വിശേഷണം – വിശേഷണവിശേഷണം

Ettavumഭാഷയിൽ വാക്കുകൾ പലതരമുണ്ട്. നാമം, ക്രിയ, വിശേഷണം, ദ്യോതകം എന്നിങ്ങനെ. എന്തിനെയെങ്കിലും വിശേഷിപ്പിക്കുന്ന പദത്തിനെയാണ് വിശേഷണം എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. ഏതു പദത്തിനെ വിശേഷിപ്പിക്കുന്നുവോ അവയെ വിശേഷ്യം എന്നു പറയും. വലിയ മനുഷ്യൻ, ചെറിയ ജീവി, നീണ്ടിടംപെട്ട കണ്ണുകൾ, ദുഃഖകരമായ ഓർമ്മകൾ, സുന്ദരമായ കാഴ്ച, ഇടതൂർന്ന മുടി, ആഴമുള്ള കുഴി, സുഖമുള്ള നിദ്ര, കരയുന്ന കുട്ടി, ഓടുന്ന വാഹനം, കളിക്കുന്ന കുട്ടികൾ ഇങ്ങനെയൊക്കെ പറയുമ്പോൾ രണ്ടാമത്തേതൊക്കെ നാമങ്ങളും (വിശേഷ്യം) ആദ്യത്തേതൊക്കെ നാമവിശേഷണങ്ങളുമാണ് (പേരെച്ചം).

കരഞ്ഞുകൊണ്ട് ഓടി, ഓടിക്കൊണ്ട് പറഞ്ഞു, പാട്ടുകേട്ടുറങ്ങി, ചീത്തവിളിച്ചുകൊണ്ട് തല്ലി, എഴുതിക്കൊണ്ട് പഠിപ്പിച്ചു എന്നൊക്കെപ്പറയുമ്പോൾ ആദ്യത്തേതൊക്കെ വിശേഷണങ്ങളും അവസാനത്തേതൊക്കെ ക്രിയകളുമാണ്. ക്രിയകളെ വിശേഷിപ്പിക്കുന്ന പദങ്ങളെ ക്രിയാവിശേഷണം (വിനയെച്ചം) എന്നാണു പറയുന്നത്.

ഈ വിശേഷണങ്ങളെ കുറേക്കൂടെ പൊലിപ്പിച്ചുകാണിക്കണമെങ്കിൽ അതിന്റ മുന്നിൽ വീണ്ടും ഒന്നോ അതിലധികമോ പദങ്ങൾ ചേർക്കാറുണ്ട്. അവയെ വിശേഷണവിശേഷണങ്ങൾ എന്നാണു പറയാറുള്ളത്. ഏറ്റവും, വളരെ, അത്യന്തം, തീരെ, തീർത്തും എന്നൊക്കെ ഇങ്ങനെയുള്ള പദങ്ങളാണ്. ഇവ പ്രയോഗിച്ചാൽ തൊട്ടുപിന്നിൽ ഒരു വിശേഷണപദം ഉണ്ടായിരിക്കണമെന്ന് നിർബ്ബന്ധമാണ്. വളരെ, ഏറ്റവും, അത്യന്തം എന്നാൽ അനവധി, പെരുത്ത് എന്നൊക്കെ അർത്ഥമുണ്ട്. ഏറ്റവും വലിയ വീട്, തീരെച്ചെറിയ പശു, വളരെ വലിയ പണക്കാരൻ, തീരെച്ചെറിയ ജീവി, അത്യന്തം ആകർഷകമായ പെരുമാറ്റം, അത്യന്തം ഹീനമായ നടപടി, തീർത്തും നിസ്സാരമായ കാര്യം, തീർത്തും നിസ്സഹായമായ അവസ്ഥയാണ് – എന്നൊക്കെ പ്രയോഗിക്കണം. ഇതൊക്കെ ഏറ്റവും വീട്, തീരെ പശു, വളരെ പണക്കാരൻ, തീരെ ജീവി, തീർത്തും കാര്യം, അത്യന്തം പെരുമാറ്റമുള്ളത്, അത്യന്തമായ നടപടി എന്നൊക്കെ പ്രയോഗിക്കുന്നത് അബദ്ധമാണ്.

