1 – പുറപ്പാട്

അതിമോഹമാണെങ്കിലും ലണ്ടനിൽ വന്നപ്പോൾമുതൽ തുടങ്ങിയതാണ് സ്കോട്ട് ലൻഡ് ഒന്നു കാണണം കാണണം എന്ന ആഗ്രഹം. തെക്കുവശം ഇംഗ്ലണ്ട്, ഇംഗ്ലണ്ടിന്റെ പടിഞ്ഞാറുവശത്തുള്ള വയറുഭാഗം വെയിൽസ്, വടക്കുവശത്തുള്ള തലഭാഗം സ്കോട്ട് ലൻഡ്, വലിയ ദ്വീപിന്റെ പടിഞ്ഞാറുവശത്തുള്ള ദ്വീപായ അയർലണ്ടിന്റെ വടക്കുഭാഗം എന്നിവ കൂടിച്ചേർന്നതാണ് GB.

സ്കോട്ട് ലണ്ടിന്റെ തെക്കുഭാഗം താരതമ്യേന ഉയരം കുറഞ്ഞ സ്ഥലമാണ്. വടക്കോട്ടു പോകുന്തോറും ഉയരം കൂടിയ ഹൈലാൻഡ് എന്ന ഭാഗത്ത് എപ്പോഴും മഞ്ഞും മഴയും തണുപ്പും. ഈ സമ്മർ കാലത്ത് ഇവിടുത്ത തണുപ്പുതന്നെ ഞങ്ങൾക്കു രണ്ടു പേർക്കും താങ്ങാൻ സാധിക്കുന്നില്ല. എന്റെ പ്രായവും വാതവും ശ്രീമതിയുടെ ആസ്മയും അനാരോഗ്യവും ഒക്കെ കാരണം ഞങ്ങളുടെ ആഗ്രഹം പരണത്തു വച്ചിരിക്കുകയായിരുന്നു.

അങ്ങിനെയിരിക്കെയാണ് രണ്ടും കല്പിച്ച് ഒരു ദിവസം ഞങ്ങൾ അതങ്ങു തീരുമാനിച്ചത്. എന്തു വന്നാലും പോകുകതന്നെ. വരുന്നതൊക്കെ സഹിക്കുക. അടുത്ത സമ്മർ കാലത്ത് ഇവിടെ വരാൻ പറ്റിയില്ലെങ്കിലോ? വയസ്സാണെങ്കിൽ കൂടിക്കൂടിയും ആരോഗ്യം കുറഞ്ഞുകുറഞ്ഞുവരികയും.

ഒരാഴ്ചകൊണ്ട് തയ്യാറെടുപ്പുകൾ ഒക്കെ നടത്തി. ഒരാഴ്ചയ്ക്കു വേണ്ട വസ്ത്രങ്ങൾ, പലവിധ കന്പിളിയുടുപ്പുകൾ, അകത്തു ധരിക്കാൻ തെർമൽ എന്ന വസ്ത്രം, തൊപ്പികൾ, കൈയുറകൾ എന്നിവയൊക്കെ വാങ്ങി, പെട്ടിയിൽ അടുക്കി. റൊട്ടിയും, ജാമും പഴങ്ങളും ബിസ്കറ്റുകളും പഴച്ചാറുകളും ഒക്കെ ശേഖരിച്ചു. മൊബൈലിൽ എല്ലാവർക്കും ആവശ്യത്തിനു നീക്കിയിരുപ്പും ഉറപ്പാക്കി. ക്യാമറ, ബാറ്ററി, ചാർജർ എന്നിവ പ്രത്യേകം എടുത്തു. കാറിൽ ഡീസൽ നിറച്ചു. താമസിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചൊക്കെ പലരോടും ചോദിച്ചും മകനും മരുമകളും ഇന്റർ നെറ്റിൽ തിരഞ്ഞുമൊക്കെ കണ്ടുപിടിച്ച് കാലേക്കൂട്ടി ബുക്ക് ചെയ്തു. മുൻപേ അവിടെ പോയ സഞ്ചാരികളുടെ അനുഭവങ്ങളും അവിടുത്തെ ആളുകളെക്കുറിച്ചും, കാണേണ്ട സ്ഥലങ്ങളും അവർ താമസിച്ച സ്ഥലങ്ങളും കിട്ടുന്ന ഭക്ഷണവും അതിന്റെ നിലവാരവും ചെയ്യേണ്ടതും ചെയ്യരുതാത്തതും ഒക്കെ അവർ അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. 99% ഇതൊക്കെ വിശ്വസിക്കാം. യാത്രയ്ക്കു മുൻപ്, നേരത്തെതന്നെ ഇതൊക്കെ മനസ്സിലാക്കിവയ്ക്കുന്നത് വളരെ നല്ലത്. അല്ലെങ്കിൽ പൊട്ടൻ ആട്ടം കണ്ടതുപോലെയോ കുരുടന്മാർ ആനയെ “കണ്ടതു” പോലെയോ ഒക്കെ ആകും.

