അമ്മ

മോനേ……..”

ഞാനൊന്നു ഞെട്ടി.

തിരിഞ്ഞുനോക്കുമ്പോൾ അതാ അമ്മ, ഇരുകൈകളും നീട്ടിക്കൊണ്ട് വീണ്ടും വിളിക്കുന്നു : “മോനേ….ഇങ്ങടുത്തുവാ…!”

ഞാൻ അടുത്തേക്കു ചെന്നു:

അമ്മയ്‌ക്കെന്താ വേണ്ടത്?”

ന്നാലും നീ ഇത്രേം കാലം എന്നെ പറ്റിക്കുകയല്ലായിരുന്നോ !”

ഞാൻ എന്നും വരുന്നുണ്ടല്ലോ അമ്മയെക്കാണാൻ ?”

പിന്നേ…..നീ അന്ന് ജോലിക്കു പോയതിൽപ്പിന്നെ വന്നിട്ടേയില്ല. എന്നോടു നീ നുണ പറയണ്ടാ

നീട്ടിയ കൈകളിൽ ഞാൻ പിടിച്ചു. അമ്മയെന്നെ വാരിപ്പുണർന്നു. ഞാൻ കോരിത്തരിച്ചു.

എത്ര നാളായയെടാ നിന്നെയൊന്നു കാണാനായിട്ടു കൊതിക്കുന്നു ! ഇപ്പോളെങ്കിലും നീ വന്നല്ലോ ! സമാധാനമായി !!”

ആ ആലിംഗനത്തിൽ ഞാനൊരു മൂന്നുവയസ്സുകാരനായി.

മറ്റുള്ളവരൊക്കെ ഓടിവന്നു. ഞാൻ ആംഗ്യം കാണിച്ചപ്പോൾ അവരെല്ലാം തെല്ലിട സംശയിച്ചുനിന്നു.

അമ്മയുടെകൂടെ കട്ടിലിലേക്കു ഞാനിരുന്നു, അല്ല എന്നെ ഇരുത്തുകയായിരുന്നു അമ്മ. അമ്മ എന്തൊക്കെയോ പഴമ്പുരാണങ്ങൾ പുലമ്പുന്നുണ്ടായിരുന്നു. എന്റെ കഴുത്തിലുള്ള പിടി മുറുകിക്കൊണ്ടിരുന്നു.

പെട്ടെന്നാണ് അമ്മയുടെ ഭാവം പകർന്നത്:

മോനേ നമ്മക്ക് വീട്ടിപ്പോകാം ?” അമ്മയുടെ പിടി പിന്നെയും മുറുകി.

അസുഖമൊക്കെ ഭേദമാകട്ടെ, നാളെയോ മറ്റന്നാളോ പോകാംഞാനൊരൊഴികഴിവു പറഞ്ഞു.

അതുവേണ്ടാ, ഇപ്പത്തന്നെ പോകാം. മോനമ്മ മധുരംവച്ച കൊഴുക്കട്ട ഉണ്ടാക്കിത്തരാല്ലോ, പിന്നെ കാളനും കൂട്ടുകറീം….. പപ്പടോ……മൊക്കെ കൂട്ടിക്കുഴച്ച്…………………. മാമം തരാല്ലോ………………………………!!”

എന്നെ ഒരു കൊച്ചുകുട്ടിയെപ്പോലെ തഴുകുമ്പോൾ അമ്മ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

അമ്പിളിയമ്മാമനെ……………. പിടിച്ചു…….” എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്ന അമ്മയുടെ കൈ പെട്ടെന്ന് ഊർന്നുവീണു. ഭാഗ്യം, ഞാൻ പിടിച്ചിരുന്നതുകൊണ്ട് മറിഞ്ഞുവീണില്ല !

എന്റെ കഴുത്തിൽക്കിടന്ന സ്റ്റെതസ്കോപ്പ് അമ്മയുടെ ട്രിപ്പിൽ ഉടക്കി, താഴേക്കു വീണു. ഞാൻ അമ്മയെ പതിയെ കട്ടിലിലേക്കു കിടത്തി; ഒരു നിമിഷം കൈകൂപ്പി, കണ്ണുകളടച്ചുനിന്നു;

ഹമ്മേ !” ഒരു ഗദ്ഗദം എന്റെ തൊണ്ടയിൽ തടഞ്ഞുനിന്നു.

ഞാൻ പതിയെ ആ കണ്ണുകൾ തിരുമ്മിയടച്ചു.

വേഗംതന്നെ ഇവരുടെ ബന്ധുക്കളെയൊക്കെ വിവരമറിയിക്കൂഞാൻ നഴ്സിനോടു നിർദ്ദേശിച്ചു.

അവർക്കാരുമില്ല ഡോക്ടർ, ആരോ രണ്ടുമൂന്നു ദിവസംമുന്നേ വെളുപ്പാൻകാലത്ത് നടയിലിരുത്തിയിട്ട് കടന്നുകളഞ്ഞതാ…….. !” : ട്രിപ്പ് ഊരിയെടുക്കുന്നതിനിടയിൽ നഴ്സ് മൊഴിഞ്ഞു.

ആരുടെയോ അമ്മ !!

Facebooktwittergoogle_plusredditpinterestlinkedinmailby feather