ആനവാൽ എന്ന പുലിവാൽ

Ana

ആരുമെന്നെ തല്ലുകയില്ല എന്നുറപ്പുതരാമെങ്കിൽ ഞാനൊരു കഥ പറയാം. വായിച്ചുകഴിഞ്ഞാൽ എന്നെ തല്ലണമെന്നു തോന്നും. അതുകൊണ്ടാണീ മുൻ‌കൂർജാമ്യമെടുക്കുന്നത്. എന്നോടൊരാൾ പറഞ്ഞുതന്ന കഥ അങ്ങനെതന്നെ നിങ്ങളോടു പറഞ്ഞുതരുന്നതിനാൽ ഇതിൽ എനിക്കൊരു പങ്കുമില്ല, എന്നു പ്രത്യേകം പ്രസ്താവിക്കുന്നു.

എന്റെ അയൽവാസിയായൊരു വൃദ്ധൻ, 1896 ലോ മറ്റോ ആണിദ്ദേഹം ഭൂജാതനായത്. രണ്ടായിരാമാണ്ടു കടക്കുമോ എന്ന് ഞങ്ങളെല്ലാം ഉദ്വേഗത്തോടെ നോക്കിയിരുന്നു. പക്ഷേ, ഞങ്ങളെയൊക്കെ നിരാശയിലാഴ്ത്തിക്കൊണ്ട് മില്ലേനിയംകടമ്പയ്‌ക്കൽത്തന്നെ പുള്ളിക്കാരൻ കലമുടച്ചുകളഞ്ഞു. അല്ലെങ്കിൽ മൂന്നു നൂറ്റാണ്ടിൽ ജീവിച്ച ഒരു മനുഷ്യൻ എന്ന ഖ്യാതി അദ്ദേഹത്തിനു സിദ്ധിച്ചേനേ ! എന്റെ അപ്പൂപ്പന്റെ പ്രായമുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തെ എന്റെ അമ്മയും പ്രായമായ അയൽവാസികളുമൊക്കെ വിളിക്കുന്നതുപോലെ ഞങ്ങളും പേരിനോടു ചേർത്ത് ചേട്ടൻ എന്നാണു വിളിച്ചിരുന്നത്. വളരെ സരസനായിരുന്ന ഇദ്ദേഹം പഴയ കഥകൾ ധാരാളം ഞങ്ങൾക്കു പറഞ്ഞുതന്നിരുന്നു. വാരിക്കുഴി കുത്തിയും പേടിപ്പിച്ചോടിച്ച് വേലിക്കെട്ടിനകത്താക്കിയുമൊക്കെയാണ് ആനയെ പണ്ട് പിടിച്ചിരുന്നത്. ഈ പാടൊന്നും പെടാതെ ആനയെ എങ്ങനെ പിടിക്കാം മെരുക്കാം എന്നാണിദ്ദേഹം ഞങ്ങൾക്കു പറഞ്ഞുതന്നത്. ഉദ്ദേശം 80 കൊല്ലം മുമ്പത്തെ കഥയാണ്. ഒന്നുകൂടെ പറയുന്നു: “എന്നെ തല്ലരുത് !”

മേല്പടി ചേട്ടൻ പണ്ട് കാട്ടിൽ മരം വെട്ടാൻ പോകുമായിരുന്നു. (ഞാൻ കണ്ടിട്ടില്ല. എന്റെ ഓർമ്മയിൽ, ഇദ്ദേഹം ആകെ ചെയ്തിരുന്നത് നൂൽ വാങ്ങിക്കൊണ്ടുവന്ന് പിരിക്കുക, അതുപയോഗിച്ച് വല കെട്ടുക, അതിനു മണിയുണ്ടാക്കുക, വല വീശുക, മീൻ പിടിക്കുക, വൈകുന്നേരങ്ങളിൽ പകിട കളിക്കുക ഇതൊക്കെ മാത്രം. ഇതിലൊക്കെ ഞാനും പങ്കെടുത്തിരുന്നു. അന്നൊക്കെ പകിടകളി, വൈകുന്നേരം പത്തുനൂറുപേർ ഒരുമിച്ചുകൂടുന്ന ഒരുത്സവമായിരുന്നു. ഞാനും ഒരു കളിക്കാരനായിരുന്നു)

