സഞ്ചാരികളുടെ സ്വർഗ്ഗം അഥവാ സ്കോട്ട് ലൻഡ്. (12)

Scotch Whisky യുടെ കഥ.

കാലത്ത് എഴുന്നേറ്റു ചായ ഒക്കെ ഉണ്ടാക്കി കഴിച്ചു കുളിച്ചു ആതിഥേയ തന്ന ഭക്ഷണം ഒക്കെ കഴിച്ചു. പഴയ അനുഭവങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് ആവശ്യമുള്ളത് മാത്രമേ ഞങ്ങൾ ഓർഡർ ചെയ്തിരുന്നുള്ളൂ. അവരോടു വളരെയേറെ സംസാരിച്ചു. അവരുടെ ജീവിത രീതികളും മറ്റുമൊക്കെ അവർ വിവരിച്ചു തന്നു. ഭർത്താവ് അടുത്തുള്ള ആട് ഫാമിൽ ജോലിക്കാരൻ. മക്കൾ പഠിക്കുന്നു.

Black Isle ൽ തന്നെ സ്കോച് വിസ്കി ഉണ്ടാക്കുന്ന 1838 ൽ സ്ഥാപിച്ച Glen Ord Distillery കാണാൻ പോയി. ഏറ്റവും നല്ല സിംഗിൾ മാൾട്ട് വിസ്കിയുടെ ഉല്പാദകർ എന്ന ഖ്യാതി 15 വർഷമായി നിലനിർത്തുന്ന സ്ഥാപനമാണിത്.

കൃത്യം 10 മണിക്ക് അവരുടെ വിസിറ്റെഴ്സ് കൌണ്ടർ തുറന്നു ഒരു മദാമ്മ ഞങ്ങളെ സ്വീകരിച്ചു അകത്തേക്ക് ആനയിച്ചു. ഡിസ്ടില്ലെറി കാണാൻ മറ്റൊരു 10 പേരും ഉണ്ടായിരുന്നു. നിരക്കുകൾ : ഒരാൾക്ക് വെറുതെ കാണണമെങ്കിൽ £2/- വിവരണം കേൾക്കണമെങ്കിൽ £3/- ഞങ്ങൾ വിവരണം കേൾക്കാൻ തയ്യാറായി. അവിടുന്ന് വല്ലതും വാങ്ങിയാൽ, ഈ തുക തിരികെത്തരും.

ഒരു പതിനഞ്ചു മിനിട്ട് നേരം ഓഫീസിനകത്ത് വച്ചിരിക്കുന്ന വിവിധ ഉല്പന്നങ്ങൾ ഞങ്ങൾ കണ്ടു. പണ്ട് കാലത്ത് വിസ്കി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങൾ – അളവു പാത്രങ്ങൾ, കോരാനും ഇളക്കാനുമുള്ള ഷവലുകൽ, വീര്യം അറിയാനുള്ള ഉപകരണങ്ങൾ, അരയ്ക്കാനും പൊടിക്കാനുമുള്ള തിരികല്ലുകൾ എന്നിവ അവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഇപ്പോൾ ഇതൊക്കെ യന്ത്ര സഹായത്താലാണ് ചെയ്യുന്നത്.

എക്സൈസുകാരു വന്നപ്പോൾ ഒരു കള്ള വാറ്റുകാരൻ നദിയിൽ മുക്കിയിട്ടിരുന്ന ഇതുപോലത്തെ ഒരു വ്യാജ വാറ്റുപകരണം കണ്ടെടുത്തു അവിടെ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ എങ്ങിനെയാണ് വിസ്കി ഉണ്ടാക്കുന്നതെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇവിടെ പ്രദർശിപ്പിക്കുന്നു.

അതിനു ശേഷം ഒരു ചെറുപ്പക്കാരി വന്നു ഞങ്ങളെ അഭിസംബോധന ചെയ്തു. സ്കോട്ട് ലണ്ടിലെ Gaelic Accent കാരണം ഒട്ടു മുക്കാലും എനിക്ക് മനസ്സിലായില്ല. നേരത്തെ വീഡിയോ കണ്ടത് കാരണം കുറെയൊക്കെ പിടി കിട്ടി. അവർ ഇതുണ്ടാക്കുന്ന വിദ്യ ഘട്ടം ഘട്ടമായി ഞങ്ങളെ പരിചയപ്പെടുത്തി.

