കാക്കേ കാക്കേ കൂടെവിടെ ?

കാക്കേ കാക്കേ കൂടെവിടെ ?

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ ?”

മഹാകവി ഉള്ളൂരിന്റെ പ്രസിദ്ധമായ കവിതയിലെ വരികളാണിത്. പണ്ട് ഒന്നിലോ രണ്ടിലോ പഠിക്കുമ്പോൾ ഇങ്ങനെ പഠിച്ചിരുന്നു എന്നാണോർമ്മ. ഇനി ഞാൻ പഠിച്ചതിന്റെ കുഴപ്പമാണോ എന്നറിയില്ല. അന്ന് ചിന്തിക്കാനുള്ള ബുദ്ധിയുണ്ടായിരുന്നില്ല. ഇപ്പോളാണ് ഇങ്ങനെയുള്ള കൊനഷ്ടുചിന്തകൾ തലയിൽ വന്നുകേറുന്നത്.

കാക്കയ്ക്കു കൂട്ടായി അകത്തൊരു കുഞ്ഞുണ്ടോ എന്നാണീ വരികളുടെ അർത്ഥം. ഇതുകേട്ടാൽ കാക്ക ഏതോ വീടിന്റെ അകത്തോമറ്റോ ഇരിക്കുകയാണെന്നാണ് കുഞ്ഞുങ്ങൾ ധരിക്കുക. കാക്കയുടെ വീട് തുറന്ന കൂടല്ലേ ?

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ ? – കൂട്ടായിട്ട് അകത്തൊരു കുഞ്ഞുണ്ടോ എന്നർത്ഥം. (കൂട്ടിന് +അകത്തൊരു)

കൂടിന്നകത്തൊരു കുഞ്ഞുണ്ടോ ? – അതായത് കൂടിന്റെ അകത്തൊരു കുഞ്ഞുണ്ടോ എന്നർത്ഥം. (കൂടിന്റെ അകത്ത്)

രണ്ടാമത്തെ അർത്ഥമല്ലേ ഇവിടെ പ്രസക്തം ? കാക്കയുടെ കൂടിന്റെ അകത്തൊരു കുഞ്ഞുണ്ടോ എന്നല്ലേ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് ? ഇപ്പോളും ഈ കവിത പഠിപ്പിക്കുന്നുണ്ടോ ആവോ !

കാട്+പോത്ത്=കാട്ടുപോത്ത്, വീട്+കാരി=വീട്ടുകാരി, നാട്+കാരൻ=നാട്ടുകാരൻ, ആട്+കൊറ്റൻ=ആട്ടുകൊറ്റൻ, വീടും കാടും ആടും മാടും ഒക്കെ അങ്ങനെ ഉപയോഗിക്കുന്നതിൽ തെറ്റില്ല. വീട്ട്, ആട്ട്, മാട്ട്, കാട്ട് എന്നൊക്കെ പറഞ്ഞാൽ യഥാക്രമം വീട്ടുക, ആട്ടുക, മാട്ടുക, കാട്ടുക എന്നൊക്കെയുള്ള ക്രിയകളുടെ നാമപദങ്ങളാണ്. പക്ഷേ, കൂട് അങ്ങനെ ഉപയോഗിച്ചാൽ പിശകുണ്ടാകും. കൂട്ട് എന്നൊരു പദം വേറെയുണ്ട്, അതിന്റെ അർത്ഥവും വേറെയാണ്. കൂട്ടിനകത്ത് എന്നു പറഞ്ഞാൽ കൂട്ടിന് അകത്ത് എന്നുമാത്രമേ പിരിക്കാനാവൂ. കൂടിന്+അകത്ത്=കൂട്ടിനകത്ത് എന്നൊരു വ്യാകരണനിയമമില്ല.

facebooktwittergoogle_plusredditpinterestlinkedinmail