മലയാളവ്യാകരണം – ഒരു പഠനം – 37 – സമാസം – മൂന്നാം ഭാഗം

സന്ധിയിലെ നിയമങ്ങളാണ് ദ്വിത്വഖരാദേശനിയമങ്ങൾ എന്നു പറയുന്നത്. പദങ്ങൾ സമാസിക്കുമ്പോഴും ഈ നിയമങ്ങൾ പാലിച്ചിരിക്കണം. ഉദാ: സമസ്തം കേരളം സാഹിത്യം പരിഷത്ത് എന്നീ വാക്കുകൾ സംയോജിപ്പിക്കുന്നു എന്നിരിക്കട്ടെ. ആദ്യത്തെ മൂന്നു വാക്കുകളുടെയും അവസാനമുള്ള അം എന്ന അനുസ്വാരം ഉപേക്ഷിക്കും. എന്നിട്ട് അവതമ്മിൽ യോജിപ്പിക്കും. അപ്പോൾ സമസ്തകേരളസാഹിത്യപരിഷത്ത് എന്നു കിട്ടും. പരിഷത്ത് എന്നാൽ വിദ്വാന്മാരായ ആളുടെ സഭ, പണ്ഡിതസഭ എന്നൊക്കെയാണാർത്ഥം. അതായത് മുഴുവൻ കേരളത്തിലെയും സാഹിത്യകാരന്മാരടങ്ങിയ വിദ്വത്സദസ്സ്. എന്നാൽ ഈ വിദ്വാന്മാർ എഴുതുന്നതോ സമസ്ത കേരള സാഹിത്യ പരിഷത് എന്നും ! അതുപോലെയുള്ള മറ്റുള്ള വാക്കുകളാണ് കേരള ഭാഷാ ഇൻസ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി തുടങ്ങിയവ. ഇതൊക്കെ ചേർത്തെഴുതണം. ആരോടു പറയാൻ !
സമാസിച്ച പദങ്ങൾ ഒരിക്കലും മാറ്റിമാറ്റിയെഴുതാൻ പാടില്ല. ആനയുടെ കൊമ്പ് ആനക്കൊമ്പ്. അത് ആന കൊമ്പ് എന്നോ ആനകൊമ്പ് എന്നെഴുതിയാലോ സമാസമാകില്ല. പദങ്ങൾ തമ്മിൽ ചേർക്കുമ്പോൾ സന്ധിനിയമം അനുസരിക്കണം.

A. തൽപ്പുരുഷൻ – ഉത്തരപദാർത്ഥപ്രധാനം.

“വിശേഷണവിശേഷ്യങ്ങൾ
പൂർവ്വോത്തരപദങ്ങളായ്
സമാസിച്ചാൽ തൽപ്പുരുഷ-
നുളവാം പലജാതിയിൽ. ”

ഇതാണ് ഇതിന്റെ നിർവ്വചനം. അതായത് രണ്ടു വാക്കുകളെ സമാസിക്കുമ്പോൾ അതിൽ ആദ്യത്തെ വാക്ക് (പൂർവ്വപദം) വിശേഷണമാകണം. അവസാനത്തെ വാക്ക് (ഉത്തരപദം) വിശേഷ്യമാകണം. ഈ സമാസത്തിൽ വിശേഷ്യത്തിനു വിശേഷണത്തെക്കാൾ പ്രാധാന്യമുണ്ടായിരിക്കും. ഘടകപദങ്ങൾ സമാനാധികരണമായോ വ്യധികരണമായോ ആവാം. ഘടകപദങ്ങൾ സമാനമായ വിഭക്തിലിങ്ഗവചനങ്ങളോടു സഹിതമായി ഒരേ അധികരണത്തെ (വിഷയത്തെ) ഉദ്ദേശിച്ചുള്ളതാണെങ്കിൽ അവ സമാനാധികരണങ്ങൾ. അതല്ലാത്തതാണെങ്കിൽ അതിനു വ്യധികരണം എന്നു പറയുന്നു. സമാനാധികാരണമായിരുന്നാൽ അതിനു കർമ്മധാരയൻ എന്നു സംസ്കൃതവൈയാകരണന്മാർ പറയുന്നു. പല രീതിയിൽ തൽപ്പുരുഷസമാസം ഉണ്ടാകാം.

i) വിഭക്തിതൽപ്പുരുഷൻ.
ഏഴു വിഭക്തികൾ ഉള്ളതുപോലെ ഈ സമാസത്തിൽ ഉൾപ്പെടുന്ന പൂർവ്വപദത്തിന്റെ വിഭക്തിക്കും അതാതിന്റെ പേരോടുകൂടിയ സമാസം എന്നാണ് പേരു കല്പിച്ചിരിക്കുന്നത്.

