സഞ്ചാരികളുടെ സ്വർഗ്ഗം അഥവാ സ്കോട്ട് ലൻഡ് (8)

Stirling Castle

കാലത്ത് വീണ്ടും ഞങ്ങൾ ആപ്പിളും ബ്രെഡും ജാമും തേനും ഒക്കെ കഴിച്ചു കിൻ റോസിൽ നിന്നും പടിഞ്ഞാറ് ഭാഗത്തുള്ള സ്റ്റിർലിങ്ങ് കോട്ട കാണാൻ യാത്ര തുടങ്ങി. ഉദ്ദേശം ഒരു മണിക്കൂർ സമയം വേണ്ടി വന്നു അവിടെയെത്താൻ.

കോട്ടയ്ക്കടുത്തെത്താറായപ്പോൾ ആകാശം മുട്ടെ ഉയർന്നു നില്ക്കുന്ന ഒരു ഗോപുരം ഞങ്ങൾ കണ്ടു അതാണ് കോട്ടയെന്നു തെറ്റിദ്ധരിച്ചു. വില്ല്യം വാലസ് എന്ന സ്വാതന്ത്ര്യ സമര ദുരന്ത നായകൻറെ ഓർമ്മയ്ക്കായി പണി കഴിപ്പിച്ച സ്തൂപമാണ് അത്. യാത്രയിൽ അത് കാണാനുള്ള പദ്ധതി ഇല്ലായിരുന്നു. പക്ഷെ അതൊരു വൻ നഷ്ടവുമായി എന്ന് പിന്നീട് തോന്നി.

ഭൂമിക്കുള്ളിൽ കിടന്നു ഉരുകിത്തിളയ്ക്കുന്ന പാറയും ലോഹങ്ങളുമൊക്കെയാണ് മാഗ്മ. അതു ദുർബ്ബലമായ ഭാഗങ്ങളിലൂടെ പുറത്തേക്ക് വരുന്നതാണ് ലാവ. ഉടനടി പൊട്ടിത്തെറിച്ചാൽ അഗ്നിപർവ്വതം. സാവധാനം പുറത്തേക്ക് വരുന്നത് മണ്ണും പാറയും ഒക്കെ തള്ളി മാറ്റി – അല്ലെങ്കിൽ ഏതെങ്കിലും പാറകളുടെ വിടവിനകത്തുകൂടി മുകളിലേക്കുയർന്നു പുറത്തേക്ക് ഏതെങ്കിലും ചരിവിലൂടെ ഒഴുകി ഘനീഭവിച്ചു പാറയാകും. ഇതിനു Sill / Dyke എന്നൊക്കെ പറയും. ഇതിനു മുകളിലൂടെ മഞ്ഞു പാളികൾ നീങ്ങുമ്പോഴോ ഹിമപാതം ഉണ്ടാകുമ്പോഴോ പ്രായേണ പിടുത്തം കുറഞ്ഞ കല്ലും മണ്ണും ഒലിച്ചു പോകും. യുഗങ്ങളോളം ഈ പ്രക്രിയ തുടരുമ്പോൾ ഈ പാറ മറ്റുള്ള ഭാഗങ്ങളേക്കാൾ ഉയർന്നു നില്ക്കും. ലാവ പുറത്തേക്ക് വരുന്ന ഭാഗം ഉയരം കൂടിയും (Crag) ഒഴുകിപ്പോയ ഭാഗം ഉയരം കുറഞ്ഞും (Tail) ഇരിക്കും. സ്കോട്ട് ലണ്ടിലുള്ള എഡിൻ ബറ കാസിൽ റോക്ക്, സ്ടിർലിംഗ് കാസിൽ, സാലിസ്ബറി ക്രാഗ്, ആർതെർസ് സീറ്റ്, നോർത്ത് ബെർവിക് ലൊ ഇവയൊക്കെ ഇങ്ങനെയുള്ള Crag and Tail പ്രതിഭാസത്തിനു ഉദാഹരങ്ങളാണ്.

