മൂന്നാം ലണ്ടൻയാത്ര 2017 -(ഒന്നാം ഭാഗം)

അങ്ങനെ പിന്നെയും ഒരു ലണ്ടൻയാത്ര തരമായി. പതിനെട്ടാം തീയതി നേരം വെളുത്തപ്പോൾമുതൽ, കൊണ്ടുപോകാനുള്ള സാധനങ്ങൾ ഞങ്ങൾ അടുക്കിത്തുടങ്ങി. അതിനുമുന്നേതന്നെ എല്ലാം ഒരുക്കിവച്ചിരുന്നു. 45 തേങ്ങ ഒന്നു രണ്ടു ദിവസംകൊണ്ടു ഞാൻ പൊതിച്ചുവച്ചിരുന്നു. അതിനുമുന്നേതന്നെ തേങ്ങയാട്ടി, വെളിച്ചെണ്ണ ഒന്നര ലീറ്റർ കൊള്ളുന്ന മൂന്നു പ്ലാസ്റ്റിക്-കുപ്പികളിലാക്കിവച്ചിരുന്നു. ചമ്മന്തിപ്പൊടി, അച്ചാറുകൾ, പഴം വരട്ടിയത്, അല്ലറചില്ലറ മസാലപ്പൊടികൾ അങ്ങനെയങ്ങനെ പലതും പെട്ടിയിലാക്കി.

കഴിഞ്ഞ രണ്ടുതവണയും പോയത് ഖത്തർ എയർവേസ്, എമിരേറ്റ്സ് എന്നിവയുടെ വിമാനങ്ങളിലാണ്. ഇത്തവണ കിട്ടിയത് എത്തിഹാദ് കമ്പനിയുടേതാണ്. രാത്രി പന്ത്രണ്ടരയ്ക്കു വരണമെന്നു പറഞ്ഞിരുന്ന കാർ എത്തി, ഒരുമണിക്കു നെടുമ്പാശ്ശേരിയിലെത്തി. എത്തിഹാദിന്റെ മുന്നിലുള്ള വരിയിൽ ഇടംപിടിച്ചു. മറ്റുള്ള വിമാനങ്ങളിൽ, കൈവശം വയ്ക്കാനുള്ള പെട്ടിയിൽ 7.50 കിലോയും അല്ലാത്ത ഓരോ പെട്ടിയിലും 32 കിലോയും ഭാരം കൊണ്ടുപോകാമായിരുന്നു. എന്നാൽ എത്തിഹാദിൽ ഒരു പെട്ടിയിൽ 23 കിലോ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. അതിനാൽ വലിയ പെട്ടിയിൽ സാധനങ്ങൾ നിറയ്ക്കാൻ സാധിച്ചില്ല.

അവരുടെ ഒരു ജോലിക്കാരിപ്പെൺകുട്ടി ഞങ്ങളുടെ അടുത്തുവന്ന് ചോദിച്ചു: “പെട്ടിയിൽ ഓയിൽ ഐറ്റംസ് എന്തൊക്കെയുണ്ട് ?” ഞാൻ പറഞ്ഞു “വെളിച്ചെണ്ണ ഒന്നര ലീറ്റർവീതം മൂന്നു കുപ്പിയുണ്ട്. പിന്നെ നൂറു മില്ലിഗ്രാം തലയിൽ തേയ്ക്കാനുള്ള എണ്ണ, കുറച്ചു ലേഹ്യം, അച്ചാർ എന്നിവയൊക്കെയുണ്ട്”
പെൺകുട്ടി : “ഇതൊക്കെ കൊണ്ടുപോകുന്നതിന് ഒരു ലിമിറ്റൊക്കെയുണ്ട്. ഒരാൾക്ക് രണ്ടു ലീറ്റർ എണ്ണയേ കൊണ്ടുപോകാവൂ, ബാക്കി അര ലീറ്റർ വേറൊരു കുപ്പിയിലാക്കണം.”
“എന്റെ കൈവശം വേറെ കുപ്പിയൊന്നുമില്ല, ഒരെണ്ണം കളഞ്ഞേക്കാം ”
“അതു വേണ്ടാ സർ, അര ലീറ്റർ മാറ്റിയാൽ മതി”
“ഞാനിപ്പോൾ എവിടെനിന്നാ കുപ്പിയുണ്ടാക്കുന്നത്?”
“ഇല്ലെങ്കിൽ അര ലീറ്റർ കുപ്പിയിൽനിന്നു കളഞ്ഞാൽ മതി”

