“ഇവർ നമ്മെ ദുശ്ചിരിപ്പിക്കുമോ ??”

Durupayogam

ഭാഷാപദങ്ങൾക്ക് അർത്ഥവൈവിദ്ധ്യം, അർത്ഥശക്തി, അർത്ഥദൃഢീകരണം, അർത്ഥവ്യത്യാസം എന്നിവ സൃഷ്ടിക്കാൻ സംസ്കൃതത്തിൽനിന്നു കടംകൊണ്ട നിപാതങ്ങളെയാണ് ഉപസർഗ്ഗങ്ങൾ എന്നു വിവക്ഷിക്കുന്നത്. പദാദിയിലാണ് ഇവ ചേർക്കുന്നത്.

ആ, അപ, അപി, അഭി, അതി, അധി, അനു, അവ, ഉത്, ഉപ, പ്ര, പ്രതി, പരാ, പരി, വി, നി, നിർ, ദുർ, ദുസ്(ദുഃ), സു, സം – ഇവയൊക്കെയാണ് ഉപസർഗ്ഗങ്ങൾ.

ഇങ്ങനെയുണ്ടാക്കിയ ചില പദങ്ങളാണ് ദുരാഗ്രഹം, ദുർമേദസ്സ്, ദുർവ്വാശി, ദുർവ്വാസന, ദുർവൃത്തി, ദുരുപയോഗം, ദുരൂഹം, ദുരുക്തം എന്നൊക്കെയുള്ളത്. ഇതിലൊക്കെ സംസ്കൃതത്തിലെ ദുഃ എന്ന ഉപസർഗ്ഗം മുന്നിൽ വന്നതുകൊണ്ടാണ് ഇങ്ങനെ വാക്കുകൾ രൂപപ്പെടുന്നത്. പിന്നാലെ വരുന്ന വാക്കിന്റെ ആദ്യക്ഷരം ആവശ്യപ്പെടുന്നുപോലെ, സന്ധിയിൽ ഈ ദുഃ എന്ന ഉപസർഗ്ഗം ദുർ, ദുസ്, ദുഷ് എന്നൊക്കെ മാറും. ദുഃ ചേർത്ത് ഇങ്ങനെയൊരു വാക്കുണ്ടാക്കിയാൽ പിന്നീട് അതിൽ കൂട്ടിച്ചേർക്കൽ നടത്താൻ പാടില്ല.

ദുരുപയോഗിച്ചു എന്ന വാക്ക് അസംബന്ധമാണ്. ദുരുപയോഗം ചെയ്തു/നടത്തി എന്നൊക്കെ വേണം. ഇങ്ങനെതുടങ്ങിയാൽ ദുരാഗ്രഹിച്ചു, ദുർവ്വാശിച്ചു, ദുർവൃത്തിച്ചു, ദുരൂഹിച്ചു, ദുർവ്വാസനിച്ചു, ദുഷ്‌ചിന്തിച്ചു എന്നൊക്കെ പുതിയപുതിയ വാക്കുകളുണ്ടാക്കാം. ഏതായാലും ഭാഷയിൽ കുറെ പുതിയ വാക്കുകളുണ്ടാവുന്നതു നല്ലതാണ്. ഞാൻ “ദുസ്തർക്കിക്കാനില്ല” !

facebooktwittergoogle_plusredditpinterestlinkedinmail