Forth നദിക്കരയിലുള്ള സ്ടിർലിംഗ് കാസിലും എഡിൻ ബറ കാസിൽ പോലെ തന്നെ 3 വശവും ചെങ്കുത്തായ പാറക്കെട്ടും ഒരു വശം ചരിവും ആണ്. ഇംഗ്ലീഷ്, റോമൻ, ഫ്രഞ്ച് നിർമ്മാണ രീതികൾ സമന്വയിപ്പിച്ചു കൊണ്ടാണ് പുതിയ നിർമ്മിതികൾ. കോട്ട പതിനൊന്നാം നൂറ്റാണ്ടു മുതലുണ്ടെങ്കിലും 15, 16 നൂറ്റാണ്ടുകളിലെ കൊട്ടാരനിർമ്മിതികളേ അവശേഷിച്ചിട്ടുള്ളൂ. നവോത്ഥാന കാലഘട്ടത്തിൽ, സ്റ്റുവർട്ട് വംശജരായ ജയിംസ് 4, 5, 6 രാജാക്കന്മാരാണ് പുതിയ കെട്ടിടങ്ങളൊക്കെ നിർമ്മിച്ചത്. നഷ്ടപ്പെട്ടതൊക്കെ പഴയ പോലെയാക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ജെയിംസ് നാലാമൻ ALCHEMIST (രസ വാദികൾ – ഇരുമ്പും ചെമ്പുമൊക്കെ സ്വർണ്ണം ആക്കി മാറ്റാമെന്ന് ഇക്കൂട്ടർ വിശ്വസിച്ചിരുന്നു) കളുടെ (Alchemistry നമ്മുടെ Chemistry യുടെ പഴയ രൂപം) ഒരു പടയെത്തെന്നെ ഇവിടെ സംരക്ഷിച്ചിരുന്നു. അതിലൊരു ജോണ്‍ ഡാമിയൻ എന്ന സന്ന്യാസിയാണ് മനുഷ്യന്റെ പറക്കലിന് ആദ്യമായി ചിറകു മുളപ്പിച്ചത്. 1509 ൽ ഈ കോട്ടയുടെ ഉയർന്ന മതിലിൽ നിന്നും ഇദ്ദേഹം ഒരു യന്ത്രത്തിൽ കയറി പറന്നു എന്ന് വില്ല്യം ഡൻബാർ തന്റെ കവിതയിൽ പറയുന്നുണ്ട്. പറക്കലിൽ വീണു കാലൊടിഞ്ഞു എന്ന് മാത്രം. ഇദ്ദേഹം പരീക്ഷണങ്ങൾക്ക് വേണ്ടി രാജാവിൽ നിന്നും അസാരം പണം കൈക്കലാക്കിയിരുന്നു. ചീട്ടു കളിച്ചും രാജാവിൽ നിന്നും പണം പറ്റിയിരുന്നത്രേ. ദൈവങ്ങൾ നിവസിക്കുന്ന ആകാശങ്ങൾക്കു മീതെ നിന്നും, അവർ ശ്വസിക്കുന്ന പരിപാവനമായ AETHER നേരിട്ട് കിട്ടുവാൻ CALDWELL എന്ന വേറൊരു ALCHEMIST നെയും പരീക്ഷണ നിരീക്ഷണങ്ങൾക്ക് വേണ്ടി ഇവിടെ പാർപ്പിച്ചിരുന്നു. 1501 ൽ പോപ്പിന്റെ ആശീർവ്വാദത്തോടെ പാതിരിമാരുടെ ഒരു കോളേജും അദ്ദേഹം ഇവിടെ സ്ഥാപിച്ചു.