ചിത്രത്തിലുള്ള പ്രയോഗം അതുപോലുള്ള ഒരബദ്ധമാണ്. ഏറ്റവും ധനിക എന്നല്ല; ഏറ്റവും വലിയ ധനിക എന്നാണ് ശരിയായ പ്രയോഗം.
ഏറ്റവും ധനികയായ സ്ത്രീ എന്നു പറയാം. ധനികയായ എന്നുള്ളത് വിശേഷണമാണ്. ധനിക എന്നുള്ളത് നാമമാണ്. ഏറ്റവും വിലകൂടിയ വാച്ച്, തീരെ വിലകുറഞ്ഞ പ്രവൃത്തി, ഏറ്റവും കൂടിയാൽ (വില) എത്രയാകാം ? ഏറ്റവും കുറച്ചാൽ (വില) എത്രവരെ കുറയ്ക്കാം ? വളരെക്കൂടിയ അളവിൽ മദ്യം കഴിക്കരുത്, തീരെക്കുറച്ചേ ചെലവായുള്ളൂ, അത്യന്തം പ്രസരിപ്പാർന്ന കുട്ടി, അത്യന്തം അപകടകാരിയായ മനുഷ്യൻ – എന്നൊക്കെ പ്രയോഗിക്കാം.

അങ്ങേയറ്റത്തുള്ള വിളക്കുകാൽ, ഇങ്ങേപ്പുറത്തുള്ള മരം, ഉപ്പില്ലാത്ത കറി, കാലൊടിഞ്ഞ കസേര, കണ്ണിൽച്ചോരയില്ലാത്ത മുതലാളി, നീറുംകരൾ, കാക്കുംകരങ്ങൾ, വിങ്ങുംമനസ്സ്, ചീറുംപാമ്പ്, ചീറ്റപ്പുലി, ഈറ്റുനോവ് എന്നൊക്കെ ആദ്യത്തെ ഭാഗം നാമവിശേഷണമായും (പേരെച്ചം)

മാറത്തലച്ചു നിലവിളിക്കുക, കെട്ടിക്കൊണ്ടു വരുക, കൂട്ടിമുട്ടുക, നോക്കിയെഴുതുക, കരിഞ്ഞുണങ്ങുക, അടിച്ചുതളിക്കുക എന്നൊക്കെ ആദ്യത്തെ ഭാഗം ക്രിയാവിശേഷണമായും (വിനയെച്ചം) മനസ്സിലാക്കണം.

ഇരച്ചുപെയ്യുന്ന മഴ, കൊഴുത്തുരുണ്ട കുട്ടി, ചെമന്നുതുടുത്ത കവിൾ, കുതിച്ചുപായുന്ന പുഴ, കറുത്തിരുണ്ട വാനം, കിടന്നുരുളുന്ന കുട്ടി, മങ്ങിക്കത്തുന്ന വിളക്ക് – ഇവിടെയൊക്കെ ആദ്യത്തെ വാക്കിലെ ആദ്യഭാഗം വിശേഷണവിശേഷണവും രണ്ടാമത്തെ ഭാഗം നാമവിശേഷണവും രണ്ടാമത്തെ വാക്ക് നാമവുമാണ്.

കിടന്നുരുണ്ടു കരയുക, ഓടിച്ചാടി നടക്കുക, നീണ്ടുനിവർന്നു കിടക്കുക, കെട്ടിപ്പിടിച്ചു കിടക്കുക – ഇവിടെയൊക്കെ ആദ്യത്തെ വാക്കിന്റെ ആദ്യഭാഗം വിശേഷണവിശേഷണവും രണ്ടാമത്തെ ഭാഗം ക്രിയാവിശേഷണവും (വിനയെച്ചം) രണ്ടാമത്തെ വാക്ക് ക്രിയയുമാണ്.

തല്ലിത്തകർത്തു തരിപ്പണമാക്കിയ ബാങ്ക്, പൊട്ടിപ്പിളർന്നു നാശമായ റോഡ്, കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയ കുട്ടികൾ – ഇവിടെ മൂന്നമത്തെ വാക്ക് നാമവും നടുക്കത്തെ വാക്ക് പേരെച്ചവും ആദ്യത്തെ വാക്ക് വിനയെച്ചവുമാണ്.

facebooktwittergoogle_plusredditpinterestlinkedinmail