ്റു ഭാഷകളിൽനിന്നു പദങ്ങൾ സ്വീകരിക്കുമ്പോൾ പദാവസാനം ഇരട്ടിപ്പും സംവൃതവും വരണം. തപസ്സ്, മനസ്സ്, പത്ത്, കത്ത്, മുക്ക്, ദിക്ക്, നെയ്യ്, പുല്ല്, കല്ല്, നെല്ല്, കള്ള് ഇങ്ങനെയൊക്കെ എഴുതണം. (പദാന്ത്യത്തിൽ ചില്ലുകളാണു വരുന്നതെങ്കിൽ ഇങ്ങനെ സംവൃതം ചേർക്കേണ്ട ആവശ്യമില്ല. തേൻ, മാൻ, തേൾ, വാൾ, വാൽ, കാൽ, പാൽ, നീർ, തേർ, ചൂരൽ, ഉരൽ, വിരൽ, മക്കൾ, തിങ്കൾ, മകൻ, വവ്വാൽ – ഇങ്ങനെയൊക്കെ മതി.)

പറ്റി, കൊണ്ട്, കുറിച്ച്, നിന്ന്, നിന്നും, നിന്നു, കൂടെ, തന്നെ, പിന്നെ, മുതൽ, വരെ ഇങ്ങനെ കുറെയേറെ ഗതികളുണ്ട്. വാക്കുകളെ തമ്മിൽ ഘടിപ്പിക്കുന്ന ചങ്ങലക്കണ്ണികളാണിവ. പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെങ്കിലും മറ്റുള്ള പദങ്ങളോട് ഇവ ചേർത്താൽ അവയ്ക്ക് അർത്ഥവ്യത്യാസമുണ്ടാക്കും. ഇവയെല്ലാം തൊട്ടുമുന്നിലുള്ള വാക്കുകളോടു ചേർത്തെഴുതേണ്ടവയാണ്. ചിലവ മാറ്റിയെഴുതിയാൽ ക്രിയയായിബ്ഭവിക്കും; അപ്പോൾ അർത്ഥം അനർത്ഥമാകും.

സംവൃതോകാരത്തിൽ അവസാനിക്കുന്ന നാമപദങ്ങളോടു ദൃഢം ചേരുമ്പോൾ ഇരട്ടിപ്പു വരുകയില്ല. സന്ധിയിൽ സംവൃതോകാരം വിവൃതോകാരമായിമാറും. കന്ന്+കുട്ടി=കന്നുകുട്ടി, പുട്ട്+കട=പുട്ടുകട, പുട്ട്+പൊടി=പുട്ടുപൊടി, തട്ട്+പീടിക=തട്ടുപീടിക, തട്ട്+പലക=തട്ടുപലക, ഗോതമ്പ്+പൊടി=ഗോതമ്പുപൊടി, മുളക്+പൊടി=മുളകുപൊടി, അച്ച്‌+കൂടം=അച്ചുകൂടം, മുക്ക്+പണ്ടം=മുക്കുപണ്ടം, ആട്ട്+കട്ടിൽ=ആട്ടുകട്ടിൽ – ഇങ്ങനെയൊക്കെ ശരി. സാമ്പാർ+പൊടി=സാമ്പാർപൊടി, അച്ചാർ+പൊടി=അച്ചാർപൊടി എന്നെഴുതിയാൽ ശരി.

എന്നാൽ അ, ഇ, ഉ എന്നീ സ്വരത്തിൽ അവസാനിക്കുന്ന നാമപദങ്ങളോടു ദൃഢം ചേരുമ്പോൾ അതിരട്ടിക്കണം.
ദോശ+പൊടി=ദോശപ്പൊടി, മസാല+പൊടി=മസാലപ്പൊടി, മുട്ട+പത്തിരി=മുട്ടപ്പത്തിരി,മൈദ+പൊടി=മൈദപ്പൊടി, കാള+കൂറ്റൻ=കാളക്കൂറ്റൻ
അരി+പൊടി=അരിപ്പൊടി, കറി+പൊടി=കറിപ്പൊടി, മല്ലി+പൊടി=മല്ലിപ്പൊടി, ചെടി+ചട്ടി=ചെടിച്ചട്ടി,
പശു+കുട്ടി=പശുക്കുട്ടി, പശു+കൂട്=പശുക്കൂട്, പശു+തൊഴുത്ത്=പശുത്തൊഴുത്ത്, വിഷു+കണി=വിഷുക്കണി, വിഷു+കൈനീട്ടം=വിഷുക്കൈനീട്ടം, വിഷു+പുലരി=വിഷുപ്പുലരി.
ഇതൊക്കെ ഇങ്ങനെ വരുന്ന സന്ധികളാണ്.

ഇങ്ങനെയാണ് നിയമം എന്നു കരുതി ഇടിച്ചുപ്പൊടിച്ചു, കടിച്ചുപ്പറിച്ചു, ഇടിച്ചുത്തെറിപ്പിച്ചു, മരിച്ചുപ്പോയി, കുളിച്ചുക്കയറി, നിന്നുപ്പോയി എന്നൊന്നും എഴുതരുത്. ഇതൊക്കെ ക്രിയകളിലുള്ള സന്ധികളാണ്. ഇതൊക്കെ ഇടിച്ചുപൊടിച്ചു, കടിച്ചുപറിച്ചു, ഇടിച്ചുതെറിപ്പിച്ചു, മരിച്ചുപോയി, കുളിച്ചുകയറി, നിന്നുപോയി എന്നൊക്കെ വേണം എഴുതാൻ.

“കന്നുക്കുട്ടി കശാപ്പ്” എന്നു മാറ്റിയെഴുതിയാൽ അവതമ്മിൽ ഒരു ബന്ധവുമുണ്ടാകില്ല. “പോലീസ് സംരക്ഷണം തേടി” എന്നെഴുതിയാൽ പൊലീസാണ് സംരക്ഷണം തേടിയത്. “കന്നുകുട്ടിക്കശാപ്പ്‌ : പ്രവർത്തകർക്കു യൂത്തുകോൺഗ്രസ്സ് പോലീസ്-സംരക്ഷണം തേടി” എന്നു വേണം എഴുതാൻ.

എന്റെ ചെറുപ്പത്തിൽ (ഇപ്പോഴും ഇതുണ്ടോ എന്നറിയില്ല) കൊച്ചുകുട്ടികൾക്കുവേണ്ടി തയ്യാറാക്കിയിരുന്ന ഒരു കോമിക് കഥാപാത്രമായിരുന്നു ഇരുമ്പുക്കൈ മായാവി. എന്നാൽ ഇരുമ്പ്+കൈ=ഇരുമ്പുകൈ എന്നേ വരൂ. അതു വായിച്ച എത്രയോ കുട്ടികളുടെ തലച്ചോറിൽ അതു തറഞ്ഞുപോയിരിക്കണം !! മേൽപ്പറഞ്ഞ കന്നുക്കുട്ടി കുറഞ്ഞത് പത്തുലക്ഷം തലച്ചോറുകളിലെങ്കിലും വൈറസ് കടത്തിവിട്ടിട്ടുണ്ടാവണം. വികലമായ പ്രസിദ്ധീകരണങ്ങൾ ഭാഷയ്ക്കു ചെയ്യുന്ന ദ്രോഹം ചില്ലറയല്ല.

Facebooktwittergoogle_plusredditpinterestlinkedinmailby feather