ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ – ഒന്നാം അദ്ധ്യായം.

IMG_0701
വയസ്സ് കാലത്ത് ഇംഗ്ലണ്ട് സന്ദർശിക്കാൻ ഒരവസരം ദൈവഗത്യാ വീണു കിട്ടി. മകനും മരുമകളും അവിടെ ജോലി ചെയ്യുന്നു. എനിക്കാണെങ്കിൽ വാതവും ഭാര്യയ്ക്കാനെങ്കിൽ ആസ്മയും. എന്തെങ്കിലും വരട്ടെ. വന്ന ഭാഗ്യം കൈവിട്ടു കളയരുതല്ലോ. ഭിഷഗ്വരനോട് ചോദിച്ചു അവശ്യം വേണ്ട മരുന്നുകൾ, എണ്ണ, കുഴമ്പ് എന്നീ വഹകൾ ശേഖരിച്ചു. അവിടെ ചെല്ലുമ്പോൾ ഇടാനുള്ള കമ്പിളി ഉടുപ്പുകൾ, സോക്സ്‌, ഷൂസ് എന്നിവ വാങ്ങി. (പക്ഷേ, ഇതൊക്കെ അവിടുത്തെ തണുപ്പിനു ഒട്ടും യോജിക്കുന്നവയല്ലായിരുന്നു)

2013 ജൂണ് 13 നു കാലത്ത് 6 മണിക്ക് വീട്ടിൽ നിന്നിറങ്ങി 10.30 നു നെടുംബാശ്ശേരിയിൽ നിന്നും എമിരേറ്റ്സ് വിമാനത്തിൽ യാത്ര തുടങ്ങി. ഒരാൾക്ക് ചരക്കു വകയിൽ 30 കിലോഗ്രാം ഒരു പെട്ടിയിൽ കൊണ്ട് പോകാം. അതിൽ എണ്ണയോ അച്ചാറോ തേങ്ങയോ ഒക്കെ ആകാം. മരുന്നുണ്ടെങ്കിൽ ഡോക്ടറുടെ കുറിപ്പും ബില്ലും വയ്ക്കണം. എന്തെല്ലാം ഉണ്ടെന്നു അകത്തു കയറുമ്പോൾത്തന്നെ പറഞ്ഞിരിക്കണം. കയ്യിൽ 6-7 കിലോഗ്രാം കൊണ്ട് പോകാം. പക്ഷേ, മേൽപ്പറഞ്ഞ ഒന്നും തന്നെ അതിൽ വയ്ക്കാൻ പാടില്ല.

വിമാനം ഉയർന്നപ്പോൾ ചെവിയിൽ എന്തൊക്കെയോ ഒരു അസ്വസ്ഥത. ഇടയ്ക്കിടെ അടയും തുറക്കും. കുറെ കഴിഞ്ഞപ്പോൾ നിന്നു. ഒരു മിട്ടായി വായിൽ ഇട്ടിരുന്നെങ്കിൽ ഇങ്ങിനെ ഉണ്ടാകില്ലായിരുന്നു. ഒരു മിനിട്ടിനുള്ളിൽ താഴത്തെ കാഴ്ചകൾ മേഘം മറച്ചു.

കിന്നരിയും തൊപ്പിയും വച്ച തരുണീ തരുണന്മാർ ഇടയ്ക്കിടെ പഴച്ചാറും കൊറിക്കാനുള്ള വഹകളും തന്നുകൊണ്ടിരുന്നു. ചിലർ വീഞ്ഞും ചിലർ ബിയറും മറ്റു ചിലർ മദ്യവും സേവിച്ചു കൊണ്ടിരുന്നു.

