ഒറ്റമൂലി

പണ്ടൊക്കെ വീടുകളിൽ കുറഞ്ഞത്‌ 8-10 കുട്ടികളെങ്കിലും ഉണ്ടാകും. കുടുംബാസൂത്രണമൊക്കെ സർക്കാർതലകളിൽ കടന്നുകൂടിയത് 50 കളിൽ ആണെന്നു തോന്നുന്നു. അതിനാൽത്തന്നെ കുടുംബനാഥയ്ക്കു പാചകവും പ്രസവവും കുട്ടികളെ നോക്കലും ഒക്കെയായി പിടിപ്പതു പണിയുണ്ടായിരുന്നു. ഇതിൽ ഒഴിവാക്കാനാവുന്നത് കുട്ടികളുടെ പരിപാലനംമാത്രമായിരുന്നു. ഇളയ കുട്ടികളെ സംരക്ഷിക്കൽ മൂത്തവരുടെയോ മറ്റു കൂട്ടുകുടുംബാംഗങ്ങളുടെയോ ഒക്കെ മേൽനോട്ടത്തിലാണു നടന്നിരുന്നത്. അതിനാൽത്തന്നെ അവർക്കു വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല.

ഞങ്ങളൊക്കെ വളരെ ചെറുപ്പത്തിൽ മണ്ണിൽ ധാരാളം കളിച്ചിട്ടുണ്ട്. അതിന്റെ ഫലമായി അരയ്ക്കു താഴേക്കു നന്നായി ചൊറിയും പിടിച്ചിരുന്നു. കൂടുതലും ചന്തിയിലും മുട്ടിനു താഴെയുമായിരുന്നു. ഒരുമാതിരി എല്ലാവർക്കും ഇങ്ങനെ കരപ്പൻ എന്ന അസുഖം ഉണ്ടായിരുന്നു. ഇരുപതു വയസ്സുവരെ ഈ ചൊറിവന്ന പാട് അങ്ങനെതന്നെ ഉണ്ടാവും. മരുന്നൊന്നും വാങ്ങാൻ അന്നു കാർന്നോന്മാർ മിനെക്കെട്ടിരുന്നില്ല – കൈയിൽ കാശില്ല എന്നതുകൊണ്ടുതന്നെ. വല്ല മുറിവൈദ്യവും ലൊട്ടുലൊടുക്ക് ഒറ്റമൂലിചികിത്സയും ഒക്കെയാണ് അന്നത്തെ രീതി. അന്നൊക്കെ അതു മതിയായിരുന്നുതാനും. വലിയവലിയ ഹാർട്ടും, ‘പ്ലെഷരും’, കിഡ്നിയും, കാൻസറും ഒന്നും അക്കാലത്ത് കേട്ടുകേഴ് വിപോലുമില്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് വാതം, പിത്തം, കഫം എന്നീ മൂന്നു രോഗങ്ങൾമാത്രം !! അതിനൊക്കെ അരിഷ്ടങ്ങൾ, ആസവങ്ങൾ, വടകങ്ങൾ, തളം, എണ്ണ, കുഴമ്പ് എന്നിവയുടെ പ്രയോഗത്താൽ ശമനവും കിട്ടിയിരുന്നു. അതൊക്കെ പക്ഷേ മുതിർന്നവർക്കുമാത്രം. കുട്ടികൾക്കൊക്കെ സാധാരണ ജലദോഷമല്ലാതെ മറ്റൊരു അസുഖവും പിടിപെടാറില്ലായിരുന്നു. ചിലപ്പോൾ ചെവിവേദന വരും. കൊല്ലമുളകിന്റെ അരി കളഞ്ഞിട്ട് അതിനുള്ളിൽ എണ്ണയൊഴിച്ചു ചൂടാക്കി ചെറുചൂടോടെ ഇറ്റിച്ചാൽ അതു കുറയും. പറ്റിയില്ലെങ്കിൽ കുഴിയാനയെ വറുത്ത എണ്ണയൊഴിക്കും. അതോടെ എത്ര കൊടികെട്ടിയ ചെവിവേദനയും പമ്പകടക്കും. ചിലർക്കൊക്കെ നിലംകാരിച്ചുമ അഥവാ കൊക്കക്കുര, മുണ്ടിനീര്, ചിക്കൻപോക്സ് എന്നിവയും പിടിപെട്ടിരുന്നു. എന്തുവന്നാലും ആയുർവ്വേദംമാത്രം. മുതിർന്നവർക്കു വരുന്ന ഒരുചെന്നിക്കുത്ത് എന്ന അത്യുഗ്രൻതലവേദന കുറ്റിപ്പാലയുടെ കറ ഒരു പേപ്പറിൽ പുരട്ടി നെറ്റിയിലൊട്ടിച്ചാൽ മാറുമായിരുന്നു. അതൊക്കെ പഴയ കഥകൾ. അങ്ങനെ ധാരാളം ഒറ്റമൂലികൾ പ്രയോഗത്തിലുണ്ടായിരുന്നു. ഇന്നതൊക്കെ അറിയാവുന്നവർതന്നെ കുറവ്.

