മൂന്നാം ലണ്ടൻയാത്ര (പന്ത്രണ്ടാം ഭാഗം) Silent Soldier

Silent Soldier

ഒന്നുരണ്ടാഴ്ചയായി, ഇവിടുത്തെ വഴിയിലൊക്കെ, മേൽക്കാണിച്ചതുപോലെ ഒരു സൈനികന്റെ രൂപം വച്ചിരിക്കുന്നതു കാണുന്നു. എന്താണെന്നൊരുപിടിയും കിട്ടിയില്ല. കഴിഞ്ഞയാഴ്ച വന്ന സട്ടൻ ഗാർഡിയൻ എന്ന കുട്ടിപ്പത്രം വായിച്ചപ്പോളാണ് ഈ കക്ഷിയെക്കുറിച്ചുള്ള വിവരം കിട്ടിയത്. 60p എന്നു വിലയിട്ടിട്ടുണ്ടെങ്കിലും ഈ പത്രം ഇവിടെ വെറുതേ കൊടുക്കുന്നതാണ്. ആഴ്ചയിലൊരിക്കൽ ഫ്ലാറ്റിന്റെ താഴത്തെ വിസിറ്റിങ് റൂമിൽ കുറെയെണ്ണം ഇവർ വച്ചിരിക്കും. റെയിൽവേ സ്റ്റേഷനിലും സൂപ്പർ മാർക്കറ്റിലുമൊക്കെ വാതിൽക്കൽത്തന്നെ പത്രം ഒരു വലിയ സ്റ്റാൻഡിൽ വച്ചിരിക്കും. ആർക്കുവേണമെങ്കിലും എടുക്കാം. കാശൊന്നും കൊടുക്കണ്ടാ. വായിച്ചുകഴിഞ്ഞാൽ വേസ്റ്റ് പേപ്പർ മാത്രം. വേറെ ഒരുപയോഗത്തിനും അതെടുക്കില്ല.

ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെയും കാണാതായവരുടെയും ബഹുമാനാർത്ഥം, അവരുടെ പ്രതീകമായി പട്ടാളക്കാരുടെ കറുത്ത രൂപം വഴിയിലും കവലകളിലും പാടത്തും പാർക്കിലും കടകളുടെ മുന്നിലും വീടുകളുടെ മുകളിലുമൊക്കെ Royal British Legion എന്ന സംഘടന സ്ഥാപിക്കുന്ന പരിപാടിയാണിത്. ജീവകാരുണ്യപ്രവർത്തനത്തിനുള്ള ധനശേഖരണാർത്ഥം, “1914-1918 Lest We Forget” എന്ന അടിക്കുറിപ്പോടെയാണ്‌ Silent Soldier എന്ന ഈ രൂപം സ്ഥാപിച്ചിട്ടുള്ളത്.

First World War ‘Tommy’ കളുടെ രൂപമാണിങ്ങനെ പ്രദർശിപ്പിച്ചിരിക്കുന്നത്‌. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്നിടയിൽ Virginia Peninsula യിൽ നടന്ന Peninsular Campaign എന്ന യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർക്ക്, 1812 ൽ ആദ്യമായി വേതനം കൊടുക്കുന്ന പുസ്തകം തുടങ്ങിയപ്പോൾ, ഓരോരുത്തരുടെയും പേരെഴുതാൻ ഉദാഹരണമായിക്കാണിച്ചിരുന്നത് Private Thomas (Tommy) എന്നായിരുന്നു. പിന്നീട് തൊമ്മി എന്ന പേര് ഇവിടുത്തെ പട്ടാളക്കാരുടെ അംഗീകൃതനാമമായി സ്വീകരിക്കപ്പെട്ടു. സാധാരണന്മാർക്ക് £100, കടകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് £250 എന്നിങ്ങനെയാണ് ഇതു വാങ്ങുന്നതിനുള്ള നിരക്ക്. വാങ്ങുന്ന സ്ഥാപനങ്ങൾക്ക് അവരുടെ പേരും ഇതിനോടു ചേർത്തെഴുതാം. അങ്ങനെ The Royal British Legion ന്റെ പ്രവർത്തനത്തെ സഹായിക്കുകയും അതിലൂടെ വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യാം.

Armistice Day
——————
1914 മുതൽ 1918 വരെയായിരുന്നു ഒന്നാം ലോകമഹായുദ്ധം. 1918 November 11 നു ജർമ്മനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്രീയശക്തികൾ (Central Powers) ഫ്രാൻസിന്റെ നേതൃത്തിലുണ്ടായിരുന്ന സഖ്യകക്ഷികളുടെ (Allied Powers) മുന്നിൽ ഫ്രാൻസിലെ Compiègne എന്ന സ്ഥലത്തുവച്ച് ശത്രുത അവസാനിപ്പിക്കുന്നതായി ഒപ്പുവച്ചതിനെ ഓർമ്മിപ്പിക്കാനാണ് നവംബറിൽ ഇതു സംഘടിപ്പിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ പടിഞ്ഞാറൻമുഖത്ത് “Eleventh hour of the eleventh day of the eleventh month” of 1918 ലാണിതു സംഭവിച്ചത്. അതോടുകൂടി ശത്രുത അവസാനിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടു. ഈ ദിവസം Armistice Day (Poppy Day എന്നും അറിയപ്പെടുന്നു.) എന്നാണറിയപ്പെടുന്നത്. യുദ്ധം ഈ ദിവസം അവസാനിക്കുന്നില്ല, യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി, ശത്രുതമാത്രമേ ഈ ദിവസം അവസാനിക്കുന്നുള്ളൂ. മിക്ക പടിഞ്ഞാറൻരാജ്യങ്ങളും ഈ ദിവസം ആഘോഷിക്കുന്നുണ്ട്. കോമൺ വെൽത്ത് രാജ്യങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച അവരുടെ പട്ടാളക്കാരുടെ ഓർമ്മയ്ക്കായി ആചരിക്കുന്ന Remembrance Day, Veterans Day എന്നിവയും ഈ ദിവസംതന്നെ.