അടുക്കിപ്പെറുക്കൽ കഴിഞ്ഞപ്പോൾ വെള്ളിയാഴ്ച രാത്രി കടുത്ത ആസ്മമൂലം ഭാര്യ രക്തം തുപ്പാൻ തുടങ്ങി. അധികം അദ്ധ്വാനിച്ചാലോ പൊടി ശ്വസിച്ചാലോ ഇടയ്ക്കിടെ ഇങ്ങിനെ ഉണ്ടാകാറുണ്ട്. വിശ്രമിച്ചാൽ മാറും. ഈശ്വരാ…….എല്ലാം ഒരുക്കി. ഈ ചെയ്തതെല്ലാം വൃഥാവിലായോ? പക്ഷേ, രാവിലെ ഒരു മാതിരി ഒകെ. മുന്നോട്ടു പോകാൻതന്നെ തീരുമാനിച്ചു. 24/8/13 ശനിയാഴ്ച ഉച്ചയ്ക്ക് 3.30 നു യാത്ര തുടങ്ങി. നല്ല തെളിഞ്ഞ കാലാവസ്ഥയ്ക്ക് ദൈവത്തോടു പ്രത്യേകം നന്ദി പറഞ്ഞു.
ലണ്ടനെ വലയം ചെയ്തു കിടക്കുന്ന M 25 എന്ന മോട്ടോർവേവഴി വടക്കുപടിഞ്ഞാറുഭാഗത്തേക്കു നീങ്ങി M 40 ലൂടെ നേരെ വടക്കോട്ട് 60 മൈൽ (ഏകദേശം 100 km) വേഗത്തിൽ ഞങ്ങൾ പ്രയാണം തുടങ്ങി. മോട്ടോർവേയിൽ പരമാവധി 70 മൈൽമാത്രമേ പാടുള്ളൂ. ഒരു 10 ശതമാനംകൂടെ വേണമെങ്കിൽ വേഗം കൂട്ടാം. പക്ഷേ, അകത്തിരുന്നാൽ ഇത്ര വേഗമുണ്ടെന്നു തോന്നുകയേയില്ല. 24 മണിക്കൂറും ടി വി ക്യാമറാ നിരീക്ഷണമുള്ള ഇവിടെ തിരക്കിനനുസരിച്ചു വഴിയുടെ മുകളിൽ ഇടയ്ക്കിടെ വേഗനിയന്ത്രണം കാണാം. അതനുസരിച്ചേ ഓടിക്കാവൂ. ലംബോര്ഗിനി, ബെന്റ്ലി, ജാഗ്വാർ, ലിമോസിൻ, ആസ്ടിൻ മാർട്ടിൻ, ഫെരാരി തുടങ്ങിയ മുന്തിയ ഇനം കാറുകളും, ഹാർലി ഡേവിഡ് സൻ തുടങ്ങിയ മോട്ടോർ ബൈക്കുകളും മിന്നൽവേഗത്തിൽ ഞങ്ങളെ കടന്നുപൊയ്ക്കൊണ്ടിരുന്നു. നമ്മുടെ നാട്ടിലെ ബുള്ളെറ്റ് ഒഴികെയുള്ള ബൈക്കുകൾ 70 km പിന്നിട്ടാൽ വിറയ്ക്കാൻ തുടങ്ങും.
(നമ്മുടെ നാട്ടിലെചിന്താധാരയ്ക്കു വിരുദ്ധമായി ബൈക്കുള്ളവർക്കാണ് ഇവിടെ വലിയ പത്രാസ്. ലക്ഷങ്ങൾ വില മതിക്കുന്ന ഇവയ്ക്ക് അപകടസാധ്യത കണക്കിലെടുത്ത് കാറിനേക്കാൾ കൂടുതൽ ഇൻഷുരൻസ് തുകയും വരും. അതിന്റെ ലൈസൻസ് കിട്ടാൻ സാധരണന്മാർ വിചാരിച്ചാൽ നടപ്പില്ല. പ്രായം കുറഞ്ഞവർക്ക് ഇവിടെ ഇൻഷുരൻസ് കൂടുതലാണ് ഡ്രൈവർക്കും വാഹനത്തിനും ഒരുമിച്ചാണ് ഇൻഷുരൻസ്. അപകടങ്ങൾ തുടർച്ചയായി വരുത്തുന്നവർക്ക് അതിനനുസരിച്ച് പ്രീമിയവും കൂടും. വേറൊരു വാഹനം ഓടിക്കണമെങ്കിൽ അതിൽ ആ ഡ്രൈവറുടെ പേര് ഉൾപ്പെടുത്തണം. ഗ്രാമപ്രദേശങ്ങളിൽ അപകടസാധ്യത കുറവായതിനാൽ അവിടെ ഇൻഷുരൻസും കുറവാണ്. പുതുതായി ലൈസെൻസ് എടുക്കുന്നവർക്ക് പ്രീമിയം കൂടുതലാണ്)

