‘അഞ്ചന’ കണ്ണെഴുതി ആലില താലി ചാർത്തി !

‘അഞ്ചന’ 
കണ്ണെഴുതി
ആലില 
താലി 
ചാർത്തി 
അറ 
പുര 
വാതിലിൽ 
പട്ടി
കേറി 
(ഇതെന്റെ പുതിയ കവിതയാണ്. മോസണമാണൊ എന്നൊന്നും ആരും ചോദിക്കരുത്. പണ്ടെഴുതിയ മഹാരതന്മാരുടെ കാലടി പാടുകൾ പിൻ തുടരുക എന്നതാണ് എന്റെ ധർമ്മം. നമുക്കെഴുതാനുളളതൊക്കെ അവർ എഴുതിയേച്ചുപോയാൽ നമ്മളെന്തു ചെയ്യും ? പരത്തി എഴുതിയാൽ കവിതയാണെന്ന് ആരും ധരിക്കില്ല; അതു കൊണ്ടാണ് ഇങ്ങനെ താഴെ താഴെ എഴുതിയിട്ടുളളത്. ഇത്തവണത്തെ പാഠ പുസ്തകം അച്ചടിച്ച് കഴിഞ്ഞു. അല്ലെങ്കിൽ ഞാൻ ഒന്നാം ക്ലാസ്സിലെ പുസ്തകത്തിൽ ഇതു കുത്തി കയറ്റിയേനെ !)

മലയാളം എന്നത് വളരെ സങ്കീർണ്ണമായ ഭാഷയാണ്. നമ്മുടെ തനതായ വ്യാകരണംകൂടാതെ സംസ്കൃതം, തമിഴ് എന്നിവയുടെ വ്യാകരണങ്ങളുംകൂടെ നമുക്കു് ബാധകമാണ്. വാക്കുകൾ തനിയേ എഴുതിയാൽ ഒരർത്ഥം, മാറ്റിമാറ്റിയെഴുതിയാൽ വേറൊരർത്ഥം. ഒരേ വാക്യത്തിൽത്തന്നെ പലവാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും ചേർത്താൽ വേറൊരർത്ഥം. ഇത്രയും നൂലാമാലകളുള്ള വേറൊരു ഭാഷ ലോകത്തിലുണ്ടോ എന്നു സംശയമാണ്. ഇതിനെക്കുറിച്ചൊന്നുമറിയാതെ കവിത എഴുതാൻ പുറപ്പെട്ടാൽ ഞാൻ മേലേ എഴുതിയതുപോലെ എങ്ങനെ വേണമെങ്കിലും എഴുതാം, ഗ്രഹിക്കാം; എന്നിട്ട് അതിനെക്കുറിച്ചൊക്കെ ഗംഭീരൻകമന്റുകൾ പാസ്സാക്കാം.

ഇനി വാർത്തയിലേക്ക്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ബ. കോടതി സ്വമേധയാ കേസെടുത്തു എന്നു പത്രദ്വാരാ അറിഞ്ഞു. ഈ വാർത്ത വായിച്ചാൽ എന്താണ് തോന്നുക ? ബാലികയെ നാടോടി മർദ്ദിച്ചു എന്നല്ലേ ? ഈ വാർത്തയനുസരിച്ച് കേസെടുക്കുകയാണെങ്കിൽ നാടോടിയെ പിടിക്കണം. നിർഭാഗ്യവശാൽ എങ്ങനെ എഴുതിയാലും മലയാളി ഒക്കെ ശരിയായി ധരിച്ചുകളയും !! ഞാൻ നിയമപാലകനായിരുന്നെങ്കിൽ പത്രത്തിന്നെതിരേ കേസെടുക്കുമായിരുന്നു. നാടോടിയായ ബാലികയെ മർദ്ദിച്ചു എന്നു വരണമെങ്കിൽ നാടോടിബാലികയെ മർദ്ദിച്ചു എന്നെഴുതണം.

ഇപ്പോൾ ഭരണഭാഷയും വ്യവഹാരഭാഷയുമൊക്കെ മലയാളത്തിലാക്കിക്കൊണ്ടിരിക്കുകയാണല്ലോ. ഇങ്ങനെ പോയാൽ വാദി പ്രതിയും പ്രതി വാദിയും കള്ളൻ പോലീസും പോലീസ് കള്ളനുമൊക്കെയാവും. 
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അമ്മ വീട്ടിൽപ്പോയി = അമ്മ അമ്മയുടെ വീട്ടിലേക്കു പോയി. അമ്മവീട്ടിൽപ്പോയി = ആരോ അമ്മയുടെ വീട്ടിൽപ്പോയി. 
അമ്മ മനസ്സ് വേദനിപ്പിക്കരുത് = അമ്മ സ്വന്തം മനസ്സ് വേദനിപ്പിക്കരുത്. 
അമ്മമനസ്സ് വേദനിപ്പിക്കരുത് = ആരും അമ്മയെ വേദനിപ്പിക്കരുത്. 
ഇന്നലെ മുതൽ സഥലത്തുണ്ടായിരുന്നു = ഇന്നലെ എന്തോ സാധനം അവിടെ ഉണ്ടായിരുന്നു. 
ഇന്നലെമുതൽ സ്ഥലത്തുണ്ടായിരുന്നു = ആരോ/എന്തോ ഇന്നലെ ഉണ്ടായിരുന്നു. 
ഉത്തമ കുടുംബിനിയായി ജീവിക്കാൻ തീരുമാനിച്ചു = ഉത്തമ എന്ന സ്ത്രീ വിവാഹിതയാകാൻ തീരുമാനിച്ചു. 
ഉത്തമകുടുംബിനിയായി ജീവിക്കാൻ തീരുമാനിച്ചു = ആരോ നല്ല വീട്ടമ്മയായി ജീവിക്കാൻ തീരുമാനിച്ചു.

……..ഇങ്ങനെ പറയാൻതുടങ്ങിയാൽ തീരില്ല പത്രക്കാരുടെ തമാശകൾ. അതൊക്കെ വായിച്ചുപ്രബുദ്ധരാകരുതെന്ന് പ്രിയസുഹൃത്തുക്കളോടപേക്ഷിക്കുന്നു.

Facebooktwittergoogle_plusredditpinterestlinkedinmailby feather