ചെക്കെഴുതുമ്പോൾ

ചെchequeക്കെഴുതിക്കൊടുക്കുന്നത് തെറ്റായ രീതിയിലായിരിക്കരുത്.

വ്യക്തിപരമായ അക്കൗണ്ടുകൾ (Savings Bank) ഒരാളുടെ പേരിലോ ഒന്നിലധികം ആളുകളുടെ പേരിലോ തുടങ്ങാം. ഒരാളെങ്കിൽ അയാൾതന്നെ ചെക്കിൽ ഒപ്പിടണം. അയാൾക്ക് അസൗകര്യമുണ്ടെങ്കിൽ അതിന്നായി വേറൊരാളെ നിയോഗിക്കാം. ഉദാഹരണത്തിന് വിദേശത്ത് ജോലിയുള്ള ഒരാൾക്ക് നാട്ടിൽ പലർക്കും ചെക്കുകൾ കൊടുക്കേണ്ടവരും. അവിടുന്ന് പണം അയയ്ക്കുന്നത് മിക്കപ്പോളും ബുദ്ധിമുട്ടായതിനാൽ അക്കൗണ്ട് നോക്കിനടത്താൻ മറ്റൊരാളെ ഏല്പിക്കാം. പ്രത്യേകം ഒരു ഫോം പൂരിപ്പിച്ചുകൊടുത്താൽ മറ്റൊരാളെ ഇതിനായി അധികാരപ്പെടുത്താം. ഇങ്ങനെ നിയമിക്കപ്പെടുന്ന ആളിനെ പവർ ഓഫ് അറ്റോർണി എന്നാണ് പറയുന്നത്. അയാൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളും അക്കൗണ്ടുടമ ബാദ്ധ്യസ്ഥനായിരിക്കും. ഈ സേവനം നിറുത്തിയാൽ രേഖാമൂലം ബാങ്കിനെ അറിയിച്ചിരിക്കണം. ഇല്ലെങ്കിൽ ഇയാൾ നൽകുന്ന ചെക്കുകളൊക്കെ ബാങ്ക് പാസ്സാക്കും.

ഒന്നിലധികം ആളുകൾ ചേർന്നിട്ട് വ്യക്തിപരമായ അക്കൗണ്ട് തുറന്നാൽ ചെക്കിൽ ഒപ്പിടേണ്ടത് ആരാണെന്ന് ബാങ്കിനെ അറിയിച്ചിരിക്കണം. എല്ലാരും ചേർന്നിട്ടോ ആരെങ്കിലും ഒരാളോ ഒന്നോ രണ്ടോ പേരോ ഒക്കെ എല്ലാവർക്കുംവേണ്ടി ഇങ്ങനെ ഒപ്പിടാം. എങ്ങനെയാണ് ഒപ്പിടുന്നതെന്ന് അക്കൗണ്ട് തുറക്കുമ്പോൾത്തന്നെ ബാങ്ക് എല്ലാവരുടെയും കൈയിൽനിന്ന് തിട്ടൂരം വാങ്ങിവച്ചിട്ടുണ്ടാവും.

വ്യക്തിപരമായ അക്കൗണ്ടാണെങ്കിൽ തീയതി, പണം കൈപ്പറ്റുന്ന ആളുടെ/സ്ഥാപനത്തിന്റെ പേര്, തുക എന്നിങ്ങനെയുള്ള കാര്യങ്ങളുടെകൂടെ നമ്മുടെ ഒപ്പുമാത്രം രേഖപ്പെടുത്തിയാൽ മതി; വേണമെങ്കിൽ നമ്മുടെ പേരും എഴുതാം. ചില ബാങ്കുകൾ നമ്മുടെ പേര് ചെക്കിൽത്തന്നെ രേഖപ്പെടുത്തിനൽകുന്നുണ്ട്. എന്നാൽ സ്ഥാപനങ്ങളുടെ പേരിൽ തുടങ്ങിയിട്ടുള്ള അക്കൗണ്ടുകളുടെ ചെക്കുകൾ കൊടുക്കുമ്പോൾ അതിലൊപ്പിടുന്ന വ്യക്തികൾ ആ സ്ഥാപനത്തിലെ ഏതു തസ്തികളുള്ള ആളാണെന്നും എന്തധികാരത്തിലാണ് ഒപ്പിടുന്നതെന്നും വ്യക്തമായിക്കാണിച്ചിരിക്കണം. ചെക്കിൽ വെറുതേ ഒപ്പിട്ടിട്ട് അതിന്റെ താഴെ ചതുരത്തിലോ വട്ടത്തിലോ ഉള്ള സീൽ വച്ചാൽപ്പോരാ; അതിന് അതിന്റേതായ രീതിയുണ്ട്.