ഞങ്ങളുടെ ഇടതു വശത്തെ വരിയിൽ ഇരുന്നിരുന്ന ഒരാൾ തുടക്കം മുതൽ തന്നെ ചില വിക്രിയകൾ കാട്ടിക്കൊണ്ടിരുന്നു. അയാളും രണ്ടു പെഗ് വീശി. 10 മിനിട്ടിനുള്ളിൽ അയാളുടെ സംസാരം ഉച്ചത്തിലായി. അയാൾ കുവൈറ്റിലേക്കാണത്രെ. കാലത്ത് വല്ല കൊട്ടുവടിയും വീശിക്കാണും . സക്കാത്തിൽ കിട്ടിയതും വീശി അയാൾ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. ഞങ്ങൾ സാകൂതം അതൊക്കെ നിരീക്ഷിച്ചു കൊണ്ടിരുന്നു. കുറെക്കഴിഞ്ഞപ്പോൾ അയാൾ ഇരുന്നിടത്തു തന്നെ ഛർദ്ദിച്ചു. ഒരു എയർ ഹോസ്റെസ്സ് വന്ന്, വളരെ മാന്യമായി, ടോയ്ലറ്റിൽ പോയി ഛർദ്ദിക്കുവാൻ, അയാളോട്  ആവശ്യപ്പെട്ടു. അയാൾ പോയിട്ട് തിരികെ വന്നു വീണ്ടും തുടങ്ങി. അപ്പോൾ അവർ അയാൾക്ക് ഒരു പ്ലാസ്റ്റിക് ബാഗ് കൊടുത്ത് അതിൽ സാധിക്കാൻ ആവശ്യപ്പെട്ടു. അയാൾക്കുണ്ടോ ബോധം. അവിടെയൊക്കെ അയാൾ നാശമാക്കി എന്ന് പറഞ്ഞാൽ മതിയെല്ലോ. കൂടെ ഇരുന്നിരുന്ന ചില വിദേശികൾ അപ്പോൾത്തന്നെ എഴുന്നേറ്റു മാറിയതിനാൽ മറ്റു കുഴപ്പം ഒന്നും ഉണ്ടായില്ല. നാട്ടിലെങ്ങാൻ ആയിരുന്നെങ്കിൽ വലിച്ചു കീറി കൊട്ടയിലാക്കിയേനെ.

നമ്മുടെ നാടിനെക്കുറിച്ച് വിദേശികൾക്ക് നല്ല മതിപ്പുളവായിരിക്കും !!

ഉച്ചയ്ക്ക് ഒന്നര ആയപ്പോൾ ദുബൈയിൽ എത്തി. അവിടുന്ന് പിന്നെ Gatwick എന്ന ലണ്ടൻ വിമാനത്താവളത്തിലേക്കുള്ള ഗേറ്റ് വളരെ പ്രയാസപ്പെട്ടു കണ്ടു കൂടി. രണ്ടര ആയപ്പോൾ വീണ്ടും എമിരേറ്റ്സ് വിമാനത്തിൽ കയറി ലണ്ടനിലേക്ക്. അതിലുള്ള ജീവനക്കാർ മുഴുവൻ സമയവും കിന്നരിയും തൊപ്പിയുമൊക്കെ വച്ചിരുന്നു. കൊച്ചി ദുബൈ യാത്രയിൽ തുടക്കത്തിലും ഒടുവിലും മാത്രമേ ഇവർ ഇതൊക്കെ ധരിച്ചുള്ളൂ. നമുക്കിതൊക്കെ മതി എന്നായിരിക്കും !! താഴെക്കാണുന്ന ഭൂപ്രദേശങ്ങളുടെ വിവരണവും ഭൂപടവും മുന്നിലെ ടി വി സ്ക്രീനിൽ മാറി മാറി വന്നു കൊണ്ടിരുന്നു. അവിടെ കാർമേഘം ഇല്ലാഞ്ഞതിനാൽ കാഴ്ച നന്നായി ആസ്വദിച്ചു. ഇറാക്കിൽ മാത്രം പല സ്ഥലങ്ങളിൽ നിന്നും പുക ഉയരുന്നത് കണ്ടു. അമേരിക്കയുടെ അധിനിവേശത്തിന്റെ ബാക്കി പത്രമായ ബോംബു പൊട്ടിക്കൽ ഇപ്പോഴും നടക്കുന്നുണ്ടാകും ഹതഭാഗ്യരായ ആ സഹോദരന്മാരെക്കുറിച്ചു എന്ത് പറയാൻ ?

