അപ്പനെ ബച്ചേക്കേലിയെ !

(അല്പജ്ഞാനം ആപത്താണെന്ന് എന്റെ അപ്പൻ പറഞ്ഞ അനുഭവ കഥ ഒന്നു പങ്കുവയ്ക്കാം)

ഒരമ്പത്, അറുപതു വർഷമെങ്കിലും പിന്നിലേക്ക്:

അന്ന് അപ്പൻ വേളിമല റബ്ബർത്തോട്ടത്തിൽ കണ്ടക്ടർ (റബ്ബർ പ്ലാന്റിംഗ്, വെട്ടൽ, പാലെടുക്കൽ, അളവും ഗുണവും പരിശോധിക്കൽ, വളം ഇടൽ, മരുന്നടിക്കൽ, തൊഴിലാളികളെ മേയ്കൽ അങ്ങനെ എല്ലാ ജോലികളുടെയും മേൽനോട്ടം) ആയി ജോലിനോക്കുന്ന സമയം. അന്നൊക്കെ വലിയ പഠിത്തമുള്ളവർ നന്നേ ചുരുക്കം. പിന്നെ ജോലിക്കാരെ മേയിക്കുന്ന പണിക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസവും തടിമിടുക്കും പിന്നെ നിഘണ്ടുവിൽ ഇല്ലാത്ത ചില വാക്കുകൾ പ്രയോഗിക്കാനുള്ള സാമര്‍ത്ഥ്യവും ഒക്കെ മതിയായിരുന്നു. ആറടിക്കു മേലെ ഉയരവും അതിനൊത്ത തടിയും തന്റേടവും ഒക്കെ ഉള്ള ഒരു മനുഷ്യനായിരുന്നു എന്റെ അപ്പൻ. ലോവർ പ്രൈമറി നാലാംതരം കഴിഞ്ഞാൽപ്പിന്നെ കുറച്ചു വശമുള്ളവർ കുട്ടികളെ ഇംഗ്ലിഷ് മീഡിയത്തിൽ അന്നും ചേർക്കുമായിരുന്നു. അന്നൊക്കെ നാലാംതരം കഴിഞ്ഞാൽ preparatory എന്ന ക്ലാസ്സ് ആയിരുന്നു. (ഒന്നാം ക്ലാസ്സിലേക്ക് പോകുന്നതിനു മുമ്പുള്ള ഇന്നത്തെ LKG / UKG പഠനംപോലെ ഒരു മുന്നൊരുക്കം) പിന്നെ ഫസ്റ്റ് ഫോം, സെക്കന്റ് ഫോം എന്നിങ്ങനെ. സിക്സ്ത് ഫോം എന്നാൽ സ്കൂൾ ഫൈനൽ. (പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടില്ലേ “അവന്‍ സിക്സ്തും ഗുസ്തിയും ഒക്കെ പഠിച്ചവനാ” എന്ന് ) മലയാളംമീഡിയത്തിൽ 5, 6 എന്നിങ്ങനെ തുടരും. അന്നു ഹിന്ദി ഒരു വിഷയമേ അല്ലായിരുന്നു. പക്ഷേ ഒരു തേർഡ് ഫോം പഠിച്ച കുട്ടിക്ക് ഇംഗ്ലിഷ് വളരെ നന്നായി കൈകാര്യംചെയ്യാൻ സാധിച്ചിരുന്നു. അപ്പൻ തേർഡ് ഫോം പാസ്സായിരുന്നു. സായിപ്പന്മാരുടെകൂടെ ജോലി ചെയ്തിരുന്നതിനാൽ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്തിരുന്നു.

