പൌര ധർമ്മം

കഴിഞ്ഞ ദിവസം പുതിയ ഒരു വാഹന രേജിഷ്ട്രേഷനുമായി ബന്ധപ്പെട്ടു RTO യിൽ പോകേണ്ടി വന്നു. സർക്കാർ കാര്യമല്ലേ മുറപോലെ ആകും, എന്ന വിചാരത്താൽ ഒരു പത്രവും കൈയിൽക്കരുതി. Q നിൽക്കുമ്പോൾ പത്രം നിവർത്തി വായിച്ചു. നിയമവിരുദ്ധമായി അതിൽ വച്ചിരുന്ന ഒരു പരസ്യക്കടലാസ് താഴേക്ക് വീണു. അത് ഞാൻ ഗൌനിച്ചില്ല. ഇതിനു മുൻപ് അവിടെ പോയപ്പോഴെല്ലാം ഇങ്ങനെ തുണ്ട് കടലാസുകൾ നിരന്നും കൂടിയുമൊക്കെ കിടന്നതിനാൽ അതിനൊരു പ്രാധാന്യവും ഞാൻ കൊടുത്തില്ല. എന്നാൽ എന്റെ നിസ്സംഗഭാവം അവിടെ നിന്നിരുന്ന ഒരു പെണ്‍കുട്ടിയെ ആലോസരപ്പെടുത്തിയെന്നു തോന്നി. കുറെ നേരമായിട്ടും ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് മനസ്സിലാക്കി ആ കുട്ടി വന്നു എന്റെ അടുത്തുനിന്നും ആ കടലാസ് കഷണം എടുത്തു കൊണ്ട് പോയി ചവർകൂടയിൽ നിക്ഷേപിച്ചു. ഞാൻ ചുറ്റും നോക്കി. അവിടെയെങ്ങും ഒരു കടലാസ് തുണ്ടും കിടപ്പില്ല. എല്ലാം കാലത്ത് അടിച്ചു വാരി വൃത്തിയാക്കി ഇട്ടിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഒരു നിമിഷം ഞാൻ പകച്ചു. എന്ത് ചെയ്യാൻ?? ഒരു 20 വയസ്സ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയുടെ മുന്നിൽ ഞാൻ ചെറുതായിച്ചെറുതായി, അലിഞ്ഞലിഞ്ഞില്ലാതായി. മറ്റേതെങ്കിലും അവസരമായിരുന്നെങ്കിൽ അവിടെ നിന്നും ഉടൻ തന്നെ നിഷ്ക്രമിക്കാമായിരുന്നു. ഇത് പക്ഷെ “സർക്കാർ കാര്യമല്ലേ??” പത്രം കുറച്ചു കൂടി ഉയർത്തി എന്റെ നരച്ച തലയും താടിയും അതിലേക്കു ഞാൻ പൂഴ്ത്തി.

facebooktwittergoogle_plusredditpinterestlinkedinmail