രണ്ടു മണിക്കൂർ ഇങ്ങനെ പോയിക്കഴിഞ്ഞപ്പോഴാണ് വാഹനത്തിൽ ഓയിൽ കുറവാണെന് ഇൻഡിക്കേറ്റർ കാണിക്കുന്നത്. ഈശ്വരാ…. വീണ്ടും ശകുനപ്പിഴയാണോ? തിരികെ പോകണോ? വേണ്ടാ….. ഏതായാലും ഇറങ്ങിത്തിരിച്ചതല്ലേ. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു………… മുന്നോട്ടുതന്നെ.

മോട്ടോർവേയിൽ ഇടയ്ക്കെങ്ങും നിറുത്താൻ പാടില്ല. നിറുത്തിയാൽ ഹൈവേ അതോറിറ്റി കാറോടെ പൊക്കിക്കൊണ്ടുപോകും. ഇടയ്ക്കിടെ മോട്ടോർ വേയിൽ സർവീസസ് എന്ന സംവിധാനം കാണാം. രണ്ടു മൂന്നു മൈൽ മുന്പെങ്കിലും ഇവരുടെ വലിയ പരസ്യപ്പലക കാണാം. വഴിക്കു മുകളിലായി കുറുകെ ഒരു പാലംപോലെ ഇവരുടെ ഒരുവക കണ്ണാടിജന്നൽകൊണ്ട് അടച്ചുകെട്ടിയ ഒരു നടപ്പാതയും ഉണ്ടാകാറുണ്ട്. അവിടെ നിന്നുകൊണ്ട് താഴെക്കൂടി മിന്നൽവേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങൾ വീക്ഷിക്കുന്പോഴാണ് നാം എത്ര വേഗത്തിലാണ് ഇതുവഴി വന്നതെന്ന് മനസ്സിലാകുന്നത്. McDonald, Costa പോലുള്ള വ്യവസായഭീമന്മാരുടെയാണീ വിവിധോദ്ദേശ്യസ്ഥാപനങ്ങൾ.

അവിടെച്ചെന്ന് ഇന്ധനം നിറയ്ക്കാനും, കാറ്റടിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും അല്പസ്വല്പഷോപ്പിങ്ങിനും ഒക്കെ സൌകര്യമുണ്ട്. ഇന്ധനം നിറയ്ക്കലും കാറ്റടിക്കലും ഒക്കെ നാംതന്നെ ചെയ്യണം. കൃത്യം 50 പെൻസ് ഇട്ടാൽ 5 ടയറിലും അടിക്കാനുള്ള കാറ്റ് യന്ത്രം തരും. നിർദ്ദിഷ്ടസമയത്തിനുള്ളിൽ അടിച്ചുതീർത്തില്ലെങ്കിൽ പിന്നെയും കാശു കൊടുക്കണം. കൂടുതലിട്ടാൽ ബാക്കി കിട്ടില്ല. മറ്റാർക്കെങ്കിലും ഉപകാരപ്പെടും.