ഒരു ദിവസം ജോലിക്കാർക്കുള്ള ബോണസ് തുക കോട്ടയത്തുള്ള മെയിൻ ഓഫീസിൽനിന്ന് തോട്ടത്തിലേക്ക് അപ്പനു കൊണ്ടുപോകേണ്ടിവന്നു. അന്നു പേഴ്സ് ഒന്നും ഇല്ലായിരുന്നു. മടിശ്ശീല – (ഒരു ചെറിയ സഞ്ചി, അതിന്റെ വായ പാവാടയുടെ ചരടു കെട്ടുന്നതുപോലെ വലിക്കുമ്പോൾ അടയും) ആയിരുന്നു പ്രധാനം. ഈ മടിശീല അരയിൽ കെട്ടിവയ്ക്കും. (അങ്ങിനെയാണ് “മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂ” എന്ന ചൊല്ലു വന്നത്) അവിടങ്ങളിൽ ജോലിചെയ്തുവന്നിരുന്ന മലപ്പുറംമാപ്പിളമാരുടെ കൈയിൽനിന്നു വാങ്ങിയ ഒരു വീതിയേറിയ പച്ച ബെൽറ്റ്‌ ആയിരുന്നു അന്നത്തെ അപ്പന്റെ പണസഞ്ചി. പേർഷ്യൻ രാജ്യങ്ങളിൽനിന്നും (അതോ സിംഗപ്പൂരു നിന്നോ സിലോണിൽ നിന്നോ ?) കൊണ്ടുവന്നതാകാമെന്നു തോന്നുന്നു. ഇതിൽ നാലു വലിയ അറകൾ, ഒന്നുരണ്ടു ചെറിയ അറകൾ എന്നിവ തുകലിലും തുണിയിലും ഒക്കെ തയ്ച്ച് ചില ഇരുമ്പുകൊളുത്തുകളിൽ ഘടിപ്പിച്ചിരിക്കും. ഇതിന്നകത്തു തുക ഭദ്രമായി വച്ച് അരയിൽ കെട്ടിയാൽപ്പിന്നെ ഒരുമാതിരി പോക്കറ്റടിക്കാർക്കൊന്നും ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. അതിനിട്ടു ബ്ലേഡ് വച്ചാൽ കീറുകയുമില്ലായിരുന്നു. അന്നു മുണ്ടും വോയില്‍ ജൂബയും ആയിരുന്നു അപ്പന്റെ വേഷം. ജൂബയിലൂടെ ബെല്‍റ്റിന്റെ പച്ചനിറം വെളിയില്‍ കാണാമായിരുന്നു.

അതികാലത്ത് കോട്ടയത്തുനിന്നു മീറ്റർഗേജ് തീവണ്ടിപിടിച്ചാലേ വൈകുന്നെരമെങ്കിലും തിരുവനന്തപുരത്ത് എത്തൂ. പുക തുപ്പിത്തുപ്പി, കൂക്കുവിളിച്ച് ഇരുവശങ്ങളിലും എനിജിന്‍ കൈകാലിട്ടടിച്ചുള്ള ആ യാത്ര കഴിഞ്ഞാൽ ദേഹമാസകലം കരിയും പുകയും നിറയും. അന്നു പലകബെഞ്ചാണ് ഇരിപ്പിടം. മൂട്ടയുടെ ആവാസകേന്ദ്രമായിരുന്നു ഈ ശകടം. തമ്പാനൂർ തീവണ്ടിയാപ്പീസിൽ ട്രെയിനിറങ്ങി, ഊടുവഴിയിലൂടെ വേഗം തക്കല/നാഗർകോവിൽ ബസ് പിടിക്കാൻ അല്പം വേഗത്തിൽ നടന്നു. നേരം ഇരുട്ടിത്തുടങ്ങി. തക്കലെ ഇറങ്ങിയിട്ടു വേണം വേളിമലയ്ക്കുള്ള ബസ് പിടിക്കാൻ. അല്ലെങ്കിൽ ടാക്സികാർ പിടിക്കണം. നേരം വളരെ വൈകുന്നതിനു മുമ്പ് തോട്ടത്തിൽ എത്തിയില്ലെങ്കിൽ കാട്ടുമൃഗങ്ങൾ ആക്രമിക്കാനും സാധ്യതയുണ്ട്.

