14 – The Royal Bank of Scotland

RBSചെലവു കുറയ്ക്കാൻ The Royal Bank of Scotland ആകെയുള്ള 700 ശാഖകളിൽ 259 എണ്ണം അടച്ചുപൂട്ടാൻ തീരുമാനിച്ചതായി വാർത്ത. ഇതിന്റെ ഫലമായി 680 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. പ്രധാനമായും സ്കോട്ലൻഡിൽമാത്രമാണിവരുടെ ശാഖകളെന്നാലും ഇംഗ്ലണ്ടിലും വെയ്ൽസിലും കുറേയെണ്ണമുണ്ട്.

ഉപഭോക്താക്കൾ ഞങ്ങളുമായി നടത്തുന്ന ഇടപാടുകളിൽ മാറ്റമുണ്ടായതിനാൽ ഞങ്ങൾ സേവനരീതിയിൽ മാറ്റം വരുത്താൻ നിർബ്ബന്ധിതരായിരിക്കുന്നുഎന്നാണിവരുടെ അറിയിപ്പ്.

ശാഖകളിൽ നേരിട്ടുപോയി, ഇടപാടുകൾ നടത്തുന്ന ആളുകൾ ഇവിടെ വളരെക്കുറവാണ്. എല്ലാവരും ഓൺലൈൻ/മൊബൈൽബാങ്കിങ് ഇടപാടുകളാണ് നടത്തുന്നത്. 2014 ൽത്തന്നെ ശാഖകൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ 40% കുറവു വന്നതായും 73% ഇടപാടുകൾ മൊബൈൽബാങ്കിങ്വഴി നടന്നതായും ബാങ്ക് അറിയിക്കുന്നു. ഉപഭോക്താക്കളിൽ അഞ്ചിലൊന്നുമാത്രമേ നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നുള്ളൂ ബാക്കിയെല്ലാവരും മൊബൈൽബാങ്കിങ്ങാണ് നടത്തുന്നതെന്നും ഇവർ കണക്കാക്കിയിട്ടുണ്ട്. അക്കൗണ്ടു തുടങ്ങാൻപോലും ഇപ്പോൾ ബാങ്കിൽ പോകേണ്ടയാവശ്യമില്ല, അവിടുത്തെ ഒരുദ്യോഗസ്ഥനെയും നേരിൽ കാണേണ്ട കാര്യമില്ല. അതിനാൽ ഈ ശാഖകളൊക്കെ നിലനിറുത്തുന്നതിൽ അർത്ഥമില്ല എന്നാണിവരുടെ വാദം.

ബാങ്കുകളുടെ വികേന്ദ്രീകൃതമായ ഇടപാടുകളുടെ അന്ത്യം കുറിക്കുന്ന തുടക്കമാണോ ഇത് ? പതിയെപ്പതിയെ നമ്മുടെ നാട്ടിലും ഇതൊക്കെ വരും. ഇപ്പോൾത്തന്നെ കേന്ദ്രസർക്കാരിന്റെ പല പദ്ധതികളും cashless ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നവയാണല്ലോ. ബാങ്കുകളുടെ ആവശ്യകതതന്നെ ഇല്ലാതായിക്കൊണ്ടിയിരിക്കുന്നുവോ ? ഇതുകൂടാതെ ഇപ്പോൾ സങ്കല്പത്തിൽമാത്രമുള്ള ക്രിപ്റ്റോ കറൻസിയും പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്നു. കുറേക്കഴിഞ്ഞാൽ ബാങ്കുകളും ഒരു സങ്കല്പംമാത്രമായിത്തീരുമോ ?

Unite the Union എന്ന ബാങ്കുജീവനക്കാരുടെ സംഘടന, ഇതു ബാങ്കിന്റെ ധാർമ്മികമായ അധഃപതനമാണെന്നു പറഞ്ഞുകൊണ്ട് പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ. എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടുതന്നെ അറിയണം.

ബാങ്കുജീവനക്കാർ ജാഗ്രതൈ !

facebooktwittergoogle_plusredditpinterestlinkedinmail