Scotch Whisky (Scotch എന്ന് മാത്രം പറഞ്ഞാലും മതി) എന്നാൽ കുറഞ്ഞത് 700 ലിറ്റർ അളവിലുള്ള ഓക്ക് മരത്തിന്റെ വീപ്പകളിൽ, കുറഞ്ഞത് 3 വർഷമെങ്കിലും സ്കോട്ട് ലൻഡിൽ സൂക്ഷിച്ച, ബാർലി ഉപയോഗിച്ച് Pot Still എന്ന ചെമ്പ് പാത്രത്തിൽ സ്കോട്ട് ലൻഡിൽ ഉണ്ടാക്കിയത് എന്നാണു നിയമപരമായ വ്യാഖ്യാനം. ആ പേരിനും, ഉണ്ടാക്കുന്ന സാങ്കേതിക വിദ്യക്കും ലോക പൈതൃക സംരക്ഷണം ഉണ്ട്. ചിലയിടങ്ങളിൽ ഗോതമ്പ്, ഓട്സ്, അരി, ഗോതമ്പിന്റെ വർഗ്ഗത്തിൽപ്പെട്ട Rye എന്ന ധാന്യത്തിൽ നിന്നും ഒക്കെ ഉണ്ടാക്കുന്നു. പക്ഷെ തോടിന്റെ കട്ടിക്കൂടുതൽ കാരണം മുളയ്ക്കുള്ള (sprouting)സംരക്ഷണവും, രസങ്ങളുടെ (enzyme)ആധിക്യവും ബാർലിയെ ഇവരുടെ പ്രിയ ധാന്യമാക്കുന്നു. മറ്റു പലയിടത്തും വളരെ രുചിയുള്ള വിസ്കി ഉണ്ടാക്കുന്നുണ്ടെങ്കിലും ഇവിടുത്തെ വിസ്കിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. (ഞാൻ പറയുന്നതല്ല. കുടിയന്മാരായ അനുഭവസ്ഥർ!!) വേറെ എവിടെ ഉണ്ടാക്കിയാലും പേരിൽ Whiskey എന്നാണു സ്പെല്ലിങ്ങ് എഴുതേണ്ടത്. 1494 ലെ ഒരു രേഖ പ്രകാരം അന്നേ ഇവിടെ വിസ്കി ഉണ്ടാക്കിയിരുന്നു എന്ന് മനസ്സിലാക്കാം.

സ്പെയിനിൽ നിന്നും ഫ്രാൻസിൽ നിന്നും ഈ വിദ്യ മനസ്സിലാക്കിയ വി. പാട്രിക് ആണ് അഞ്ചാം നൂറ്റാണ്ടിൽ ഇവിടെ ഇത് കൊണ്ട് വന്നതെന്ന് കരുതപ്പെടുന്നു. ആദ്യം ഈ വിദ്യ സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാനാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് മുന്തിരിയിൽ നിന്നും അതിനു ശേഷം ധാന്യങ്ങളിൽ നിന്നും വാറ്റു ചാരായം ഉണ്ടാക്കാനും. ക്രിസ്തീയ ആശ്രമങ്ങളിൽ ഉണ്ടാക്കിയിരുന്ന ജീവ ജലം (Aqua Vitae ) എന്നറിയപ്പെട്ടിരുന്ന ഇത് അക്കാലത്ത് പല രോഗങ്ങൾക്കും, ദീർഘാരോഗ്യത്തിനും ഒക്കെ ഉപയോഗിച്ചിരുന്ന മരുന്നായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവിടെ ആശ്രമങ്ങളുടെ വക ഡിസ്ടില്ലറികൾ ഉണ്ടായിരുന്നു. ജെയിംസ് നാലാമൻ രാജാവിന് വേണ്ടി 1506 ൽ ഇത് വാങ്ങിയതിനു ട്രഷറിയിൽ നിന്നും പണം കൊടുത്തതിനു രേഖകൾ ഉണ്ട്. ആദ്യ കാലത്ത് ഇത് ചിലപ്പോൾ വളരെ വിഷമയമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ഇവിടുത്തെ ആശ്രമ ദേവാലയങ്ങളൊക്കെ നശിപ്പിക്കപ്പെട്ടപ്പോൾ നിവൃത്തി കെട്ട് സംന്യാസിമാർ വേറെ വഴിയില്ലഞ്ഞതിനാൽ ഇത് തുടർന്നു വന്നു. പല ഗവേഷണങ്ങളും നടന്നു. അതോടെ ഇതിന്റെ ഗുണമേന്മയും വർദ്ധിച്ചു വന്നു. സാധാരണ ജനങ്ങൾ വൻ തോതിൽ ഉപഭോഗം തുടങ്ങിയതോടെ പാർലമെന്റ്, എക്സൈസ് വകുപ്പും നികുതിയും ഒക്കെ കൊണ്ട് വന്നു. 1707 ൽ രാജ്യം എകീകൃതമായതോടെ ഇംഗ്ലണ്ടിൽ നിന്നും കർശന നടപടി വന്നു തുടങ്ങി. ഡിസ്ടില്ലറികൾ എല്ലാം ഒളിവിൽ പ്രവർത്തനം തുടങ്ങി. അധികാരികളും കള്ള വാറ്റുകാരും തമ്മിൽ രക്തരൂക്ഷിതമായ പല ഏറ്റു മുട്ടലുകളും 150 വർഷത്തോളം നടമാടി. യാതൊരു ഉളുപ്പുമില്ലാതെ മന്ത്രിമാർ വരെ പള്ളിയിലെ അൾത്താരക്കുള്ളിൽ പോലും ചാരായം ഒളിപ്പിച്ചു. ശവപ്പെട്ടിയിൽ വരെ ഒളിച്ചു കടത്തി. പതിനെട്ടാം നൂറ്റാണ്ടിൽ പ്രതിവർഷം 14,000 കള്ളവാറ്റു കേന്ദ്രങ്ങൾ വരെ ഇവിടെ പിടികൂടിയിരുന്നു. സ്കോട്ട് ലണ്ടിലെ പകുതിയിലേറെ ആൾക്കാരും അന്ന് കള്ള വാറ്റു ചാരായം കുടിച്ചിരുന്നു. അവസാനം നിവൃത്തികെട്ടു £10 ലൈസൻസ് ഫീസ് ഈടാക്കി ഇതൊക്കെ 1823 ൽ പർലമെന്റ് നിയമവിധേയമാക്കിക്കൊടുത്തപ്പോഴാണ് കള്ളവാറ്റും കള്ളക്കടത്തും ഒതുങ്ങിയത്. അതാണ് സ്കോച് വിസ്കിയുടെ ജനനം.

