“അല്ലല്ലെന്തു കഥയിതു കഷ്ടമേ !”

 
ചില കാര്യങ്ങൾ ഊന്നിപ്പറയാൻ ഒരുവാക്കുതന്നെ രണ്ടുപ്രാവശ്യം പറയുന്നത് ഭാഷയിലെ ഒരു പ്രത്യേകതയാണ്.
 
പറഞ്ഞുപറഞ്ഞുതോറ്റു, കണ്ടുകണ്ടുമതിയായി, കേട്ടുകേട്ടുചെകിടിച്ചു, പറന്നുപറന്നെത്തി, ഇരുന്നിരുന്നുവേരിറങ്ങി, നടന്നുനടന്നുവലഞ്ഞു, തിരഞ്ഞുതിരഞ്ഞുവലഞ്ഞു, ഓടിയോടിത്തളർന്നു, ചാടിച്ചാടിനടന്നു, നോക്കിനോക്കിക്കണ്ടുപിടിച്ചു, നോക്കിനോക്കിത്തളർന്നു, പാടിപ്പാടിയലഞ്ഞു, പാടിപ്പാടിനടന്നു, തികട്ടിത്തികട്ടിവന്നു, പിടിച്ചുപിടിച്ചുനടക്കുന്നു, പിച്ചപ്പിച്ചനടക്കുന്നു, കറങ്ങിക്കറങ്ങിനടന്നു, ചിരിച്ചുചിരിച്ചുവശംകെട്ടു, കരഞ്ഞുകരഞ്ഞുതളർന്നു, കണ്ടുകണ്ടങ്ങിരിക്കും, മാടിമാടിവിളിക്കുക, കൊത്തിക്കൊത്തി മുറത്തിൽക്കയറിക്കൊത്തുക – ഇതൊക്കെ പറഞ്ഞുതോറ്റു, കണ്ടുമതിയായി, കേട്ടുചെകിടിച്ചു എന്നൊക്കെ ഒരുപ്രാവശ്യം പറഞ്ഞാൽ മതി. പക്ഷേ, കേൾക്കുന്നയാളുടെ മനസ്സിൽ അതിനൊരൂന്നൽ കിട്ടാൻവേണ്ടിയാണ് ഇരട്ടിച്ചുപറയുന്നത്.
 
ഇതൊക്കെ പറഞ്ഞു പറഞ്ഞു തോറ്റു, പറഞ്ഞ് പറഞ്ഞ് തോറ്റു, കണ്ടു കണ്ടു മതിയായി, കണ്ട് കണ്ട് മതിയായി, കേട്ടു കേട്ടു ചെകിടിച്ചു, കേട്ട് കേട്ട് ചെകിടിച്ചു എന്നൊന്നും എഴുതരുത്.
 
അല്ല അല്ല എന്ത് കഥ ഇതു കഷ്ടമേ എന്നല്ല; അല്ലല്ലെന്തു കഥയിതു കഷ്ടമേ എന്നാണ് ചണ്ഡാലഭിക്ഷുകിയിൽ കുമാരനാശാൻ ബുദ്ധഭിക്ഷുവിനെക്കൊണ്ടു പാടിച്ചത്.
 
“ഊരു ചുറ്റും പാണനാരേ നില്ലുനില്ല്
ഊരിലെന്തേ വാര്ത്ത? എല്ലാം ചൊല്ലുചൊല്ല്”
എന്ന് മുഖചിത്രം എന്ന സിനിമയിൽ “ചെമ്പരുന്തിന് ചേലുണ്ടേ അയ്യയ്യാ” എന്നു തുടങ്ങുന്ന ഗാനത്തിൽ ഒഎൻവി എഴുതിയിട്ടുണ്ട്.
“തുള്ളിയോടുംപുള്ളിമാനേ നില്ല്” എന്ന പാട്ടിൽ “നില്ലൂനില്ല് ചൊല്ലുചൊല്ല്” എന്നൊരു പ്രയോഗം കണ്ണൂർ ഡീലക്സിൽ ശ്രീകുമാരൻതമ്പിയും നടത്തിയിട്ടുണ്ട്.
 
സാധിക്കാത്ത ഏതെങ്കിലും പ്രവൃത്തിക്ക് തുനിയുമ്പോളോ പോയാൽ ഒന്നും കിട്ടുകയില്ല എന്നുറപ്പുണ്ടെങ്കിലോ അതു ചെയ്യാൻ പുറപ്പെടുന്നയാളോട് “ആ ചെല്ല്ചെല്ല്, വേഗം ചെല്ല്” എന്നു നാം പുച്ഛത്തോടെ പറയും.
 
“ആരിതാ വരുന്നാരിതാ വരുന്നേശുരക്ഷകനല്ലയോ” എന്നുള്ള, വളരെപ്പഴയ ഒരു ക്രിസ്തീയഗാനത്തിൽ “ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവാശ്യം” എന്നൊരു പ്രയോഗവുമുണ്ട്.
 
വേറൊരു രൂപത്തിലും ഇതു പ്രയോഗിക്കാറുണ്ട്; കാണക്കാണെ, കൂടക്കൂടെ, തന്നത്താനേ, പോകപ്പോകേ, പതുക്കപ്പതുക്കേ, പയ്യപ്പയ്യേ – എന്നൊക്കെ.
 
ചിത്രത്തിലുള്ള പ്രയോഗം തെറ്റാണ്. കുഴിച്ചു എന്നെഴുതിയാൽ അവിടെത്തീർന്നു; അടുത്ത കുഴിക്കൽ പിന്നീടാണ് വരുന്നത്. ഇതുതമ്മിലൊരു ബന്ധവുമില്ല. കുഴിക്കലുകൾക്ക് തമ്മിൽ ബന്ധമുണ്ടാകണമെങ്കിൽ ചേർത്തെഴുതണം; അപ്പോളേ കുഴിച്ചുകൊണ്ടേയിരുന്നു എന്നുള്ള ധ്വനി കിട്ടൂ. കുഴിച്ചുകുഴിച്ച് എന്നോ കുഴിച്ചുകുഴിച്ചുകുഴിച്ച് എന്നോ എഴുതണം.
 
ഊന്നൽ കൂടുതലായാൽ കൂട്ടിച്ചേർക്കുന്ന പദങ്ങളുടെ എണ്ണവും കൂടും. കടമറ്റത്തച്ചൻ ഇതുപോലെ പാതാളത്തിലേക്കു പോയ ഒരു രങ്ഗമുണ്ട്. ഭൂമിയിൽ മന്ത്രവാദത്തിൽ തന്നെ വെല്ലാൻ ആരുമില്ല എന്നു തോന്നിയപ്പോൾ ഭൂമി കുഴിച്ചുകുഴിച്ചുകുഴിച്ച്….(ഈ കുഴിക്കൽ അങ്ങനെ നീണ്ടുനീണ്ടുനീണ്ടുപോകും, കഥ കേൾക്കുന്ന കുട്ടികളുടെ വായും കണ്ണും അതിനനുസരിച്ച് വിടർന്നുവിടർന്നുവരും.) അദ്ദേഹം പാതാളത്തിലെത്തിയെന്നാണ് കഥ.
Facebooktwittergoogle_plusredditpinterestlinkedinmailby feather