ഈ ചേട്ടൻ, അങ്ങനെ കൂട്ടുകൂടി, മരം വെട്ടാൻ പോയപ്പോൾ ഒരക്കിടിപറ്റി. വീശാനുണ്ടാക്കിവച്ചിരുന്ന വാഷ് രാത്രിയിൽ ആനകൾ വന്നു കുടിച്ചു. ഇവരൊക്കെ പേടിച്ച് ഏറുമാടത്തിൽത്തന്നെ കഴിച്ചുകൂട്ടി. രാവിലെ നോക്കിയപ്പോൾ ഒരാന അടിച്ചുഫിറ്റായിക്കിടക്കുന്നു !! വലിയ ആനയൊന്നുമല്ലാഞ്ഞതുകൊണ്ട് അവരൊക്കെക്കൂടെ, കൈവശമുണ്ടായിരുന്ന വടംകൊണ്ട് അതിന്റെ കാലുകളിൽ കെട്ടി, ഒരു മരത്തിൽ കെട്ടിയിട്ടു. അന്നൊന്നും ആനയെയും പുലിയെയും കടുവയെയുമൊന്നും പിടിക്കുന്നതിനോ കൊല്ലുന്നതിനോ ഒന്നും ഒരു നിയന്ത്രണമൊന്നുമില്ലായിരുന്നു. ആവശ്യമുള്ളവർക്കൊക്കെ പിടിക്കുകയോ കൊല്ലുകയോ വളർത്തുകയോ ഒക്കെ ചെയ്യാമായിരുന്നു. പിന്നെയാണ് ഇതൊക്കെ നിരോധിച്ചുകൊണ്ടുള്ള നിയമമൊക്കെ വന്നത്.

വാഷിന്റെ കെട്ടു വിട്ടപ്പോൾ ആന പരാക്രമം കാട്ടിത്തുടങ്ങി. ഇവർ അന്ധാളിച്ചു. വെറുതേ കിട്ടിയതുകൊണ്ട്, ഒരുത്സാഹത്തിന് ആനയെപ്പിടിച്ചെങ്കിലും പിന്നെയാണ് ഇവർക്കതു മണ്ടത്തരമായിപ്പോയെന്നു തോന്നിയത്. ഇവരുടെ കൂടെ പാപ്പാനില്ലായിരുന്നതുകൊണ്ട് എന്തു തീറ്റ കൊടുക്കുമെന്നോ എങ്ങനെ ഇതിനെ അനുസരിപ്പിക്കുമെന്നോ അറിയില്ലായിരുന്നു. ആകെ അറിയാവുന്നത് ഇടത്തിയാനേ, വലത്തിയാനേ, സെറ്റിയാനേ ഇങ്ങനെയുള്ള ചില സാദാ ഉത്തരവുകൾ ഉത്സവപ്പറമ്പിൽനിന്നു കേട്ടതുമാത്രം. കാട്ടിൽക്കിടന്ന ആനയ്ക്കുണ്ടോ മലയാളം മനസ്സിലാകൂ ! നായന്മാർ സാധരണ പുലിവാലാണ് പിടിക്കാറുള്ളത്. (നായന്മാർ ക്ഷമിക്കണം, അങ്ങനെയൊരു ചൊല്ലുള്ളതുകൊണ്ട് പറഞ്ഞുപോയതാ..പുലിവാൽ നായന്മാർക്കായി സംവരണം ചെയ്തിട്ടുളളതുകൊണ്ടാണോ എന്നറിയില്ല നസ്രാണികളായ ഇവർ ആനവാലാണ് പിടിച്ചത്) ഈ ആന ഇത്ര വലിയ പുലിവാലാകുമെന്ന് മൂപ്പർ സ്വപ്നേപി വിചാരിച്ചില്ല. അടുത്തു ചെന്നാലും അഴിച്ചുവിട്ടാലും ആന ഉപദ്രവിക്കുമോ എന്ന പേടിയുള്ളതിനാൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ദൂരെ നിന്നുകൊണ്ട് തീറ്റയൊക്കെ എറിഞ്ഞുകൊടുക്കും.

