മാവേലി നാടുവാണീടുംകാലം

Maveli 1Maveli 2Maveli 3Maveli 4 എന്ന സുപ്രസിദ്ധമായ ഓണപ്പാട്ട് എല്ലാവരും കേട്ടിട്ടുണ്ടല്ലോ. ഇത് കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവോത്ഥാനനായകനായ സഹോദരൻ അയ്യപ്പനാണ് രചിച്ചതെന്ന് പലരും അവകാശപ്പെടുന്നുണ്ട്. 21 August 1889 – 6 March 1968 ആണ് സഹോദരൻ അയ്യപ്പൻറെ കാലഘട്ടം.

ശ്രീമാൻ Shiju Alex ന്റെ ഗവേഷണത്തിൽനിന്നു കിട്ടിയ ഈ “ഒന്നാം രണ്ടാം പാഠത്തിൽ” ഉൾപ്പെടുത്തിയിട്ടുള്ള ഈ പാട്ട് നമ്മൾ പഠിച്ചതുമായി അടിമുടിവ്യത്യാസമുണ്ട്. മംഗലാപുരത്ത് 1909 ൽ അച്ചടിച്ച ഈ പുസ്തകത്തിലെ പദ്യത്തിൽ ഒരിടത്തും വാമനനെയോ മഹാവിഷ്ണുവിനെയോ കാണ്മാനില്ല. എന്നാൽ മഹാദേവന്റെ പിറന്നാളാണിതെന്നും അദ്ദേഹത്തെ പൂജിക്കണമെന്നും എല്ലാവരും തൃക്കാക്കരയ്ക്കു പോകണമെന്നും പറയുന്നുണ്ട്. ഉത്രാടം അസ്തമിക്കുമ്പോൾ മാദേവനെ എഴുന്നള്ളിക്കണമെന്നും പറയുന്നുണ്ട്.

ശിവപൂജ എങ്ങനെ വിഷ്ണുപൂജയായിമാറി !!

ഈ താളിയോലയുടെ രചനാകാലഘട്ടം 1859 നു മുമ്പാണെന്നാണ് ശ്രീ ഷിജുവിന്റെ വിവരണത്തിൽനിന്നു മനസ്സിലാകുന്നത്; അതായത് സഹോദരൻ അയ്യപ്പന്റെ ജനനത്തിനു കുറഞ്ഞത് 30 വർഷം മുമ്പ്.

തൃക്കാക്കരയുള്ള പ്രസിദ്ധമായ വാമനക്ഷേത്രത്തിൽ ശ്രീപരമേശ്വരന്റെ പ്രതിഷ്ഠ ഇല്ല. എന്നാൽ തൊട്ടടുത്തായി ശിവക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി വലിയ അറിവൊന്നുമില്ലെന്നാണ് വിക്കിപ്പീടിയ പറയുന്നത്.

മൂന്നാമത്തെ ഈരടിതൊട്ടാണ് രണ്ടുംതമ്മിൽ ഈ വ്യത്യാസം കാണുന്നത്. തന്നെയുമല്ല ബാക്കിയുള്ള വരികൾക്കൊന്നും “മൂലകൃതിയുമായി,” ഇടയ്ക്കിടെ ചേർത്തിട്ടുള്ള ചില വരികളൊഴിച്ചാൽ, വലിയ ബന്ധവുമില്ല. ഇതെങ്ങനെ സംഭവിച്ചു ??

സഹോദരൻ അയ്യപ്പന്റെ രചന എന്നുള്ള രീതിയിൽ നെറ്റിൽനിന്നു കിട്ടിയത് താഴെച്ചേർക്കുന്നു; അതും പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്നതുമായി ഒന്നു താരതമ്യപ്പെടുത്തിനോക്കൂ:

മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല –
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും –
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
ആധികൾ വ്യാധികളൊന്നുമില്ല –
ബാലമരണങ്ങൾ കേൾക്കാനില്ല
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെ ഇല്ലപാരിൽ
തീണ്ടലുമില്ല തൊടീലുമില്ല –
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല –
ജീവിയെക്കൊല്ലുന്നയാഗമില്ല
ദല്ലാൾവഴി ക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല –
മൂലധനത്തിൻ ഞെരുക്കമില്ല
ആവതവരവർ ചെയ്തുനാട്ടിൽ –
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യപഠിക്കാൻ വഴിയേവർക്കും –
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനുംതുല്ല്യമായി-
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം
കാലിക്കുകൂടി ചികിത്സ ചെയ്യാൻ –
ആലയം സ്ഥാപിച്ചിതന്നു മർത്യർ
സൗഗതരേവം പരിഷ്കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി-
ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശല മാർന്നൊരു വാമനനെ –
വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ –
ശീർഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു –
മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വർണ്ണവിഭാഗ വ്യവസ്ഥ വന്നു –
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യനശുദ്ധനാക്കും –
മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലിൽകേറി –
തന്നിൽബലിഷ്ടന്റെകാലുതാങ്ങും
സ്നേഹവും നാണവും കെട്ടരീതി-
മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻവിയർപ്പുഞെക്കി-
നക്കിക്കുടിച്ചു മടിയർവീർത്തു
നന്ദിയും ദീനകരുണതാനും –
തിന്നു കൊഴുത്തിവർക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ –
ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ
സ്ത്രീകളിവർക്കുകളിപ്പാനുള്ള
പാവകളെന്നു വരുത്തിവെച്ചു
ആന്ധ്യമസൂയയും മൂത്തു പാരം –
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം പുറത്തു നിന്നു –
മെത്തിയോർക്കൊക്കെയടിമപ്പെട്ടു
എത്രനൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.
———————————-

Facebooktwittergoogle_plusredditpinterestlinkedinmailby feather