ചലച്ചിത്ര നിരൂപണം – ഇയ്യോബിന്റെ പുസ്തകം

ഈ പേരും വി. വേദപുസ്തകത്തിലെ ഇയ്യോബിന്റെ പുസ്തകവും തമ്മിൽ ഒരു ബന്ധവുമില്ല. എന്തിനാണ് ഇങ്ങനെ ബൈബിൾപശ്ചാത്തലമുള്ള പേരു തിരഞ്ഞെടുത്തതെന്ന് അറിയില്ല. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന ഒരു കഥയാണിത്. കഥ പറയുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. നല്ല കെട്ടുറപ്പും ഒഴുക്കുമുള്ള സിനിമ. ബ്രിട്ടീഷ് നേവിയിൽനിന്നു വിപ്ലാവാവേശം മൂത്ത് പിരിഞ്ഞുപോന്ന, രണ്ടു സുഹൃത്തുക്കളിൽ ഒരാളാണ് നായകൻ – സായിപ്പന്മാർ നാടുവിട്ടപ്പോൾ അവരുടെ സമ്പത്തു തട്ടിയെടുത്ത് നാടൻസായിപ്പായ ഇയ്യോബിന്റെ ഇളയ മകൻ അലോഷി (ഫഹദ്). കാടു വെട്ടിപ്പിടിക്കാൻ പാടുപെടുന്ന ഇയ്യോബും മക്കളും. എതിരെ ഇളയ മകനും. സമ്പത്തിനുവേണ്ടിയുള്ള പിടിവലിയിൽ ബന്ധങ്ങൾക്കു വിലയിടിയുന്നത് നന്നായി പറയുന്നു. എതിരുനില്ക്കുന്ന ഇളയമകനെ പുറത്താക്കുന്ന അപ്പനും, മറ്റു മക്കളും, അന്നത്തെ പുരുഷമേധാവിത്വവും, ജന്മിത്തവ്യവസ്ഥിതിയും, കമ്യൂണിസ്റ്റ് ആശയങ്ങളുടെ തിരനോട്ടവും ഒക്കെ ഇതിൽ കാണുന്നുണ്ട്. അഭിനേതാക്കൾ എല്ലാവരുംതന്നെ നല്ല അഭിനയം കാഴ്ചവച്ചു. ലാലും, ഫഹദ് ഫാസിലും, പത്മപ്രിയയും, ലെനയും ഒക്കെ നല്ല അഭിനയം കാഴ്ച്ചവയ്ക്കുന്നുവെങ്കിലും എനിക്കേറ്റവും ഇഷ്ടമായത് ഇയ്യോബിന്റെ എതിരാളിയായി വന്ന ജയസൂര്യയുടെ മുസ്ലീം തടി-കോണ്ട്രാക്ടരുടെ വേഷമാണ്. വൻതാരനിര ഒന്നുമില്ലെങ്കിലും സാമാന്യം നല്ല നിലവാരമുള്ള സിനിമതന്നെ. പണ്ടത്തെ ഇംഗ്ലീഷ് കൌ ബോയ്‌ സിനിമകളുടെ ഒരു ലാഞ്ഛന കാണാം ഇതിൽ. ചിത്രീകരണവും വളരെ നന്നായിരിക്കുന്നു. മൂന്നാറിന്റെ ദൃശ്യചാരുത വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു. സംഘട്ടനരംഗങ്ങൾ യഥാതഥമായിത്തന്നെ തോന്നും. അസ്വാഭാവികത ഒന്നുമില്ല.

സംഗീതം എനിക്കിഷ്ടപ്പെട്ടില്ല. വരികളും അതുപോലെതന്നെ. ആ കാലഘട്ടത്തിനു ചേർന്ന വരികളോ സംഗീതമോ അല്ല ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ടും മനസ്സിലേക്കിറങ്ങിച്ചെല്ലുന്നതല്ല. ഒരു ഗാനം ‘മാനേ പുള്ളിമാനേ’ എന്നലറിക്കൂവിവിളിക്കുന്ന ഒരു പാട്ടാണ്. ദൃശ്യം ഏതോ പാണ്ടിക്കാളയുടേതും !! മേക്കപ്പ് വലിയ കുഴപ്പമില്ല. പക്ഷേ പോലീസ്-വേഷത്തിൽ റിവോൾവർ അരയിൽ തൂക്കുന്ന ഉറ കാണുന്നുണ്ട്. വെറും 50 വാര മാത്രം റേഞ്ച് ഉള്ള റിവോൾവർ ഉപയോഗിച്ച്, മലമുകളിൽ നിന്നുകൊണ്ട്, വളരെ ദൂരെ നില്ക്കുന്ന പോലീസുകാരന്റെ തൊപ്പി കൃത്യമായി വെടിവച്ചുതെറുപ്പിക്കുന്ന വിദ്യയും ഇതിൽ നിങ്ങൾക്കു കാണാം. വെടിവച്ചുകൊണ്ടേയിരിക്കുന്ന പ്രതിയോഗിയെ തുറന്ന പുല്മേട്ടിലൂടെ നിരായുധനായി, നെഞ്ചും വിരിച്ചു വന്ന്, തോക്കു വാങ്ങി ഒടിച്ചുകളയുന്ന വിദ്യയും ഇതിലുണ്ട്. കാടു കയറുന്നു എന്നു പറയുന്ന ഇയ്യോബും മരുമകളും പോകുന്നത് വലിയ മരങ്ങൾ മാത്രമുള്ള തുറന്ന കാടുകളിലാണ്. വെടിവയ്ക്കാനുള്ള സൗകര്യമായിരിക്കും സംവിധായകാൻ ആലോചിച്ചത്.

കാണാൻ പോകുമ്പോൾ ഇതൊന്നും മനസ്സിൽ വയ്ക്കണ്ടാ. സാമാന്യം നല്ല ചിത്രമാണ്. വലിയ കുഴപ്പമൊന്നുമില്ല.

facebooktwittergoogle_plusredditpinterestlinkedinmail