അനാച്ഛാദനം – അനാവരണം

Anachadanam

Arddhakaya Prathima

ഒന്നാമത്തെ ചിത്രത്തിൻറെ വാർത്ത വായിക്കൂ. അതിൽ പ്രതിമ അനാച്ഛാദനം ചെയ്യുന്നു എന്നാണെഴുതിയിട്ടുള്ളത്. ആച്ഛാദനം എന്നാൽ മറയ്ക്കൽ എന്നർത്ഥം; അനാച്ഛാദനം മറ നീക്കുക എന്നും. ചിത്രങ്ങൾക്ക് ഒരു മാനമേയുള്ളൂ. അതിന്റെ മുന്നിൽ ഒരു തുണിയോ കടലാസോ എന്തെങ്കിലും വച്ചാൽ അതു മറയും. അതാണ് ആച്ഛാദനം. അതു മാറ്റുന്ന പ്രക്രിയയാണ് അനാച്ഛാദനം.

എന്നാൽ പ്രതിമ അങ്ങനെയല്ല; അതിനു പല മാനങ്ങളുണ്ട്. മുന്നിൽനിന്നുനോക്കിയാലും പിന്നിൽനിന്നുനോക്കിയാലും വശങ്ങളിൽനിന്നുനോക്കിയാലും പ്രതിമ കാണാം. വെറുതേ ഒരു തുണിയോ കടലാസോ മുന്നിൽ വച്ചതുകൊണ്ട് അതു പൂർണ്ണമായും മറയ്ക്കപ്പെടുന്നില്ല. അതുകൊണ്ടാണ് അതു പൂർണ്ണമായും പൊതിഞ്ഞുകെട്ടുന്നത്, അല്ലെങ്കിൽ നാലുവശവും മറയ്ക്കുന്നത്. ഇതിന് ആവരണംചെയ്യുക എന്നാണു പറയുന്നത്. അതിനെ നീക്കുന്ന പ്രവൃത്തി അനാവരണംചെയ്യൽ. പ്രതിമ അനാവരണംചെയ്തു എന്നാണു വേണ്ടത്.

രണ്ടാമത്തെ ചിത്രം നോക്കൂ. തല മാത്രമേയുള്ളൂ. ഇതിന് അർദ്ധകായപ്രതിമ എന്നു പറയില്ല. അർദ്ധകായം എന്നാൽ പകുതിശരീരം എന്നാണർത്ഥം. ഊർദ്ധ്വകായപ്രതിമ എന്നു പറഞ്ഞാൽ ശരീരത്തിന്റെ മുകൾഭാഗം മാത്രമുള്ള പ്രതിമ. മുഴുവൻ ശരീരവും കാണിക്കുന്നതാണെങ്കിൽ അതു പൂർണ്ണകായപ്രതിമ. ഈ പ്രതിമ ഇതൊന്നുമല്ല ! (തലമാത്രമുള്ള പ്രതിമയുടെ പേരെന്താണെന്ന് എനിക്കറിയില്ല. ശിരഃപ്രതിമ എന്നാണാവോ !)

ഭാഷതന്നെ ഊർദ്ധ്വൻവലിക്കുമ്പോൾ ഇമ്മാതിരി കാര്യങ്ങളൊക്കെ ആരു നോക്കാൻ !! എന്തെങ്കിലുമൊക്കെ എഴുതി, ആളുകളെ കാര്യം ഗ്രഹിപ്പിച്ചാൽപ്പോരേ ?

(MM 5/5/18,6/5/18)

Facebooktwittergoogle_plusredditpinterestlinkedinmailby feather