മലയാളവ്യാകരണം – ഒരു പഠനം – 38 – സമാസം – നാലാം ഭാഗം

B) ബഹുവ്രീഹി.
വിഗ്രഹിച്ച് സമാസം നിർണ്ണയിക്കുമ്പോൾ ഘടകപദങ്ങൾക്കല്ലാതെ മൂന്നാമതൊരു പദത്തിനു പ്രാധാന്യം നല്കുന്ന സമാസമാണിത്. ഇതില്‍ വിശേഷണം വിശേഷ്യത്തോടു ചേര്‍ന്ന് പുരുഷപ്രത്യയം ചേര്‍ന്നുവരും. വിശേഷണത്തില്‍ ഊന്നല്‍ കൊടുക്കുന്ന അർത്ഥമായിരിക്കും സമാസിച്ച പദത്തിന്. ഉദാ : കിളിയെപ്പോലുള്ള മൊഴിയോടുകൂടിയവൾ – കിളിമൊഴി = സുന്ദരി. കളമായ വാണിയോടുകൂടിയവൾ – കളവാണി = സുന്ദരി. മധുപോലെ മധുരമുള്ള വാക്കുള്ളവൾ – മധുമൊഴി = സുന്ദരി. ഭംഗിയുള്ള തലമുടിയോടുകൂടിയവൾ – വാർകുഴലി = സുന്ദരി. സിംഹത്തിന്റെ കടിപ്രദേശംപോലെ അരക്കെട്ടുളളവൾ – മൃഗരാജകടി = സുന്ദരി. അന്നത്തിന്റെ നടനംപോലെ നടക്കുന്നവൾ – അന്നനടയാൾ = സുന്ദരി. (എങ്ങനെയാണ് ഈ കക്ഷികളൊക്കെ സുന്ദരിമാരാകുന്നതെന്നു ചോദിക്കരുത്. അങ്ങനെയാണ് കവിസങ്കല്പം ! അല്ല വ്യാകരണസങ്കല്പം) കഞ്ജനേർമിഴി, മാൻമിഴി, മീനാക്ഷി, പേടമാൻകണ്ണി, താമരാക്ഷി – ഇവരെയൊക്കെ വേണമെങ്കിൽ സുന്ദരിമാരാണെന്നു സങ്കല്പിക്കാം. എന്നാൽ ഇന്ദുമുഖി, മതിമുഖി, മതിനേർമുഖി – ഇവരൊക്കെ സുന്ദരിമാരെന്നുതന്നെ പറയണം.

ഗംഗയെ തലയിൽ വഹിക്കുന്നവൻ ഗംഗാധരൻ – പരമശിവൻ. പദ്മം നാഭിയിലുള്ളവൻ പദ്മനാഭൻ – മഹാവിഷ്ണു. ആറു മുഖമുള്ളവൻ അറുമുഖൻ – സുബ്രഹ്മണ്യൻ. ഒരു കൊമ്പുമാത്രമുള്ളവൻ ഏകദന്തൻ – ഗണപതി, വീണ കൈലിലേന്തുന്നവൾ വീണാപാണി – സരസ്വതി അങ്ങനെ പ്രത്യക്ഷത്തിൽ വിഗ്രഹത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലാത്തെ സമാസം കിട്ടുന്നതിനെയാണ് ബഹുവ്രീഹി എന്നു വിവക്ഷിക്കുന്നത്. ഇതു നാലു വിഭാഗങ്ങളുണ്ട് :

