3 – Box Hill

ലണ്ടനിൽനിന്ന് ഏകദേശം 30 മിനിറ്റ് കാറോടിച്ചാൽ SURREY HILLS ന്റെ ഭാഗമായ ബോക്സ് ഹിൽ എന്ന പ്രകൃതിരമണീയമായ, കുന്നും അതിന്റെ താഴ്വരയും കാണാനാകും. വളരെയേറെ ആളുകൾ സന്ദർശിക്കാൻ എത്തുന്നുണ്ട്. കുന്നിൻമുകളിലെ കാഴ്ചയും മുകളിൽനിന്നു താഴേക്കുള്ള കാഴ്ചയും നയനാനന്ദകരംതന്നെ.

താഴെ കള്ളികളായി തിരിച്ചിട്ട വിശാലമായ പുൽമേടുകൾ. ഇടയ്ക്കിടെ അതിനെല്ലാം അതിരിട്ടമാതിരി മരങ്ങളുടെ നീണ്ട നിര. താഴ്വാരത്തിന്റെ വശ്യമായ മാടിവിളി സഹിക്കാഞ്ഞ് ഞങ്ങൾ തഴേക്കിറങ്ങാൻതുടങ്ങി. ഒരു മണിക്കൂർ ഇറങ്ങിയിട്ടും താഴെ എത്തിയില്ല.  കുത്തനിറക്കമായതിനാൽ കുറെ സ്ഥലത്ത് തടികൊണ്ടുള്ള പടികൾ ചട്ടംകൂട്ടിയിട്ടിരിക്കുന്നു. ചിലവയിൽ നിറയെ മണ്ണുണ്ട്. മറ്റുള്ളവയിൽ നിന്നു മണ്ണ് ഒലിച്ചുപോയിരിക്കുന്നു. അല്ലെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തടി മണ്ണിൽ ഇങ്ങനെ കിടക്കുമോ ? തേയ്മാനം കണ്ടാലറിയാം അതിന്റെ പഴക്കം. ഇവിടെ ചിതലിന്റെ ഉപദ്രവം ഇല്ലെന്നുതന്നെ പറയാം. അല്ലെങ്കിൽ ഇങ്ങനെ തടി മണ്ണിൽ കിടക്കുമോ. ചുടുകട്ട ഉപയോഗിച്ചിട്ടേയില്ല.

കാട്ടിലൂടെയാണ് ഇറക്കം. പക്ഷെ ഒരു കാട്ടുമൃഗംപോലും ഇല്ല. താഴെ എത്തിയപ്പോഴേക്കും ഞങ്ങൾ ആകെ അവശരായിരുന്നു. എല്ലാവരുടെയും കാലിലെ പേശികൾ വിറയ്ക്കുന്നുണ്ട്. നിരപ്പിലൂടെപ്പോലും നടക്കാൻ വയ്യാത്ത അവസ്ഥ. ഇനി എങ്ങിനെ മുകളിലേക്കു കയറും. എന്തു വന്നാലും ഞാനും ഭാര്യയും മുകളിലേക്കില്ല എന്നു തീർത്തുപറഞ്ഞു. മകനും കൂട്ടുകാരും തിരികെനടന്നു.

കുറെക്കഴിഞ്ഞ് ഞങ്ങൾ ഒരു ചെറിയ തോടിനു കുറുകെ സ്ഥാപിച്ച സ്റെപ്പിംഗ് സ്റോണ് എന്ന സിമന്റുകുറ്റികൾക്കു മീതെ കുരങ്ങന്മാരുടെമാതിരി ചാടിച്ചാടി അക്കരെയെത്തി.

നല്ല കണ്ണീർപോലെയുള്ള ആ ജലം ഉപയോഗശൂന്യമാണെന്നും, ഇറങ്ങുന്നവർ മുറിവുകൾ സൂക്ഷിക്കണമെന്നും ബോർഡ് വച്ചിട്ടുണ്ട് – വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി, പേടിപ്പിക്കുന്നപോലെ. ചാലിയാറും, പെരിയാറും ഒഴുക്കിത്തരുന്ന രാസമാലിന്യം അപ്പടി വിഴുങ്ങുന്ന നാട്ടിൽനിന്നാണ് ഞങ്ങൾ വന്നിരിക്കുന്നത് എന്ന് ഇവരോടൊന്നും ഞങ്ങൾ പറഞ്ഞില്ല. നമ്മുടെ ടൂറിസം നിലനിന്നുപോകട്ടെ.. കളി ഞങ്ങളോട് വേണ്ടാ സായിപ്പേ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

ഷൂസ് ഇട്ടിരിക്കുന്നതിനാലും തണുപ്പ് സഹിക്കാൻ വയ്യാത്തതിനാലുംമാത്രം ഞാൻ വെള്ളത്തിൽ കളിക്കാൻ പോയില്ല.
വേറൊരു ഭാഗത്ത് തടികൊണ്ടുള്ള ഒരു ചെറിയ ഫുട്ബ്രിഡ്ജ് എന്ന പാലവും കണ്ടു. നമ്മുടെ കുട്ടനാട്ടിൽ ഇതുപോലെ എത്രയോ ആയിരക്കണക്കിന് പാലങ്ങൾ കണ്ടിരിക്കുന്നു.

പക്ഷേ, ഇതു വളരെ പരിപാവനമായിട്ടാണിവർ സൂക്ഷിച്ചിരിക്കുന്നത്. രണ്ടു മണിക്കൂർ കഴിഞ്ഞ് മകൻ കാറുമായി ചുറ്റിവളഞ്ഞ് താഴെയെത്തി. കാർ പാർക്ക് ചെയ്യുന്നിടത്ത് കള്ളന്മാരെ സൂക്ഷിക്കണം എന്ന ബോർഡും വച്ചിട്ടുണ്ട്.

[തുടരും]

facebooktwittergoogle_plusredditpinterestlinkedinmail