13 – Loch Ness

വിസ്കിഫാക്ടറി കണ്ടുകഴിഞ്ഞ് ഞങ്ങൾ ഹൈലാൻഡിൽത്തന്നെയുള്ള, Loch Ness എന്ന തടാകം ലക്ഷ്യമാക്കി നീങ്ങി. വടക്കുകിഴക്ക് ഇൻവേർനെസ്-മുതൽ തെക്കുപടിഞ്ഞാറ് ഫോർട്ട് വില്ല്യംവരെയും അവിടുന്ന് അയർലണ്ട്-വരെയുമുള്ള Great Glen Fault എന്ന ഭൂഭ്രംശമേഖലയിൽ നീണ്ടുകിടക്കുന്ന ഈ ഈ തടാകം സമുദ്രനിരപ്പിൽനിന്ന് 52 അടി ഉയരെയാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ ജലവും കൂട്ടിയാലും ഈ തടാകത്തിലെ അത്രയും വരില്ല !! മറ്റു തടാകങ്ങളുമായും ചതുപ്പുകളുമായും ബന്ധപ്പെട്ടുകിടക്കുന്ന ഇവിടേക്ക് Ness, Oich, Farigaig, Foyers തുടങ്ങിയ നദികളും ഒഴുകിച്ചേരുന്നു. കറുകറുത്ത പാറകളിൽനിന്നു Peat എന്ന ഉണങ്ങിയ പായലിൽക്കൂടി ഊറിയിറങ്ങുന്ന ജലം കട്ടൻകാപ്പിയുടെ നിറം ഈ തടാകത്തിനു കൊടുക്കുന്നു. അതിനാൽ അടിയിലേക്ക് ഒന്നുംതന്നെ കാണാൻ വയ്യാ. വളരെ ആഴവും ഇതിനുണ്ട്. തടാകത്തിന്റെ പടിഞ്ഞാറെക്കരയിലുള്ള ഇടിഞ്ഞുപൊളിഞ്ഞ അഞ്ചുനിലഗോപുരം ഉള്ള Urquhart Castle വളരെ ചരിത്രപ്രാധാന്യമുള്ളതാണ്. പക്ഷേ, സമയക്കുറവുമൂലം അതുപേക്ഷിച്ചു. ഈ തടാകത്തിന്റെ ആഴങ്ങളിലെവിടെയോ ഒളിച്ചിരിക്കുന്നു എന്നു കരുതപ്പെടുന്ന, ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത, Loch Ness Monster എന്ന ഭീകരജീവിയെ കാണാൻ ഇവിടെ എപ്പോഴും സഞ്ചാരികളുടെ വൻതിരക്കാണ്. Early Jurassic Period ൽ ജീവിച്ചിരുന്ന Plesiosauria എന്ന ഉരഗവർഗ്ഗജീവിയാണ് ഇതെന്നു കരുതപ്പെടുന്നു. 1933 മെയ് മാസത്തിൽ George Spicer എന്ന ബ്രിട്ടീഷുകാരൻ ഇവിടെ ഭാര്യയുമൊത്ത് ഉല്ലാസയാത്ര നടത്തുമ്പോൾ, ഈ ജീവി, ഒരു മൃഗത്തിനെ കടിച്ചുപിടിച്ചുകൊണ്ട് അലസമായി വഴിക്കു കുറുകെ നടന്നുപോകുന്നതായി കണ്ടു എന്ന് Alex Campbell എന്ന Water bailiff (ലോക് നെസ് ജലരക്ഷാധികാരി) Inverness Courier എന്ന പത്രത്തിൽ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇതിനെ കണ്ടു എന്നു ധാരാളം പേർ അവകാശവാദവുമായി വന്നു. അസാമാന്യവലുപ്പമുള്ള മീനാണെന്നും കടൽപ്പാമ്പാണെന്നും മറ്റേതോ ഭീകരജീവിയാണെന്നും ഒക്കെ പറഞ്ഞുപറഞ്ഞ് അവസാനം “Nessi” എന്ന ഓമനപ്പേരിൽ എങ്ങും പ്രസിദ്ധമായി. Nessi എന്ന് ഇന്റർനെറ്റിൽ തപ്പിയാൽ ഇതിന്റെ കൂടുതൽ വിവരണങ്ങളും ആളുകൾ എടുത്തെന്നു പറയപ്പെടുന്ന തട്ടിപ്പുഫോട്ടോകളും കാണാം. 