Poppy Day
————-
മനോഹരമായ പൂന്തോട്ടങ്ങളാലും പുൽത്തകിടികളാലും ഒരുകാലത്ത് സമൃദ്ധമായിരുന്ന പടിഞ്ഞാറൻ രാജ്യങ്ങൾ, യുദ്ധത്തിന്റെ അവസാനത്തിൽ ബോംബുവിസ്ഫോടനത്താൽ, ഉഴുതുമറിച്ച വയലുകൾപോലെയായിത്തീർന്നു. യുദ്ധത്തിൽ സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ ആമഗ്നനായിരുന്ന Lt Col John McCrae എന്ന ഡോക്ടർ ഈ ഉഴുതുമറിച്ച സ്ഥലങ്ങളിലൊക്കെ ആയിരക്കണക്കിന് കടുംചെമപ്പാർന്ന Flanders Poppy പൂക്കൾ വിടർന്നുനില്ക്കുന്നതുകണ്ട് ഉത്തേജിതനായി, തന്റെ സുഹൃത്തിനു സമർപ്പിച്ചുകൊണ്ട് ഒരു കവിതയെഴുതി. ‘In Flanders Fields’ എന്ന ആ കവിത പെട്ടെന്നുതന്നെ പ്രസിദ്ധമായി. Moina Michael എന്ന അമേരിക്കക്കാരി ഈ കവിത കണ്ടിട്ട് പോപ്പിപ്പൂക്കൾ സിൽക്കുതുണികൊണ്ടുണ്ടാക്കി, വില്ക്കാൻ ശ്രമിച്ചു. Anna Guérin എന്ന ഫ്രഞ്ചുവനിത ഇതിംഗ്ലണ്ടിൽ കൊണ്ടുവരുകയും 1921 ൽ രൂപീകൃതമായ The (Royal) British Legion 9 മില്യൺ പൂക്കൾ വാങ്ങി, വിറ്റ് £106,000 സമ്പാദിക്കുകയും ചെയ്തു. ഈ തുക ഒന്നാം ലോകമഹായുദ്ധത്തിലെ വിമുക്തഭടന്മാരുടെ പുനരധിവാസത്തിനും ജോലി നല്കലിനും ഉപയോഗിച്ചു. പിന്നീട് ഇംഗ്ലണ്ടിലെ Aylesford ൽ ഈ പൂക്കളുണ്ടാക്കാൻ ഒരു പോപ്പി ഫാക്ടറി സ്ഥാപിക്കുകയും അതിൽ, യുദ്ധത്തിൽ പരിക്കേറ്റ ഭടന്മാരെയും മരിച്ചവരുടെ ആശ്രിതന്മാരെയും നിയമിക്കുകയും ചെയ്തു. ഈ പൂക്കളുടെ ആവശ്യം നാൾക്കുനാൾ വർദ്ധിക്കുന്നതിനാൽ, പിന്നാലെ സ്കോട്ലൻഡിൽ ഇതുപോലെ Lady Haig Poppy Factory സ്ഥാപിക്കുകയും വികലാംഗരായ ഭടന്മാരെ അവിടെ നിയമിക്കുകയും അവർ ഇപ്പോളും കൈകൊണ്ട് പ്രതിവർഷം 5 മില്യൺ പൂക്കൾ ഇങ്ങനെ നിർമ്മിക്കുന്നു.

(ഇതൊക്കെ അറിയുമ്പോളാണ് നമ്മുടെ നാട്ടിലെ കൈത്തറിവ്യവസായത്തിന്റെ ഗതിയോർത്തുപോകുന്നത്.)
എല്ലാ വർഷവും നവംബർ പതിനൊന്നിനു മുമ്പേ ഈ പോപ്പിപ്പൂക്കൾ പിടിപ്പിച്ച ആശംസക്കാർഡുകൾ എല്ലാവർക്കും അവർ അയച്ചുകൊടുക്കുന്നു. വീരമൃത്യു വരിച്ച ഭടന്മാരോട് ആദരമുള്ള ഇവിടുത്തെ ജനങ്ങൾ അഭിമാനത്തോടെ അവരുടെ ഉടുപ്പിൽ ഈ പൂക്കൾ ധരിച്ചുകൊണ്ടുനടക്കുകയും ഈ സംരംഭത്തിന് കൈയയച്ച് സംഭാവന കൊടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം കിട്ടിയ ഈ ആശംസക്കാർഡ് ഞാൻ വീട്ടിൽ കൊണ്ടുപോയി. അന്നതിന്റെ പ്രാധാന്യം എന്താണെന്നറിഞ്ഞിരുന്നില്ല

Facebooktwittergoogle_plusredditpinterestlinkedinmailby feather