1286 ൽ അലക്സാണ്ടർ മൂന്നാമന്റെ മരണം വരെ ഇതായിരുന്നു തലസ്ഥാനം. പിന്നീടുണ്ടായ അധികാരത്തർക്കം തീർക്കാൻ ഇംഗ്ലണ്ടിലെ എഡ് വേർഡ് ഒന്നാമനെ ക്ഷണിച്ചുവെങ്കിലും കോട്ട അധീനതയിലാക്കാനാണ് അദേഹം ശ്രമിച്ചത്. ഇതാണ് ഒന്നാം സ്കോട് ലൻഡ് സ്വാതന്ത്ര്യ സമരത്തിന് വഴി വച്ചത്. ആണ്ട്രൂ മൊരേ, വില്ല്യം വാലസ്, റോബർട്ട് ദി ബ്രൂസ് എന്നിവർ ഈ ഇംഗ്ലീഷ് ആക്രമണങ്ങളൊക്കെ ഫലപ്രദമായി ചെറുത്തു നിന്നു.

എന്നാൽ 1336 ൽ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്നിടയ്ക്കു ഇംഗ്ലീഷുകാർ കോട്ട പിടിച്ചടക്കി. ഇംഗ്ലണ്ട് ലെ ഹെന്ററി നാലാമന്റെ മരുമകളായ JOAN BEAUFORT തടവുകാരനായിരുന്ന സ്കോട് ലൻഡ് രാജകുമാരൻ ജയിംസ് ഒന്നാമനുമായി കടുത്ത പ്രണയത്തിലാകുകയും സ്ത്രീധനമായി കോട്ട വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

1304 ൽ എഡ് വേർഡ് വീണ്ടും Siege Engine, Warwolf, Trebuchet എന്നൊക്കെ പറയുന്ന ഭീമൻ തെറ്റാലി കൊണ്ട് വന്നു കോട്ട തകർത്തു. മദ്ധ്യ കാലഘട്ടത്തിൽ 12 മുതൽ 15-)o നൂറ്റാണ്ടു വരെ നിലവിലിരുന്ന ഈ യന്ത്രം വെടിമരുന്നിന്റെ ആവിർഭാവത്തോടെ നാമാവശേഷമായി. 160 കിലോയോളം ഭാരമുള്ള കല്ല് ഇതിൽ നിന്നും തൊടുത്തു വിടാമായിരുന്നു. 1984 ൽ Renaud Beffeyte എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ഇത് പിന്നീട് വികസിപ്പിച്ചെടുത്തത്. ചില ഇംഗ്ലീഷ് പുരാണ ചിത്രങ്ങളിൽ ഇതുപയോഗിക്കുന്നത് കാണാം. ചിത്രത്തിൽ കാണുന്നത് തൈംസ് നദീതീരത്തുള്ള Tower of London ന്റെ പുറത്തു വച്ചിരിക്കുന്ന ഇത്തരം ഒരെണ്ണമാണ്.

ഇതൊരു ഗ്രാമ പ്രദേശമായതിനാലും, തീരപ്രദേശമല്ലാത്തതിനാലും ഇവിടെ എഡിൻ ബറയുടെ അത്രയും പ്രാധാന്യം ബ്രിട്ടീഷുകാർ കൊടുത്തില്ല എന്ന് തോന്നുന്നു. എന്നിരുന്നാലും രണ്ടു ആഭ്യന്തര യുദ്ധങ്ങളിലും, സ്കോട് ലണ്ടുകാരുടെ രണ്ടു സ്വാതന്ത്ര്യ സമരങ്ങളിലും, എട്ടു ഉപരോധ ആക്രമണങ്ങൾ നടന്നു. ഒലിവർ ക്രോം വെല്ലിന്റെ ആക്രമണത്തിൽ കോട്ടയ്ക്കു നാശ നഷ്ടമുണ്ടായത് ഇപ്പോഴും കാണാം. (ഇദ്ദേഹത്തെക്കുറിച്ച് കുറെ പറയാനുള്ളത് വഴിയെ ആവാം)

