പൊതുവിദ്യാഭ്യാസ ??

നമ്മുടെ പുതുതലമുറയെ പ്രബുദ്ധരാക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ ഈ പരസ്യം ശ്രദ്ധിക്കൂ:

1.   ഇവർക്കു സ്വന്തം പേരുപോലും ശരിക്കെഴുതാനറിയില്ല. പൊതുവിദ്യാഭ്യാസഡയറക്ടർ എന്നെഴുതണം.

2. ന്യൂനപക്ഷ എന്നു പറഞ്ഞാൽ പക്ഷത്തിന് (ചിറകിന്) എന്തോ ന്യൂനതയുള്ള എന്നർത്ഥം.  കുടിശ്ശിക, തുക എന്നിവ മാറ്റിയെഴുതിയാൽ അതിനൊരർത്ഥവുമില്ല. കുടിശ്ശികത്തുക എന്നെഴുതിയാൽമാത്രമേ അർത്ഥമുണ്ടാകൂ. പ്രീമെട്രിക്  സ്കോളർഷിപ്പ് (ന്യൂനപക്ഷവിഭാഗം) കുടിശ്ശിക വിതരണം എന്നെഴുതിയാൽ ശരി.

3.  ഇതു+=ഇതേ=ഇതുതന്നെയായ എന്ന വിശേഷണരൂപം. (ഏ എന്നത് അവധാരകപ്രത്യയമാണ്. ഏ ചേർത്താൽ അതുതന്നെ എന്നർത്ഥം കിട്ടും. ഇതേപ്പറ്റി, അതേപ്പറ്റി എന്നും പ്രയോഗിക്കാൻ പാടില്ല. ഇതിനെപ്പറ്റി, അതിനെപ്പറ്റി എന്നൊക്കെ ശരി) ഇതേ എന്നതിന്റെകൂടെ പോലെ ചേർക്കാനാവില്ല. ചേർത്താൽ ഇതുതന്നെപോലെ എന്നർത്ഥം വരും. ഇതുപോലെ, അതുപോലെ എന്നൊക്കെ ശരി. പോലെ എന്നത് ഗതിയാണ്വാക്കുകളെത്തമ്മിൽ ഘടിപ്പിക്കുന്ന വ്യാകരണസൂത്രം. (അവനെപ്പോലെ, എന്നെപ്പോലെ, നിന്നെപ്പോലെ, പോയതുപോലെ, കണ്ടതുപോലെ എന്നൊക്കെ മുന്നിലുള്ള വാക്കുകളോടുചേർത്താണ് പ്രയോഗം)

4.   അവരുടെ ചുവടെ പറയുന്ന വിവരങ്ങൾ” ???

കുട്ടികളുടെ ചുവടെ ആർക്കെങ്കിലും എന്തെങ്കിലും പറയാനാകുമോ !! (കുട്ടികൾ മുകളിലെവിടെങ്കിലും നിൽക്കുമ്പോൾ താഴെ നിന്നുകൊണ്ട് പറയുന്ന കാര്യമായിരിക്കും !) ഇതു വാക്യഘടനയിലുണ്ടായ പിശകാണ്. ഇതുവരെ സ്കോളർഷിപ്പുതുക ലഭിക്കാത്ത കുട്ടികൾ, ചുവടെ പറഞ്ഞിരിക്കുന്ന അവരുടെ വിവരങ്ങൾ …..എന്നെഴുതണം.

5.  പകർപ്പ് സഹിതം, ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്എന്നല്ല പകർപ്പു സഹിതം, ഡയറക്ടർക്കു സമർപ്പിക്കേണ്ടതാണ്,   എന്നൊക്കെയാണ് വേണ്ടത്. വ്യഞ്ജനം പിന്നാലെ വരുമ്പോൾ സംവൃതോകാരമാണ് വേണ്ടത്. അല്ലെങ്കിൽ ഏതെങ്കിലും കാര്യം ഊന്നിപ്പറയുമ്പോൾ സംവൃതോകാരം ആവാം.

6.   സ്ഥാപനംവഴിയോ, തപാൽവഴിയോ,  പേരുവിവരങ്ങൾ, അവ്യക്തതകാരണംഇതൊക്കെ ചേർത്തെഴുതേണ്ട പദങ്ങൾ.

7.   അക്കൗണ്ടിലേക്ക്, വിദ്യാർത്ഥിക്ക്എന്നൊക്കെ എഴുതിയാൽ മതി. ഇടയ്ക്ക് യ വേണ്ടതില്ല.

8.   രക്ഷകർത്താവ് എന്നല്ല രക്ഷാകർത്താവ് എന്നാണു ശരിയായ വാക്ക്. (രക്ഷാ, കർത്താഇവ രണ്ടും സംസ്കൃതപദങ്ങളാണ്.)

9. ഉം, ഓ എന്നിവ സമുച്ചയനിപാതങ്ങളാണ്. അവ ഉപയോഗിച്ച് വാക്യങ്ങളെത്തമ്മിൽ ചേർത്തുകഴിഞ്ഞാൽ പിന്നീട് കോമ ഉപയോഗിക്കാൻ പാടില്ല. സ്ഥാപനംവഴിയോ നേരിട്ട് തപാൽവഴിയോ….എന്നൊക്കെ കോമയില്ലാതെ എഴുതണം. തെറ്റായ ബാങ്ക് അക്കൗണ്ട് നൽകുകയും, ഇവിടെയും കോമ ആവശ്യമില്ല.

ഏതെങ്കിലും ഗുമസ്തൻ എഴുതിയിട്ട് മേലധികാരികൾ പരിശോധിച്ചിട്ടല്ലേ ഇതൊക്കെ രേഖയാക്കുന്നത് ? പൊതുജനങ്ങൾ വായിക്കുന്ന ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ സർക്കാർ കുറേക്കൂടെ അവധാനം പുലർത്തേണ്ടതുണ്ട്. ഇവരെയൊക്കെ കൗപീനം ധരിപ്പിച്ച് നിലത്തെഴുത്താശാന്റെ കളരിയിലിരുത്തി, ക്ക, ക്ഷ, ഞ്ച, ട്ട, ണ്ണ ഒക്കെ ആദ്യംമുതൽ പഠിപ്പിക്കണം.

ഇവരൊക്കെ വിദ്യാഭ്യാസവകുപ്പു ഭരിച്ചാൽ വരുംതലമുറകൾ എങ്ങനെ രക്ഷപ്പെടും ? വിവരമില്ലായ്മ എന്നതാണോ ഇതിന്റെയൊക്കെ തലപ്പത്തിരിക്കാനുള്ള യോഗ്യത ?

കഷ്ടംതന്നെ എന്റെ പ്രിയപ്പെട്ട ശ്രേഷ്ഠഭാഷേ !!!!

Pothuvidyaabhyaasa

Facebooktwittergoogle_plusredditpinterestlinkedinmailby feather