മൂന്നാം ലണ്ടൻയാത്ര (ആറാം ഭാഗം.)

ഞങ്ങൾ ഒരു ചെറിയ കവലയിൽ നിറുത്തിയാണ് ഈ ചിത്രങ്ങൾ എടുത്തത്. പ്രധാന വഴിയിൽനിന്ന് ഈ മനോഹരമായ വയലിയിലൂടെ ഒരു ചെറിയ വഴി പോകുന്നതു കണ്ടപ്പോൾ ഞങ്ങൾക്കാ പ്രകൃതിഭംഗിയുടെ പ്രലോഭനം സഹിക്കാനായില്ല. ചെമന്ന നിറമുള്ള എന്തോ ഒരു വിള. അതെന്താണെന്ന് ആരോടും ചോദിക്കാൻ സാധിച്ചില്ല. അവിടെങ്ങും ഒരു മനുഷ്യജീവിയോ മൃഗങ്ങളോ പക്ഷികളോ ഇല്ല. ആ വഴിയിലൂടെ ഞങ്ങൾ കുറെ മുന്നോട്ടു പോയി. അതിമനോഹരമായ ഭൂപ്രദേശം. ഒരു ചെറിയ അരുവിയുടെ കരയ്ക്കുള്ള പബ്ബിന്റെ അടുത്തു ഞങ്ങൾ നിറുത്തി, കുറച്ചു ചിത്രങ്ങളെടുത്തു. അവിടുന്ന് ഞങ്ങൾ വന്യമൃഗസങ്കേതത്തിലേക്കു പോയി.

ഓസ്‌ഫോർഡിനടുത്തുള്ള ബാക്സ്ഫോര്ഡ് എന്ന സ്ഥലത്താണ് ബ്രിട്ടനിലെ, ഇത്തരത്തിലുള്ള ഏറ്റവും വലിയ, സ്വകാര്യസംരംഭമായ Cotswold Wildlife Park എന്ന വന്യമൃഗസങ്കേതമുള്ളത്. 260 ലേറെ മൃഗങ്ങളെ ഇവിടെ പരിപാലിക്കുന്നുണ്ട്. സിംഹം, ജിറാഫ്, കാണ്ടാമൃഗം, ഒട്ടകം, ചെമ്പൻപാണ്ട, കുരങ്ങുകൾ, സീബ്രതുടങ്ങി വൈവിദ്ധ്യമാർന്ന മൃഗങ്ങളെ അതതിന്റെ സ്വാഭാവികചുറ്റുപാടുകളിൽത്തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഒട്ടകത്തിനുമാത്രം മരുഭൂമിയില്ല. വേലിക്കെട്ടിന്റെ ഒരു വശത്തു സ്ഥാപിച്ചിട്ടുള്ള കട്ടിയുള്ള കണ്ണാടിയിലൂടെയാണ് സിംഹത്തെ നിരീക്ഷിക്കേണ്ടത്. അതിനപ്പുറത്ത് കിടങ്ങുണ്ട്.

കാണ്ടാമൃഗത്തിന്റെ വേലിക്കെട്ടിന്റെ ഉൾഭാഗത്തും ചെറിയ കിടങ്ങുണ്ട്. രണ്ടു ടണ്ണിലേറെ ഭാരമുള്ള ഈ വെളുത്ത ഇരട്ടക്കൊമ്പന്റെ തലച്ചോറിനു പരമാവധി 600 ഗ്രാം മാത്രമേ ഭാരമുള്ളൂ. കറുത്തവയ്ക്കു ഒരു ടണ്ണിലേറെ ഭാരമുണ്ട്. ഇത്രയും ഭീമാകാരനാണെങ്കിലും ഇവയ്ക്കു പെട്ടെന്നു തിരിയാനും 50 – 55 കിലോമീറ്റർ വേഗത്തിലോടാനും കഴിയും. ആഫ്രിക്ക, സുമാത്ര എന്നിവിടങ്ങളിലെ കാണ്ടാമൃഗങ്ങൾ ഇരട്ടക്കൊമ്പന്മാരും ഇൻഡ്യ, ജാവ എന്നിവിടങ്ങളിലേത് ഒറ്റക്കൊമ്പന്മാരുമാണ്.

ഏറ്റവും വലിയ പക്ഷിയായ ഒട്ടകപക്ഷി, മൂന്നാമനായ എമു തുടങ്ങി, പറക്കാൻ കഴിയാത്തവയെ പ്രത്യേകം വേലിക്കെട്ടുകളിൽ പാർപ്പിച്ചിരിക്കുന്നു.നമ്മുടെ മയിൽ സ്വാതന്ത്രവിഹാരം നടത്തുന്നു. കഴുകന്മാർ, കറുത്ത തത്ത, മൂങ്ങ, പലതരം കൊക്കുകൾ, വവ്വാലുകൾ, താറാവുകൾ തുടങ്ങിയവയെ കൂട്ടിലാണ് വളർത്തുന്നത്. നമ്മുടെ വെള്ളിമൂങ്ങയെയും അവിടെക്കണ്ടു.