1933 ഡിസംബർ മാസത്തിൽ Hugh Gray എന്നയാൾ ഇതിന്റെ ഫോട്ടോ എടുത്ത് Daily Express പത്രത്തിൽ പ്രസിദ്ധീകരിച്ചു. അന്നുതൽ ഇതൊരു സംരക്ഷിതജീവിയാണ്. ആരും ഉപദ്രവിക്കാതിരിക്കാൻ അധികാരികൾ പോലിസിനെ പ്രത്യേകം ശട്ടംകെട്ടിയിട്ടുണ്ട്!!! പിന്നീടും പലരും ഇതിനെ കാണുകയും ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തു. ഒക്കെ തട്ടിപ്പാണെന്ന് പിന്നീടു മനസ്സിലായി. പക്ഷേ ഇപ്പോഴും അത്യന്താധുനിക ഉപകരണങ്ങളുമായി ഇതിന്റെ പിന്നാലെ ആളുകൾ ഗവേഷണംനടത്തുന്നുണ്ട്. 2003 ൽ BBC അറുനൂറോളം Sonar Beams ഉപയോഗിച്ച് തടാകത്തിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി ഉപഗ്രഹത്തിരച്ചിൽ നടത്തിയെങ്കിലും ഇതിന്റെ പൊടിപോലും കണ്ടുകിട്ടിയില്ല. കുട്ടികൾ ഇതിലിറങ്ങിക്കുളിച്ച് അപകടം വരാതിരിക്കാൻ മനഞ്ഞ വെറും അമ്മൂമ്മക്കഥ ! ആറാംനൂറ്റാണ്ടുമുതൽ കൊളമ്പിയ എന്ന വിശുദ്ധനോടനുബന്ധിച്ചു ഈ കഥ ഇവിടെ പ്രചാരത്തിലുണ്ട്. ഞങ്ങൾ ഉച്ചയായപ്പോൾ ജെട്ടിയിൽ ചെന്ന് സവാരി ബുക്ക് ചെയ്തു. തുറന്ന സ്പീഡ് ബോട്ടിൽ ഏറെ നേരം ഏറെ ദൂരം അവർ കാണിക്കും. പക്ഷേ, കനത്ത മഴയും തണുപ്പും, വശങ്ങളിൽ കണ്ണാടിയിട്ട വലിയ ബോട്ടിലേക്കു കയറാൻ ഞങ്ങളെ നിർബ്ബന്ധിതരാക്കി. ഭക്ഷണം കഴിഞ്ഞ് 3 മണിക്കു ഞങ്ങൾ ബോട്ടിൽ കയറി. അതിലൊക്കെ സ്ത്രീകളും സ്രങ്കായിട്ടു ജോലി ചെയ്യുന്നുണ്ട്. ബോട്ടടുപ്പിക്കുമ്പോഴും അകറ്റുമ്പോഴും പുരുഷന്മാരെ വെല്ലുന്ന ചടുലതയോടെ ഇവർ ചാടിക്കയറുകയും ഇറങ്ങുകയും ബോട്ട് കെട്ടിയിടുകയും തള്ളിനീക്കുകയും ഒക്കെ ചെയ്യുന്നു!! കുറെ നേരത്തേക്കു കനത്ത മഴ കാരണം ഒന്നും കാണാൻ തരപ്പെട്ടില്ല. മഴ കുറഞ്ഞപ്പോൾ ബോട്ടിന്റെ ഉയർന്ന തട്ടിൽ ഞങ്ങളെല്ലാം കയറി ഇരുവശവും വീക്ഷിച്ചു. അപ്പോഴും ചാറൽമഴയും കാറ്റും ഉണ്ടായിരുന്നു. ഇങ്ങനെയൊരു കാഴ്ച പിന്നെ ജീവിതത്തിൽ ഒരിക്കലും കിട്ടാനിടയില്ലാത്തതിനാൽ, 10 ഡിഗ്രിക്കു താഴെയുള്ള ആ തണുപ്പും മഴയും കാറ്റും ഒക്കെ അതിജീവിച്ച് ഞങ്ങൾ അതിന്റ പുറത്തുതന്നെ നിന്നു. നെസ്സിക്കൊരു മ്യൂസിയവും ഇവിടെയുണ്ട്. ഈ നെസ്സി യുഗങ്ങൾക്കു മുൻപേ പിടിച്ചുകയറാൻ ശ്രമിച്ചു എന്നു പറയപ്പെടുന്ന ഒരു സ്ഥലം അവർ ഞങ്ങൾക്കു കാട്ടിത്തന്നു. ആൾപാർപ്പ് കുറഞ്ഞ ഈ സ്ഥലത്തുകൂടി പിടിച്ചുകയറിയപ്പോൾ ഉണ്ടായ കൈയുടെ പാടാണത്രേ ഇവിടെ കാണുന്നത്!! ഇപ്പോൾപ്പോലും ഇവിടെ ആളുകൾ വളരെ കുറവാണ്. വിനോദസഞ്ചാരികളെ പറ്റിക്കാനുണ്ടാക്കിയ കെട്ടുകഥ ! ഭൂമി നിരങ്ങുന്നതിനാൽ, ഈ ഭാഗത്തൊക്കെ ഇങ്ങിനെ പാറ ഇടയ്ക്കിടെ ഇടിഞ്ഞുവീഴാറുണ്ട് എന്നു മുൻപ് ഞാൻ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ തിരികെയെത്തി. മനുഷ്യനിർമ്മിതമായ ഒരു ദ്വീപും ഇവിടെയുണ്ട് ; കൊച്ചിയിലെ നമ്മുടെ Willington Island പോലെ. ബോട്ട് യാത്ര 4 മണിക്ക് അവസാനിപ്പിച്ചു. അങ്ങനെ ഞങ്ങളുടെ സ്കോട്ട് ലാൻഡ് യാത്രയും അവസാനിച്ചു. വളരെ ഭാരത്തോടെയാണെങ്കിലും ഞങ്ങൾ അപ്പോൾത്തന്നെ ലണ്ടനിലേക്കു തിരിച്ചു. Loch Ness ന്റെ തീരത്തുകൂടിയുള്ള ഈ യാത്രയും വളരെ ഹൃദ്യമായിരുന്നു. കനത്ത മഴമൂലം പുറത്തിറങ്ങാൻ സാധിച്ചില്ല എന്നുമാത്രം. വരുന്ന വഴി പന്തയക്കുതിരയെ കൊണ്ടുപോകുന്ന പ്രത്യേകതരം വാഹനം കണ്ടു. ഒരു Services ൽ (പെട്രോൾ നിറയ്ക്കൽ, വിശ്രമം, പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കൽ ഒക്കെ ഇവടെ മാത്രം) സ്കോട്ട് ലണ്ടിലെ പലസ്ഥലങ്ങളിലും വച്ച് യശ:ശരീരനായ വയലാറിന്റെ പ്രസിദ്ധമായ വരികൾ പലവുരു ഞങ്ങൾ പാടി : “ചന്ദ്രകളഭം ചാർത്തിയുറങ്ങുംതീരം, ഇന്ദ്രധനുസ്സിൻ തൂവൽകൊഴിയുംതീരം” തിരികെ പോരുമ്പോൾ ബാക്കിയും. “ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി ?” ഉദ്ദേശം 5 മണിക്കൂറോളം എ 9 വഴി, പലയിടങ്ങളിലായി നിറുത്തിനിറുത്തി, ഗ്ലാസ്ഗോ വഴി, Carlisle (കാർലൈൽ) എന്ന സ്ഥലത്തെ ട്രാവേലോട്ജിൽ രാത്രി എത്തി. Celts എന്ന ദൈവങ്ങളിൽ ഒരാളായ Lugh ൽ നിന്നു നിഷ്പാദിപ്പിക്കപ്പെട്ട Caer Luel പിന്നീട് കാർലയിൽ ആയതാണ്. സ്കോട്ട് ലാൻഡ് – ഇംഗ്ലണ്ട് അതിർത്തി ആണിത്. അവിടെയും യുദ്ധങ്ങളും അധിനിവേശങ്ങളും പല കഥകളും അറിയാനുണ്ടെങ്കിലും ഞങ്ങളുടെ യാത്രാപരിപാടി അവസാനിച്ചതിനാൽ അതൊന്നും തിരയാൻ പോയില്ല. പതിവുപോലെ ചായയും ഒക്കെ ഉണ്ടാക്കി കഴിച്ച് കുളിച്ചു സ്കോട്ട് ലൻഡ് എന്ന സ്വർഗ്ഗീയഭൂമിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി ഉറക്കംതുടങ്ങി. പിറ്റേന്നു കാലത്ത് വീണ്ടും തലേന്നു വാങ്ങിവച്ചിരുന്ന ബ്രെഡും ജാമും പഴങ്ങളും കൊണ്ട് പ്രാതലൊക്കെ പതിവുപോലെ അകത്താക്കി, പെട്ടിയൊക്കെ എടുത്തു, താഴെ എത്തി. മകൻ കാറു