നം. വിഗ്രഹം സമാസം പ്രത്യയം വിഭക്ത്യർത്ഥം
— ——– ——— ——- ————-
൧ കാറ്റ് അടിക്കുക കാറ്റടിക്കുക ഇല്ല നിർദ്ദേശിക
മുട്ട് ഇടിക്കുക മുട്ടിടിക്കുക ഇല്ല
താറ് അടിക്കുക താറടിക്കുക ഇല്ല
കൊന്നയായ തെങ്ങ് കൊന്നത്തെങ്ങ് ഇല്ല കർമ്മധാരയൻ
പൊട്ടിയായ പെണ്ണ് പൊട്ടിപ്പെണ്ണ് ഇല്ല ” ”
കട്ടയായ കല്ല് കട്ടക്കല്ല് ഇല്ല ” ”
കേരളം എന്ന ദേശം കേരളദേശം ഇല്ല ” ”
(നീലാകാശം, പച്ചമാംസം, ധീരപോരാളി, വീരപരാക്രമി, സ്ഥൂലശരീരം, സൂക്ഷ്മശരീരം, പീതാംബരം ഇതൊക്കെ കർമ്മധാരയൻ എന്ന വകുപ്പിൽപ്പെടുന്നു. നിർദ്ദേശികാതൽപ്പുരുഷനിൽ ഉൾപ്പെട്ടതാണിത്.)

൨. കാലിമേയ്ക്കൽ കാലിയെ മേയിക്കൽ എ പ്രതിഗ്രാഹിക
നേരംകൊല്ലി നേരത്തെ കൊല്ലുന്നത്
കലാ നിരൂപണം കലയെ നിരൂപിക്കൽ
തത്ത്വാവിഷ്കാരം തത്ത്വത്തെ ആവിഷ്കരിക്കൽ
(നഖത്തെ വെട്ടുന്നത് നഖംവെട്ടി, പാക്കിനെ വെട്ടുന്നത് പാക്കുവെട്ടി, ഇന്ദ്രിയങ്ങളെ ജയിച്ചവൻ ഇന്ദ്രിയജിത്ത്, നരനെ ഭുജിക്കുന്നവൻ നരഭോജി, മാംസത്തെ ഭുജിക്കുന്നവൻ മാസഭുക്ക്, സസ്യത്തെ ഭുജിക്കുന്നവൻ സസ്യഭുക്ക്, പരാന്നത്തെ ഭുജിക്കുന്നവൻ പരാന്നഭോജി ഇതൊക്കെ ഇങ്ങനെ വരുന്നതാണ്. )

൩. കാടിനോട് ഒക്കുന്ന കാടൊക്കും ഓട് സംയോജിക
കുന്നിനോട് ഒക്കുന്ന കുന്നൊക്കും
നാശത്തിനോട്
ഉന്മുഖനായവൻ നാശോന്മുഖൻ
മാതാവിനോടു സമയായവൾ മാതൃസമാന
പിതാവിനോടു സമനായവൻ പിതൃസമാനൻ

൪. കടയുവാനുള്ള കോൽ കടകോൽ ന് ഉദ്ദേശിക
ഉഴുവാനുള്ള കാള ഉഴവുകാള
ഹോമത്തിനുള്ള ദ്രവ്യം ഹോമദ്രവ്യം
തീറ്റയ്ക്കുള്ള പുല്ല് തീറ്റപ്പുല്ല് ക്ക്
കറിക്കുള്ള കഷണം കറിക്കഷണം
കുട്ടിക്കുള്ള ഉടുപ്പ് കുട്ടിയുടുപ്പ്

൫. സ്വർണ്ണത്താൽ
നിർമ്മിതമായ മാല സ്വർണ്ണമാല ആൽ പ്രയോജിക
തടിയാൽ
നിർമ്മിതമായ പെട്ടി തടിപ്പെട്ടി
മോഹത്താലുള്ള ആലസ്യം മോഹാലസ്യം

