ആവൃത്തി, നിവൃത്തി, പ്രവൃത്തി

ഒട്ടുമിക്കയാളുകളും തെറ്റിക്കുന്ന മൂന്നു പദങ്ങളാണ് ആവൃത്തി, നിവൃത്തി, പ്രവൃത്തി എന്നിവയും അവയുടെ മറ്റുരൂപങ്ങളും.

1. ആവൃത്തി എന്ന നാമപദത്തിന്റെ അർത്ഥം തവണ, ആവർത്തനം, ചുറ്റിക്കറങ്ങൽ എന്നൊക്കെയാണ്. കവിതയിലെ ഒരു യമകത്തിനും ഈ പേരുണ്ട്.

എത്ര ആവൃത്തി പറഞ്ഞാലും അവൻ അതേ ചെയ്യൂ. (എത്ര ആവർത്തി….എന്നെഴുതരുത്, ആവർത്തി എന്നൊരു വാക്കില്ല)
സൂര്യനെ ഒരാവൃത്തി ചുറ്റുന്നതിന് ഭൂമിക്ക് 24 മണിക്കൂർ ആവശ്യമാണ്.
ഓരോ ആവൃത്തിയിലും ഭൂമി സ്വയം കറങ്ങുകയും ചെയ്യുന്നു.
പലയാവൃത്തി അവനെ ഉപദേശിച്ചിട്ടും ഒരു ഗുണവുമില്ല.
(ആവൃത്തിക്കുക എന്നത് തെറ്റായ പ്രയോഗം)

ആവർത്തനം എന്നതും നാമപദമാണ്.

ആവർത്തനവിരസമായ കാര്യങ്ങൾ ചെയ്യുമ്പോൾ ഉറക്കം വരും.
എന്തു കാര്യങ്ങളുടെയും ആവർത്തനം ഒരാളെ അക്കാര്യങ്ങളിൽ വിദഗ്ദ്ധനാക്കുന്നു.
ആവർത്തനംകൊണ്ട് അഭ്യാസി മികവു നേടുന്നു.

ഇതിന്റെ ക്രിയാരൂപമാണ് ആവർത്തിക്കുക എന്നത്; വീണ്ടും ചെയ്യുക, ചുറ്റിത്തിരിയുക എന്നൊക്കെ അർത്ഥം.

101 ആവർത്തിച്ച തൈലം.
ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അവൻ ഒന്നും ചെയ്തില്ല.
എത്ര പ്രാവശ്യം ആവർത്തിച്ചിട്ടും തെറ്റുകൾ പൂർണ്ണമായി തിരുത്തിയെഴുതാൻ സാധിച്ചില്ല.
ഒരേസ്ഥലത്ത് ഒരേ വിള ആവർത്തിച്ചുകൃഷിചെയ്‌താൽ വിളവു മോശമാകും.

2. നിവൃത്തി എന്ന നാമപദത്തിന് പിന്മാറൽ, തിരിച്ചുവരൽ, അവസാനിപ്പിക്കൽ, നിറുത്തൽ, വിരമിക്കൽ, വൈരാഗ്യം, വിശ്രമം, ശാന്തി, മോക്ഷം, പൂർത്തിയാകൽ, പരിഹാരം എന്നൊക്കെ അർത്ഥം.

വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കിൽ ഞാനിപ്പണിക്കു പോകുകയില്ലായിരുന്നു.
നിവൃത്തികേടുകൊണ്ടാണ് ഞാൻ തെണ്ടിനടക്കുന്നത്.
ഇതനുവദിക്കാൻ ഒരു നിവൃത്തിയുമില്ല.
ആയതിനാൽ മേല്പറഞ്ഞ കാര്യത്തിൽ സങ്കടനിവൃത്തി ഉണ്ടാക്കിത്തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഇതിൽനിന്നൊക്കെ നിവൃത്തനായിട്ടുവേണം എനിക്കങ്ങോട്ടു വരാൻ.
“എല്ലാം നിവൃത്തിയായി” എന്ന് യേശുക്രിസ്തു കുരിശിൽക്കിടന്നുകൊണ്ട് പറഞ്ഞത്, പിതാവ് ഈലോകത്തിൽ ചെയ്യാൻ അദ്ദേഹത്തെ ഏല്പിച്ചിരുന്നതൊക്കെ പൂർത്തിയാക്കി എന്ന അർത്ഥത്തിലാണ്.
(ഈ പുസ്തകം വായിക്കാൻ നിവർത്തിയില്ല എന്നെഴുതിയാൽ പുസ്തകം തുറന്നില്ല എന്നാണർത്ഥം. വായിക്കാൻ സാധിച്ചില്ല എന്നർത്ഥം കിട്ടണമെങ്കിൽ വായിക്കാൻ നിവൃത്തിയില്ല എന്നെഴുതണം. നിവർത്തിയുണ്ടെങ്കിൽ ഞാൻ പറയുകയില്ല, നിവർത്തിയില്ലാത്തതുകൊണ്ടാണ് തെണ്ടിനടന്നത് എന്നൊക്കെപ്പറയുന്നത് അബദ്ധം)

