4 – എഡിൻബറ കാസിൽ

(സ്കോട്ട് ലൻഡ് യാത്ര മൂന്നാം ദിവസം)

കിൻറോസിൽനിന്നു രാവിലെ വീണ്ടും റൊട്ടിയും ജാമും തേനും ഒക്കെ കഴിച്ച് വീണ്ടും കാലത്ത് 9.30 നു വടക്കോട്ടു യാത്ര തുടർന്നു. 10.30 ആയപ്പോൾ 7 കുന്നുകളിലായി സ്ഥിതിചെയ്യുന്ന സ്കോട്ട് ലണ്ടിന്റെ തലസ്ഥാനമായ എഡിൻബറയിൽ എത്തി.

35 കോടി വർഷങ്ങൾക്കു മുമ്പ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ ഗർത്തത്തിൽ ആപ്പുവച്ച് അടച്ചതുപോലെയുള്ള ഒരു പാറക്കെട്ടിന്റെ മുകളിലാണ് എഡിൻബറ കൊട്ടാരം എന്ന ദുർഗ്ഗഹർമ്മ്യം സ്ഥിതിചെയ്യുന്നത്. അവിടെനിന്നു കിഴക്കോട്ടു ചരിഞ്ഞുകിടക്കുന്ന രീതിയിലാണ് ഈ പാറ. സ്ഫോടനത്തെത്തുടർന്നു ലാവ ഒഴുകിയുണ്ടാകുന്നതാണു പാറയുടെ ഈ തലയും വാലും. ഇതിനു crag and tail എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്. സമുദ്രനിരപ്പിൽനിന്നു 130 മീറ്റർ ഉയരമുണ്ട് ഈ മനോഹരകരിങ്കൽനിർമ്മിതിക്ക്.

താഴെനിന്നുമാത്രം ആ പാറയിലേക്ക് 80 മീറ്റർ ഉയരം. കിഴക്കുവശത്തുകൂടെമാത്രമേ ഇവിടേക്കു കയറാൻസാധിക്കൂ. മറ്റു ഭാഗങ്ങളെല്ലാം ചെങ്കുത്തായ പാറക്കെട്ടാണ്. 2013 ൽ ഒരു പത്തൊൻപതുകാരൻ ഇതുവഴി കയറാൻ സാഹസികമായി ശ്രമിച്ചുപരാജയപ്പെട്ട് നിവൃത്തിയില്ലാതെ ഫയർഫോഴ്സിനെ വിളിച്ചുരക്ഷപ്പെട്ട വാർത്ത BBC റിപ്പോർട്ട് ചെയ്തിരുന്നു.

ഭൂമിക്കടിയിലുള്ള അവിടുത്തെ കാർപാർക്കിൽ വാഹനം നിറുത്തി, മുകളിൽ വന്നുനോക്കിയ ഞങ്ങൾ അമ്പരന്നുപോയി. ഇതുപോലെയൊരു കോട്ട ജീവിതത്തിൽ ഞങ്ങൾ കണ്ടിട്ടില്ല!!! അവിടേക്ക് എങ്ങിനെ എത്തിപ്പെടും എന്നുപോലും ഞങ്ങൾക്കു മനസ്സിലായില്ല. അത്രമേൽ ഉയരത്തിലും അപ്രാപ്യവുമായി അതു തോന്നിച്ചിരുന്നു. അന്വേഷിച്ചപ്പോൾ പകുതിവഴി കാർ കയറിച്ചെല്ലും. പക്ഷേ, അവിടെ ആളെ ഇറക്കി തിരിച്ചുപോരേണ്ടിവരും. അതിനാൽ ഞങ്ങളെല്ലാവരുംകൂടി കിഴക്കുവശത്തുകൂടെ നടന്നുകയറാൻ തീർച്ചയാക്കി.

ആയിരക്കണക്കിനു വിനോദസഞ്ചാരികൾ അതുവഴി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. കരിങ്കല്ലു വിരിച്ച ചരിഞ്ഞ നടപ്പാതയിലൂടെ നടന്നാൽ അധികം കിതപ്പും തോന്നുകയില്ല. അര മണിക്കൂർകൊണ്ട് ഞങ്ങൾ ആദ്യത്തെ ഗേറ്റിൽ എത്തി. അവിടെനിന്നു പാസ് എടുക്കണം. കനത്ത കരിങ്കൽനിർമ്മിതിയുടെ നടുക്കുകൂടിയാണു കോട്ടയ്ക്കുള്ളിലേക്കുള്ള പ്രവേശനം. വരുന്നവരെ നിരീക്ഷിക്കാനും ശത്രുക്കളെങ്കിൽ വെടിവയ്ക്കാനും ഇടയ്ക്കിടെ ദ്വാരങ്ങൾ ഇരുവശത്തുമുള്ള മതിലുകളിൽ കാണാം. കുറെ ചെല്ലുമ്പോൾ കനത്ത ഉരുക്കുപാളികളും കുന്തങ്ങളുംകൊണ്ടു തീർത്ത PORTGALLIS ഗേറ്റ്. അവിടെ നമ്മുടെ പാസ് കാണിച്ചിട്ടുവേണം അകത്തേക്കു പോകാൻ. ശത്രുക്കൾ വന്നാൽ ഈ ഗേറ്റ് താഴ്ത്തും. ഈ ഗേറ്റും കരിങ്കൽ കോട്ടയും തികച്ചും അപ്രതിരോദ്ധ്യംതന്നെ !!