൭. മരത്തിന്റെ കൊമ്പ് മരക്കൊമ്പ് ന്റെ സംബന്ധിക
കുടുംബത്തിന്റെ നാഥ കുടുംബനാഥ
പാട്ടിന്റെ ഈണം പാട്ടിന്നീണം
അമ്മയുടെ മനസ്സ് അമ്മമനസ്സ് ഉടെ
കേൾവിയുടെ ശക്തി കേൾവിശക്തി
ആനയുടെ കണ്ണ് ആനക്കണ്ണ്
കഴുതയുടെ കാല് കഴുതക്കാല്

൭. കാലിൽ ധരിക്കുന്ന തള കാല്ത്തള ഇൽ ആധാരിക
കാട്ടിൽ വസിക്കുന്ന മൃഗം കാട്ടുമൃഗം
ചെവിയിൽ ഉണ്ടാകുന്ന വേദന ചെവിവേദന
കാട്ടിൽ ഉണ്ടാകുന്ന തീയ് കാട്ടുതീ
നടയിൽ ഇരുത്തുക നടയിരുത്തുക
മരത്തിൽ കയറുക മരംകയറുക
നടയിൽ തള്ളുക നടതള്ളുക

ii) ഗതിതൽപ്പുരുഷൻ : കൊണ്ട്, കുറിച്ച്, പറ്റി, നിന്ന്, ചൊല്ലി, തോറും എന്നൊക്കെയുള്ള ഗതികൾ ഉപയോഗിച്ചു വിഗ്രഹിക്കാൻ സാധിക്കുന്ന സമാസങ്ങളെയാണ് ഈ പേരിൽ വിവക്ഷിക്കുന്നത്.
൧. കാട്ടിൽനിന്ന് ഇറങ്ങി കാടിറങ്ങി നിന്ന്
ചുരത്തിൽനിന്ന് ഇറങ്ങി ചുരമിറങ്ങി
നാട്ടിൽനിന്നു നീങ്ങി നാടുനീങ്ങി
നാട്ടിൽനിന്നു കടത്തുക നാടുകടത്തുക

൨. ആനയെക്കുറിച്ചുള്ള ഭ്രാന്ത് ആനബ്ഭ്രാന്ത്‌ കുറിച്ച്
ഭാഷയെക്കുറിച്ചുള്ള അവബോധം ഭാഷാവബോധം
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള
മുന്നറിയിപ്പ് കാലാവസ്ഥമുന്നറിയിപ്പ്
അതിര്‍ത്തിയെക്കുറിച്ചുള്ള തര്‍ക്കം അതിര്‍ത്തിത്തര്‍ക്കം

൩. ചെമ്പുകൊണ്ടുള്ള പാത്രം ചെമ്പുപാത്രം കൊണ്ട്
സ്വർണ്ണംകൊണ്ടുള്ള മാല സ്വർണ്ണമാല
മണ്ണുകൊണ്ടുള്ള കലം മൺകലം
വിഷാദംകൊണ്ടുള്ള ചിന്ത വിഷാദചിന്ത

൪. ജാതിയെച്ചൊല്ലിയുള്ള സ്പർദ്ധ ജാതിസ്പർദ്ധ ചൊല്ലി
മതത്തെച്ചൊല്ലിയുള്ള സ്പർദ്ധ മതസ്പർദ്ധ
നദീജലത്തെച്ചൊല്ലിയുള്ള തർക്കം നദീജലത്തർക്കം
നിയമനത്തെച്ചൊല്ലിയുള്ള വിവാദം നിയമനവിവാദം
തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള കേസ് തിരഞ്ഞെടുപ്പുകേസ്‌

൫. ദിനംതോറും പ്രസിദ്ധീകരിക്കുന്നത് ദിനപത്രം തോറും
ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നത് ആഴ്ചപ്പതിപ്പ്
മാസംതോറും പ്രസിദ്ധീകരിക്കുന്നത് മാസിക
ആണ്ടുതോറും നടത്തുന്ന നേര്‍ച്ച ആണ്ടുനേര്‍ച്ച

൬. മനസ്സിനു രഥം പോലെയുള്ളത് മനോരഥം. പോലെ
ഭീമനെപ്പോലെയുള്ള ആകാരം ഭീമാകാരം
അന്നത്തിന്റേതുപോലെയുള്ള നട അന്നനട