നിവർത്തനം എന്നതും നാമപദമാണ്; ചെയ്യൽ, ചെയ്തുതീർക്കൽ, നടപ്പിലാക്കൽ, തിരികെപ്പോരൽ, സംഭവിക്കാതിരിക്കൽ, പ്രവർത്തനം നിന്നുപോകൽ, പങ്കുകൊള്ളാതിരിക്കൽ, ഒഴിഞ്ഞുനിൽക്കൽ, പശ്ചാത്താപം എന്നൊക്കെ അർത്ഥമുണ്ട്.

നിവർത്തനസ്വഭാവമുള്ളവരുടെകൂടെ നടക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. (ഒഴിഞ്ഞുനിൽക്കൽ, തിരികെപ്പോരൽ, പങ്കുകൊള്ളാതിരിക്കൽ)
പിന്നാക്ക,ന്യൂനപക്ഷവിഭാഗങ്ങൾക്ക് നിയമസഭയിലും സർക്കാരുദ്യോഗങ്ങളിലും ജനസംഖ്യാനുപാതികമായി ഉദ്യോഗസംവരണം ആവശ്യപ്പെട്ടുകൊണ്ട് 1931 മുതൽ 1938 വരെ തിരുവിതാംകൂറിൽ നടന്ന സമരത്തിനെ നിവർത്തനപ്രക്ഷോഭണം എന്ന് വിളിച്ചിരുന്നു. (നടപ്പിലാക്കൽ)

3. പ്രവൃത്തി എന്ന നാമപദത്തിന് തൊഴിൽ, വേല, വൃത്താന്തം, നടപ്പ്, ക്ഷുദ്രപ്രയോഗം, ഇടവിടാതെയുള്ള ഒഴുക്ക്, Village എന്നൊക്കെ അർത്ഥം.

കൃഷിയാണ് എന്റെ പ്രവൃത്തി.
എന്റെ പ്രവൃത്തിയിൽ ഇടപെടാൻ ഞാൻ ആരെയും അനുവദിക്കില്ല.
പ്രവൃത്തിയില്ലാത്ത പ്രസംഗം ആത്മാവില്ലാത്ത ജീവിതംപോലെയാണ്.
എല്ലാവരും അവരവരുടെ പ്രവൃത്തിയിൽ വൈദഗ്ദ്ധ്യമുള്ളവരായിരിക്കണം.
(അവന്റെ പ്രവർത്തി കൊള്ളില്ല, അവളുടെ പ്രവർത്തിദോഷമാണ് ഇതിനൊക്കെക്കാരണം – ഇതൊക്കെ തെറ്റ്. പ്രവർത്തി എന്നൊരു വാക്കില്ല)
പ്രവൃത്തികാരൻ/പ്രവൃത്തിക്കാരൻ അഥവാ പാർവ്വത്യകാർ എന്നാൽ വില്ലേജ് ഓഫിസറുടെ പഴയ പേര്. അദ്ദേഹത്തിൻറെ അധികാരപരിധിയാണ് വില്ലജ് അഥവാ പകുതി/അംശം. ഇദ്ദേഹത്തെ ‘അംശം അധികാരി’ എന്നും പറഞ്ഞിരുന്നു. പ്രവൃത്തിപ്പിള്ള എന്നാൽ വില്ലേജോഫിസിലെ ഗുമസ്തൻ. പണ്ടാരപ്പിള്ള എന്നും ഇദ്ദേഹത്തിനെ വിളിക്കുമായിരുന്നു. (ഇങ്ങനെ ഞാൻ പറഞ്ഞു എന്നു കരുതിക്കൊണ്ട്, ‘ഡോ പണ്ടാരപ്പിള്ളേ……..’ എന്നു വിളിച്ചുകൊണ്ടുചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകൾക്ക് ഞാനുത്തരവാദിയല്ല !)

പ്രവർത്തനം എന്നും ഇതിന്റെ നാമപദമുണ്ട്; നടത്ത, ആരംഭം, തൊഴിൽ, മേൽനോട്ടം, നടത്തിക്കൽ എന്നൊക്കെ അർത്ഥം.

