മൂന്നാം ലണ്ടൻയാത്ര (പതിനൊന്നാം ഭാഗം) Christmas light switch on celebrations

 

Christmas light switch on celebrations

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കംകുറിച്ചുകൊണ്ട് ഇവിടെ നഗരത്തിന്റെ ഹൃദയഭാഗമായ ഹൈ സ്ട്രീറ്റിൽ പ്രത്യേക വൈദ്യുതദീപങ്ങൾ തെളിച്ചു. (മിക്കവാറും എല്ലാ നഗരങ്ങളിലും ഇതുപോലെ ഹൈ സ്ട്രീറ്റ് ഉണ്ടാകാറുണ്ട്.) എല്ലാവർഷവും ഇതാഘോഷിക്കുന്നുണ്ട്. ഉച്ചമുതൽ ആഘോഷങ്ങൾ നടന്നിരുന്നുവെങ്കിലും കാലാവസ്ഥ വളരെ മോശമായിരുന്നു. കാലത്തുമുതൽ മഴ തൂളിക്കൊണ്ടിരുന്നു. വലിയ ശക്തിയുള്ള ചാറ്റൽപോലുമല്ല, എന്നാലും 6 ഡിഗ്രി തണുപ്പിൽ എന്നെപ്പോലുള്ള ഒരുവന് അതു സഹിക്കാവുന്നതിലപ്പുറമാണ്. നാലുമണിയായപ്പോൾ രാത്രിയായി.

വൈകുന്നേരം അഞ്ചുമണിക്കാണ് ഈ പ്രകാശിപ്പിക്കൽ നടക്കുക. അപ്പോളേക്കും മഴ ഒരുമാതിരി കുറഞ്ഞു. ഞാൻ കോട്ടും സൂട്ടും ഗ്ലൗസുമൊക്കെ അണിഞ്ഞുചെന്നപ്പോളേക്കും പരിപാടി തുടങ്ങാനുള്ള കൗണ്ട് ഡൌൺ ആരംഭിച്ചുകഴിഞ്ഞിരുന്നു. അവിടെക്കൂടിയ ജനസമുദ്രം ഒന്നടങ്കം 10, 9, 8, 7 ഇങ്ങനെ താളാത്മകമായി, ഉച്ചത്തിൽ ആർപ്പുവിളിച്ചുകൊണ്ടിരുന്നു. ഒന്നെന്നു പറഞ്ഞുകഴിഞ്ഞപ്പോൾ മുകളിൽനിന്ന് പുഷ്പവൃഷ്ടി നടന്നു. അതേനിമിഷത്തിൽത്തന്നെ ലൈറ്റുകളൊക്കെ തെളിഞ്ഞു. അതിനൊരാർപ്പുവിളി പ്രത്യേകമുണ്ടായിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു ഏറ്റവും കൂടുതലുണ്ടായിരുന്നത്. കൈയിൽ ബലൂണുകളും വിവിധ നിറങ്ങളിൽ തിളങ്ങുന്ന എൽഇഡി ലൈറ്റുകളും കാറ്റാടികളുമൊക്കെ പിടിച്ച കുഞ്ഞുങ്ങൾ വർണ്ണപ്പകിട്ടാർന്ന കാഴ്ചയായിരുന്നു.

പ്രധാന സ്റ്റേജിൽ ജിറാഫിന്റെ വേഷമണിഞ്ഞ ഒരാളും മറ്റുചിലരും ചേർന്ന് നൃത്തങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്നു. മരംകോച്ചുന്ന തണുപ്പുണ്ടായിരുന്നുവെങ്കിലും ഒരു കൈ ഗ്ലൗസിൽനിന്നു പുറത്തെടുത്ത് ഒരു വിഡിയോ പിടിച്ചു, ഒന്നോ രണ്ടോ ഫോട്ടോ എടുത്തു. അപ്പോളേക്കും കൈ മരവിച്ചു. വീണ്ടും ഗ്ലൗസിലേക്കു കൈ കയറ്റി. ആളുകൾ പിരിയുമ്പോളേക്കും ജോലിക്കാർ ആ ഭാഗത്തെ ചപ്പുചവറുകളൊക്കെ വലിയ ബ്രഷ്‌കൊണ്ട് തൂത്തുകൂട്ടുന്നു, ഒരാൾ അതെല്ലാം വലിയ ഒരു വാക്വം ക്ളീനറിനുള്ളിലേക്കു വലിച്ചെടുക്കുന്നു. ഇനി ന്യൂഇയർ -ആഘോഷം കഴിയുന്നതുവരെ ഈ വിളക്കുകൾ അവിടെയുണ്ടാകും

facebooktwittergoogle_plusredditpinterestlinkedinmail