൭. പരനെപ്പറ്റിയുള്ള ദൂഷണം പരദൂഷണം പറ്റി

൮. കുടി വച്ച് പാർക്കുക കുടിപാർക്കുക വച്ച്

൯. കുടികൾ തമ്മിലുള്ള വഴക്ക് കുടിവഴക്ക് തമ്മിൽ
കുടികൾ തമ്മിലുള്ള പക കുടിപ്പക

൧൦. അതിർത്തിയിലൂടെയുള്ള രേഖ അതിർത്തിരേഖ കൂടെ
അതിർത്തിയെച്ചൊല്ലിയുള്ള തർക്കം അതിർത്തിത്തർക്കം, സ്വർണ്ണത്താലുള്ള മാല സ്വർണ്ണമാല, വിഷാദത്താലുള്ള ചിന്ത വിഷാദചിന്ത, മനസ്സാകുന്ന രഥം മനോരഥം എന്നൊക്കെ പലതരത്തിൽ സമാസമാകാം. വിഭക്തിപ്രത്യയങ്ങൾ ഉപയോഗിച്ച് വിഗ്രഹിക്കുന്നുവെങ്കിൽ അതിനെ വിഭക്തിതത്പുരുഷൻ എന്നും ഗതികൾ ഉപയോഗിച്ച് വിഗ്രഹിക്കുന്നുവെങ്കിൽ അതിനെ ഗതിതത്പുരുഷൻ എന്നും വ്യവഹരിക്കുന്നു.

iii) വിഭക്ത്യാഭാസതത്പുരുഷൻ
കേരളം എന്ന ദേശം = കേരളദേശം (നിർദ്ദേശികാതത്പുരുഷൻ) കേരളമാകുന്ന ദേശം (വിശേഷണപൂർവ്വപദകർമ്മധാരയൻ) കേരളം എന്നറിയപ്പടുന്ന / വിളിക്കപ്പെടുന്ന ദേശം, കേരളം എന്ന പേരോടുകൂടിയ ദേശം കേരളദേശം. ഇതെല്ലാം ശരിയാണ്.
കുട്ടിയുടുപ്പ് = കുട്ടിക്കുള്ള ഉടുപ്പ്, കുട്ടിയുടെ ഉടുപ്പ് ഏതുമാവാം. ചെറിയ ഉടുപ്പെന്നാണുദ്ദിഷ്ടമെങ്കിൽ കുട്ടിയായ ഉടുപ്പ് എന്ന നിർദ്ദേശികാതത്പുരുഷനും / കർമ്മധാരയനും ആവാം.
തേങ്ങയാലുള്ള ചമ്മന്തി – തേങ്ങാച്ചമ്മന്തി (ആധാരികാതത്പുരുഷൻ) തേങ്ങയാലുണ്ടാക്കുന്ന ചമ്മന്തി – തേങ്ങാച്ചമ്മന്തി (മധ്യമപദലോപി)
പ്രതിപക്ഷത്തോടുള്ള ബഹുമാനം – പ്രതിപക്ഷബഹുമാനം (സംയോജികാതത്പുരുഷൻ) പ്രതിപക്ഷത്തെ ബഹുമാനിക്കൽ – പ്രതിപക്ഷബഹുമാനം (പ്രതിഗ്രാഹികാതത്പുരുഷൻ)
ദൂരയുള്ളതായ കാഴ്ച – ദൂരക്കാഴ്ച (കർമ്മധാരയൻ) ദൂരത്തെ കാഴ്ച – ദൂരക്കാഴ്ച (പ്രതിഗ്രാഹികാതത്പുരുഷൻ)
നിയമനത്തെപ്പറ്റിയുള്ള വിവാദം, നിയമനത്തെക്കുറിച്ചുള്ള വിവാദം, നിയമനത്തെച്ചൊല്ലിയുള്ള വിവാദം = നിയമനവിവാദം
തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള കേസ്, തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേസ്, തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള കേസ് = തിരഞ്ഞെടുപ്പുകേസ്‌
ഇങ്ങനെ ഒരേ സമാസം ഒന്നോ രണ്ടോ വിഭക്തിയിൽ കലർന്നുവരുന്നതിനെയാണ് വിഭക്ത്യാഭാസം എന്നു വിവക്ഷിക്കുന്നത്.