അങ്ങിനെ ഒരു സർവീസസിൽ കയറി, ഓയിൽ വാങ്ങി ഞങ്ങൾ രണ്ടാളുംകൂടി ബോനെറ്റ് പൊക്കി ഒഴിക്കേണ്ട ഓട്ട കണ്ടുകൂടി, നിറച്ചു. ഭാഗ്യം. വണ്ടി കണ്ടീഷൻ. ദീർഘയാത്ര പോകുംമുൻപ് വാഹനം എല്ലാവിധ പരിശോധനകളും കഴിഞ്ഞേ കൊണ്ടുപോകാവൂ. പെട്ടന്നായതിനാൽ ഇതിനൊന്നും സമയം കിട്ടിയില്ല. സ്റ്റെപ്പിനി പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടത്തിൽ മറ്റൊരു ഡ്രൈവറും ഉണ്ടായാൽ വളരെ നന്ന്. ഇന്റർനെറ്റ് ഉള്ള മൊബൈൽ ഇവിടെ അവശ്യവസ്തുവാണ്. വഴിയിലെങ്ങും ആരോടും വഴി ചോദിക്കാനൊന്നും സാധിക്കില്ല. മോട്ടോർവേയിൽ 50 cc വരെയുള്ള ബൈക്കുകളും കാൽനടക്കാരും മൃഗങ്ങളും നിരോധിക്കപ്പെട്ടിരിക്കുന്നു. ടോം ടോം എന്ന വഴികാട്ടി ഒരു നല്ല സഹായമാണ്.

അവിടെ ഒരു ഉത്സവപ്രതീതിയാണ്. ഈ യാത്രക്കാരെല്ലാംതന്നെ ഇവിടെ വിശ്രമിക്കാൻ കയറും. നിരനിരയായി കാറുകളും കാരവനുകളും. കാരവനുണ്ടെങ്കിൽ ഏതു പട്ടിക്കാട്ടിലും പോയിക്കിടക്കാം. പ്രത്യേക ഹോട്ടലോ ലോഡ്ജോ ഒന്നും അന്വേഷിക്കേണ്ടാ. എല്ലാം അതിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതു വാടകയ്ക്കും കിട്ടും. ഭാരമനുസരിച്ച് കാരവനുകൾക്ക് അതിനൊപ്പിച്ചുള്ള ലൈസെൻസും വേണം. അവർക്കു വഴിയിൽ പ്രത്യേകം പാർക്കിംഗ് ഏരിയ ഉണ്ട്. രാസവസ്തുക്കളാൽ നിർവീര്യമാക്കപ്പെട്ട, ഇതിൽനിന്നുള്ള മാലിന്യങ്ങൾ, വിസർജ്ജ്യങ്ങൾ എന്നിവ നിക്ഷേപിക്കാൻ അവിടെ സൌകര്യമുണ്ട്. നമ്മുടെ നാട്ടിലെമാതിരി ഇതൊന്നും ആരും വഴിയരികിലോ കാട്ടിലോ തോട്ടിലോ ഒന്നും ഒഴുക്കാറില്ല. ചില വലിയ കാരവനുകൾക്കകത്ത് കാറും കയറ്റിക്കൊണ്ടുപോകാം.

ചിലർ കാറുകളിലും കാരവനുകളിലും സൈക്കിളും കയക്കിംഗ് ബോട്ടുകളും കൊണ്ടുപോകുന്നുണ്ട്. ഇവരൊക്കെ മലകളുടെ അടിവാരത്ത് വാഹനം പൂട്ടിയിട്ടിട്ടശേഷം സൈക്കിളിലും നടന്നും മല കയറും. തടാകങ്ങളിലൊക്കെ ഇക്കൂട്ടർ തുഴഞ്ഞുനടക്കുന്നതും കാണാം. വഴിനീളെ അങ്ങനെയുള്ള വിനോദസഞ്ചാരികളെ കാണാം. ഇവരിൽ ചിലർക്കു മഴയോ മഞ്ഞോ തണുപ്പോ ഒന്നും ഒരു പ്രശ്നമല്ല. വെറുതെ ഒരു കോട്ടുമിട്ട് തൊപ്പിപോലുമില്ലാതെ ഇവർ നടക്കും. മോട്ടോർവേ ഒഴികെയുള്ള വഴികളിലൊക്കെ എപ്പോഴും ആൺപെൺവ്യത്യാസമില്ലാതെ ആളുകൾ വ്യായാമത്തിനായി ഓടുന്നതും കാണാം.

