കുലദ്രോഹി

ദ്രോഹികൾ പലവിധം. വെറും ദ്രോഹി, പരദ്രോഹി, സാമദ്രോഹി, കുടുംബദ്രോഹി, കുലദ്രോഹി, സാമൂഹ്യദ്രോഹി എന്നിങ്ങനെ. അതിൽ ഒരു കുലദ്രോഹി എന്നെ ചതിച്ച കഥയാണിത്.

ഒരു 50 വർഷം മുമ്പാണ് കഥ നടക്കുന്നത്. അന്നു ഞങ്ങൾക്കു കളിക്കുവാൻ ഉപകരണങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. വല്ല ഓലപ്പന്തു തട്ടിയോ, പുന്നക്കകൊണ്ട് ഗോട്ടികളിച്ചോ, പൊട്ടിയ ചട്ടിയുടെ കഷണംകൊണ്ട് കക്കുകളിച്ചോ, എസ്പായികളിച്ചോ, കള്ളനും പോലീസും കളിച്ചോ, കുട്ടിയും കോലും കളിച്ചോ, കിളിത്തട്ടു കളിച്ചോ ഒക്കെ ആണ് കുട്ടികൾ നേരം പോക്കിയിരുന്നത്.

എന്റെ കളി പ്രധാനമായും കബഡി ആയിരുന്നു. എന്നാൽ കബഡി കളിക്കാനുള്ള ശേഷിയോ ശേമുഷിയോ ഒന്നുംതന്നെ എനിക്കില്ലായിരുന്നു. എനിക്കാണെങ്കിൽ കബഡി വളരെ പ്രാണനായിരുന്നുതാനും. അതിനാൽത്തന്നെ നല്ല തടിയന്മാരുടെ ടീമിൽ ഇടം കിട്ടാൻ എപ്പോഴും വളരെ സൂത്രത്തിൽ ഞാൻ ശ്രമിച്ചിരുന്നു. കളിയിൽ ജയിച്ചില്ലെങ്കിൽ എന്താ ഒരു രസം. അല്ലേ ??

എല്ലാ ദിവസവും എന്റെ വീടിന്റെ അടുത്തുള്ള വേളൂർ കല്ലുപുരക്കൽ ലോവെർ പ്രൈമറി സ്കൂളിൽ ഞാൻ കബഡി കളിച്ചിരുന്നു. കാലത്ത് സ്കൂൾ തുടങ്ങുന്നതിനു മുമ്പേ ഒരു പ്രാവശ്യം. കാലത്തത്തെ ഇടവേള സമയത്തു മറ്റൊന്ന്. ഉച്ചക്ക് ഓടി, വീട്ടിൽ പോയി ഊണ് കഴിച്ചെന്നു വരുത്തി, തിരിച്ചോടിവന്ന് മറ്റൊന്ന്. പിന്നെ വൈകുന്നേരത്തെ ഇടവേളയിൽ അവസാനത്തെ. അങ്ങനെ കളി നിർവിഘ്നം തുടരുന്നതിനിടെ എതിരാളിയായിട്ട് ഒരു ചങ്ങാതി വന്നു. പേര് എനിക്ക് ഓർമ്മയില്ല. കബഡി കബഡി പറഞ്ഞു കയറിച്ചെല്ലുമ്പോൾ അയാൾ ഒന്നുകിൽ ഷർട്ടിൽ അല്ലെങ്കിൽ ട്രൌസറിൽ പിടിത്തമിടും. അതോടെ നമ്മുടെ ഗ്യാസ് തീർന്നുപോകും.

പക്ഷേ തോല്ക്കാൻ മനസില്ലാത്തതിനാൽ കുതറും. അങ്ങനെ ഷർട്ട് കീറാൻതുടങ്ങി. വീട്ടിൽ ചെല്ലുമ്പോൾ അടി കിട്ടാനുംതുടങ്ങി. എങ്ങിനെ ഷർട്ട് കീറാതെ കബഡി കളിക്കാം എന്ന് ആലോചിച്ച് ഒരു കിടിലൻ വഴി ഞാൻ കണ്ടുപിടിച്ചു. ഷർട്ട് ഊരിവച്ച് കളിക്കുക. കളി കഴിഞ്ഞാൽ വീണ്ടും ഇടുക അപ്പോൾ എന്റെ ചർമ്മം – അല്ല ഷർട്ട് -കണ്ടാൽ ഞാൻ കളിച്ചെന്നേ തോന്നില്ല !!

