10 – ബ്രിട്ടനിലെ വളർത്തുമൃഗങ്ങൾ

മൂന്നാം ലണ്ടൻയാത്ര
(പത്താം ഭാഗം – A)
ബ്രിട്ടനിലെ വളർത്തുമൃഗങ്ങൾ.

16 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ഒരു മൃഗത്തെ വീട്ടിൽ വളർത്താം. നേരത്തെ നായയെ വളർത്താൻ ലൈസെൻസ് എടുക്കേണ്ടിയിരുന്നു, എന്നാൽ 1987 മുതൽ അതു നിറുത്തലാക്കി. ചില പ്രത്യേക വന്യമൃഗങ്ങളെയും വന്യ-നാട്ടുസങ്കരമൃഗങ്ങളെയും ഇവിടെ വളർത്താം. മുയൽ, എലി, ഗിന്നിപിഗ്, പൂച്ച, കീരിതുടങ്ങി വളരെയേറെ വളർത്തുമൃഗങ്ങൾ ഇവിടെയുണ്ട്. ചിലർ പാമ്പിനെയും വളർത്തുന്നു. പക്ഷേ, ഒരെണ്ണത്തിനെപ്പോലും അലഞ്ഞുതിരിയുന്നതായി ഇവിടെ കാണ്മാനില്ല.

സ്വന്തം വീടില്ലാത്ത ഒരാൾക്ക് ഒരു മൃഗത്തെ വളർത്തണമെങ്കിൽ, വീട്ടുടമസ്ഥന്റെയോ ഹൌസിങ് സൊസൈറ്റിയുടെയോ നമ്മൾ താമസിക്കുന്ന സ്ഥലത്തുള്ള കൗണ്സിലിലിന്റെയോ (പ്രാദേശികഭരണകർത്താക്കൾ) പ്രത്യേകം അനുവാദം വാങ്ങിയിരിക്കണം. അവയ്ക്കു നല്ല ഭക്ഷണം, ശുദ്ധജലം, പ്രത്യേക സ്ഥലം, കിടക്ക (അധികാരികൾ ഇതു പരിശോധിക്കാൻ വീട്ടിൽ വരും) മറ്റു മൃഗങ്ങളിൽനിന്നു സുരക്ഷിതമായ അകലം, അതിന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ പ്രകടിപ്പിക്കാൻ അവസരം, അസുഖം, മുറിവുകൾ എന്നിവയ്ക്കു തത്സമയചികിത്സ – എന്നിവ ഉറപ്പാക്കണം. ഇതൊന്നുമില്ലാതെ ആരെങ്കിലും ഇവയെ വളർത്തുകയോ പരിപാലനത്തിൽ ശ്രദ്ധിക്കാതിരിക്കുകയോ ക്രൂരത കാട്ടുകയോ ചെയ്‌താൽ Royal Society for the Prevention of Cruelty to Animals (RSPCA) എന്ന സംഘടനയിലേക്ക് ആളുകൾ വിളിച്ചുപറയും. വളർത്തുമൃഗങ്ങളെ നന്നായി പരിപാലിച്ചില്ലെങ്കിൽ ആറുമാസത്തെ തടവും പരിധിയില്ലാത്ത പിഴയുമാണ് ഇവിടുത്തെ ശിക്ഷ.

8 ആഴ്ച പ്രായമായ നായ്ക്കൾക്കു മൈക്രോചിപ് ഘടിപ്പിച്ചിരിക്കണം. ഇല്ലെങ്കിൽ അഞ്ഞൂറു പൗണ്ടാണ് ശിക്ഷ. ഇതു ഘടിപ്പിച്ചാൽ നായയെ സംബന്ധിച്ച എല്ലാ രേഖയും അതിലുണ്ടാവും. സ്കാൻ ചെയ്യുമ്പോൾ അതിനു നൽകിയിട്ടുള്ള നമ്പറിൽനിന്നാണ് ഇതു കിട്ടുന്നത്. നഷ്ടപ്പെട്ടാലോ മോഷ്ടിക്കപ്പെട്ടാലോ അവയെ എളുപ്പം തിരിച്ചറിയാൻ ഇതു സഹായിക്കും. ഇങ്ങനെ നഷ്ടപ്പെടുന്ന മൃഗങ്ങളെ കണ്ടുപിടിച്ചുകൊടുക്കാൻ ഇവിടെ പ്രത്യേക വിഭാഗംതന്നെയുണ്ട്. സ്കോട്ലൻഡിൽ ഞങ്ങൾ പോയപ്പോൾ അങ്ങനെയൊരു വാഹനം കണ്ടു. വളർത്തുമൃഗങ്ങളെ നഷ്ടപ്പെടുമ്പോൾ അവർ നാട്ടിലൊക്കെ പരസ്യം ഒട്ടിച്ചുവയ്ക്കും.

