7 – ബ്രൈട്ടൻ കൃത്രിമമരീന

 

ലണ്ടനിൽ നിന്നും ഒന്നര മണിക്കൂർ നേരെ തെക്കോട്ട് യാത്ര ചെയ്താൽ ബ്രൈട്ടൻ എന്ന കടൽത്തീരത്തെത്താം. അവിടെ 127 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന, ബ്രിട്ടനിലെ ഏറ്റവും വലിയ, കൃത്രിമ മരീനയുണ്ട്. ഈ മനോഹരതീരം ലണ്ടനിൽ വരുന്ന എല്ലാവർക്കും പെട്ടെന്നുതന്നെ എത്തിച്ചേരാവുന്ന ഒരു നല്ല വിനോദകേന്ദ്രമായതിനാൽ നല്ല തിരക്ക് എപ്പോഴും ഉണ്ട്.

 

1600 പായ് വഞ്ചികൾക്കു ബെർത്ത് ചെയ്യാനുള്ള സൌകര്യമുള്ള ഇവിടം Yatch Harbour Association ന്റെ 5 സ്വർണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. പ്രവേശനം സൌജന്യം.

 

 

കുട്ടികൾക്കും മുതിർന്നവർക്കും പല പല കേളികളിൽ ഏർപ്പെടാവുന്ന പല തരം വിനോദോപാധികൾ വിശാലമായ ആ സമുച്ചയത്തിൽ ഒരുക്കിയിരിക്കുന്നു.

 

ബാറുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ എന്ന് വേണ്ട, ഒരുമാതിരി അവിടെ ഇല്ലാത്തതൊന്നും ഇല്ല. ലണ്ടൻ ഐ മാതിരി വലിയ ഒരു വീൽ അവിടെയും സ്ഥാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വാഹനങ്ങൾ അതിനടുത്തുള്ള നെടുനീളൻ പാർക്കിംഗ് ഏരിയയിൽ കിടക്കുന്നു. അവിടെയെങ്ങും സൂചി കുത്താൻ ഇടമില്ല.

 

ഞങ്ങൾ ഞായറാഴ്ച 2 മണിക്കാണ് ചെന്നത്. വെയിൽ അസഹ്യം. യാത്രാവേളയിൽത്തന്നെ പാന്റ്സിന്റെ മുകളിലൂടെ തുളച്ചു കയറുന്ന വെയിലിനെ വൃത്താന്തപത്രം ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. അവിടെയെങ്ങും പാർക്ക് ചെയ്യാൻ സ്ഥലം കിട്ടിയില്ല. വെയിലിന്റെ കാഠിന്യം കാരണം തല വെളിയിൽ കാണിക്കാനും തോന്നിയില്ല.

 

 

ഒരു വിധത്തിൽ അവിടെയുള്ള നാലുനില പാർക്കിംഗ് കെട്ടിടത്തിൽ എത്തി കാർ പാര്ക്ക് ചെയ്ത്, കുട പിടിച്ചു പുറത്തിറങ്ങി. ഞങ്ങളെയല്ലാതെ കുട പിടിച്ചു വേറെ ആരെയും അവിടെ കണ്ടില്ല. എല്ലാവരും ഏതോ വിചിത്രജീവികളെ കണ്ട മാതിരി ഞങ്ങളെ നോക്കി ചിരിക്കാൻ തുടങ്ങി. എന്ത് ചെയ്യാം. ഞങ്ങൾക്കാണെങ്കിൽ പൊള്ളൽ സഹിക്കാനും വയ്യാ. ഒരു വിധത്തിൽ McDonald ‘s എന്ന വ്യവസായ ഭീമന്റെ ഹോട്ടലിൽ കയറി ഓരോ ഐസ് ക്രീമും വാങ്ങി ആസ്വദിച്ചു നേരം കൊല്ലാൻ 2 മണിക്കൂറോളം അവിടെ ഇരുന്നു.

 

 

പുറത്തിറങ്ങി നോക്കി. ഒരു രക്ഷയും ഇല്ല. വെയിൽ അസഹ്യം. sea gull എന്ന കടല്ക്കാക്ക അവിടെ ഇഷ്ടം പോലെ.

 

 

സായിപ്പന്മാരും മദാമ്മമാരും കുട്ടികളും ഒക്കെ അവിടെ അല്പവസ്ത്രധാരികളായി നടക്കുന്നു ഞങ്ങൾ മുഴുവൻ മൂടിയിട്ടും സഹിക്കാൻ പറ്റുന്നില്ല. തിരികെ പോരാനേ ഞങ്ങൾക്ക് പിന്നെ വഴിയുണ്ടായിരുന്നുള്ളൂ. പലതും കാണാൻ സാധിച്ചില്ല. പോരുന്ന വഴിക്ക് ചില ചിത്രങ്ങൾ കാറിനുള്ളിൽ ഇരുന്നു എടുത്തതുമാത്രം മിച്ചം. തീരം നീളെ വൈറ്റ് ക്ലിഫ് എന്ന ചുണ്ണാമ്പ് കല്ലുകൾ. ഡോവർ എന്ന കിഴക്കുവശം വരെ നീളുന്നുണ്ടാവണം.

 

 

തുടരും….

facebooktwittergoogle_plusredditpinterestlinkedinmail