വൈകുന്നേരം നമ്മുടെ 11.30 ആയപ്പോൾ ലണ്ടനിൽ എത്തി. സൂര്യന് പിന്നാലെ പറന്നതിനാൽ അവിടെ ചെന്നിറങ്ങിയപ്പോഴും പകൽ തന്നെ. ഇവിടെ രാത്രി തുടങ്ങുന്നത് 10 മണിക്കാണ്. നേരം വെളുക്കുന്നത് 4 മണിക്കും. അത് തന്നെ മാറിക്കൊണ്ടിരിക്കും. സമ്മർ കാലത്ത് മാർച് മാസം അവസാന ഞായർ മുതൽ നമ്മുടെ സമയത്തെക്കാൾ 4.30 മണിക്കൂർ പിന്നിലാണിവരുടെ സമയം. സ്പ്രിംഗ് കാലത്ത് ഒക്ടോബർ അവസാന ഞായർ മുതൽ 5.30 മണിക്കൂറും. ഈ പ്രക്രിയയ്ക്ക് DST അഥവാ Daylight Saving Time എന്നു അറിയപ്പെടുന്നത്. സൂര്യോദയം, സൂര്യാസ്തമയം എന്നിവയ്ക്ക് അനുസരിച്ചാണ് ഈ മാറ്റം. യൂറോപ്പിൽ പല രാജ്യങ്ങളിലും ഇതുണ്ടെങ്കിലും പലരും നിർത്തലാക്കി വരുന്നു.

അതനുസരിച്ചു ഔദ്യോഗിക സമയക്രമത്തിൽ മാറ്റം വരുത്തും. (greenwhich meridian time അനുസരിച്ചാണല്ലോ മറ്റുള്ള എല്ലാ സമയങ്ങളും നിശ്ചയിക്കുന്നത്. പക്ഷെ നമ്മുടെ നാട്ടിൽ ഇതനുസരിച്ചു ഒരു മാറ്റവും വരുത്താറിലല്ലോ???) അതിനാൽ ബ്രാഹ്മ മുഹൂർത്തം ശാന്തി മുഹൂർത്തം എന്നിവ ഒന്നും ഇവിടെയില്ല. നട്ടുച്ച, നട്ടപ്പാതിരാ ഒന്നിനും ഇവിടെ പ്രസക്തിയില്ല. സൂര്യൻ തലയ്ക്കു മുകളിൽ ഒരിക്കലും വരാറില്ല.

വിമാനത്തിലെ ഭക്ഷണം വളരെ വില കൂടിയതാണ്. പക്ഷെ നമുക്ക് വായിലോട്ടു വയ്ക്കാൻ പറ്റില്ല എന്ന് മാത്രം. നമ്മുടെ ഭക്ഷണം കൈയിൽ കരുതാനും പാടില്ല. വല്ലാതെ വിശക്കുമ്പോൾ ചിലതൊക്കെ കടിച്ചും പറിച്ചും കണ്ണും മൂക്കും അടച്ചു വിഴുങ്ങാം. അത്ര തന്നെ. കിട്ടിയതൊക്കെ എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. എങ്ങനെ കഴിക്കണമെന്നും അറിയില്ല. ഇടതും വലതും ഇരിക്കുന്ന ആൾക്കാരെ ഞങ്ങൾ ഇടം കണ്ണിട്ടു നോക്കി അവർ എങ്ങനെയാണ് കഴിക്കുന്നതെന്നു മനസ്സിലാക്കി. അതേ പോലെ ഞങ്ങളും ‘ഇതൊക്കെ എത്ര നിസ്സാരം’ എന്ന മട്ടിൽ വല്യ ഗമയിൽ കഴിച്ചു. എല്ലാം നല്ല കമനീയമായ പായ്ക്കുകളിൽ ആണ് കിട്ടിയത്. ഓരോന്നോരോന്നു തുറന്നു കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരെണ്ണം കടിച്ചിട്ട്‌ കടിയേൽക്കുന്നില്ല. നല്ല പുളിയും. ആരും കാണാതെ മാറ്റി വച്ചു. കുറെ കഴിഞ്ഞു നോക്കിയപ്പോൾ അതാ മറ്റുള്ളവർ അതെടുത്തു നിവർത്തി കൈയും ചുണ്ടുമൊക്കെ തുടയ്ക്കുന്നു!!!