രാജാക്കന്മാരുടെയും റാണിമാരുടെയും ഒക്കെ സ്ഥാനാരോഹണങ്ങൾ പലതും ഇവിടെ നടന്ന കൂട്ടത്തിൽ 1542 ൽ നടന്ന Mary, Queen of Scots ന്റെ ആണ് ഏറെ പ്രധാനം. (അവരെക്കുറിച്ചും കുറെ പറയാനുണ്ട്)

ഒന്നാം എലിസബത്ത് രാജ്ഞി അവകാശികളില്ലാതെ മരണമടഞ്ഞപ്പോൾ 1603 ൽ രാജ്ഞിയുടെ അർദ്ധ സഹോദരനായിരുന്ന സ്കോട് ലണ്ടിലെ ജെയിംസ് ആറാമൻ ഇംഗ്ലീഷ് – സ്കോട്ട് ലൻഡ് – അയർലണ്ട് എന്നിവയുടെ രാജാവാകുകയും അങ്ങിനെ ഈ യുദ്ധങ്ങൾക്ക് അറുതി വരികയും ചെയ്തു. സ്കോട് ലണ്ടിലെയും ഇംഗ്ലണ്ടിലെയും പാർലമെന്റുകൾക്കു ഇത് അത്ര സുഖകരമായി തോന്നിയില്ല. രാജ പാരമ്പര്യം നഷ്ടപ്പെട്ടു പോയേക്കുമോ എന്ന് ഇരുകൂട്ടരും ഭയപ്പെട്ടു. 1609 ൽ കർശന രാജ ശാസനം വരെ ഇംഗ്ലീഷുകാരും സ്കോട് ലണ്ടുകാരും പരസ്പരം കളിയാക്കിക്കൊണ്ട് നാടകങ്ങളും കഥകളും കവിതകളും എഴുതിയിരുന്നു. യൂനിയൻ ജാക്ക് അഥവാ യൂനിയൻ ഫ്ലാഗ് പതാക പോലും പല പല തർക്കങ്ങൾക്കും ശേഷം എല്ലാവരുടെയും ആവശ്യങ്ങളും വികാരങ്ങളും ചിഹ്നങ്ങളും കൂട്ടി അവിയൽ പരുവത്തിലാണ് ആക്കിയിരിക്കുന്നത്. ക്രോം വെല്ലിന്റെ കാലത്താണ് പതാക നിലവിൽ വന്നത്. Coat of Arms എന്ന രാജകീയ മുദ്രയും ഇത് പോലെ എല്ലാ രാജാക്കന്മാരുടെയും ചിഹ്നങ്ങൾ ചേർത്താണ് രൂപപ്പെടുത്തിയിരിക്കുന്നത്. 1921 ൽ Ulster എന്ന വടക്കൻ അയർലണ്ടും ഇതിൽ ചേർക്കപ്പെട്ടു. പിന്നീട് ധാരാളം ഇംഗ്ലീഷുകാരും സ്കോട്ട് ലണ്ടുകാരും ഇവിടെ കുടിയേറി. ഇപ്പോൾ എല്ലാവരും ബ്രിട്ടീഷുകാർ എന്നാണു പൊതുവെ പറയുന്നതെങ്കിലും ഇവർ തമ്മിൽ പണ്ട് മുതലേ ഉള്ള ഈ നീരസം ചിലപ്പോഴെങ്കിലും പുറത്ത് വരാറുണ്ട്.