ഈ കരപ്പനൊക്കെ വന്നാൽ വല്ല എണ്ണയോ മറ്റോ ആയുർവ്വേദത്തിൽനിന്നു വാങ്ങി, പുരട്ടിയാൽ കുറയും. പക്ഷേ അതിനൊക്കെ കാശു വേണ്ടേ ? ഇതു മാറ്റാൻ എന്റെ അമ്മ അന്നൊക്കെ ചെയ്തിരുന്ന ഒരെളുപ്പവിദ്യ ഉണ്ടായിരുന്നു. കുറച്ചു കടുപ്പമായിരുന്നു എന്നുമാത്രം.

എന്റെ വീട് പാടത്താൽ ചുറ്റപ്പെട്ട പുരയിടത്തിലാണ്. കുഞ്ഞുന്നാളിലൊന്നും വെള്ളത്തിൽ കളിക്കാൻ അമ്മ വിടില്ല. ഞങ്ങൾക്കാണെങ്കിൽ മുതിർന്നവർ നീന്തുംപോലെ വെള്ളത്തിൽ കളിക്കാൻ വലിയ കൊതിയായിരുന്നുതാനും. എത്ര കരഞ്ഞുപറഞ്ഞാലും അമ്മയോ ചേട്ടന്മാരോ ഞങ്ങളെ വെള്ളത്തിൽ ഇറക്കാറില്ല. കരയ്ക്കുനിന്ന് വള്ളം തുഴയുക, നീന്തുക ഒക്കെ ആയിരുന്നു ഞങ്ങൾ കുട്ടികൾ ചെയ്തിരുന്നത്. പിന്നെ വെള്ളപ്പൊക്കം വന്നാൽ പിണ്ടിച്ചെങ്ങാടം ഉണ്ടാക്കി അതിൽക്കയറി കളിക്കാം.

ഇതുപോലെ ഒരിക്കൽ എനിക്ക് അരയ്ക്കു താഴേക്കു ചൊറിപിടിച്ചു. എന്തൊക്കെ എണ്ണയും മരുന്നും ഒക്കെ പുരട്ടിയിട്ടും മാറിയില്ല. ഒരു ദിവസം എന്നെയും പാടത്ത് കുളിക്കാൻ അമ്മ കൊണ്ടുപോയി. ഹാ….എന്തൊരു സന്തോഷമായിരുന്നുവെന്നോ !! ഒരിക്കലും മറക്കാനാവാത്ത ആ ദിവസം !!!!

നിക്കർ ഒക്കെ അഴിച്ചു വച്ചിട്ട് എന്നെ അമ്മ ഇരുകൈകളിലും മുറുകെപ്പിടിച്ചുകൊണ്ട് വെള്ളത്തിലേക്കിറക്കി. കാലിട്ടടിച്ചുരസിച്ചപ്പോൾ ഹാ….എന്തൊരു രസം !! ഒരേയൊരു നിമിഷത്തേക്കുമാത്രം. പിന്നെ നടന്നതൊന്നും വർണ്ണിക്കാൻ എനിക്കു സാധിക്കില്ല. ഒരുപറ്റം പരലുകളും പള്ളത്തികളും എവിടെനിന്നോ പാഞ്ഞുവന്ന് എന്റെ ചന്തിയിലും കാലിലുമൊക്കെ കടിച്ചുപറിച്ചു. ഞാൻ ഈരേഴുപതിന്നാലുലോകങ്ങളും ഒറ്റയടിക്കു കണ്ടു !! ഒരു മിനിട്ടോളം ഇതു തുടർന്നു. സാധാരണസമയങ്ങളിൽ അമ്മ അടിക്കാൻ പിടിക്കുമ്പോൾ അമ്മയുടെ കാലിൽ എന്റെ കാലുകൾകൊണ്ട് കെട്ടിപ്പിടിക്കുമായിരുന്നു. അങ്ങനെ അടിയിൽനിന്നു കുറച്ചൊക്കെ രക്ഷ നേടിയിരുന്നു. അതറിയാമായിരുന്ന അമ്മ ബുദ്ധിപൂർവ്വം എന്നെ തിരിച്ചായിരുന്നു വെള്ളത്തിലിറക്കിയത്. അതുവരെ എനിക്കു പാടത്തു കുളിക്കണം കുളിക്കണം എന്നുള്ള പല്ലവി മാറി “എനിക്കു കുളിക്കണ്ടായേ” എന്നുള്ള നിലവിളിയായിമാറി. കരഞ്ഞുനിലവിളിച്ച് കൈകാലിട്ടടിച്ച് കരയിലേക്കു കയറാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു. അമ്മയുണ്ടോ വിടുന്നു ! പൊക്കിയെടുത്ത് കരയിൽ നിറുത്തിയപ്പോഴേക്കും ഞാൻ തീരെ അവശനായിരുന്നു. അരമുതൽ താഴേക്ക് എല്ലാ ചൊറിയിൽനിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. ചൊറിയൊക്കെ നല്ല “ക്ലീൻ ക്ലീൻ ”

അമ്മയോട് അപ്പോൾ ദേഷ്യം തോന്നിയോ എന്ന് ഓർമ്മയില്ല. പക്ഷേ, അതോടുകൂടെ എന്റെ ചൊറിയും ചിരങ്ങും പമ്പകടന്നു എന്നു പറഞ്ഞാൽ മതിയല്ലോ.

അമ്മ ദിവംഗതയായിട്ട് ഇപ്പോൾ ഒരു വർഷമാകാറായി.

Facebooktwittergoogle_plusredditpinterestlinkedinmailby feather