നല്ല എയർ കൂൾ സംവിധാനം വിമാനത്തിലുണ്ട്. ദാഹിക്കില്ല. പക്ഷെ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം ക്ഷീണം എന്നിവ ബാധിക്കും. സ്ത്രീകൾക്ക് പ്രത്യേകിച്ചും.
ഇറങ്ങുമ്പോൾ താഴെ നമ്മുടെ കുട്ടനാടൻ പാടശേഖരങ്ങളെ ഓർമ്മിപ്പിക്കുന്ന തരം വിശാലമായ പാടങ്ങളും വരമ്പുകളും. കൂടുതൽ താഴേക്കു വന്നപ്പോഴാണ് അവ വിശാലമായ പുൽമേടുകൾ ആണെന്ന് മനസ്സിലായത്‌. വരമ്പുകൾ ആയി കണ്ടത് ഇടയ്ക്കിടെ അതിരിടുന്ന മരങ്ങളുടെ വേലികളും. അതി മനോഹരം എന്നേ പറയേണ്ടൂ.


നഗരങ്ങളിൽ ഇടയ്ക്കിടെ വലിയ കെട്ടിടങ്ങൾ. പക്ഷേ വീഥികൾക്കിരു വശവും വിടോറിയൻ കാലഘട്ടത്തിൽ പണിത, ഒരേ മാതിരിയുള്ള കെട്ടിടങ്ങളും. എല്ലാറ്റിനും ഒച്ചിന്റെ മാതിരി മേല്പ്പോട്ട് കൊമ്പും കുഴലും ഒക്കെയുണ്ട്.

ഇവിടെ ഇറങ്ങിക്കഴിഞ്ഞു landing card പൂരിപ്പിച്ചു കൊടുക്കുമ്പോൾ അവർ നമ്മളെ ഇന്റർവ്യൂ ചെയ്യും. എന്തിനു വന്നു. ഇവിട ആരുടെ കൂടെയാണ് താമസം, ഇവിടുത്തെ വിലാസം, ഫോണ് നംബർ. എപ്പോൾ തിരികെ പോകും. ഉത്തരം തൃപ്തികരമെങ്കിൽ മാത്രം പ്രവേശനം. വൃദ്ധന്മാരാണങ്കിൽ വിസ കിട്ടാൻ വല്യ ബുദ്ധിമുട്ടാണ്. അവിടെ വൃദ്ധന്മാരെ ഗവർന്മെന്റ് ആണ് പരിപാലിക്കുന്നത്. നമ്മെക്കൂടി ചെലവിനു തന്നു അവിടെ താമസിപ്പിക്കാൻ അവർക്ക് താത്പര്യം ഇല്ല.  സ്വന്തമായി വരുമാനം ഉണ്ടെന്നുള്ള തെളിവ്, അല്ലെങ്കിൽ ഇവിടെയുള്ള സ്ഥാവര, ജംഗമ സ്വത്തുക്കളുടെ തെളിവ് ഇതൊക്കെ സമർപ്പിച്ചാലേ വിസാ തരപ്പെടൂ. തിരികെ പോരും എന്നുറപ്പുണ്ടെങ്കിലേ അകത്തേക്ക് വിടൂ.
IMG_001012IMG_0021