കരിങ്കല്ല് പാകിയ ഒരു കിലോമീറ്ററോളം നീളത്തിലുള്ള വഴി കയറിച്ചെല്ലുന്പോൾ തന്നെ കോട്ടയുടെ മുമ്പിൽ ചുവന്ന മാർബിളിൽ പണിതു വച്ചിരിക്കുന്ന ഒരു കുരിശു കാണാം. വെറുതെ അതിന്റെ ഫോട്ടോ എടുത്തു. പക്ഷെ അവിടെ ഒരിക്കലും കാണാനിടയില്ലാത്ത ഒരു മൃഗത്തിന്റെ ചിത്രം കുരിശിൽ സ്ഥാപിച്ചിരിക്കുന്നത് എന്താണെന്ന് ശ്രദ്ധിച്ചു. ബ്രിട്ടീഷുകാർ വന്നു ഡൽഹിയും, ആഗ്രയും, ശ്രീരംഗ പട്ടണവും, ലക്നോവും, അലിഗറുമൊക്കെ 1857-58 കാലഘട്ടങ്ങളിൽ പിടിച്ചെടുത്ത കൂട്ടത്തിൽ ഇവിടെ നിന്നുള്ള 75 STIRLINGSHIRE എന്ന സംഘടനയിലെ ഭടന്മാരും പങ്കെടുത്തിരുന്നതിന്റെ ഓർമ്മ പേറുന്ന കുരിശ്. ഇന്ത്യയിൽ നിന്നും നിർമ്മിച്ചു നല്കിയത് കൊണ്ടാവാം കടുവയുടെ ചിത്രം വന്നത്. ഇവിടെ ഹിംസ്ര മൃഗങ്ങളേ ഇല്ല.

നവോത്ഥാന ശില്പകല (Reniassance Architecture) ഉപയോഗിച്ച് ബ്രിട്ടനിൽ ആദ്യമായി പണിത കൊട്ടാരമാണിത്. ഫ്ലോരന്സിലെ Filippo Brunelleschi എന്ന ശില്പിയാണ് പഴയ ഗ്രീക്ക്, റോമൻ ശില്പ കലകൾ സമന്വയിപ്പിച്ച് ഈ ശൈലി വികസിപ്പിച്ചെടുത്തത്. വളരെ വേഗം ഇറ്റലിയിലെ മറ്റു നഗരങ്ങളിലേക്കും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടു വരെ ഇത് നില നിന്നിരുന്നു. പിന്നീട് Gothik, Boroque ശൈലികളിലേക്ക് ഇത് മാറുകയായിരുന്നു. ഇപ്പോൾ Dynamic Architecture (എപ്പോഴും രൂപം മാറുന്ന കെട്ടിടങ്ങൾ/നിർമ്മിതികൾ) വരെ എത്തി നിർമ്മാണ വൈദഗ്ദ്ധ്യം. ഇനി ചിലപ്പോൾ നടക്കുന്നതിനോ ഉരുളുന്നതിനോ ഒക്കെ കഴിവുള്ള കെട്ടിടങ്ങൾ ആയിരിക്കും നിർമ്മിക്കാൻ പോകുന്നത്.

സ്കോട്ടിഷ് നവോത്ഥാന ശിൽപ്പ കലയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളായി രാജാക്കന്മാരുടെയും, റാണിമാരുടെയും മറ്റും തലകൾ കൊത്തിയ ഓക്ക് മരത്തിൽ തീർത്ത വൃത്തത്തിലുള്ള Stirling Heads എന്ന തടിക്കഷണങ്ങൾ രാജാവിന്റെ മുറി അലങ്കരിക്കുന്നു. കുറെയെണ്ണം നഷ്ടപ്പെട്ടു.

കോട്ടയുടെ മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച അവിസ്മരണീയം തന്നെ.

കാലം ഏറെ മാറിയതറിയാതെ, ഏതെങ്കിലും ബ്രിട്ടീഷുകാരൻ തന്റെ രാജ്യം വെട്ടിപ്പിക്കാനായി വരുന്നുണ്ടോ എന്ന് ഉറ്റു നോക്കികൊണ്ട്, ജാഗരൂകനായി, സായുധനായി, സ്കോട്ട് ലണ്ട് കാരുടെ അഭിമാനമായിരുന്ന റോബർട്ട് ഡി ബ്രൂസിന്റെ ഒരു പ്രതിമ കൊട്ടാരത്തിന്റെ വാതിൽക്കൽത്തന്നെ കാവൽ നില്ക്കുന്നു !!

facebooktwittergoogle_plusredditpinterestlinkedinmail