അങ്ങനെ ഞാൻ, മൂത്രമൊഴിക്കുന്നതിനു പകരം, ഒരു കുപ്പിയിൽനിന്നുള്ള അര ലീറ്റർ വെളിച്ചെണ്ണ, ഹൃദയവേദനയോടെ ടോയ്‌ലെറ്റിൽ ഒഴിച്ചുകളഞ്ഞു. എത്രമാത്രം പാടുപെട്ടിട്ടാണ് സ്വന്തമായി വെളിച്ചെണ്ണ ആട്ടിയെടുക്കന്നതെന്ന് ഇവരോടു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ ! ഒരു പെട്ടിയിൽ രണ്ടു ലീറ്റർമാത്രമേ അനുവദിക്കൂ. അതിനാൽ അടുക്കിയതൊക്കെ പുറത്തെടുത്ത് പുനഃക്രമീകരിക്കേണ്ടിവന്നു. എന്റെ നാടുവിന്റെ കണ്ണി വിട്ടുപോയതുപോലെ തോന്നി.

ഈ കുട്ടി എന്നോടു ചോദിക്കുന്നതും ഞാൻ വെളിച്ചെണ്ണ കൊണ്ടുപോയിക്കളയുന്നതും പിന്നിൽ നിന്ന ഒരാൾ കണ്ടിരുന്നു. അയാൾ എന്നോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഞാൻ അയാളോടു ചോദിച്ചു : “താങ്കളുടെ കൈവശം എത്രത്തോളം വെളിച്ചെണ്ണയുണ്ട് ?”
“ആറു കുപ്പി”
“ദൈവമേ അതിൽ നാലുകുപ്പിയും കളയേണ്ടിവരുമല്ലോ !” എനിക്കു വല്ലാത്ത വിഷമം തോന്നി.

പെട്ടെന്നാണ് എനിക്കൊരു കഥ ഓർമ്മവന്നത്. ക്യൂവിൽ നിന്നുകൊണ്ട് ഞാൻ കുറെ ചിരിച്ചു. ഭാര്യ ദേഷ്യപ്പെട്ടു. ഞാൻ ഒതുക്കത്തിൽ ആ കഥ ഭാര്യയോടും പറഞ്ഞു: പണ്ടൊരു കിറുക്കനായ രാജാവുണ്ടായിരുന്നു; നമ്മുടെ തുഗ്ലക്കിന്റെ വകേലൊരാളിയാനായിവരും. മുഖംകാണിക്കാൻ വരുന്നവരൊക്കെ കാഴ്ച കൊണ്ടുചെല്ലണം. ഇഷ്ടപ്പെട്ടാൽ നല്ലനല്ല സമ്മാനങ്ങളൊക്കെ കൊടുക്കും. എന്നാൽ കാഴ്ച ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ, കൊണ്ടുവരുന്നത് എന്താണെങ്കിലും അതൊക്കെ കൊണ്ടുവരുന്നവരുടെ പൃഷ്ഠത്തിൽ അടിച്ചുകയറ്റും. ഒരുവൻ കൊണ്ടുവന്നത് കടച്ചക്കയാണ്. അതു രാജാവിന് ഇഷ്ടപ്പെട്ടില്ല. ഉടൻതന്നെ ഭടന്മാർ അയാളെ ശിക്ഷാവിധിക്കു വിധേയമാക്കി. എന്നാൽ പതിവിനു വിപരീതമായി അയാൾ ചിരിക്കുകയാണുണ്ടായത്.

രാജാവ് അദ്‌ഭുതപ്പെട്ടു : “നീയെന്തിനാ ചിരിക്കുന്നത് ?”
ഉടനെ മറുപടി കിട്ടി : “മഹാരാജാവേ എന്റെ ശത്രുവായ അയൽവാസി കൊണ്ടുവരുന്നത് വലിയൊരു ചക്കയാണ് !!”

ഇദ്ദേഹത്തിന്റെ കൈവശമുള്ള നാലു കുപ്പി കളയുമ്പോൾ ഉണ്ടാകുന്ന വേദനയേക്കാൾ എത്രയോ നിസ്സാരമാണ് എന്റെ കൈയിലുള്ള അര ലീറ്റർ പോകുമ്പോൾ ഉണ്ടാകുന്ന വേദന !
വീണ്ടും ക്യൂ നിന്നു. ഒരു മണിക്കൂർകൊണ്ട് എമിഗ്രഷൻ നടപടികൾ പൂർത്തിയായി. അപ്പോളേക്കും ഞങ്ങൾ ഒരു പരുവമായി. അവശത വല്ലാതെ ബാധിച്ചപ്പോൾ ഒരു കാപ്പി കുടിക്കാമെന്നു കരുതി. വില എത്രയാണെന്നോ ? 80 കയും കൂടെ GST 14 കയും !! ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലെയായി !!

തുടരും……IMG_20170919_040506

facebooktwittergoogle_plusredditpinterestlinkedinmail