വഴികളൊക്കെ നല്ല വൃത്തിയുള്ളതു തന്നെ. ചപ്പു ചവറുകൾ ഒന്നുമില്ല. കുഴിയും ഗട്ടറുമില്ല. സൈക്കിൾകാർക്കും, കാൽ നടക്കാർക്കും വേഗം കുറഞ്ഞവർക്കും കൂടിയവർക്കും ഒക്കെ പ്രത്യേക വരികളും. വൃദ്ധന്മാർ ഒരു ചെറിയ നാലുചക്ര സൌരോർജ വാഹനത്തിൽ ഫുട് പാത്തിലൂടെ സഞ്ചരിക്കുന്നു. അത് കടകൾക്കുള്ളിലും കൊണ്ടുപോകാം. ബസ് സ്റൊപ്പിനു വഴിയിൽ മറൂണ്‍  നിറം പെയിന്റ് അടിച്ചിരിക്കുന്നു.
സൈക്കിൾകാർക്ക് പച്ച നിറം അങ്ങിനെ ഓരോന്നും ഓരോ തരത്തിൽ.സിഗ്നൽ കിട്ടിയിട്ടില്ലെങ്കിൽ എല്ലാവരും വരി വരിയായി നില്ക്കും. ആരും ഹോണ്‍ അടിക്കില്ല. കുത്തിക്കയറ്റി വരില്ല. ട്രാഫിക് ജാമിൽ പോലും വഴിയടച്ചു കുറുകെ ആരും വാഹനം ഇടുകയില്ല.
IMG_0017
കാൽനടക്കാർക്ക് കുറുകെ കടക്കണമെങ്കിൽ അങ്ങിനെയുള്ള സ്ഥലങ്ങളിൽ ഉള്ള പോസ്റ്റിൽ ഒരു പച്ച ബട്ടണ്‍ ഉണ്ടാകും. അതമർത്തിയാൽ ഒരു മിനിറ്റുനുള്ളിൽ പച്ച ലൈറ്റ് തെളിയും. അപ്പോൾ കടക്കാം. എല്ലാ മുക്കിലും മൂലയിലും പെട്ടിക്കടകളോ തട്ട് കടകളോ ഇല്ല. വ്യാപാര സ്ഥാപനങ്ങളൊക്കെ ചില പ്രത്യേക സ്ഥലത്ത് മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. താമസ സ്ഥലങ്ങളിൽ അതു മാത്രം. എല്ലാവരും താടിക്ക് തീപ്പിടിച്ച മാതിരി വേഗത്തിൽ പൊയ്ക്കൊണ്ടിരിക്കുന്നു. ആങ്ങിത്തൂങ്ങി അവിടവിടെ നമ്മുടെ നാട്ടിലെ മാതിരി ആരും ഇവിടെയെങ്ങും നില്ക്കുന്നില്ല.

വീടുകളൊക്കെ തടി കൊണ്ടുള്ള തട്ടുകളിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാനാണിത്. വരുമാനം കുറഞ്ഞവർക്ക് ഫ്ലാറ്റ് ആണ്. നമുക്കും ഫ്ലാറ്റ് സ്ഥലം എന്നിവ വാങ്ങാം. പക്ഷെ കെട്ടിടം ഇവിടുത്തെ കൌണ്സിൽ പണിയും. നമ്മുടെ ഇഷ്ടമൊന്നും നടക്കില്ല. ഉള്ള കെട്ടിടത്തിനു മാറ്റവും വരുത്താൻ പാടില്ല.

