അസതോമാ സത്ഗമയാ !!!

ദാ വന്നിരിക്കുന്നു വേറൊരു വിഡ്ഢിത്തം ! അസതോമാ എന്നു പറഞ്ഞാൽ ആടുതോമാപോലുള്ള ഏതോ ഒരു ‘മൃഗ’മാണെന്നാണ് ഈ പാവം സംവിധായകൻ ധരിച്ചിരിക്കുന്നതെന്നു തോന്നുന്നു. നമ്മുടെ പൈതൃകങ്ങൾ ഇങ്ങനെ വികലമായി ജനമനസ്സുകളിൽ ലബ്ധപ്രതിഷ്ഠമാക്കാൻ സിനിമാക്കാരും പത്രക്കാരും സർക്കാരും ചെയ്യുന്ന സേവനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്.

സാമഗാനത്തിനു തുടങ്ങുമ്പോൾ ജപിക്കേണ്ട യജുർവ്വേദത്തിലെ മൂന്നു മന്ത്രങ്ങളാണിവ.
ബൃഹദാരണ്യകോപനിഷത്തിലെ ഒന്നാമദ്ധ്യായത്തിലെ മൂന്നാം ബ്രാഹ്മണമായ ഉദ്ഗീഥബ്രാഹ്മണത്തിലെ വൈദികപ്രാർത്ഥനയാണിത് :
ഓം അസതോ മാ സദ്ഗമയ
തമസോ മാ ജ്യോതിർഗമയ
മൃത്യോർ മാƒമൃതം ഗമയ
എന്നാണിത് എഴുതേണ്ടത്. അസതഃ എന്നാൽ അസത്തിൽനിന്ന് (അസത്ത് എന്നതിന് ഇവിടെ മൃത്യു എന്നർത്ഥം) മാ എന്നാൽ എന്നെ. സത്=സത്തിനെ. സത്+ഗമയ=സദ്ഗമയ. സത്തിലേക്കു നടത്തിയാലും. (സത്ത് എന്നതിന് ഇവിടെ അമൃതം എന്നർത്ഥം)
തമസ : = അന്ധകാരത്തിൽനിന്ന്. (തമസ്സ് എന്നതിന് ഇവിടെ മൃത്യു എന്നർത്ഥം) ജ്യോതിഃ = പ്രകാശത്തെ. ജ്യോതിർഗമയ= വെളിച്ചത്തിലേക്കു നയിച്ചാലും. (ജ്യോതിസ്സ് എന്നതിന് ഇവിടെ അമൃതം എന്നർത്ഥം)
മൃത്യോഃ = മൃത്യുവിൽനിന്ന് അമൃതം=അമൃതത്തെ=മരണമില്ലാത്ത അവസ്ഥയിലേക്ക് നയിച്ചാലും.
ഇവിടെ അസത്ത്, തമസ്സ്, മൃത്യു എന്നിവയ്ക്ക് കർമ്മജ്ഞാനങ്ങളിലുള്ള ആസക്തികൊണ്ടുണ്ടാകുന്ന അധോഗതി എന്നാണ് വിവക്ഷ. സത്ത്, ജ്യോതിസ്സ്, അമൃതം എന്നിവ ശാസ്ത്രജ്ഞാനം സംസ്കരിക്കപ്പെട്ട കർമ്മജ്ഞാനങ്ങളിലുള്ള ആസക്തികൊണ്ടുണ്ടാകുന്ന ഊർദ്ധ്വഗതിയെ സൂചിപ്പിക്കുന്നു. ആത്മാവിനാശകാരകങ്ങളായ ആദ്യത്തെ ആസുരഭാവത്തിൽനിന്ന് ആത്മരക്ഷാകാരമായ രണ്ടാമത്തെ ദേവഭാവത്തിലേക്ക് പ്രകാശിപ്പിക്കേണമേ എന്നാണ് പ്രാർത്ഥന.

എത്ര ലാഘവത്തോടെയാണ് ഈ മന്ത്രം എടുത്തുപ്രയോഗിച്ചിരിക്കുന്നത് ! ഇതൊക്കെ ഇങ്ങനെ വികലമായി ഉപയോഗിക്കുന്നതിനെതിരെ ആർക്കുമൊരു പരാതിയുമില്ലേ ??

Malayala Manorama Supplement of 15/04/2016Asathoma sadgamaya

Facebooktwittergoogle_plusredditpinterestlinkedinmailby feather