ഇവിടെ രണ്ടുപേർ ഒപ്പിട്ടിട്ടുണ്ട്, പക്ഷേ, എന്തധികാരത്തിലാണ് അവർ അതു ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. Director, Executive Director എന്നിങ്ങനെ എഴുതിയിട്ടുള്ള സീലിന്റെ മുകളിൽ ഒപ്പിട്ടതുകൊണ്ട് അധികാരമായില്ല. ഞാൻ ഡിറക്ടറാണ്, അല്ലെങ്കിൽ എക്സിക്യൂട്ടിവ് ഡിറക്ടറാണ് എന്നൊക്കെ വെറുതേ എഴുതിയാൽപ്പോരാ, ആ അധികാരത്തിൽ ഞാൻ ഒപ്പുവയ്ക്കുന്നു എന്നു വേണം.

ശരിയായ രീതി താഴെക്കൊടുക്കുന്നു :

For State Poverty Eradication Mission

Sign —— Sign

(Director) (Executive Director)

ഇങ്ങനെ സീലുണ്ടാക്കി അതിന്റെ ഇടയിൽ sign എന്നെഴുതിയ സ്ഥലത്ത് ഒപ്പിടണം. ബാങ്കിൽ അക്കൗണ്ട് തുറക്കുന്ന സമയത്ത് ഇങ്ങനെയാണ് എഴുതിവാങ്ങിയിട്ടുണ്ടാവുക. അതുപോലെതന്നെ സീൽ പതിച്ചിട്ട് ഒപ്പിടണം. ചെക്കുകൾ പാസ്സാക്കുന്ന ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ചെക്കുകൾസംബന്ധമായ എന്തെങ്കിലും കുഴപ്പമുണ്ടായാൽ ഒപ്പിട്ടവർക്ക് കൈകഴുകാൻ സാധിക്കും, പാസ്സാക്കിയ ഉദ്യോഗസ്ഥൻ കുടുങ്ങും.

ചെക്കുകൾ പല തരത്തിലുണ്ട്. ബെയറർ ചെക്കുകൾ, ഓർഡർ ചെക്കുകൾ, ക്രോസ്സ് ചെയ്ത ചെക്കുകൾ എന്നിങ്ങനെ. ചെക്കിൽ പേരെഴുതേണ്ട സ്ഥലത്തിന്റെ അവസാനം or bearer എന്നുള്ളത് വെട്ടിയിട്ടില്ലെങ്കിൽ അത് ബെയറർ ചെക്കാണ്, ആരു കൊണ്ടുചെന്നാലും ബാങ്ക് കാഷ് കൊടുക്കും. എന്നാൽ അതു വെട്ടിയിട്ടുണ്ടെങ്കിൽ ഓർഡർ ചെക്കാണ്, അതു കൊണ്ടുചെല്ലുന്ന ആൾ ആരാണെന്ന് ബാങ്ക് അറിഞ്ഞെങ്കിലേ കാഷ് കിട്ടൂ. ആരുടെയെങ്കിലും പേരോ അതല്ലെങ്കിൽ കാഷ് എന്നോ അവിടെ എഴുതാം. ഇടതുവശത്തെ മൂലയ്ക്ക് മുകളിലായി രണ്ടു സമാന്തരരേഖകൾ വരച്ചാൽ അതിനെ ക്രോസ്ഡ് ചെക്ക് എന്നു പറയും. ഒരു കാരണവശാലും ആ ചെക്കിന് ബാങ്കിൽനിന്ന് കാഷ് കിട്ടില്ല. അത് ആരുടെയെങ്കിലും അക്കൗണ്ടിൽ വരവുവച്ചശേഷം അതിൽനിന്ന് പണം പിൻവലിക്കാം. ഈ വരകൾക്കിടയിൽ a/c peyee എന്നെഴുതിയിട്ടുണ്ടെങ്കിൽ ചെക്കിൽ എഴുതിയ ആളുടെ/സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെമാത്രമേ മാറിയെടുക്കാനാവൂ. a/c peyee ഒഴികെ മറ്റെന്തെക്കെങ്കിലും ഈ വരകൾക്കിടയിൽ എഴുതിയിട്ടുണ്ടെങ്കിൽ ചെക്കിന്റെ മറുപുറത്ത് ചെക്കിലെ പേരുകാരനോ/സ്ഥാപനമോ ഒപ്പിട്ടിട്ട് വേറൊരാൾക്ക് കൈമാറാം. സ്ഥാപനമാണെകിൽ അധികാരപ്പെട്ട ആളുകൾ മേൽക്കാണിച്ചതുപോലെ സീൽ വച്ച് ഒപ്പിട്ടിരിക്കണം.

ഇപ്പോൾ ബാങ്കുകളിൽ നിയമിക്കപ്പെടുന്ന മിക്ക ആളുകളും ബാങ്കിങ് പഠിച്ചവരല്ല, അതിന്റേതായ കുഴപ്പങ്ങൾ കാണാനുമുണ്ട്. ഞാനാണെങ്കിൽ ഈ ചെക്ക് പാസാക്കില്ല.

“Property not marked”/”cheque irregularly drawn” എന്നിവയിൽ ഏതെങ്കിലും കാരണം കാണിച്ചുകൊണ്ട് മടക്കിവിടും.

facebooktwittergoogle_plusredditpinterestlinkedinmail