മഞ്ഞുകാലത്തു ധരിക്കുന്ന തൊപ്പി എന്നാണു മഞ്ഞുതൊപ്പിയുടെ വ്യാഖ്യാനം. മഞ്ഞുകൊണ്ടു തൊപ്പിയുണ്ടാക്കാൻ പറ്റില്ല. മഞ്ഞുതൊപ്പി മഞ്ഞിനെ തടുക്കുന്ന തൊപ്പി ആണു് മദ്ധ്യമപദലോപിസമാസം. ഇതുതന്നെ മഞ്ഞുതൊപ്പിയണിഞ്ഞുനില്ക്കുന്ന ഗിരിശൃംഗങ്ങള്‍ എന്നൊക്കെയെഴുതിയാല്‍ അവിടെ മഞ്ഞാകുന്നതൊപ്പി എന്നു സമാസിക്കാം. അപ്പോള്‍ രൂപകസമാസമാവും. മേഘം ഭൂമിയുടെ തൊപ്പിയാണെന്നു സങ്കല്പിച്ചാൽ അതു മേഘത്തൊപ്പി. അതല്ല മേഘം കുടയാണെന്നു സങ്കല്പിച്ചാൽ അതു മേഘക്കുട. മേഘമാകുന്ന തൊപ്പി, മേഘമാകുന്ന കുട – കർമ്മധാരയൻ. മേഘം എന്ന കുട, മേഘം എന്ന തൊപ്പി – നിർദ്ദേശികാതത്പുരുഷൻ. വിഗ്രഹിക്കുന്നതനുസരിച്ചു് സമാസം മാറാം. ഉദാ: തേന്മൊഴി. തേന്‍‌പോലെയുള്ള മൊഴി — തല്‍പുരുഷന്‍. തേന്‍പോലെ മൊഴിയുള്ളവള്‍ – ബഹുവ്രീഹി

തപസ്സുകൊണ്ടുണ്ടാകുന്ന ഫലം തപഃഫലം, തപസ്സിനാൽ കിട്ടുന്ന ഫലം തപഃഫലം. വർണ്ണത്താലുള്ള വിവേചനം വർണ്ണവിവേചനം, വർണ്ണം മൂലമുള്ള വിവേചനം വർണ്ണവിവേചനം,

iv) ഉപമിതതത്പുരുഷൻ
ഉപമാവാചകംകൊണ്ടു വിഗ്രഹിക്കാവുന്ന സമാസങ്ങളെയാണ് ഇങ്ങനെ പറയുന്നത്. പൂർവ്വപദത്തോട് ഉത്തരപദത്തിനു സാദൃശ്യമുണ്ടെന്നാണ് ഇതിൽ സൂചിപ്പിക്കുന്നത്. മേഘംപോലെയുള്ള രൂപത്തോടുകൂടിയാവൻ മേഘരൂപൻ, കേസരിയെപ്പോലെയുള്ള പുരുഷൻ പുരുഷകേസരി. മുട്ടപോലെയുള്ള തലോയോടുകൂടിയവൻ മൊട്ടത്തലയൻ. ഉരുക്കുപോലെ ശരീരമുള്ള (ഹൃദയമുള്ള) മനുഷ്യൻ ഉരുക്കുമനുഷ്യൻ. ശിലപോലെ ഹൃദയമുള്ളവൻ ശിലാഹൃദയൻ.

v) രൂപകതത്പുരുഷൻ
പൂര്‍വ്വപദവും ഉത്തരപദവും കുറിക്കുന്ന വസ്തുക്കള്‍ക്ക് അഭേദം കല്പിച്ചുകൊണ്ടുളള സമാസമാണു് രൂപകതത്പുരുഷന്‍. മിക്കവാറും പൂര്‍വ്വപദം യഥാര്‍ത്ഥവും ഉത്തരപദം സങ്കല്പവും ആയിരിക്കും. മനോരഥം – മനസ്സാകുന്ന രഥം. ഇവിടെ മനസ്സെന്നതു് യാഥാര്‍ത്ഥ്യവും രഥം സങ്കല്പവും ആകുന്നു. മനോമുകുരം. മുഖമാകുന്ന കമലം മുഖകമലം. സംസാരമാകുന്ന സാഗരം സംസാരസാഗരം. അടിയാകുന്ന മലർ അടിമലർ. മനസ്സാകുന്ന കുരുന്ന് മനക്കുരുന്ന്.