i) ഉപമാഗർഭബഹുവ്രീഹി : ഇതിൽ വിഗ്രഹിക്കുമ്പോൾ മദ്ധ്യമപദം ഉപമാവാചകമായി വരും. ഉദാ: കിളിനേർമൊഴി – കിളിക്കു നേരായി (സമാനമായി) മൊഴിയുന്നവൾ. മതിനേർമുഖി – മതിക്കു നേരായ മുഖത്തോടുകൂടിയവൾ. കഞ്ജനേർമിഴി – കഞ്ജത്തിനു നേരായ മിഴിയോടുകൂടിയവൾ. അഗ്നിസമവർണ്ണൻ – അഗ്നിയുടെ വർണ്ണത്തോടു സമമായ വർണ്ണമുള്ളവൻ.
ii) ഉപമാലുപ്തബഹുവ്രീഹി : ഇതിൽ വിഗ്രഹിക്കുമ്പോൾ ഉപമാവാചകമായ പദം ഉണ്ടാവില്ല. ഇതിൽ ഉപമാവാചകം അർത്ഥസിദ്ധമാണ്. ഉദാ: തേൻചൊല്ലാൾ – തേൻപോലെ ചൊല്ലുള്ളവൾ. ‘പോലെ’ എന്നുള്ള വാചകം ഇവിടെ ആവശ്യമില്ല എന്നതു ശ്രദ്ധിക്കുക.
iii) ഉപമാനലുപ്തബഹുവ്രീഹി : ഇതിൽ ഉപമാനപദം ലോപിച്ചിരിക്കും. ഉദാ: അന്നനടയാൾ – അന്നത്തിന്റെ നടത്തപോലെയുള്ള നടത്തയോടുകൂടിയവൾ – സുന്ദരി. പേടമാൻകണ്ണി – പേടമാനിന്റെ കണ്ണുപോലെ കണ്ണുള്ളവർ – സുന്ദരി. ഇവിടെ മാനിന്റെ കണ്ണിനോ സുന്ദരിയുടെ കണ്ണിനോ യാതൊരു പ്രാധാന്യവുമില്ല ; പ്രത്യുത അങ്ങനെയുള്ള ഒരു സ്ത്രീ എന്നാണർത്ഥം. ഇവിടെ ഉപമാനമായ സുന്ദരിയുടെ കണ്ണു പരാമർശിച്ചിട്ടില്ല എന്നുള്ളതു ശ്രദ്ധിക്കുക.
iv) ഉപമേയലുപ്‌തിബഹുവ്രീഹി : ഈ സമാസത്തിൽ ഉപമേയം എന്താണെന്നു പറഞ്ഞിട്ടുണ്ടാവില്ല. അതു നമ്മൾ ഊഹിക്കണം. ഉദാ: തേന്മൊഴി എന്നു പറഞ്ഞാൽ തേൻ എന്നും മൊഴി എന്നുമുള്ള രണ്ടു വാക്കുകളാണു സമാസിച്ചിരിക്കുന്നത്. എന്നാൽ ഉദ്ദേശിക്കുന്നത് തേൻപോലെ മധുരിക്കുന്ന വാക്കു പറയുന്നവൾ ആരോ അവൾ – അതായത് സുന്ദരി. മറ്റൊന്ന് മൃഗരാജകടി. ഇവിടെ സിംഹവും അതിന്റെ കടിപ്രദേശവും മാത്രമേ പരാമർശിക്കപ്പെടുന്നുള്ളൂ. എന്നാൽ സിംഹത്തിന്റെ അരപോലെ ഒതുങ്ങിയ അരയുള്ളവൾ ആരോ അവൾ എന്നാണു വിവക്ഷ. അതും സുന്ദരി.

C) ദ്വന്ദ്വസമാസം : ഘടകപടങ്ങൾക്കു തുല്യപ്രാധാന്യമുള്ളതാണ് ദ്വന്ദ്വൻ. ഇതു രണ്ടുവിധത്തിലുണ്ട്.

i) ഇതരേതരദ്വന്ദ്വൻ : സാമാന്യനാമങ്ങൾ സമുച്ചയാർത്ഥത്തിൽ സമാസിക്കുന്നു : മാതാപിതാക്കൾ, കൈകാലുകൾ, കുടതഴചാമരങ്ങൾ, അച്ഛനമ്മമാർ, രാപകലുകൾ, ഗജതുരഗങ്ങൾ, വിദ്യാർത്ഥിനീവിദ്യാർത്ഥികൾ, സഹോദരീസഹോദരന്മാർ, സ്ത്രീപുരുഷന്മാർ, കുടവടികൾ, ആടുമാടുകൾ, കന്നുകാലികൾ, ഫലമൂലാദികൾ, സൃഷ്ടിസ്ഥിതിസംഹാരങ്ങൾ തുടങ്ങിയവ. ഇതൊക്കെ ബഹുവചനത്തിൽ അവസാനിക്കുന്നതു ശ്രദ്ധിക്കുക.
ii) സമാഹാരദ്വന്ദ്വൻ : കൈകാൽ, രാപകൽ, ജരാനര – ഇതൊക്കെ ഏകവചനത്തിലുള്ള പ്രയോഗങ്ങൾ.

സംഖ്യാനാമങ്ങളാണെങ്കിൽ വികല്പാർത്ഥത്തിലാണു പ്രയോഗം. അഞ്ചാറ് (അഞ്ചോ ആറോ) ആറേഴ് (ആറോ ഏഴോ) പത്തുപതിനഞ്ച് (പത്തോ പതിനഞ്ചോ) പത്തിരുപത് (പത്തോ ഇരുപതോ) – ഇതൊക്കെ. ഇവയ്ക്കു സംശയിതദ്വന്ദന്‍ എന്നും പറയും.

D) നിത്യസമാസം : ഉപസർഗ്ഗങ്ങൾ, ശുദ്ധഭേദകങ്ങൾ, ധാതുക്കൾ, ചുട്ടെഴുത്തുകൾ എന്നിവയോടു മറ്റുപദങ്ങൾ ചേർത്തുണ്ടാക്കുന്നതാണു നിത്യസമാസം. ഘടകപദങ്ങൾകൊണ്ടുമാത്രം ഈ സമാസം വിഗ്രഹിക്കാൻ സാധിക്കില്ല. ഉദാ : ചെമ്മാനം, ചെന്താമര, ചെമ്പരത്തി, ചെന്നിണം, കടലാടി, വൻതേൻ, വെണ്മേഘം, പൈന്തേൻ, തൂവെണ്മ, തൂമണം, നന്മുഖം, നന്മുത്ത്, നെന്മേനി, നെന്മണി, അച്ചതി, അക്കാലം, എവിടെ, എപ്പോൾ തുടങ്ങിയവ.

E) അനിത്യസമാസം : ഘടകപദങ്ങളുപയോഗിച്ചുകൊണ്ടു വിഗ്രഹിക്കാവുന്ന മേല്പറഞ്ഞ മറ്റുള്ള എല്ലാ സമാസങ്ങളും അനിത്യസമാസങ്ങളാണ്.

സമാസിച്ച പദത്തിനു വിശേഷണം കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സമാസത്തിൽ അപ്രധാനമായിപ്പോയ – അതായത് മറ്റൊരു പദത്തിനു കീഴ്‌പ്പെട്ടുപോയ – പദത്തിന് ഒരിക്കലും വിശേഷണം കൊടുക്കാൻ പാടില്ല. തത്പുരുഷനിലും ബഹുവ്രീഹിയിലും പൂർവ്വപദം വിശേഷണമാണ്. അതു സമാസത്തിൽ ഉത്തരപദത്തിനു കീഴ്‌പ്പെട്ടുനില്ക്കുന്നതാകയാൽ അതിനുമുന്നിൽ മറ്റൊരു വിശേഷണം ചേർക്കാൻ പാടില്ല. ഭയങ്കരനായ കാലപാശം എന്നു പറയാൻ പാടില്ല. കാലന്റെ പാശമാണ് കാലപാശം. (കാലമാകുന്ന പാശം എന്നും വിഗ്രഹിക്കാം) സമാസത്തിൽ പാശമാണു പ്രാധാന്യമുള്ള വാക്ക്. അതു നപുംസകമാണ്. അതിനെ ഭയങ്കരൻ എന്നു വിശേഷിപ്പിക്കാനാവില്ല. ഭയങ്കരമായ കാലപാശം എന്നാണു ശരി. ഉഗ്രനായ സൂര്യകിരണം എന്നെഴുതാൻ പാടില്ല. ഇവിടെ കിരണമാണു പ്രധാനപദം. സൂര്യൻ ഉഗ്രനാണ്. പക്ഷേ ഇങ്ങനെ പ്രയോഗിക്കുമ്പോൾ സൂര്യകിരണം എന്നത് ഒറ്റവാക്കായതിനാൽ ഉഗ്രൻ എന്നുള്ള വിശേഷണം കിരണത്തിനാണ്. അതു കിരണത്തിനു ചേരില്ല. ഉഗ്രമായ സൂര്യകിരണം എന്നു വേണം. ഭയങ്കരമായ കുരുതിക്കോഴി എന്നു പറയാൻ പാടില്ല. ഇവിടെ കോഴിക്കാണു പ്രാധാന്യം. കരുതി ഭയങ്കരമായ കൃത്യമാണ്. പക്ഷേ കോഴിയെയാണു ഭയങ്കരമായ എന്നുള്ള വിശേഷണം ബാധിക്കുന്നത്. ഭയങ്കരനായ കുരുതിക്കോഴി എന്നെഴുതണം. വന്ദ്യനായ ഗുരുപത്നി എന്നു പ്രയോഗിക്കുമ്പോഴും ഇതേ കുഴപ്പമാണുണ്ടാകുക. പത്നിക്കാണ് ഇവിടെ പ്രാധാന്യം. പത്നി വന്ദ്യനാവുകയില്ലല്ലോ. വന്ദ്യയായ ഗുരുപത്നി എന്നാണു ശരി. സംപ്രീതനായ രാവണസഹോദരി എന്നു പറഞ്ഞാൽ സഹോദരിയാണു സംപ്രീതനായത്. സംപ്രീതയായ രാവണസഹോദരി എന്നതു ശരി. ബഹുമാനപ്പെട്ട പാലം ഉദ്ഘാടനം ചെയ്യാൻ വന്ന പൊതുമരാമത്തുവകുപ്പുമന്ത്രി …..ഇങ്ങനെ പറഞ്ഞാൽ ബഹുമാനം പാലത്തിനാണ്. പാലം ഉദ്ഘാടനംചെയ്യാൻ വന്ന ബഹുമാനപ്പെട്ട പൊതുമരാമത്തുവകുപ്പുമന്ത്രി എന്നു വേണം പ്രസംഗിക്കാൻ.