ബി സി ഒമ്പതാം ശതകത്തിൽപ്പോലും ഇവിടെ ആൾപ്പാർപ്പുണ്ടായിരുന്നു. പന്ത്രണ്ടാം ശതകത്തിൽ ഡേവിഡ്രാജാവാണ് ഇവിടെ കൊട്ടാരം നിർമ്മിച്ചത്. വി. മാർഗ്രറ്റിന്റെ ചാപ്പലും കൊട്ടാരവുമാണ് ഏറ്റവും പഴക്കമേറിയ ഇവിടുത്തെ കെട്ടിടങ്ങൾ. ബാക്കിയെല്ലാം പിന്നീടുണ്ടാക്കിയതാണ്. വിദേശീയരുടെ ആക്രമണങ്ങളിൽ ഒട്ടേറെ തകർന്നടിഞ്ഞു. വർഷംതോറും ഏകദേശം 13 ലക്ഷം സഞ്ചാരികൾ ഇവിടം സന്ദർശിക്കാനെത്തുന്നു.

തനിക്കെതിരായ ഗൂഢാലോചനയ്ക്കു ജെയിംസ് രാജാവ്, ഇവിടെയുണ്ടായിരുന്ന ഡേവിഡ്ഗോപുരത്തിൽ (ഇപ്പോഴില്ല) തടവിലിട്ടിരുന്ന സ്വസഹോദരൻ അലക്സാണ്ടർ സ്റ്റീവർറ്റ്, കാവല്ക്കാർക്കു മദ്യം കൊടുത്തുമയക്കി ഇതിന്റെ ഒരു ജനാലവഴി കയറിൽത്തൂങ്ങി, രക്ഷപ്പെട്ടിട്ടുണ്ട്. ഈ ജനാലവഴി തടവുകാരെ താഴേക്കെറിഞ്ഞുകൊല്ലാറുണ്ടായിരുന്നു.

തകർന്നടിഞ്ഞ ഡേവിഡ്ഗോപുരവും, ഡേവിഡ് രണ്ടാമന്റെ ശവകുടീരവും, 1571 മുതൽ രണ്ടു വർഷത്തോളം നടന്ന ബ്രിട്ടീഷ് ഉപരോധത്തിനു ശേഷം കോട്ടയെ രക്ഷിക്കാൻ നിർമ്മിച്ച, ചന്ദ്രക്കലയുടെ ആകൃതിയുള്ള Half Moon Battery എന്ന പീരങ്കിവിന്യാസത്തിൻകീഴിലാണിപ്പോൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള വെടിക്കോപ്പുകളും ആയുധങ്ങളും പീരങ്കികളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. വളഞ്ഞുകാണപ്പെടുന്ന കോട്ടയുടെ മുകൾഭാഗമാണ് Half Moon Battery – അതായത് അർദ്ധചന്ദ്രവ്യൂഹം. അവിടെക്കാണുന്ന ദ്വാരങ്ങളുടെയൊക്കെ പിന്നിൽ പീരങ്കിയുണ്ട്.

റോബർട്ട്‌ ദി ബ്രൂസ് എന്ന വീരനായ രാജാവിന്റെ പ്രതിമ ഇവിടെയും ഭിത്തിയിൽ പതിപ്പിച്ചിട്ടുണ്ട്.

ഒരു ബോംബക്കാരൻ സേട്ടു നിർമ്മിച്ചുകൊടുത്ത ഈൾ ഹൈഗ് എന്ന ഫീൽഡ് മാർഷലിന്റെ വെങ്കലപ്രതിമയും ഇവിടെ സ്ഥാപിച്ചിരിക്കുന്നു. വിശിഷ്ടസേവനം നല്കി, വിരമിച്ച നായ്ക്കൾക്കുവരെ ഇവിടെ പ്രത്യേകം സെമിത്തേരി ഉണ്ട്. വെള്ളം കിട്ടുവാൻ 28 മീറ്റർ ആഴമുള്ള ഒരു കിണറും അവിടെ തുരന്നിട്ടുണ്ട്.

തുടരും ………

facebooktwittergoogle_plusredditpinterestlinkedinmail