അയ്യോ……………..ഓടി വായോ………….ഞാനിപ്പം ചാകുവേ….

ദയനീയവും അതേ സമയം ചെവി തുളയ്ക്കുന്നതുമായ രോദനം കേട്ട് ഞാൻ ഒരു നിമിഷം സ്തബ്ധനായി. സമയം രാത്രി 11- 11.30 ആയിക്കാണണം. ആരായിരിക്കും ഈ രാത്രിയിൽ ഇങ്ങനെ നിലവിളിക്കുന്നത്. ഒരു പുരുഷശബ്ദമാണല്ലോ ? കൂടെ മറ്റൊരാളുടെ കരച്ചിലും കേൾക്കുന്നുണ്ടോ ? രാത്രി കോഴിക്കോട് പാളയം ബസ് സ്റ്റോപ്പിൽ ഇറങ്ങി ലോഡ്ജിലേക്കെത്താൻ ആഞ്ഞുനടക്കുന്നതിനിടയിലാണ് വഴിയിൽനിന്ന് ഉദ്ദേശം 100 മീറ്റർ മാറിയുള്ള ഒരു വീട്ടിൽനിന്നു കരച്ചിൽ കേൾക്കുന്നത്. ഉടൻതന്നെ സ്ഥലജലവിഭ്രമത്തിൽനിന്നു മോചിതനായി, ശബ്ദം കേട്ട ദിക്കിലേക്ക് ഓടി. എന്തും വരട്ടെ, അപകടത്തിൽപ്പെട്ടവരെ സഹായിക്കണമല്ലോ.

രാത്രിയിൽ ഒന്നും കാണാൻ കഴിയുന്നില്ല. ഒരു വീടിന്റെ പിന്നിൽനിന്ന് ഒരാൾ നിലവിളിക്കുന്നുമുണ്ട്. മതിൽ ചാടി, അകത്തു കടന്നു സൂക്ഷിച്ചുനോക്കിയപ്പോൾ അതാ കുറച്ചുയരത്തിലുള്ള കുറിയ ജനലിന്റെ (VENTILATOR) ഉള്ളിൽനിന്ന് ഒരാളുടെ ശരീരത്തിന്റെ പകുതി ഭാഗം വെളിയിൽ കാണുന്നു. ഇളവൂർ തൂക്കം മാതിരി വയർഭാഗം ജനലിന്റെ വിലങ്ങനെയുള്ള കമ്പിയിൽ !! ഉടലിന്റെ പകുതി പുറത്തു തൂങ്ങിയും പിൻഭാഗം അകത്തും. അയാൾ വേദനകൊണ്ട് ഞരങ്ങുന്നുണ്ട്. ശ്വാസം തടഞ്ഞപോലെ വിമ്മിട്ടപ്പെടുന്നുമുണ്ട്.

എന്റെ ഉള്ളൊന്നു കിടുങ്ങി. “രാത്രിയിൽ മോഷ്ടിക്കാനിറങ്ങി, കുടുങ്ങിയിട്ട് കിടന്നുനിലവിളിക്കുന്നു ശവങ്ങൾ.” ഞാൻ മുരണ്ടു. താഴെ നിന്ന ആൾ എന്റെ കാലു പിടിച്ചു ” അയ്യോ ചേട്ടാ ഞങ്ങൾ കള്ളന്മാരല്ല. താക്കോൽ പോയപ്പോൾ പിന്നിൽക്കൂടെ കയറാൻ ശ്രമിച്ചതാ…..രക്ഷിക്കണം”…

നേരോ നുണയോ ?

ഞാൻ ഒന്നു ശങ്കിച്ചു. തൂങ്ങിക്കിടക്കുന്നയാളുടെ ദീനരോദനം സഹിക്കാൻ പറ്റുന്നില്ല. പിന്നെ താമസിച്ചില്ല രക്ഷാപ്രവർത്തനം തുടങ്ങി. അപ്പോഴേക്കും നാലഞ്ചാളുകൾകൂടെ ഒച്ചയും ബഹളവും കേട്ട് വന്നുകൂടി. എല്ലാവരുംകൂടെ ഒരാളെ തോളിലേറ്റി അയാളെക്കൊണ്ട് തൂങ്ങിക്കിടക്കുന്നായാളെ താങ്ങി, പൊക്കിപ്പിടിച്ച് കാലു വലിച്ചൂരാൻ ശ്രമിച്ചു. വലിക്കുമ്പോഴൊക്കെ അയാൾ നിലവിളിച്ചു. വയർ കമ്പിയിൽ കുടുങ്ങിക്കിടക്കായാണല്ലോ. എന്തു ചെയ്യും ദൈവമേ ! ഇരുട്ടത്ത് ഒന്നും കാണാനും വയ്യ; വിടാനും വയ്യ. അങ്ങനെ ഞങ്ങൾ കുറേപ്പേർ ത്രിശങ്കുസ്വർഗ്ഗത്തിൽ നിന്നുകൊണ്ട് ഒരു മണിക്കൂറോളം ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. അയല്പക്കത്തുനിന്ന് ഒരു മേശ കൊണ്ടുവന്ന് ഞങ്ങൾ അതിൽ കയറിനിന്ന് ടിയാനെ മാറിമാറി, താങ്ങിനിറുത്തി ഇതിനിടെയൊക്കെ അയാൾ കാലു വലിച്ചൂരാൻ സ്വയം ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഒരു കാലെങ്കിലും അകത്തു ചവിട്ടാൻ സാധിക്കണ്ടേ?