കൊണ്ടുവന്നു ലോഡ്ജിന്റെ മുന്നിൽ നിറുത്തിയപ്പോൾ അവിടെ നിന്നിരുന്ന വളരെ മാന്യനും വൃദ്ധനുമായ ഒരു സ്കോട്ട്ലണ്ടുകാരൻ, എന്റെ വിലക്കുകൾ വകവയ്ക്കാതെ, മഴയെ കൂസാതെ, ഞങ്ങളുടെ രണ്ടു വലിയ പെട്ടികളും തൂക്കിയെടുത്തു കാറിനകത്ത് വച്ചുതന്നു !! ലണ്ടനിലാണെങ്കിൽ ഒരിക്കലും ഇങ്ങനെ പ്രതീക്ഷിക്കാൻ സാധിക്കില്ല. അവർ ആരെയും ശ്രദ്ധിക്കാറുപോലുമില്ല. അദ്ദേഹത്തോടു നന്ദിപറഞ്ഞ് തെക്കോട്ടു യാത്ര തുടർന്നു Telford ൽ മകന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഉച്ചയായപ്പോൾ എത്തി. അവർ കപ്പയും ആട്ടിറച്ചിയും അവിയലും സാമ്പാറും ഒക്കെ ചേർത്ത് ഞങ്ങൾക്കു വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. (ഒരിറ്റു കഞ്ഞിവെള്ളം കുടിച്ചിട്ട് അപ്പോഴേക്കും ഒരാഴ്ചയായിരുന്നു !!) മൃഷ്ടാന്നം ഭുജിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും നന്ദി പറഞ്ഞ്, ഉച്ചതിരിഞ്ഞു വീണ്ടും തെക്കോട്ടു പ്രയാണംചെയ്ത് വൈകുന്നേരമായപ്പോൾ ലണ്ടനിൽ എത്തി. ഞങ്ങൾ ഭയപ്പെട്ടതുപോലെ അത്യധികമായ തണുപ്പിൽ ഞങ്ങൾക്കാർക്കും ഒരസുഖവും വന്നുപെട്ടില്ല. ഈശ്വരോ രക്ഷതു. വഴിയിൽ എന്തൊക്കെയോ നിർമ്മിതികൾ കണ്ടു. എന്താണാവോ, ആർക്കറിയാം? ഇപ്പോഴും ചില രാത്രികളിൽ, അതുവഴി പോകുന്നതായുള്ള സുന്ദരസ്വപ്നങ്ങൾ ഞങ്ങൾ കാണാറുണ്ട്. വീണ്ടും കാണാനുള്ള മോഹം പറയുമ്പോഴൊക്കെ മകൻ ശുഷ്കമായ പേഴ്സ് തുറന്നു കാണിക്കും. ഉദ്ദേശം £3,000/- (അതായതു Rs.3,00,000/-) എല്ലാം അടക്കം ചെലവായി. എന്നാലെന്താ ? “ഒരു വട്ടംകൂടിയെന്നോർമ്മകൾ മേയുന്ന സ്കോട്ട്ലണ്ടിൽ പോകുവാൻ മോഹം…. വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം…” നമ്മുടെ മഹാകവി ശ്രീ O N V ഇവിടെ ജനിച്ചിരുന്നെങ്കിലോ ഇവിടം ഒരുവേള കണ്ടിരുന്നെങ്കിലോ ഈ കവിത ഇങ്ങനെ മാറ്റി എഴുതിയിരുന്നേനേ !! ദൈവാധീനമുണ്ടെങ്കിൽ, അടുത്ത വർഷം ഒന്നുകൂടി വരണം. ഇത്രയൊക്കെയായിട്ടും ആ മനോഹരതീരത്തിന്റെ ഒരു ശതമാനംപോലും ഞങ്ങൾ കണ്ടില്ലതാനും ! ………………………………..ഞങ്ങളുടെ സ്കോട്ട് ലാൻഡ്‌ യാത്ര അങ്ങനെ മംഗളമായി പര്യവസാനിച്ചു. (വിവരങ്ങൾക്കു വിക്കിപീഡിയ പോലുള്ള സൈറ്റുകളോടു കടപ്പാട്.) (ഒരു ലേഖനത്തോടുകൂടി ഈ പരമ്പര അവസാനിക്കുന്നു.)

facebooktwittergoogle_plusredditpinterestlinkedinmail