ലോക കേരള സഭ ??

ലോക, കേരള എന്നൊക്കെ വാക്കുകൾ മലയാളത്തിലുണ്ടോ ? മലയാളത്തിലില്ലാത്ത പല വാക്കുകളും മലയാളമെന്ന പേരിൽ കുറെക്കാലമായി പത്രങ്ങളും സർക്കാരും വിദ്യാഭ്യാസവകുപ്പുമൊക്കെ പ്രയോഗിക്കുന്നുണ്ട്. ലിപി മലയാളമായതിനാൽ നാമെല്ലാം അതു വായിക്കുന്നു, എന്തൊക്കെയോ ഗ്രഹിക്കുന്നു. പക്ഷേ, ഇതൊന്നും വ്യാകരണപരമായി യാതൊരു സാധുത്വവുമില്ലാത്തതാണ്. എന്നിട്ട് ശ്രേഷ്ഠഭാഷ, ശ്രേഷ്ഠഭാഷ എന്നു വിളിച്ചുകൂവുകയും ചെയ്യുന്നു. എന്തെരോ എന്തോ !

കേരളത്തിലെ (ഏതെങ്കിലും) സഭ / കേരളത്തിന്റെ (ഏതെങ്കിലും) സഭ ഇതൊക്കെ കേരളസഭ എന്ന നിർവ്വചനത്തിൽ വരാം. കേരളത്തിൽ താമസിക്കുന്നവർ കേരളീയർ. കേരളീയരുടെ സഭ എന്നു വരണമെങ്കിൽ കേരളീയസഭ എന്നു വേണ്ടേ ? ലോക എന്നൊരു വാക്ക് അതിന്റെ മുന്നിലെഴുതിയാൽ ലോകത്തിലുള്ള കേരളീയരുടെ സഭ എന്നർത്ഥം കിട്ടുമോ ? സമാസിച്ചുകഴിഞ്ഞാൽ പിന്നീട് അതിൽ വാക്കുകളില്ല; ഒറ്റവാക്കാണ് എന്ന സാമാന്യതത്ത്വം എന്തേ ഇവർ മറന്നുപോകുന്നു ? ഇനി ചേർത്തെഴുതിയാൽത്തന്നെ എന്താണർത്ഥം ?

ലോകകേരളം എന്നാൽ ലോകംമുഴുവനുമുള്ള കേരളം എന്നർത്ഥം. കേരളം എന്ന പദത്തിന്റെ മുന്നിൽ ലോക എന്നെഴുതിയാൽ കേരളത്തിനെയാണ് ലോക വിശേഷിപ്പിക്കുന്നത്. ഇനി ലോകകേരളസഭ എന്നാൽ ലോകംമുഴുവനുമുള്ള കേരളസഭ എന്നാണോ അർത്ഥം ?ലോകംമുഴുവൻ കേരളമുണ്ടെങ്കിൽ ലോകകേരളം എന്നെഴുതാം. ലോകംമുഴുവൻ മലയാളികളുള്ളതിനാലാണ് ലോകമലയാളിസമ്മേളനം ജർമ്മനിയിൽവച്ചു നടത്തിയത്.

ലോകമലയാളി (വിശ്വപൗരൻ) എന്ന അർത്ഥത്തിൽ യു എൻ ഓയിൽ നെടുങ്കൻപ്രസംഗം നടത്തിയ, പരേതനായ വി കെ കൃഷ്ണമേനോനെ നമ്മൾ ഇങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. അതായത് അദ്ദേഹത്തിൻറെ പ്രശസ്തി ലോകംമുഴുവനും നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ ശ്രീ ശശി തരൂരും ആ നിലയിലേക്കുയർന്നിട്ടുണ്ട്.

ഇതൊക്കെ പടച്ചുവിടുന്ന മഹാന്മാരെ ഒന്നു പരിചയപ്പെടുത്തിയാൽക്കൊള്ളാം സാറന്മാരേ ! ഒന്നിനുമല്ല, വെറുതേ ഒന്നു സാഷ്ടാംഗം പ്രണമിക്കാനാണ് !!!

(സമസ്തലോകകേരളീയസഭ എന്നാണെഴുതേണ്ടതെന്ന് ബഹുമാനപ്പെട്ട നാരായണൻ ആയുർവ്വേദ സർ അഭിപ്രായപ്പെടുന്നു.Loka Keralasabha)

Facebooktwittergoogle_plusredditpinterestlinkedinmailby feather