കറന്റു പോയപ്പോൾ യന്ത്രത്തിന്റെ പ്രവർത്തനം നിന്നു.
തങ്ങളുടെ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് പാർട്ടി അധികാരത്തിലെത്തിയതെന്ന് ഓരോ പ്രവർത്തകനും വിശ്വസിക്കുന്നു.
പ്രവർത്തനമികവിന് അങ്ഗീകാരം കൊടുക്കുന്നത് തൊഴിലാളികളുടെ മനോവീര്യം വർദ്ധിപ്പിക്കും.
നിരന്തരമായ പ്രവർത്തനംമൂലം സന്ധികളിൽ തേയ്മാനമുണ്ടാകുന്നു.
പ്രവർത്തനോന്മുഖരായ തൊഴിലാളികളെയാണ് രാജ്യത്തിനാവശ്യം. (പ്രവർത്തനത്തിന് ഉന്മുഖരായവർ പ്രവർത്തനോന്മുഖർ, പ്രവർത്തനത്തിന്റെ ഉദ്‌ഘാടനം=പ്രവർത്തനോദ്‌ഘാടനം)
‘നാവടക്കൂ, പണിയെടുക്കു’ എന്നുള്ള കുപ്രസിദ്ധമായ കരിനിയമം അടിയന്തിരാവസ്ഥക്കാലത്ത് ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഇരുപതിനപ്പരിപാടിയിലെ മുഖ്യയിനമായിരുന്നു. (പ്രവർത്തനം)
കച്ചേരി നടത്തുമ്പോൾ പ്രധാനപാട്ടുകാരൻ പാടുന്ന ചൊൽക്കെട്ട് അകമ്പടിക്കാരായ വയലിൻ, മൃദങ്ഗം, ഘടം, മുഖർശങ്ഖ് എന്നിവ പ്രയോഗിക്കുന്നവർ അതേപടി അനുകരിക്കുന്നതിനെ തനിയാവർത്തനം എന്നു പറയുന്നു.

പ്രവർത്തിക്കുക എന്നതാണ് ഇതിന്റെ ക്രിയാരൂപം.

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നത് ഏതോ ഒരു നേതാവിന്റെ ഉപദേശമായിരുന്നു. (ആരാണതു പറഞ്ഞതെന്ന് എനിക്കോർമ്മയില്ല.)
എണ്ണയിട്ടുപ്രവർത്തിക്കുന്ന യന്ത്രംപോലെ പണിയെടുക്കാൻ എനിക്കാവില്ല.
പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്രം പൊടുന്നനെ നിന്നുപോയി.

എന്തെങ്കിലും പരിപാടി നടപ്പിലാക്കുകയോ പ്രവൃത്തിപഥത്തിലെത്തിക്കുകയോ ചെയ്യുന്നതിന് പ്രാവർത്തികമാക്കുക എന്നാണു പറയുക.

ചിത്രത്തിൽ കാണുന്നത് എറണാകുളംകളക്ട്രേറ്റിന്റെ മുൻഭാഗത്തു സ്ഥാപിച്ചിട്ടുള്ള ഫലകമാണ്. പ്രവർത്തനമെന്താണ് പ്രവൃത്തിയെന്താണ് എന്നറിഞ്ഞെങ്കിലല്ലേ ശരിക്കെഴുതാൻ സാധിക്കൂ. ഇങ്ങനെയായിരിക്കും അവിടെ ഫയലുകളിലും എഴുതിവച്ചിരിക്കുക !

പ്രവൃത്തിയുള്ള ദിനം (ജോലിക്കാർ പ്രവർത്തനത്തിനു/പ്രവർത്തിക്കാൻ വരുന്ന ദിനം) പ്രവൃത്തിദിനം എന്നാണെഴുതേണ്ടത്. പ്രവർത്തിദിനം വലിയൊരു തെറ്റ്.

ജോലി ഒഴിവുണ്ട് എന്ന പരിപാടിയിൽ ആകാശവാണി എഫ്എം സ്ഥിരമായി പ്രവർത്തിപരിചയം എന്നു പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്രവർത്തനത്തിലുള്ള/പ്രവൃത്തിയിലുള്ള പരിചയം പ്രവൃത്തിപരിചയം എന്നാണ് പറയേണ്ടത്. പ്രവർത്തിപരിചയം തെറ്റ്.

(ശ്രേഷ്ഠഭാഷയോട് എന്തെങ്കിലും പ്രതിപത്തിയുണ്ടെങ്കിൽ എത്രയും വേഗം സർക്കാർ ഓരോരോ മുൻഷിമാരെ കണ്ടുപിടിച്ച് അവരുടെ സേവനം ഇതുപോലുള്ള എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കണം എന്നപേക്ഷിക്കുന്നു. ഇല്ലെങ്കിൽ ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങൾ ജനം പഠിച്ചുവയ്ക്കും.)

Facebooktwittergoogle_plusredditpinterestlinkedinmailby feather