അടക്കം

അടക്കം എന്നാൽ : വിനയം, മര്യാദ, സഹനശീലം, മനസ്സുറപ്പ്, ക്ഷമ, ധൈര്യം, കുഴിച്ചുമൂടുക, മിതത്വം, ആത്മസംയമനം, വെളിവ്, സുബുദ്ധി, ലഹരിയില്ലായ്മ, ധീരത, അനുവദിക്കല്‍, സമ്മതം, വഴങ്ങല്‍, ഒതുക്കം - എന്നിങ്ങനെ, നിഘണ്ടുവിൽ നോക്കിയപ്പോൾ കുറെ അർത്ഥങ്ങളുണ്ട്.

കുട്ടികളുടെ കുസൃതി അസഹ്യമാകുമ്പോൾ നീയൊന്നവിടെ അടങ്ങിയിരിക്കുന്നുണ്ടോ കുട്ടീഎന്നു മുതിർന്നവർ ശാസിക്കാറുണ്ട്. ഇത് അച്ചടക്കത്തിന്റെ ഭാഗമാണ്. വിദ്യാലയങ്ങളിലും അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികളെ അടക്കിയിരുത്താറുണ്ട്.

ചെറിയ പെണ്‍കുട്ടികൾ പുസ്തകങ്ങൾ മാറോടടുക്കിപ്പിടിച്ചുകൊണ്ടാണ് വിദ്യാലയത്തിൽ പോകുന്നത്. അമ്മയായിക്കഴിഞ്ഞാൽ അവർ കുട്ടികളെ മാറോടടക്കിപ്പിടിക്കും; സ്വന്തം ഹൃദയത്തോടുചേർത്ത്. കാമുകിയെയും ഭാര്യയേയും ഇങ്ങനെ പുരുഷൻ മാറോടടക്കിപ്പിടിക്കും; സ്നേഹവായ്പോടെ !

പെണ്‍കുട്ടികളോട് അടക്കവും ഒതുക്കവുംഉള്ളവരായി നടക്കാനാണ് അമ്മൂമ്മമാർ ഉപദേശിക്കാറുള്ളത്. വികാരങ്ങൾ അടക്കിവയ്ക്കണം, വിനയം വേണം, സ്വയം നിയന്ത്രണം വേണം എന്നൊക്കെയാണു വിവക്ഷ. “അടക്കമില്ലാത്തവൾ അടുപ്പിൽഎന്നാണു പഴമൊഴി; അപകടത്തിൽച്ചാടും എന്നാണു സാരം.

അടക്കംകൊല്ലിവലയെക്കുറിച്ചു കേട്ടിട്ടുണ്ടല്ലോ. ചെറിയ മീനുകൾപോലും പുറത്തു പോകാതെ മൊത്തം തൂത്തുവാരുന്ന, കണ്ണികൾ അടുത്ത വലകളാണിവ. ചെപ്പടിവിദ്യകൾ കാണിക്കുന്നവർ കൈയടക്കം കാണിക്കാറുണ്ട്. അനേകം പ്രാവശ്യം പരിശീലിച്ചിട്ട് പ്രദർശിപ്പിക്കുന്ന വിദ്യയാണത്.

പക്ഷെ ഇതൊന്നും ശവം അടക്കുന്നപോലെയല്ല. കാല്വെള്ളയിലെ ഒരു മർമ്മവും ഒരുതരം വാദ്യവും അടക്കം എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.

ഈ പത്രത്തിൽ കാണിച്ചിരിക്കുന്ന അടക്കം ഇതൊന്നുമല്ല. വല്യേട്ടനായതുകൊണ്ട് അനിയന്മാരെയും അനുജത്തിമാരെയുമൊക്കെ USA അടക്കിനിറുത്തിയിട്ടുണ്ടാവും. ആ അച്ചടക്കം കൈവിട്ടു എന്നാണു തലക്കെട്ടു വായിക്കുമ്പോൾ തോന്നുക. താഴേക്കു വായിക്കുമ്പോൾ കഥ ഇതൊന്നുമല്ല. ഇതിന്റെ പ്രയോഗവൈകല്യമാണ് ഈ അർത്ഥമില്ലായ്മയുണ്ടാക്കിയിരിക്കുന്നത്.

ഇതു രണ്ടു വിധത്തിൽ പ്രയോഗിക്കാം:

—————————————————-

1. ഞാനൊരു തെമ്മാടിയാണെന്ന് അവളടക്കം പറഞ്ഞു. അർത്ഥം :- ഞാൻ തെമ്മാടിയാണെന്ന് അവളുൾപ്പടെ പറഞ്ഞു.

2. ഞാനൊരു തെമ്മാടിയാണെന്ന് അവൾ അടക്കംപറഞ്ഞു. അർത്ഥം :- ഞാൻ തെമ്മാടിയാണെന്ന് അവൾ രഹസ്യമായി പറഞ്ഞു.

ജറുസലേമിനെ യിസ്രായേലിന്റെ തലസ്ഥാനമാക്കി USA ഏകപക്ഷീയമായി, പ്രഖ്യാപിച്ച പ്രശ്നത്തിൽ, സഖ്യകക്ഷികളടക്കം അവരെ കൈവിട്ടു എന്നാണിവിടെ എഴുതേണ്ടത്. അവരുടെ സഖ്യകക്ഷികളല്ലാത്തവർ നേരത്തെതന്നെ എതിർപ്പു പ്രകടിപ്പിച്ചിരുന്നു, ഇപ്പോൾ സഖ്യകക്ഷികളും അങ്ങനെ ചെയ്തു എന്നർത്ഥം.

ചേർത്തെഴുതേണ്ടവ അങ്ങനെയും അല്ലാത്തവ മാറ്റിയും എഴുതണം; ഇല്ലെങ്കിൽ ഇതുപോലെയുള്ള അബദ്ധങ്ങളുണ്ടാവും. മലയാളം അദ്‌ഭുതകരമായ ഒരു ഭാഷയാണ്. അതുകൊണ്ടാണ് ശ്രേഷ്ഠഭാഷ എന്നുള്ള പദവി കേന്ദ്രസർക്കാർ തന്നത്. വെറുതേ ആ പദവി നശിപ്പിച്ചുകളയരുത്.

കുറിപ്പ്: അടക്കുക എന്നതിൽ ഒരു യ ചേർത്താൽ അർത്ഥം അമ്പേ മാറിപ്പോകും. അടക്കുക, അടയ്ക്കുക ഇതുരണ്ടും രണ്ടർത്ഥമാണ്. കണ്ണടക്കുക, ജയിലിലടക്കുക എന്നൊക്കെ, അർത്ഥമറിയാതെ, പലരും എഴുതുന്നുണ്ട്.

Adakkam

facebooktwittergoogle_plusredditpinterestlinkedinmail