മൂന്നാം ലണ്ടൻയാത്ര (ഏഴാം ഭാഗം.)

ലണ്ടനിലെ കുറുക്കന്മാർ

രാത്രിയിൽ പത്തുമണി കഴിഞ്ഞാൽ ഇവിടെ കുറുക്കന്മാരുടെ വിളയാട്ടമാണ്. പാർക് ചെയ്തിരിക്കുന്ന വണ്ടികളുടെയൊക്കെ മുകളിൽ ഇവറ്റകൾ ചാടിക്കയറും. എല്ലാറ്റിന്റെയും മുകളിൽ ഇവയുടെ നഖപ്പാടുകളുണ്ടാവും. രാത്രിയിൽ ജനലിന്റെ കണ്ണാടിച്ചില്ലിലൂടെ നോക്കിയാൽ ഇവ ഓടുന്നതുകാണാം. ഇവിടെയൊക്കെ മതിലുകൾ പടർപ്പൻചെടികളാണ്. അതിന്റെയൊക്കെ അടിയിൽ ഇവരുടെ ഗുഹകളുണ്ട്. വല്യ മരങ്ങളുടെ വേരുകളുടെ അടിയിലും ചിലവ മരങ്ങളിൽത്തന്നെയും ജീവിക്കുന്നു. ആരെയും ഇവ ഉപദ്രവിക്കാറില്ല. ലണ്ടനിൽമാത്രം പതിനായിരത്തോളം കുറുക്കന്മാർ ജീവിക്കുന്നു എന്നാണു കരുതപ്പെടുന്നത്. പ്രാവുകൾ, അണ്ണാറക്കണ്ണൻ, എലികൾ, മണ്ണിര, ബ്ലാക്ക്ബെറി തുടങ്ങിയവയാണിവയുടെ, ഋതുക്കൾ മാറിമാറിവരുന്നതനുസരിച്ചുള്ള, ഭക്ഷണം. കൗൺസിൽ വിരോധിച്ചിട്ടുണ്ടെങ്കിലും ചിലർ പതിവായി ഇവയ്ക്കു ഭക്ഷണം കൊടുക്കുന്നുണ്ട്. പുൽത്തകിടി, പൂന്തോപ്പ് എന്നിവ ഇവ നശിപ്പിക്കുന്നതിനാൽ ഇവയെ കൊന്നൊടുക്കാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ പട്ടിപ്രേമികളെപ്പോലെ ഇവിടയുമുണ്ട് കുറുക്കൻപ്രേമികൾ. അവർ ഈ മൃഗങ്ങൾ ശല്യക്കാരല്ലെന്നും സംരക്ഷിക്കപ്പെടണ്ട ജീവികളാണെന്നും പറഞ്ഞുകൊണ്ടുനടക്കുന്നു. രാത്രിയിൽ ചിത്രമെടുക്കാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം നടക്കാൻപോയപ്പോൾ ഒരെണ്ണം വണ്ടിയിടിച്ച് ചത്തുകിടക്കുന്നതുകണ്ടു. അപൂര്വമായിമാത്രം ഇവയുടെ ഓരിയിടൽ കേൾക്കാം.

കഴിഞ്ഞദിവസം കാലത്ത് ഒരെണ്ണം ഫ്‌ളാറ്റിന്റെ മുന്നിലുള്ള പൂന്തോട്ടത്തിൽ വന്നപ്പോൾ ഞാൻ മുകളിൽനിന്നൊരു ചിത്രമെടുത്തു. ഇന്നു വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ അതാ റോഡിന്റെ മറുവശത്തെ ഫ്‌ളാറ്റിന്റെ താഴെ ഒരുത്തൻ പതിയെ നടക്കുന്നു. ഞാനുടനെ എന്റെ മൊബൈലിൽ അവന്റെ ചിത്രമെടുത്തു. സാധാരണഗതിയിൽ മനുഷ്യരെക്കണ്ടാൽ ഇവ ഓടിയൊളിക്കും. എന്നാൽ ഇവൻ അവിടെത്തന്നെ നിന്നു. ഞാൻ അപ്പുറത്തെത്തി, വീണ്ടും ഒരു ചിത്രംകൂടെ എടുത്തു. കക്ഷിക്കൊരു ഭാവഭേദവുമുണ്ടായില്ല. വീണ്ടും ഞാൻ അടുത്തു, ഒരു പത്തടി അകലംവരെ എത്തി വീണ്ടും ഫോട്ടോയെടുത്തു. പിന്നെ അടുക്കാൻ എനിക്കൊരു ഭയം. വന്യമൃഗമാണ്, വല്ല കടിയോ മാന്തോ ഏറ്റാൽ ഇവിടെ ഡോക്ടറെ കാണാൻതന്നെ നല്ലൊരു സംഖ്യ ചെലവാക്കണം. പിന്നെ ഞാനൊരു വിഡിയോ എടുത്തു. അപ്പോളേക്കും ആ ഫ്‌ളാറ്റിൽ താമസിക്കുന്ന ഒരു സായിപ്പ് കാറോടിച്ചുപുറത്തേക്കുപോകാൻ തുടങ്ങി. ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹം കാർ നിറുത്തിത്തന്നു. പോകുമ്പോൾ എന്നോടദ്ദേഹം ചോദിച്ചു: “ഇതിനെ താങ്കൾ കണ്ടിട്ടില്ലേ ?” ഞാൻ പറഞ്ഞു: “കണ്ടിട്ടുണ്ട് പക്ഷേ, ആദ്യമായിട്ടാണ് ഇത്രയും അടുത്തുകാണുന്നത്” അദ്ദേഹം കൈവീശി, അഭിവാദ്യമർപ്പിച്ചുകൊണ്ട് പോയി.

തുടരും…..

Facebooktwittergoogle_plusredditpinterestlinkedinmailby feather