അങ്ങനെ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ ആനയ്ക്ക് കരിമ്പും ശർക്കരയുമൊക്കെ ഇഷ്ടമാണെന്ന് അവരിലാരോ പറഞ്ഞതുകേട്ട് ചേട്ടന്റെ മനസ്സിൽ ശർക്കരയുണ്ട പൊട്ടി. (അന്ന് ലഡ്ഡു പൊട്ടാൻ ഒരു സാദ്ധ്യതയുമില്ല. അക്കാലത്ത് ലഡ്ഡുപോയിട്ട് ഒരു ബിസ്‌ക്കറ്റുപോലും കടയിൽ വാങ്ങാൻ കിട്ടില്ല. ആകെ ബേക്കറിയിൽ വാങ്ങാൻ കിട്ടിയിരുന്നത് പച്ചറൊട്ടി, മൊരിച്ച റൊട്ടി, റസ്‌ക്, പിന്നെ ഏകദേശം റസ്കിന്റെ രുചിയും ടെന്നീസ് ബോളിന്റെ അത്രയും വലുപ്പമില്ലാത്ത വട്ടർ എന്നൊരു പലഹാരം ഇതൊക്കെ മാത്രം! കോട്ടയംതിരുവാതുക്കളുള്ള ശ്രീ ടോംസിന്റെ ബക്കറിയിൽനിന്നു കഴിച്ച ഇമ്മാതിരി പലഹാരങ്ങളുടെ രുചി ഇപ്പോളും നാവിലുണ്ട് !)

ചേട്ടൻ രായ്ക്കുരാമാനം കാട്ടിൽനിന്നു വെളിയിലെത്തി, അടുത്തുള്ള അങ്ങാടിയിൽനിന്ന് അഞ്ചാറു തുലാം ശർക്കര വാങ്ങിക്കൊണ്ടുപോയി. അഞ്ചെട്ടുപത്തുപേർക്ക് കഞ്ഞി വയ്ക്കാനുള്ള വലിയ കലത്തിൽ ആ ശർക്കരയിട്ട് വെള്ളം തിളപ്പിച്ചു. ഉരുകിയ ശർക്കരപ്പാനിയിൽ വേറൊരു വടം മുക്കിയെടുത്തു. കൂട്ടുകാരൊക്കെ ഇദ്ദേഹത്തെ കളിയാക്കി. പക്ഷേ, ചേട്ടനുണ്ടോ കുലുക്കം ! ഈ വടത്തിന്റെ ഒരു തുമ്പ് അങ്ങേർ ഒരു ബലമുള്ള മരത്തിൽ കെട്ടിയിട്ടു. മറ്റേയറ്റം ആനയ്‌ക്കെറിഞ്ഞുകൊടുത്തു. ശർക്കരയുടെ മണം കിട്ടിയപ്പോൾത്തന്നെ ആന തുമ്പിക്കൈ നീട്ടിക്കൊണ്ടിരുന്നു. ശർക്കരയിൽ മുക്കിയ വടം കിട്ടേണ്ട താമസം, ആന അതെടുത്തു തിന്നുതുടങ്ങി.

ചേട്ടൻ ആനയെ സുസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. മറ്റുള്ളവരൊക്കെ ഇദ്ദേഹത്തെയും ആനയെയും മാറിമാറി വീക്ഷിച്ചുകൊണ്ടിരുന്നു. തിന്നുന്തോറും ആന പിണ്ടമിട്ടുകൊണ്ടിരുന്നു. അങ്ങനെ കുറേക്കഴിഞ്ഞപ്പോൾ ചേട്ടന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. മറ്റുള്ളവർ നോക്കിയപ്പോൾ അതാ ആനയ്ക്കു രണ്ടാമതൊരു വാൽ പ്രത്യക്ഷപ്പെടുന്നു !! ഇതെന്തൊരു മറിമായം എന്നു ചിന്തിക്കുമ്പോൾ അതാ ആ വാലിനു നീളം കൂടിക്കൂടിവരുന്നു ! (പണ്ട് ലങ്കാപുരി ദഹിപ്പിക്കാൻ പോയ ഹനുമാന് ഇതുപോലെ വാലിന്റെ നീളം കൂട്ടാൻ സാധിച്ചിരുന്നു എന്ന കഥ മറ്റുള്ളവർ ഓർത്തു. ഇനി അങ്ങനെ വല്ല കഴിവുമുള്ള ആനയോമറ്റോ ആണോ തങ്ങൾ പിടിച്ചതെന്നോർത്തപ്പോൾ ഇവരുടെ ആധി ശതഗുണീഭവിച്ചു. സാക്ഷാൽ ഗണപതിഭഗവാൻ ഇതുപോലെയുള്ള ചില പൊടിക്കൈകൾ ചെയ്തതായി മ്മ്‌ടെ കൊട്ടാരത്തിൽ ശങ്കുണ്ണിമഹാനുഭാവൻ എഴുതിയതും ചിലർ അനുസ്മരിച്ചു)