ഏതെങ്കിലും സർക്കാർ-അംഗീകൃതസംഘടനകളിൽ ഇവയെ രെജിസ്റ്റർ ചെയ്തിരിക്കണം. അംഗീകൃതമല്ലാത്ത സംഘടനയിൽ രെജിസ്റ്റർ ചെയ്‌താൽ അതിനും അഞ്ഞൂറു പൗണ്ട് ശിക്ഷയുണ്ട്. നായയെ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോൾ, ഉടമയുടെ പേരും വിലാസവുമൊക്കെ രേഖപ്പെടുത്തിയ കോളർ, ടാഗ് എന്നിവ അവയെ ധരിപ്പിച്ചിരിക്കണം. ഇവയ്ക്ക് ഇൻഷുറൻസും നിർബ്ബന്ധമാണ്.

കൊണ്ടുനടക്കുമ്പോളൊഴിച്ച് വീടിന്റെ പുറത്ത് വളർത്തുമൃഗങ്ങളെ കാണ്മാനേയില്ല. എല്ലാ മൃഗങ്ങളും വീടിന്റെ അകത്താണു വാസം. ഇവയൊക്കെ പുറത്തുകിടന്നാൽ മഞ്ഞുകൊണ്ടുചാകും. ഇല്ലെങ്കിൽ കുറുക്കന്മാരുമായി ശണ്ഠയുണ്ടാക്കും. അനാവശ്യമായി കുരയ്ക്കാതിരിക്കാൻ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിക്കും. പുറത്തുകൊണ്ടുപോകുമ്പോൾ തണുപ്പിൽനിന്നു രക്ഷ നേടാനായി ഇവയെ പ്രത്യേകം കോട്ടു ധരിപ്പിക്കും. പോസ്റ്റുമാൻ വരുമ്പോളോ പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ വരുന്നവരെക്കണ്ടാലോ പട്ടി കുരയ്ക്കില്ല. ഒരു പട്ടിക്ക് മറ്റൊരു പട്ടിയെ കണ്ടുകൂടാ എന്നു പറയുന്നതു നമ്മുടെ നാട്ടിലെ കാര്യമാണ്. ഇവിടുത്തെ പട്ടികൾ തമ്മിൽക്കണ്ടാൽ കുശലംപറഞ്ഞുപോകുന്നതുകാണാം. അവരെ അതുപോലെ പരിശീലിപ്പിച്ചിട്ടുണ്ട്. പട്ടി, അയൽക്കാരെ കുരച്ചുശല്യപ്പെടുത്തിയാൽ അവർ പരാതി കൊടുക്കും. പട്ടികളെ കൊണ്ടുപോകുമ്പോൾ മറ്റുള്ളവർ ഈ പട്ടികളെ താലോലിക്കുന്നതും അതിന്റെ വിശേഷങ്ങൾ ചോദിക്കുന്നതും ഇവർക്കു വലിയ കാര്യമാണ്. കടിയൻപട്ടികൾക്കു, പുറത്തുകൂടെ നടക്കുമ്പോൾ, മുഖക്കൊട്ട കെട്ടിയിരിക്കും. ഈയിടെ ഇവിടെയടുത്ത് ഒരു ചെറിയ നായയെ ഒരു ബുൾ ഡോഗ് കടിച്ചുകുടഞ്ഞുവെന്നും അതിന്റെ ഉടമ അതു കണ്ടിട്ടും സഹായിച്ചില്ലെന്നും ചെറിയ നായയുടെ കൂടെ നടന്നിരുന്ന ഉടമസ്ഥയും രണ്ടു പിഞ്ചുകുട്ടികളും ഭയപ്പെട്ടുവെന്നും അയാളെ പിടികൂടാൻ സഹായിക്കണമെന്നും പത്രത്തിൽ വാർത്ത കണ്ടു.