Malt Whisky

ഈ മനോഹരമായ പാറകളിൽ നിന്നും ഉത്ഭവിച്ചു ഒഴുകി വരുന്ന വെള്ളം കട്ടൻ കാപ്പി നിറമാണ്. അഗ്നി പർവ്വതമായിരുന്ന ഈ മലകളുടെ പാർശ്വങ്ങളിലുള്ള പാതി ചീഞ്ഞ പൂപ്പൽ ചെടികളിൽക്കൂടി (Peat എന്ന കരിക്കട്ട പോലുള്ള ഒരു പദാർത്ഥം) ഊറി വരുന്ന ഈ ജലവും ഇവിടുത്തെ പ്രത്യക കാലാവസ്ഥയും ഇവിടെ കൃഷി ചെയ്യുന്ന ബാർലിക്ക് പ്രത്യേക ഗുണമേന്മ കൊടുക്കുന്നു. എവിടെ നോക്കിയാലും എല്ലാ നദീ ജലവും കട്ടൻ കാപ്പി നിറമാണ്. കൊയ്തെടുത്തു കഴുകിയ ബാർലി ആറാഴ്ച 14 ഡിഗ്രി ഊഷ്മാവിൽ സൂക്ഷിക്കും. കിളിർക്കുവാനുള്ള ത്വര കൂട്ടാനാണിത്. പിന്നീട് ചൂടാക്കിയ ഈ വെള്ളത്തിൽ 72 മണിക്കൂർ പല പ്രാവശ്യം മുക്കിയും പൊക്കിയും മുളപ്പിച്ചെടുക്കും. ഈ പ്രക്രിയയ്ക്കാണ് Malting എന്ന് പറയുന്നത്.

മുളച്ചു കഴിഞ്ഞു ഈ Peat ഉപയോഗിച്ച് 5 ദിവസം Malt ഇളക്കിക്കൊണ്ടു പ്രത്യേക ചൂളപ്പുരകളിൽ പുകയേൽപ്പിക്കും. ഇവിടെയാണ് മദ്യത്തിന്റെ നിറം രൂപപ്പെടുന്നത്. (ഈ പുക സ്വാദാണ് ഈ മദ്യത്തിന്റെ പ്രത്യേകത. വേറെ എന്ത് കൊണ്ട് പുകച്ചാലും ഈ സ്വാദു കിട്ടില്ല. Peat ലിലുള്ള ഫീനോൾ എന്ന വസ്തു ആണ് ഇതിലെ രാസത്വരകം) ഈ പ്രക്രിയയിൽ ഇതിലുള്ള സ്റ്റാർച് പഞ്ചസാരയാകും.