ഇന്ത്യക്കാർ വാടകയ്ക്ക് ചെന്നാൽ തരാൻ ഇവർക്ക് വൈമനസ്യമാണ്. കുട്ടികൾ ഉണ്ടെങ്കിൽ കിട്ടാൻ വലിയ പ്രയാസം. നമ്മൾ എണ്ണ കുഴംപ് ഇതൊക്കെ തേച്ചു കുളിച്ചു അവരുടെ ബാത്ത് ടബ് ചീത്തയാക്കും. ആകെ മൂന്നടി വീതിയും അഞ്ചടി നീളവുമേ ഇതിനുള്ളൂ. അതിനുള്ളിൽ കുളിക്കണം. വിസ്തരിച്ചൊന്നും ഇവിടെ കുളി നടക്കില്ല. തന്നെയുമല്ല നമ്മൾ കൂടുതൽ മസാലകൾ എണ്ണ എന്നിവ ഉപയോഗിക്കും. അവരുടെ അടുക്കളയും നിറം മങ്ങും. പിന്നെ ആരും വീട് എടുക്കില്ല. വാടകയ്ക്ക് കൊടുക്കുമ്പോൾ അകവശം മുഴുവൻ ഫോട്ടോ എടുക്കും. നമ്മളെക്കൊണ്ട് ഒപ്പിട്ടു വാങ്ങും. എന്തെങ്കിലും തരികിട ചെയ്‌താൽ ഒഴിയുമ്പോൾ പണം ഈടാക്കും. പെയിന്റ് പോയാൽ നാം തന്നെ പണം മുടക്കി വേറെ പൂശിക്കൊടുക്കണം.

എല്ലാ സ്ഥലങ്ങളിലും കാർ പാർക്കു ചെയ്യാൻ പറ്റില്ല. അതിനൊക്കെ പെർമിറ്റ് എടുക്കണം. വഴിയരികിലൊക്കെ തേനീച്ചക്കൂട് മാതിരി ഒരു സംവിധാനം ഉണ്ട്. അതിൽ ഇടുന്ന നാണയത്തിന്നനുസരിച്ച് സമയം രേഖപ്പെടുത്തിയ ടോക്കൻ കിട്ടും. അത് കാറിനു മുന്നിൽ വച്ചിരിക്കണം.അല്ലെങ്കിൽ ഇതുപോലെ പിടിച്ചെടുക്കും. പിന്നെ 40 പൌണ്ട് എങ്കിലും പിഴ കൊടുക്കണം. എങ്കിലെ വിട്ടു കിട്ടൂ.

എല്ലാ ഫ്ലാറ്റുകൾക്കും പാര്ക്കിംഗ് സ്പേസ് ഉണ്ട്. അവിടെയൊക്കെ ഓരോരുത്തർക്കും സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. മറ്റാരെങ്കിലും വാഹനം ഇട്ടാൽ ഇക്കാണുന്ന പൈപ്പ് ഉയർത്തി പൂട്ടും. പിന്നെ അതിന്റെ പിന്നാലെ നടക്കണം. ഒഴിഞ്ഞ മൈതാനങ്ങളും, വളപ്പുകളുമൊക്കെ ധാരാളം. പക്ഷേ ഒരിടത്തും പാർക്ക് ചെയ്യാൻ പാടില്ല.

IMG_0002 IMG_0227

എല്ലായിടത്തും മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടുണ്ട്.

വഴിയിലൊന്നും കളിക്കാൻ പാടില്ല. ഒക്കെ പാർക്കിൽ പൊയ്ക്കൊള്ളണം. ക്ലബ്ബിൽ പോയി ഒരു മണിക്കൂർ ബാറ്റ്മിന്റൻ കളിക്കണമെങ്കിൽ 15 പൌണ്ട് കൊടുക്കണം. 1400 രൂപ !!!

വഴിയിൽക്കൂടി ഓടാം. ഇഷ്ടം പോലെ ആൾക്കാർ ഇതുപോലെ ഓടുന്നുണ്ട്. അവിവാഹിതകൾ ഒക്കെ അല്പവസ്ത്ര ധാരിണികൾ. പ്രായം കൂടും തോറും ഉടുപ്പിന്റെ കയറ്റവും ഇറക്കവും കൂടിക്കൂടി വരും. പുരുഷന്മാർ നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു. നമ്മുടെ നാട്ടിലേതിനു നേരെ വിപരീതം. ഇപ്പോൾ ഇതുപോലെ തന്നെ നമ്മുടെ നാട്ടിലും കാലവും കോലവും ഒക്കെ മാറി വരുന്നുണ്ട്.

തുടരും……..

facebooktwittergoogle_plusredditpinterestlinkedinmail