വാക്കുകൾ തമ്മിൽ സമാസിച്ചുകഴിഞ്ഞാൽ അതിൽ പിന്നീടു പല വാക്കുകളില്ല. ഒറ്റവാക്കാണത്. അതിലുളളത് അക്ഷരങ്ങൾ മാത്രം. കേരള സാഹിത്യ സാംസ്കാരിക സമാജം, മലയാള ഭാഷാ നിഘണ്ടു, ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം, സമസ്ത കേരള സാഹിത്യ പരിഷത്ത്, കേരള വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ പരിപാലന കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം, (പ്രാഥമികാരോഗ്യകേന്ദ്രം ശരി) സാങ്കേതിക സർവ്വകലാശാല, പ്രത്യേക അന്വേഷണ സമിതി, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം, പഠനേതര പ്രവർത്തനങ്ങൾ, പരാതി പരിഹാര ചട്ടങ്ങൾ, നാലംഗ സംഘം, അച്ചടക്ക സമിതി, ലോക മലയാള സമ്മേളനം, ലോകാരോഗ്യ സംഘടന, സംഘടനാ പ്രവർത്തനം, സാമൂഹ്യ പ്രത്യാഘാത പഠനം, മത നിരപേക്ഷ സമീപനം, ഊഷ്മള സ്വീകരണം, ജല വിതരണം, ആഗോള സാമ്പത്തിക മാന്ദ്യം, – ഇതൊക്കെ ശുദ്ധമായ അസംബന്ധങ്ങൾ. ഇതിന്റെയൊക്കെ അവസാനത്തെ പദങ്ങൾ മാത്രമേ ഭാഷയിലുള്ളൂ.

സംസ്ഥാന തല യോഗം, ജില്ലാ തല പദ്ധതി, ഉന്നതതല സമിതി, പഞ്ചായത്തു തല കുടിവെള്ള വിതരണം – ഇങ്ങനെ സർക്കാർതലത്തിൽ വെട്ടിമാറ്റിയ കുറെ തലകൾ കൂട്ടിച്ചേർക്കേണ്ടതുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, – ഇങ്ങനെ ആംഗലേയപദങ്ങൾ വരുന്ന സമാസങ്ങൾ ഒഴിവാക്കുന്നതു നല്ലത്. ഇത്രനാളായിട്ടും ഇതിനൊക്കെ ഭാഷയിൽ പദങ്ങളുണ്ടായിട്ടില്ല എന്നത് അപമാനകരം. അതിനൊക്കെ തമിഴനെ കണ്ടുപഠിക്കണം. നമ്മുടെ “ഔദ്യോഗിക തലകൾ” “ശ്രേഷ്ഠ ഭാഷ, ശ്രേഷ്ഠ ഭാഷ” എന്നു പുലമ്പൽ മാത്രം. ശ്രേഷ്ഠഭാഷ എന്നാണു വേണ്ടത്.

അപ്പോൾ ഭാഷയെക്കുറിച്ചും അതിന്റെ പ്രയോഗങ്ങളെക്കുറിച്ചും ഒരേകദേശധാരണ ഇതു മനസ്സിരുത്തിവായിച്ചവർക്കുണ്ടായിരിക്കും എന്നു ഞാൻ ന്യായമായും പ്രതീക്ഷിക്കുന്നു.

Facebooktwittergoogle_plusredditpinterestlinkedinmailby feather