എങ്ങിനെയുണ്ടു സിർജീ എന്റെ ഐഡിയ ???

പക്ഷേ ഉപായത്തിൽ അപായം ഒളിച്ചിരിക്കുന്നത് ഞാൻ അറിഞ്ഞില്ല. ഒന്നുരണ്ടു ദിവസം ഒരു കുഴപ്പവും ഇല്ലാതെ കടന്നുപോയി. അമ്മ വിചാരിച്ചു ഞാൻ നന്നായിപ്പോയി എന്ന്. ഒരു നാൾ ഉച്ച കഴിഞ്ഞുള്ള ഇടവേളയിൽ പതിവുപോലെ ഷർട്ട് ഊരി, ചുരുട്ടി, സ്കൂളിന്റെ മൈതാനത്തിന്റെ വേലിയിൽ തിരുകി, കളി തുടങ്ങി. ബെൽ അടിച്ചപ്പോൾ എല്ലാവരും ഓടി ക്ലാസ്സിൽ കയറി. ഞാൻ ഓടിച്ചെന്നപ്പോൾ ഷർട്ട് കാണാനില്ല.

ദൈവമേ ……………………………………………………….. !!

കണ്ണുകൾ രണ്ടും തിരുമ്മി, ഒന്നുകൂടെ നോക്കി. ഇല്ല……. ഷർട്ടിന്റെ പൊടിപോലുമില്ല. എന്റെ കണ്ണിൽ ഇരുട്ടു കയറി. ഷർട്ട് ഇല്ലാതെ എങ്ങിനെ ക്ലാസ്സിൽ കയറും ? വീട്ടിലേക്കു ചെന്നാലുള്ള ഭവിഷ്യത്തോർത്ത്‌ തല കറങ്ങി. വയറ്റിൽനിന്ന് ഒരു ഉരുളപോലെ എന്തോ ഒന്ന് മേല്പെട്ടും കീഴ്പ്പോട്ടും ഓടിനടക്കുന്നുവോ ?? അല്പം മൂത്രശങ്കയും ഉണ്ടായെന്നാണ് ഓർമ്മ. ഒരുവിധത്തിൽ ക്ലാസ്സിന്റെ പിന്നിൽച്ചെന്ന് സഹപാഠിയോട് പതിയെ ചോദിച്ചു :

“എന്റെ ഷർട്ട് കണ്ടോ” ??

ഉത്തരം കേട്ട ഞാൻ സ്തബ്ധനായിപ്പോയി !! എന്റെ അനുജൻ ഷർട്ട് എടുത്തു, വീട്ടിൽ പോയത്രേ !!! അവന് ഉച്ചവരെയേ ക്ലാസ്സ് ഉള്ളൂ. എനിക്കിട്ടു പാര വയ്ക്കാൻ മന:പൂർവ്വം വന്നതാണ് അവൻ. ചെറുപ്പത്തിൽ ഇങ്ങനെ ഞങ്ങൾ പരസ്പരം പാരവച്ച് മാതാപിതാക്കളുടെ മുമ്പിൽ നല്ലപിള്ളകൾ ചമയാറുണ്ടായിരുന്നു

പക്ഷേ, ഇതു കൊടുംചതിയായിപ്പോയി. പിന്നെ വൈകിയില്ല. ആലോചിച്ചുനില്ക്കാൻ സമയമില്ല. രണ്ടും കല്പിച്ച് അനിയന്റെ പിന്നാലെ ഉസ്സൈൻ ബൊൾട്ടിനെ വെല്ലുന്ന വേഗത്തിൽ ഞാൻ ഓടി ….അല്ല പറന്നു. അന്നൊക്കെ മതിലുകൾ ഒന്നും ഇല്ലായിരുന്നു. വെറും വേലികൾ മാത്രം.

(നാരായണിയും ബഷീറും ഒക്കെ തടവറയുടെ മതിലിനുള്ളിൽ ആയിരുന്നു. ഈ വേലിക്കൽ നിന്നാണ് ഭാസ്കരൻ മാഷിന്റെ കാമുകൻ ഏഴര വെളുപ്പിനു കുളിക്കുവാൻ പോയിരുന്ന പെണ്ണുങ്ങളോട് കിളിച്ചുണ്ടൻ മാമ്പഴം കടിച്ചുംകൊണ്ട് കിന്നാരം പറഞ്ഞിരുന്നത് ???)