പിന്നാലെ ആരൊക്കെയോ വരുന്നു.” ബെല്റ്റിന്റെ കനം കണ്ട് അടുത്തുകൂടുന്നതായിരിക്കുമോ?” അപ്പന് ഒരു സംശയം. അപ്പൻ നടത്ത പിന്നെയും വേഗത്തിലാക്കി. അപ്പോളതാ ഒരു പഞ്ചാബി സിക്കുകാരൻ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അപ്പനു പിന്നാലെ. അപ്പന് ഒന്നും മനസ്സിലായില്ല. എന്നാൽ ഹിന്ദിയാണെന്നു മനസ്സിലായിതാനും.

റബ്ബർത്തോട്ടത്തിലെ വെട്ടു ഫെബ്രുവരിമുതൽ മെയ് വരെ നിറുത്തിവയ്ക്കും. അപ്പോൾമാത്രമാണ് അപ്പൻ വീട്ടിലുണ്ടാകാറുള്ളത്. അന്നു ഞങ്ങൾ, മക്കൾ അഞ്ചാറു പേർ നിരന്നിരുന്നുപഠിക്കുമ്പോൾ ഹിന്ദി ഒക്കെ കേട്ടുള്ള പരിചയം. അല്ലറചില്ലറ വാക്കുകൾ ഒരു തമാശക്ക് പഠിച്ചുംവച്ചിട്ടുണ്ട്. അതിൽ ഒരെണ്ണം എടുത്തു വീശി:

“ഹിന്ദി കുച്ച് നഹി മാലും’ –

അപ്പൻ വിചാരിച്ചു ഇങ്ങിനെ പറഞ്ഞാൽ അയാൾ പോയേക്കുമെന്ന്.

പഞ്ചാബി കരുതിക്കാണും “ഈശ്വരാ രക്ഷപെട്ടു, ഈ അന്യനാട്ടിൽ ഹിന്ദി അറിയുന്ന ഒരാളെങ്കിലും ഉണ്ടല്ലോ !”

അയാൾ വേഗം നടന്നു അപ്പനെ കടത്തിവെട്ടി പിന്നെയും ഹിന്ദിയിൽ പലതും ചോദിച്ചു. അപ്പോഴൊക്കെ ഈ മറുപടി അപ്പൻ ആവർത്തിച്ചു. അയാൾ വിടുന്ന മട്ടില്ല. അപ്പോഴാണ് അപ്പന് അടുത്ത വാചകം ഓർമ്മവന്നത്:

“ജൽദി ജാവോ”

ഇതോടെ ഇയാൾ ഓടിയേക്കും. അപ്പന്‍ പ്രത്യാശിച്ചു. അത് അതിനേക്കാളേറെ പുലിവാലായി എന്നു പറഞ്ഞാൽ മതിയല്ലോ. അപ്പോൾ പഞ്ചാബിക്ക് ഒരു കാര്യം ഉറപ്പായി…………………….. ഇയാൾക്ക് സാമാന്യം ഹിന്ദി അറിയാം.
അയാൾ വീണ്ടും പലതും ചോദിച്ചു. ഇതെങ്ങനെ ഒഴിവാക്കാം എന്ന് ഒന്നുകൂടെ ആലോചിച്ച് അപ്പൻ ഒരു പ്രയോഗംകൂടെ നടത്തിനോക്കി:

“അപ്പനെ ബച്ചേ കേലിയെ”

(അപ്പന്റെ വിചാരം ഇതിന്റെ അർഥം “അപ്പനെ വച്ചേക്കുകയില്ല” എന്നതായിരുന്നു. “അധികം എന്നോടു കളിച്ചാൽ നിന്നെ ഞാൻ വച്ചേക്കുകില്ല എന്നു പറയാൻ പറ്റുന്നില്ല” ഇതു കേട്ടാലെങ്കിലും അയാൾക്ക്‌ എന്റെ മനസ്സിലുള്ളത് മനസ്സിലാകുമല്ലോ” എന്നായിരുന്നു അപ്പന്റെ വിചാരം) അയാളെ വച്ചേക്കില്ല എന്നു കേട്ടാലെങ്കിലും അയാള്‍ പോയേക്കും, ഈ നശിച്ച ബാധ ഒഴിവാകും – അപ്പൻ വിചാരിച്ചു. പഞ്ചാബി ഒന്നുകൂടെ ഉഷാറായത് മിച്ചം. അപ്പൻ ആകെ വലഞ്ഞെന്നു പറഞ്ഞാൽ മതിയെല്ലോ.