(ഇങ്ങനെ കിട്ടുന്ന പദാർത്ഥം കൊണ്ട് ബീയർ, വിസ്കി, ഷേക്ക്, വിനാഗിരി തുടങ്ങിയവയും, മിട്ടായികൾ, ഹോർലിക്സ്, ഒവൽറ്റിൻ, മിലോ, ബിസ്കറ്റുകൾ, റൊട്ടി തുടങ്ങിയവയും ഉണ്ടാക്കുന്നു)

പിന്നീട് മില്ലിൽ തരിയാക്കി ചൂട് വള്ളം ചേർത്തു അതിലെ ബാക്കിയുള്ള മധുരങ്ങൾ ലയിപ്പിച്ചു Wort എന്ന ദ്രാവകമാക്കും. മൂന്നു പ്രാവശ്യം ചെയ്യുന്ന ഈ പ്രക്രിയ Mashing എന്നറിയപ്പെടുന്നു.

അത് കഴിഞ്ഞു Wort വലിയ പാത്രങ്ങളിൽ യീസ്റ്റ് ചേർത്തു മൂന്ന് ദിവസം വച്ച് Fermentation നടത്തും. ഇവിടെ ഈ പഞ്ചസാര വിഘടിച്ചു Carbon Dioxide, 5-7 ശതമാനം വീര്യമുള്ള Wash എന്നിങ്ങനെ മാറുന്നു. വിസ്കിയും ബീയറും ഉല്പാദിപ്പിക്കുന്ന പ്രക്രിയ ഇവിടം വരെ ഒന്ന് തന്നെ.

ഇനി പോകുന്ന സ്ഥലങ്ങളിലൊക്കെ മൊബൈൽ, ക്യാമറ എന്നിവ അനുവദനീയമല്ല. സ്പാർക്ക് ഉണ്ടായാൽ ഞങ്ങളും കമ്പനിയും മുഴുവൻ ചാമ്പലല്ല ആവിയായിപ്പോകും.

ഞങ്ങളെ വേറൊരു വിശാലമായ ഹാളിലേക്ക് അവർ നയിച്ചു. അവിടെ ഈ വാഷ് Pot Still എന്ന ചെമ്പു പാത്രങ്ങളിൽ തിളപ്പിച്ച്, ആവി, തണുത്ത വെള്ളത്തിലൂടെ പോകുന്ന കുഴലിലൂടെ വിട്ടു തണുപ്പിച്ചു (രണ്ടു മൂന്നു പ്രാവശ്യം ആവർത്തിക്കും- ഇതിനു Head, Heart, Tail എന്ന് പറയും) 60 – 80 വരെ ശതമാനം വീര്യമുള്ള വിസ്കി ആക്കി മാറ്റുന്നു. ഇതാണ് Distillation.

പിന്നീട് ആ മദാമ്മ ഞങ്ങളെ വേറൊരു കനത്ത കരിങ്കൽ കോട്ടയ്ക്കുള്ളിലേക്ക് ആനയിച്ചു. മുകൾ ഭാഗം കനത്ത തടിയാൽ തട്ടിട്ടിടിക്കുന്നു. അവിടെ കയറിയപ്പോൾത്തന്നെ ഞങ്ങൾക്ക് വിസ്കിയുടെ ഗന്ധം അനുഭവിച്ചറിയാൻ സാധിച്ചു. നിറയെ വീപ്പകൾ. യാതൊരു കാരണ വശാലും ഇവിടെ ഊഷ്മാവ് കൂടുന്ന പ്രശ്നമില്ലാത്തതിനാൽ ഇവിടെ ഈ വീപ്പകൾ സുരക്ഷിതം.

പിന്നീട് ഇത് വെള്ളം ചേർത്തു 62.50 ശതമാനം വീര്യമാക്കി (Dilution) ഓക്ക് മരം കൊണ്ടുണ്ടാക്കിയ വീപ്പകളിൽ കുറഞ്ഞത് 3 വർഷമെങ്കിലും ഒരേ ഊഷ്മാവിൽ സൂക്ഷിക്കും (Maturation). ചിലപ്പോൾ 20 വർഷമെങ്കിലും ഇങ്ങനെ സൂക്ഷിക്കും. ഇങ്ങനെ സൂക്ഷിക്കുമ്പോൾ കുറച്ചു ഇതിൽ നിന്നും നഷ്ടപ്പെടും ഇതാണ് Angel’s Share. ഈ ഓക്ക് മരവീപ്പകൾ അമേരിക്കയിൽ നിന്നാണ് വരുന്നത്. കുപ്പികളിൽ ആക്കിയാൽ പിന്നെ ഇത് വൈൻ മാതിരി വീണ്ടും മൂത്ത് പോകുകയില്ല.