വീടിന്റെ ഉമ്മറത്ത് ഒരു കടമ്പ കാണും. കന്നുകാലികൾ കയറാതിരിക്കാൻ. കടമ്പയ്ക്കിരു വശവും കുത്തുകല്ലോ കുറ്റിയോ ഉണ്ടാകും. തോടുകൾ കടക്കുവാൻ കമുകിൻതടിപ്പാലം. ഇതൊക്കെ തൊട്ടു തൊട്ടില്ല എന്നപോലെ പക്ഷിവേഗത്തിലാണ് ഞാൻ പറന്നത്. പക്ഷേ, അവൻ എന്നെ തോല്പിച്ചുകളഞ്ഞു !!

വീട്ടിന്റെ ഉമ്മറത്ത് അമ്മ ഭദ്രകാളിയെ തോല്പിക്കുന്ന രൌദ്രഭാവത്തിൽ ഒരു കവളംമടലിന്റെ കഷണം വാളുപോലെ ഉയർത്തി, മറുകൈയിൽ എന്റെ ഷർട്ടും (അതോ എന്റെ തലയോ ??? അങ്ങനെയാണ് എനിക്കപ്പോൾ തോന്നിയത്) പിടിച്ചു, കൊലവിളി വിളിച്ചുനില്ക്കുന്നു. എന്റെ സപ്തനാഡികളും തളർന്നു. ഞാൻ നിരുപാധികം കീഴടങ്ങി. അമ്മയുടെ കലി തീരുന്നതുവരെ അടി മുഴുവൻ ഏറ്റുവാങ്ങി. മറ്റു വഴികൾ ഒന്നുമില്ലായിരുന്നു, വേറെ വല്ല സന്ദർഭങ്ങളിലുമായിരുന്നെങ്കിൽ ഒഴിഞ്ഞുമാറി, ഓടി കലി തീർന്നിട്ട് സോപ്പിട്ടുചെല്ലാമായിരുന്നു, ഇതു കാര്യം വേറെ.

അനിയൻ ഇതൊക്കെ കണ്ടുകൊണ്ട് വിജയഭാവത്തിൽ അമ്മയുടെ പിന്നിൽ എളിയിൽ കൈകുത്തിനിന്ന് ആസ്വദിക്കുന്നുണ്ടായിരുന്നു. അടിയൊക്കെ കഴിഞ്ഞ് ഞാൻ അവനെ ഒന്ന് ഇരുത്തിനോക്കി. “നിനക്കുള്ളതു ഞാൻ വച്ചിട്ടുണ്ടെടാ” എന്ന മട്ടിൽ. എനിക്കൊരു മൂന്നാം തൃക്കണ്ണുണ്ടായിരുന്നെങ്കിൽ നിമിഷനേരത്തിനുള്ളിൽ അവനെ ഞാൻ അപ്പോൾത്തന്നെ ഭസ്മമാക്കിക്കളഞ്ഞേനേ. എന്തു ചെയ്യാം. എനിക്കപ്പോൾ അതിനുള്ള നേരമില്ലായിരുന്നു.

എന്റെ മുഖഭാവം കണ്ട അവൻ പതുക്കെ അമ്മയുടെ പിന്നിലേക്കു വലിഞ്ഞു. “ഞാനൊന്നും അറിഞ്ഞില്ലേ” എന്ന ഭാവത്തിൽ.
അഞ്ചു മിനിട്ടിനുള്ളിൽ ഇനി മേലാൽ കളിക്കില്ല എന്ന ഉറപ്പിന്മേൽ ഷർട്ട് തിരിച്ചുകിട്ടി. സ്കൂളിലേക്കു പറന്നു.
സ്കൂളിൽ ചെല്ലുമ്പോൾ ഭാഗ്യം എന്റെകൂടെയായിരുന്നു. ടീച്ചർ താമസിച്ചാണ് വന്നത്. അതിനാൽ അവരുടെ അടി കൊള്ളേണ്ടിവന്നില്ല.

പക്ഷേ, പിന്നെയും അനിയനെ തോല്പിക്കാൻ ഒരു വിദ്യ കണ്ടുപിടിച്ച് ഞാൻ കബഡി കളിച്ചിരുന്നു.
എങ്ങനെയെന്നോ ????

ഷർട്ട് അഴിച്ച് അരയിൽക്കെട്ടി കളിക്കും. ഹല്ലാ പിന്നെ…കുട്ടികളായാൽ എങ്ങനെയാ കളിക്കാതിരിക്കുക ??????

facebooktwittergoogle_plusredditpinterestlinkedinmail