മേശപ്പുറത്തു കയറിനിന്ന് ഉയർത്തിയപ്പോൾ എന്തോ അയാളുടെ വയർഭാഗം കുറച്ചുയർന്നു. കാല് എങ്ങനെയോ ഊരിപ്പോന്നു. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ പരിശോധിച്ചപ്പോൾ അയാളുടെ കാലിന്റെ കുറെ തൊലി നഷ്ടപ്പെട്ടിരുന്നു. മറ്റു കുഴപ്പങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു. ആകെ അവശനായ അയാളെ സോഡയും വെള്ളവും ഒക്കെ കൊടുത്ത് ഒരുമാതിരി ജീവൻ വീണപ്പോൾ ഞങ്ങൾ ചോദ്യംചെയ്തു.

അയൽവാസികൾ അവരെ കണ്ടിട്ടുണ്ട്. അവിടെ സാധാരണ അവർ വരാറുണ്ട്. പക്ഷേ അവിടുത്തെ താമസക്കാർ അല്ലതാനും. ഇതിലെന്തോ ഉണ്ടെന്നു ഞങ്ങൾ ന്യായമായും ശങ്കിച്ചു.

ഒരു ബാങ്കുമാനേജരുടെ വാടകവീടായിരുന്നു അത്. ഇവർ രണ്ടു പേരും അവിടുത്തെ നാലാം ക്ലാസ് ജീവനക്കാരും. മാനേജർ നാട്ടിൽ പോയപ്പോൾ ഇവരെ നോക്കാൻ എല്പിച്ചതാണത്രേ. ജോലി കഴിഞ്ഞ് ഫസ്റ്റ് ഷോ, സെക്കന്റ് ഷോ എന്നിവ കണ്ടു, തിരിച്ചിറങ്ങി വീട്ടിലെത്തിയപ്പോൾ പാന്റ്സിന്റെ കീശയിലിട്ടിരുന്ന ചാവി ഓട്ടയിലൂടെ രക്ഷപെട്ട കാര്യം ഇവർ അറിഞ്ഞില്ല. പിന്നെ എന്തു ചെയ്യും ? കുറുക്കുവഴി നോക്കിയതാണ് ഈ ഗതികേടിൽ എത്തിച്ചത് !

അവർ പിന്നെയും കുത്തിയിരുന്നു കരയാൻ തുടങ്ങി. ” എന്താ കാര്യം ? രക്ഷപെട്ടില്ലേ ??” ഞങ്ങൾ തിരക്കി. “അതല്ല സാറുമ്മാരേ…… നാളെ വെളുപ്പിനെയുള്ള ട്രെയിനിൽ മാനേജരും കുടുംബവും മദ്രാസിൽനിന്നെത്തും. വീട്ടിൽ കയറാൻ പറ്റിയില്ലെങ്കിൽ ഞങ്ങളെ പോലീസിൽ എല്പിക്കും. ഞങ്ങളുടെ കഞ്ഞികുടി തീരും. എങ്ങിനെയെങ്കിലും രക്ഷിക്കണം… ങ്ങി… ഹീ …..” രണ്ടു പേരും മൂക്കു പിഴിഞ്ഞ് തറയിൽ ഒഴിച്ചു.

ഈശ്വരാ…മണി രണ്ടായി. നാളെ രാവിലെ എനിക്കും ജോലിക്കു പോകണം. ഇവറ്റകളെ ഇങ്ങനെ ഇട്ടിട്ടു പോകാനും തോന്നുന്നില്ല. ഞങ്ങൾ എല്ലാവരും വീടിനു ചുറ്റും നടന്നുനോക്കി. എന്തെങ്കിലും ഒരു പഴുതുണ്ടോ ? ആകെ ഉള്ളത് ഒരു മണ്ണെണ്ണവിളക്കാണ്.

അങ്ങിനെ കുറെ ചുറ്റിനടന്ന ഒരു വിരുതൻ ” ദേ…..ഒരു വാതിൽ തുറന്നുകിടക്കുന്നു ” എന്ന് ഉച്ചത്തിൽ കൂവി. എല്ലാവരും അങ്ങോട്ടേക്ക് ഓടി. ശരിയായിരുന്നു, ഇവർ വീടു പൂട്ടി, പോയ സമയത്ത് സമയക്കുറവുമൂലം എല്ലാം പരിശോധിച്ചില്ല. സിനിമ തുടങ്ങിയാൽ പിന്നെ പോയിട്ടും കാര്യമില്ലല്ലോ. പിന്നിലത്തെ ഒരു വാതിൽ തുറന്നുതന്നെ കിടന്നിരുന്നു. രണ്ടു പേരും തലയ്ക്കടിച്ചുനിലത്തിരുന്നുപോയി. “ഈ ഗുലുമാലൊക്കെ വേണ്ടിയിരുന്നോ ദൈവമേ !!” അവർ സ്വയം പിറുപിറുത്തു.

ചാവി പോയ വിഷമത്തിൽ സ്തബ്ധരായ ഇവർ മറ്റൊന്നും നോക്കാതെ വെന്റിലെറ്റെറിൽക്കൂടെ ഇറങ്ങാൻ നോക്കിയതാണ് അപകടത്തിൽ കലാശിച്ചത്.

(ഇതിലെ ഞാൻ എന്ന കഥാപാത്രം മാത്രം സങ്കല്പികമാണ്; സംഭവം യഥാർത്ഥവും. രണ്ടു പേരും എന്റെകൂടെ ജോലി ചെയ്തിരുന്നവരാണ്. ഒരാളിൽനിന്നു കേട്ട ഈ കഥ എന്റെ ശൈലിയിൽ പകർത്തിയതാണ്. മറ്റെയാൾ സ്വർഗ്ഗലോകം പൂകിയിട്ടു വർഷം 15 കഴിഞ്ഞു)

facebooktwittergoogle_plusredditpinterestlinkedinmail