ഈ പ്രക്രിയകൾക്കിടയിൽ മദ്യമല്ലാത്ത പലതും മിച്ചം വരുന്നു. അതുപയോഗിച്ചുള്ള അച്ചാറുകൾ, ബിസ്കറ്റുകൾ, ലഘു പാനീയങ്ങൾ തുടങ്ങിയ ഉപോൽപ്പന്നങ്ങളും ഇവിടെ വിൽക്കുന്നുണ്ട്.

വിവരണം കഴിഞ്ഞപ്പോൾ ഞങ്ങളെ ഷോപ്പിലേക്ക് കൊണ്ട് പോയി പല തരം മദ്യങ്ങളും അവയുടെ വിലയും പറഞ്ഞു തന്നു. എല്ലാം രുചിച്ചു നോക്കാനും ക്ഷണിച്ചു. ഇക്കാലമത്രയും ഞാൻ ഒരു മദ്യവും രുചിച്ചിട്ടില്ല. പക്ഷെ ഇവിടെ ഈ സ്വർഗ്ഗീയ നാട്ടിൽ വന്നു ഇവിടുത്തെ വിശേഷപ്പെട്ട ഈ മദ്യം ഒന്ന് രുചിച്ചു നോക്കാതെ എങ്ങിനെ പോകും? അതും ഈ മദ്യം ഉണ്ടാക്കുന്ന ഫാക്ടറിയിൽ വന്നിട്ട് ? കൂടെയുണ്ടായിരുന്ന സായിപ്പ്/മദാമ്മമാർ എല്ലാവരും വീശിത്തുടങ്ങി. ഞങ്ങളെല്ലാം കണ്ണിൽക്കണ്ണിൽ നോക്കി. എന്തും വരട്ടെ. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുമുറി തന്നെ തിന്നെണ്ടേ ? ഞാൻ ഒരു ചഷകം എടുത്തു ഒന്ന് സിപ് ചെയ്തു. ഒരു എരിച്ചിൽ തൊണ്ടയിൽ നിന്നും നെഞ്ചിലൂടെ വയറ്റിലേക്കിറങ്ങിപ്പോയി!!

“60 വർഷമായി ഞാൻ കാത്തു പോന്ന വ്രതം ഇന്ന് ഞാൻ തെറ്റിച്ചു” അല്പം ഉറക്കെയായിപ്പോയി എന്റെ ആത്മഗതം. പക്ഷെ മരുമകളുടെ കമന്റ് കേട്ടപ്പോൾ ഞാൻ ശരിക്കും സ്തംഭിച്ചു പോയി. “ഇവിടെ ഞാൻ സ്ഥിരമായി ചോദിച്ചു വാങ്ങി കഴിക്കുന്ന കേക്ക് ഒക്കെ ബ്രാണ്ടി കുഴച്ചാണ് ഉണ്ടാക്കുന്നതെന്നും, പാകം ചെയ്തു കഴിഞ്ഞും, രുചി കൂട്ടാൻ വേണ്ടി അതിൽ നേരിയ ദ്വാരങ്ങൾ ഉണ്ടാക്കി അതിലൂടെ ബ്രാണ്ടി ഒഴിക്കുമെന്നും” !!! അപ്പോഴാണ് കേക്കിന്റെ ആസ്വാദ്യകരമായ മണവും രുചിയും എങ്ങിനെ വരുന്നു എന്ന് എനിക്ക് മനസ്സിലായത്.