ചില പക്ഷികൾക്കുവേണ്ടി വലിയ ഒരു കാട് അങ്ങനെതന്നെ വലയിലാക്കിയിരിക്കുന്നു. അതിനുള്ളിലേക്കു നമുക്കും പ്രവേശിക്കാം. ഉള്ളിൽ അരുവിയും കുളവുമൊക്കെയുണ്ട്. റിബ്ബൺപോലെയുള്ള റബ്ബർപ്പാളികൾ ചട്ടത്തിൽ പിടിപ്പിച്ച കതകിലൂടെ നൂണ്ടുകയറണം എന്നുമാത്രം. നാം ആ പാളികൾ തുറന്ന് അകത്തു കയറിയാൽ പാളി തിരികെവന്നടയും. സ്വയം അടയുന്ന മറ്റൊരു കതകും ഇതിനുള്ളിലുള്ള പക്ഷികൾ പുറത്തുപോകാതെ കാക്കുന്നു. പക്ഷികൾക്കൊന്നും നമ്മെ പേടിയില്ല. എല്ലാം നമ്മുടെ കാലിന്റെ ഇടയിലും തലയ്ക്കു തൊട്ടുമുകളിലുമൊക്കെ വരും. ദിവസേന എത്രയോ പേരെ ഇങ്ങനെ അവ കാണുന്നു !

പക്ഷികളുടെ മുട്ട ഒരിടത്തു പ്രദർശിപ്പിച്ചിട്ടുണ്ട്. താഴെനിന്നു രണ്ടാമത്തെ തട്ടിലുള്ളവ കോഴിമുട്ടയുടെ വലുപ്പമുള്ളതാണ്. തൊട്ടടുത്തുതന്നെ മുട്ടകൾ വിരിയിക്കാനുള്ള ഇൻക്വിബേറ്റർ പ്രവർത്തിക്കുന്നു.

ഈ കൂടുകളെയും വേലിക്കെട്ടുകളയുമൊക്കെ ചുറ്റിക്കൊണ്ട് വിശാലമായ പുൽത്തകിടിയും വഴിയുമുണ്ട്. അതുവഴിവേണം നമുക്കു നടക്കാൻ. നടക്കാൻ വയ്യാത്തവർക്കു വേണമെങ്കിൽ അവിടെയുള്ള ചെറിയ വൈദ്യുതത്തീവണ്ടി ഉപയോഗിക്കാം. കാശു വേറെ കൊടുക്കണമെന്നുമാത്രം.

ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ചത് അവിടെ ഒരു കുളത്തിൽക്കിടന്നുപുളയ്ക്കുന്ന പെൻഗ്വിനുകളാണ്. ഇടയ്ക്കിടെ അവ വെള്ളത്തിൽനിന്നു ചാടിക്കയറി, അരികിലൂടെയുള്ള വഴിയിലൂടെ വരിവരിയായി, പട്ടാളക്കാർ മാർച്ചുചെയ്യുന്നതുപോലെ നടക്കും; വീണ്ടും വെള്ളത്തിൽചാടും. നമുക്കു വേണമെങ്കിൽ അവയെ തൊടാം. പക്ഷേ, ഞാൻ തൊട്ടില്ല, അവയ്ക്കു വല്ല അസുഖവും വന്നാലോ !

ഈ മൃഗങ്ങളുടെയൊക്കെ പാവകൾ ഇവിടെയുള്ള കടയിൽ ലഭ്യമാണ്. പക്ഷേ, തൊട്ടാൽ കൈ പൊള്ളും. ചെറിയ ഒന്നുരണ്ടു പെൻഗ്വിനുകൾ മാത്രം ഞാൻ വാങ്ങി. ബ്രിട്ടനിലായതുകാരണമായിരിക്കും, ഇവിടം മുഴുവൻ നല്ല വൃത്തിയാണ്.

കാലത്തു പത്തുമണിക്ക് ഇതിന്റെയുള്ളിൽ കയറിയതാണ്. കാഴ്ചകളൊക്കെ കണ്ടുതീർന്നപ്പോൾ നാലുമണിയായി. ഒഫീലിയ കൊടുങ്കാറ്റു വരുമെന്ന പേടിയിൽ, കാലാവസ്ഥ പ്രതികൂലമാണെന്നുള്ള അറിയിപ്പുണ്ടായിരുന്നതിനാൽ, പൊതുവേ തിരക്കു കുറവായിരുന്നു. പക്ഷേ, പ്രതീക്ഷിച്ച ശല്യമൊന്നുമുണ്ടായില്ല.

തുടരും…..

facebooktwittergoogle_plusredditpinterestlinkedinmail