ഇടയ്ക്ക് ഒരു കാരവൻ കത്തിയമർന്നുകിടക്കുന്നതും കണ്ടു. അവിടെ നിറുത്തിയപ്പോൾ പോലിസ്-വണ്ടി വന്ന് ഞങ്ങളെ നിരീക്ഷിച്ചു. വഴിയിൽ മൂത്രമൊഴിച്ചാൽ അവർ പിടികൂടി, വിരലടയാളമൊക്കെ എടുക്കും. ഗൂണ്ടാലിസ്റ്റിൽ പേരു വരും. പിന്നെ ഇവിടുത്തെ ജീവിതം കട്ടപ്പൊഹ. എനിക്ക് ആകെ ബുദ്ധിമുട്ടുണ്ടായത് ഈ ഒരു കാര്യംമാത്രമാണ്. തണുപ്പുകാലത്ത് വെള്ളം കുടിക്കാനും വയ്യാ കുടിക്കതിരിക്കാനും വയ്യാ. യാത്രയിലാണെങ്കിൽ മൂത്രശങ്ക ശതഗുണീഭവിക്കുകയും ചെയ്യും. സഹിക്കാൻ വയ്യാതാകുന്പോൾ ഡാവിൽ ഏതെങ്കിലും പാർക്കിംഗ് ഏരിയയിൽ കാർ നിറുത്തി, ഇരുവശത്തും ആളെ നിറുത്തി, ആരുമില്ല എന്നുറപ്പാക്കി, വല്ല പൂവു മണപ്പിച്ചുനോക്കുന്നതുപോലെയോ കല്ലെടുത്തു പരിശോധിക്കുന്നതുപോലെയോ അഭിനയിച്ച് ഞാൻ കാര്യം സാധിക്കും. അല്ലാതെന്തു ചെയ്യും. (ഞാനാരാ മോൻ ?) പക്ഷേ, പോലിസ്-വേഷത്തിലല്ലാതെയും പോലിസ് റോന്തു ചുറ്റും. അതാണ് വള്ളിക്കെട്ട്.

ഇടയ്ക്ക് ഒരു ടോൾബൂത്ത് കണ്ടു കൊടുക്കാൻ ചില്ലറ എടുത്തു. അവിടെ കാർഡ് മാത്രമേ എടുക്കൂ എന്ന ബോർഡ് കണ്ടു കാർഡ് എടുത്തു. പക്ഷേ, നിരനിരയായിട്ടുള്ള കാബിനിലൊന്നിലും ആരുമില്ല. കാർഡ് അവിടെക്കണ്ട ഓട്ടയിൽ തിരുകി, കോഡ് അടിക്കാൻ നോക്കി.
അത്ഭുതം……….
അതാ ഗേറ്റ് തനിയെ തുറക്കുന്നു!! കാർഡ് ഊരിയെടുത്ത് യാത്ര തുടർന്നു. പൈസാ ഉടനെതന്നെ അവർ വസൂലാക്കിയിരുന്നു.

ഒക്സ്ഫോർഡ്, ബെർമ്മിങ്ങ്ഹാം എന്നീ പ്രദേശങ്ങളിൽക്കൂടി യാത്ര ചെയ്ത് വൈകുന്നേരം ഒരു 9 മണിയായപ്പോൾ മാന്ചെസ്ടറിനടുത്തുള്ള maccles field എന്ന ചെറിയ നഗരത്തിലെത്തി. റെയിൽവേ സ്റ്റേഷനടുത്തുള്ള Travelodge എന്ന ഇവിടുത്തെ കുറഞ്ഞ ചെലവുള്ള ഒരു ലോഡ്ജിൽ മുറി ബുക്ക് ചെയ്തിരുന്നു. റൂം ബോയ്സ് ഒന്നുമില്ല. ചാവി, A T M കാർഡ് മാതിരി പ്ലാസ്റിക് കട്ടിക്കടലാസ്സാണ്. അതു വാതിലിലുള്ള ഓട്ടയിൽ തിരുകിയാൽ തുറക്കും.