(പണ്ട് – ഗാന്ധിയനായിരുന്ന മന്മഥൻ സാറിന്റെ കാലത്ത് – ഷാപ്പുകൾക്കെതിരെ അതിന്റെ വാതിൽക്കൽ കുത്തിയിരുന്നു പട പൊരുതിയ സമര ഭടന്മാർക്ക് കുടിക്കാൻ കൊടുത്ത സ്പെഷ്യൽ “മോരുംവെള്ളം” തന്നെ, പിന്നെയും പിന്നെയും വേണമെന്ന് അവർ വാശി പിടിച്ചു എന്നൊരു തമാശക്കഥ അപ്പോൾ എന്റെ ഓർമ്മയിലെത്തി)

അത് വരെ പരമ്പരാഗത ചെമ്പ് വാറ്റു പാത്രങ്ങളിൽ ഉണ്ടാക്കിയിരുന്ന Malt Whisky, 1831 ൽ Aeneas Coffey എന്നയാൾ Coffey Still അഥവാ Patent Still എന്ന നിരന്തര വാറ്റുപകരണം കണ്ടു പിടിച്ചതോടെ, അതിൽ ധാന്യങ്ങളിൽ നിന്നും കുറഞ്ഞ വീര്യത്തിലുള്ള വിസ്കി ഉൽപ്പാദിപ്പിച്ചു തുടങ്ങി. ഇതുപോലെ ഉല്പാദിപ്പിക്കപ്പെട്ട പലതും മാൾട്ട് വിസ്കിയുമായി പല അനുപാതത്തിൽ കലർത്തിയാണ് Blend Whisky ഉണ്ടാക്കുന്നത്. ഇതിന്റെ രുചി പലർക്കും നന്നേ ബോധിച്ചു. 1880 ൽ ഫ്രാൻസിൽ മുന്തിരി മുഴുവൻ കീടങ്ങളുടെ ആക്രമണത്തിൽ നാശമായപ്പോൾ അതുപയോഗിച്ചുണ്ടാക്കിയിരുന്ന ബ്രാണ്ടിയും കമ്പോളത്തിൽ വളരെക്കാലം ഉണ്ടായിരുന്നില്ല. ഈ തക്കം സ്കോട്ട് ലണ്ടുകാർ ശരിക്കും മുതലെടുത്തു അവിടെയെല്ലാം ഇവരുടെ വിസ്കി പ്രചരിപ്പിച്ചു. പിന്നീട് ബ്രാണ്ടി തിരിച്ചു വന്നുവെങ്കിലും വിസ്കിയുടെ രുചി ലോകമാസകലമുള്ള കുടിയന്മാരുടെ നാവിനെയും മനസ്സിനെയും അപ്പോഴേക്കും കീഴടക്കിയിരുന്നു. 200 ൽ ഏറെ രാജ്യങ്ങളിൽ ഇപ്പോൾ സ്കോച് വിസ്കി വില്ക്കപ്പെടുന്നു.

Single Malt Whisky എന്നാൽ ഒരേ Mash ഉപയോഗിച്ച് ഒരു ഡിസ്ടില്ലറിയിൽ ഒരേ കാലത്ത് ഉല്പാദിപ്പിക്കപ്പെട്ട മദ്യമാണ്.

ബീയർ.

വാഷിൽ പിന്നീട് ജർമ്മനിയിൽ വളരുന്ന Hops ചെടിയുടെ പെണ് പൂവിൽ നിന്നുൽപ്പാദിപ്പിക്കുന്ന ഒരു ദ്രാവകം ചേർക്കുന്നു. ഇതാണ് ബീയറിനു കയ്പ് രസം വരുന്നത്. പക്ഷെ ഇത് ബീയറിന്റെ സംരക്ഷക വസ്തു (preservative) കൂടിയാണ്. പിന്നീട് ഇത് പെട്ടന്ന് തണുപ്പിച്ചിട്ടു യീസ്റ്റ് ചേർക്കുന്നു. അങ്ങിനെ ഫെർമെന്റെഷൻ നടക്കുന്നു. ഇതിൽ നിന്നും കിട്ടുന്ന Wort എന്ന ദ്രാവകം പിന്നീട് കുറുക്കിയെടുക്കുന്നു. ഇതാണ് Liquid Malt Extract (LME). പിന്നീടു ഇതുണക്കി Dried Malt Extract (DME) എന്ന പഞ്ചസാര ഉണ്ടാക്കുന്നു. ഇതു രണ്ടും നേർപ്പിച്ചു Hydolysis ചെയ്തു വിഘടിപ്പിച്ചു ബീയർ ഉല്പാദിപ്പിക്കുന്നു.

Disclaimer :
ഇതൊക്കെ വായിച്ചിട്ട് ആരെങ്കിലും വ്യാജൻ ഉണ്ടാക്കാൻ പുറപ്പെട്ടു എക്സൈസ്കാരു പിടിച്ചാൽ ഞാൻ ഉത്തരവാദിയല്ല കേട്ടോ.

തുടരും……

facebooktwittergoogle_plusredditpinterestlinkedinmail