തിന്നുന്തോറും ചേട്ടന്റെ നിർദ്ദേശപ്രകാരം, കൂട്ടുകാർ വടം ആനയ്‌ക്കു അല്പാല്പമായി നീക്കിയിട്ടുകൊടുത്തുകൊണ്ടിരുന്നു. പിത്തശൂല പിടിച്ച കുട്ടി ഭക്ഷണം കണ്ടതുപോലെ ആന ശർക്കരപുരട്ടി മതിമറന്നുതിന്നുകയാണ്. തീറ്റ പുരോഗമിക്കുന്തോറും ആന മുന്നോട്ടുമുന്നോട്ടു കയറിക്കൊണ്ടിരുന്നു. അതിനനുസരിച്ച് ചേട്ടൻ പിന്നിലത്തെ കാലിന്റെ കെട്ട് അയച്ചുകൊടുത്തുകൊണ്ടിരുന്നു. വാലിന്റെ നീളം കൂടിക്കൂടിവന്നു. കുറേക്കഴിഞ്ഞപ്പോൾ ആന വളരെ മുന്നേറി. നീണ്ടുനീണ്ടുവന്ന വാൽ ചേട്ടൻ എടുത്ത് പിന്നിലുള്ള മരത്തിൽ കെട്ടിയിട്ടു. അതോടെ ചരടിൽ കോർത്ത മുത്തുപോലെ ആന വടത്തിൽ കുടുങ്ങി ! പിന്നിലൂടെ വാലുപോലെ വന്നത് ദഹിക്കാതെവന്ന കയറായിരുന്നു !! ചേട്ടന്റെ ബുദ്ധി അപ്പോളാണ് കൂട്ടുകാർക്കു മനസ്സിലായത്.

(തൊണ്ട് ഒരു മാസം വെള്ളത്തിൽ കിടന്നാലും അഴുകിപ്പോവില്ല, ചകിരി കൂടുതൽ ബലവത്താകുകയേയുള്ളൂ, എന്നു പറഞ്ഞായിരുന്നു, വടം ദഹിച്ചുപോകില്ലേ എന്ന ഞങ്ങളിലെ ചില ദോഷൈകദൃക്കുകളുടെ സംശയം ചേട്ടൻ ദുരീകരിച്ചത്; ആനയുടെ വയറ്റിലൂടെ കയറിയിറങ്ങിയാലൊന്നും ഈ കയറിനൊരു കുഴപ്പവും വരില്ല എന്നദ്ദേഹം ആണയിട്ടു)

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പിന്നിൽനിന്ന് എത്ര അടിച്ചാലും ആനയ്‌ക്കു തിരിയാനാവില്ല. ചട്ടമൊക്കെ എളുപ്പം പഠിപ്പിച്ചു. ഈ മെരുക്കിയ ആനയെ പിന്നെ എന്തുചെയ്തുവെന്ന് ഞാൻ അദ്ദേഹത്തോടു ചോദിച്ചില്ല. അന്നതു ചോദിക്കാനുള്ള ബുദ്ധിയുണ്ടായിരുന്നില്ല. വീട്ടിലെങ്ങും കൊണ്ടുവന്നതായി കണ്ടിട്ടുമില്ല. പിന്നെ കുറച്ചു ബുദ്ധി വന്നപ്പോൾ ഞാൻ കരുതി, അതിനെ ആർക്കെങ്കിലും വിറ്റുകാണുമെന്ന് ! (ആന ചത്താലും പന്തീരായിരം ജീവിച്ചാലും പന്തീരായിരം എന്നൊരു ചൊല്ല് പണ്ടുണ്ടായിരുന്നു. അന്നത്തെ പന്തീരായിരം എന്നുപറഞ്ഞാൽ ഇന്നത്തെ ഒരു പതിനഞ്ചു ലക്ഷമെങ്കിലും വരും.)

ചെറുപ്പത്തിൽ മകനെ ഈ കഥ പറഞ്ഞുപറ്റിച്ചിട്ടുണ്ട്. ഇനി പേരക്കുട്ടിക്ക് ഈ കഥ പറഞ്ഞുകൊടുക്കണം. (പക്ഷേ, ഇതു പഴയ കാലമല്ല. ചിലപ്പോൾ അടി കിട്ടിയെന്നിരിക്കും !! നിങ്ങൾക്കെന്നെ തല്ലണമെന്നു തോന്നുന്നുണ്ടെങ്കിൽ ഞാൻ ജയിച്ചു. ന്നാ ഞാനങ്ങോട്ട് ……)

 

Facebooktwittergoogle_plusredditpinterestlinkedinmailby feather