(തിരികെപ്പോരുന്പോൾ അതു കൗണ്ടറിലുള്ള പെട്ടിയുടെ ഓട്ടയിൽ നിക്ഷേപിക്കണം) ചായ, കാപ്പി, പാൽ, പഞ്ചസാര, കെറ്റിൽ ഇത്യാദിയൊക്കെ അവിടെ മുറിയിൽ വച്ചിരിക്കും. (വലിയ സിറ്റികളിൽ താമസിക്കാം. പക്ഷേ, ഒരു £150/- എങ്കിലും മുറിവാടക കൊടുക്കേണ്ടിവരുമെന്നുമാത്രം)
ഡബിൾ മുറി വാടക £60/- വരുന്നവഴി ഭക്ഷണം വാങ്ങി, മുറിയിലിരുന്നുകഴിച്ചു. പത്തുമണിയായപ്പോൾ യാത്രാക്ഷീണംമൂലം കണ്ണുകൾ തനിയെ അടഞ്ഞുതുടങ്ങി.
ഭക്ഷണം എന്നു പറഞ്ഞാൽ വല്ല ബർഗറോ പിസായോ ഒക്കെ ആയിരിക്കും. കൂടെ ബേക്കെൻ (ഉപ്പിട്ട പന്നിമാംസം) ഹാം (കനംകുറച്ചുമുറിച്ച പന്നിയുടെ പിൻകാൽമാംസം) ചിക്കൻ, ലാംബ് (ആട്ടിറച്ചി) ഒക്കെ ഗ്രിൽ ചെയ്തതും സോസജും ചില പച്ചിലകളും സോസും ഒക്കെ. ചിലപ്പോൾ അതും കിട്ടിയില്ലെന്നിരിക്കും. നമുക്ക് ഒരു പരിചയവുമില്ലാത്ത ഭക്ഷണമായിരിക്കും ചില സ്ഥലങ്ങളിൽ കിട്ടുക. വായിൽ വയ്ക്കുന്നതിനു മുൻപ് ഒക്കാനിക്കും. ഇതൊക്കെ കഴിക്കാമെങ്കിൽമാത്രമേ ഇവിടേക്കുള്ള യാത്ര സാധ്യമാകൂ. ഇന്നതേ കഴിക്കൂ എന്നു വാശിപിടിച്ചാൽ മുഴുപ്പട്ടിണിതന്നെ.
ആനുഷംഗികമായി പറയട്ടേ:
സ്കോട്ട് ലൻഡ് യാർഡ് പോലിസ് എന്നു പറയുന്നതും സ്കോട്ട് ലണ്ടും തമ്മിൽ കടലും കടലാടിയുംപോലുള്ള ബന്ധമേയുള്ളൂ. (ഇല്ലെന്നും പറയാൻ പറ്റില്ല. സ്കോട്ട് ലണ്ടിലെ രാജാക്കന്മാർ ഇംഗ്ലണ്ടിലെ രാജാക്കന്മാരെ കാണാൻ വരുന്പോൾ ഇവിടെയാണ് താമസിച്ചിരുന്നതത്രേ. പേരു വന്നത് അങ്ങനെയും ആകാമല്ലോ) Metropolitan Police Service അഥവാ MET എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്. ലണ്ടൻ വെസ്റ്റ് മിനിസ്റ്റെരിൽ ഉള്ള വൈറ്റ് ഹാൾ പ്ലേസിൽ സ്ഥാപിച്ച ലണ്ടനിലെ പോലിസ് കേന്ദ്രത്തിന്റെ പിന്നിലുള്ള റോഡിന്റെ പേരായിരുന്നു ഗ്രേറ്റ് സ്കോട്ട് ലൻഡ് യാർഡ് എന്നത്. അതിലേക്കു തുറക്കുന്ന ഒരു വാതിലും ഉണ്ടായിരുന്നു. തുടങ്ങിയപ്പോൾ അങ്ങിനെ ഒരു പേര് ഔദ്യോഗികമായി ഇല്ലായിരുന്നുതാനും. ആളുകൾ പറഞ്ഞുപറഞ്ഞ് അങ്ങനെ ആയിപ്പോയതാണ്. 1890 ൽ ഇവിടെനിന്നു തെയിംസ് നദീതീരത്തെ വിക്ടോറിയ എംബാങ്ക്മെന്റിൽ ഉള്ള ബ്രോഡ് വേയിലേക്ക് മാറ്റി. ഇപ്പോൾ ഔദ്യോഗികമായി ന്യൂ സ്കോട്ട് ലൻഡ് യാർഡ് പോലിസ് എന്നാണറിയപ്പെടുന്നത്.
വേറൊരു രസകരമായ കാര്യംകൂടെ : 27/071964 ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടങ്ങിയത് സ്കോട്ട് ലണ്ട് കാരനായ വില്ല്യം പാറ്റെര്സണ് എന്ന വ്യാപാരിയും, 17/07/1695 ൽ ബാങ്ക് ഓഫ് സ്കോട്ട് ലൻഡ് തുടങ്ങിയത് ഇംഗ്ലീഷുകാരനായ ജോണ് ഹോളണ്ട് എന്ന വ്യാപാരിയുമാണ്.
തുടരും……..

facebooktwittergoogle_plusredditpinterestlinkedinmail