പിന്നെ അപ്പന് ഹിന്ദി ഒരു വാക്കും അറിയാൻ പാടില്ലായിരുന്നു. ആവനാഴിയിലെ അവസാനയസ്ത്രവും തീർന്നു. പിന്നെയും പ്രതിയോഗി വഴി മുടക്കി, മുന്നിൽത്തന്നെ. അയാൾ വിടുന്ന മട്ടില്ല. അപ്പന് ഭയവും ഏറിയേറിവന്നു.

“ഇയാൾ എന്റെ പണം തട്ടിപ്പറിക്കാൻതന്നെ വന്നിരിക്കുന്നു.” അപ്പൻ ഉറപ്പിച്ചു.

പിന്നെ ഒന്നും ആലോചിച്ചില്ല. അരപ്പട്ടയിൽ എപ്പോഴും ഭദ്രമായി കൊണ്ടുനടക്കാറുള്ള മലപ്പുറംകത്തി ഉറയിൽനിന്ന് ഊരിപ്പിടിച്ചുകൊണ്ട്, മേല്പറഞ്ഞപോലെ നിഘണ്ടുവിൽ ഇല്ലാത്ത ചില പ്രത്യേകപദങ്ങൾ ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് പണ്ടു പഠിച്ച ചില കളരിച്ചുവടുകൾ കാട്ടി, സർദാർജിയെ ഒന്നു വിരട്ടി.

ഒരു നിമിഷം പകച്ചുപോയ സർദാർജി എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഒരൊറ്റ ഓട്ടം.

അപ്പൻ പറഞ്ഞതിന്റെയൊക്കെ ഹിന്ദിയിൽ ഉള്ള പരിഭാഷയാണോ ഹിന്ദി ഭാഷയിൽ നിഘണ്ടുവിൽ ഇല്ലാത്ത വാക്കുകളാണോ എന്ന് അപ്പനും മനസ്സിലായില്ല. ഏതായാലും അവസാനം രണ്ടു പേർക്കും പരസ്പരം നന്നായി മനസ്സിലായ സ്ഥിതിക്ക് കൂടുതൽ ചോദ്യങ്ങൾ ഒന്നുംതന്നെ സർദാർജിക്കു ചോദിക്കേണ്ടിയും വന്നകില്ല; ഉത്തരങ്ങൾ ഒന്നുംതന്നെ അപ്പനും പറയേണ്ടിയും വന്നില്ല. പഞ്ചാബിയുടെ പൊടിപോലും പിന്നെ കാണാനില്ലായിരുന്നു.

ഈ കഥ സ്വർഗ്ഗത്തിൽ ഇരുന്ന് വായിച്ച് കുഴിമാടത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന എന്റെ അപ്പൻ ഊറിച്ചിരിക്കുന്നുണ്ടാകണം.

(സ്വർഗ്ഗത്തിലെ നെറ്റ് കനെക്ടിവിറ്റി എന്താണെന്നറിയില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ അറിയിക്കണേ…. അപ്പനെ ഒന്നു ടാഗ് ചെയ്യാമായിരുന്നു. അവിടെയും ഇന്റർനെറ്റ് ഉണ്ടാവുമോ?? പണ്ടുപണ്ടേ ഇതൊക്കെ അവിടെ ഫിറ്റ്‌ ചെയ്തുവച്ചിട്ടായിരിക്കാം ജനിച്ചവരെ ഒക്കെ തിരികെവിളിക്കുന്നതും, കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷ കൊടുക്കുന്നതും. അല്ലെങ്കിലും ഇപ്പോള്‍ ഇതൊക്കെ ഇല്ലാത്ത ഒരു നരകോം ഇല്ലല്ലോ. ആവോ ആർക്കറിയാം ?)

സസ്നേഹം അപ്പന്റെ പാവനസ്മരണയ്ക്കു മുമ്പിൽ ഞാൻ ഇതു സമർപ്പിക്കുന്നു.

facebooktwittergoogle_plusredditpinterestlinkedinmail