നായകൾ കാഷ്ടിക്കുമ്പോൾ അവ അവിടെ ഉപേക്ഷിച്ചുപോകാൻ പാടില്ല. പ്ലാസ്റ്റിക് കൂടുകൾക്കുള്ളിൽ കൈ കടത്തി, അവ എടുത്തിട്ട് കൂടിന്റെ വായ പുറത്തേക്കു വലിക്കും. അപ്പോൾ ഈ കാട്ടം കൂട്ടിനുള്ളിലാകും. (ഈ കൂടിനു Poo Bag എന്നാണു പറയുന്നത്. നമ്മുടെ നാട്ടിൽ വല്ല സായിപ്പന്മാരും വരുമ്പോൾ ക്ഷേത്രത്തിൽ കൊണ്ടുപോകുന്ന പൂവട്ടിയുടെ ഭാഷാന്തരമായി ഇങ്ങനെ പറയരുത്.) എന്നിട്ട് അതതിനുവേണ്ടി പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ബിന്നിൽ നിക്ഷേപിക്കണം. അലക്ഷ്യമായി, അതെടുക്കാതെ പോകുന്നവരെ പിടികൂടിയാൽ 80 പൗണ്ടാണ് ശിക്ഷ. ഇങ്ങനത്തെ രണ്ടു കൂടുകൾ ഇവർ കൊണ്ടുനടക്കണമെന്നു നിയമമുണ്ട്. നായയെ കൊണ്ടുനടക്കുന്നവർ ഇതുപോലെ കാട്ടം തൂക്കിപ്പിടിച്ചുനടക്കുന്നതു സാധാരണകാഴ്ചയാണ്. Wrexham എന്ന സ്ഥലത്തെ ആളുകൾ ഇതെടുക്കാതെ ഒഴിവാക്കുന്നതിൽ വിദഗ്‌ദ്ധരാണ്. അതിനാൽ ആ സ്ഥലം Dog poo capital of the UK എന്നാണറിയപ്പെടുന്നത്. ചില വിശാലഹൃദയർ ഇതുകണ്ടാൽ ഉടനെ എടുത്ത് അതിന്റെ ബിന്നിൽ നിക്ഷേപിക്കും. കുട്ടികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും ബിയർകുപ്പിയുമൊക്കെ ചില വൃദ്ധന്മാർ പാമ്പിനെ പിടിക്കുന്ന വടിയുപയോഗിച്ചെടുത്ത് ഇങ്ങനെ നിക്ഷേപിക്കുന്നതു കാണാം.

കഴിഞ്ഞ ദിവസം എന്റെ ഷൂസിൽ ഇതുപോലെ പട്ടിക്കാട്ടം പറ്റിപ്പിടിച്ചു. അതൊന്നു കളയാൻ ഞാൻ പെട്ട പാട് എനിക്കുമാത്രമേ അറിയൂ. ചക്കയുടെ അരക്കു പറ്റിയാൽ ഇതിലും എളുപ്പത്തിൽ നമുക്കു തോണ്ടിക്കളയാം. വഴിയിൽ നിന്നുകൊണ്ട് ഇതൊന്നും ചെയ്യാൻ പാടില്ല. തണുപ്പുരാജ്യമായതിനാൽ ഫ്‌ളാറ്റിന്റെ താഴെമുതൽ തുടങ്ങിയാൽ അഞ്ചു വാതിൽ കടന്നിട്ടുവേണം ഞങ്ങളുടെ ഫ്ലാറ്റിൽ കടക്കാൻ. മുഴുവൻ കാർപെറ്റ് വിരിച്ചിരിക്കുന്നു. അതിലൊക്കെ കാട്ടമായാൽ പിന്നത്തെക്കാര്യം പറയേണ്ടതില്ലല്ലോ.

വെളിയിൽനിന്നു കൊണ്ടുവരുന്നവയെ പേയ്ക്കുള്ള കുത്തിവയ്‌പ്പെടുത്തിട്ടുണ്ടോ, നാടവിരയ്ക്കുള്ള മരുന്നു കൊടുത്തിട്ടുണ്ടോ എന്നൊക്കെ പ്രത്യേകം നോക്കിയിട്ടേ വാങ്ങാവൂ. അവയുടെ പാസ്പ്പോർട്ടിൽ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം. ഇതൊന്നുമില്ലാതെ വാങ്ങിയാൽ ഗുലുമാലാണ്. നാലു മാസം അവയെ നിരീക്ഷണത്തിൽവച്ചശേഷമേ നമുക്കു നല്കൂ. അതിന്റെ ചെലവ് നമ്മളുടെ കൈയിൽനിന്നീടാക്കും

Facebooktwittergoogle_plusredditpinterestlinkedinmailby feather

Leave a Reply

Your email address will not be published. Required fields are marked *