vi) ക്രിയാതത്പുരുഷൻ
ക്രിയാധാതു, മുൻവിനയെച്ചം എന്നിവ പൂർവ്വപദമായി ഒരു നാമത്തോടു സമാസിച്ചുണ്ടാക്കുന്നവയെയാണ് ഇങ്ങനെ വിവക്ഷിക്കുന്നത്.
അരകല്ല്, ഉരകല്ല്, ഉടുമുണ്ട്, ഉടുതുണി, കുത്തിയോട്ടം, ഉളകിയാട്ടം, പേറ്റുനോവ്, തൊടുകുറി, മുറിവായ, പിടിച്ചുപറി, അലകടൽ, കുറുമൊഴി, അടപലക, നിറകുടം, ഇടികട്ട, തേപ്പുപണി, എഴുത്തുകോൽ, നടപ്പാത തുടങ്ങിയവ.

vii) നഞ്തത്പുരുഷൻ
നിഷേധാർത്ഥത്തെ കുറിക്കുന്ന പ്രത്യയമോ പദമോ സമാസത്തിന്റെ പൂർവ്വപദമായി വരുന്നതിനാണ് ഈ പേരുള്ളത്.
അപചയം, നിർവിഘ്‌നം, നിരർത്ഥകം, പ്രതിയോഗി, പ്രതിലോമം, അപ്രശസ്തൻ, അനർഹർ, നിരുത്തരവാദിത്വം, വിപ്രതിപത്തി, ദുര്യോഗം, ദുരുപയോഗം, ദുഷ്കർമ്മം തുടങ്ങിയവ.

viii) കാരകതത്പുരുഷൻ
കാരകവും ക്രിയയും തമ്മിൽ സമാസിക്കുന്ന രൂപമാണിത്. വിലയത്തെ പ്രാപിക്കുക വിലയംപ്രാപിക്കുക, മോക്ഷത്തെ പ്രാപിക്കൽ മോക്ഷപ്രാപ്തി, കടത്തെ എടുക്കുക കടമെടുക്കുക, നാടിനെ വാഴുക നാടുവാഴുക, വേളിയെ കഴിക്ക വേളികഴിക്ക, തപസ്സിൽ ഇരിക്ക തപസ്സിരിക്ക, സാക്ഷിയായി പറയുക സാക്ഷിപറയുക തുടങ്ങിയവ.

ix) മദ്ധ്യമലോപിതത്പുരുഷൻ :
ചില സമസ്തപദങ്ങൾ പ്രയോഗസാധുത്വംകൊണ്ടോ പ്രസിദ്ധി നിമിത്തമോ ഇടയ്ക്കു ചേരേണ്ട പദങ്ങൾ ഒഴിവാക്കിയാണ് പ്രയോഗിക്കുന്നത്. ഉദാ: തീപ്പെട്ടി : ഇതു തീകൊണ്ടുണ്ടാക്കിയ പെട്ടിയല്ല, തീയാൽ ഉണ്ടാക്കിയതല്ല, തീയിൽനിന്നു കിട്ടിയതല്ല പ്രത്യുത, അതിലെ കൊള്ളിയെടുത്തു വശത്തുരസിയാൽ തീയുണ്ടാക്കുന്ന പെട്ടിയാണ്. തീപ്പെട്ടി എന്നു പറഞ്ഞാൽ മറ്റൊന്നും അതിനെക്കുറിച്ചു പറയാതെതന്നെ നമുക്കറിയാം. അതുപോലെതന്നെ തീവണ്ടി – തീ ഉപയോഗിച്ചുകൊണ്ട് ഓടുന്ന വണ്ടി എന്നു പറയണ്ടാ. മഞ്ഞുകാലത്ത് തലയിൽ തണുപ്പടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന തൊപ്പി മഞ്ഞുതൊപ്പി. കൊതുകിൽനിന്നു സംരക്ഷണം നല്കുന്ന വല കൊതുകുവല. അരിവാൾ, നീണ്ട കമ്പിന്റെ തുമ്പിൽ കെട്ടിവച്ചുണ്ടാക്കുന്ന തോട്ടി അരിവാൾത്തോട്ടി. ഉറുമ്പിനെ തിന്നുന്ന ജീവി – ഉറുമ്പുതീനി തേങ്ങയാലുണ്ടാക്കുന്ന ചമ്മന്തി – തേങ്ങാച്ചമ്മന്തി, പ്രസവിക്കുമ്പോൾ അനുഭവിക്കുന്ന നോവ് – പേറ്റുനോവ്, ദേവീപ്രസാദത്തിനായി,പള്ളയ്ക്കു വെള്ളിക്കമ്പി കുത്തിയിറക്കിവളച്ച് അതിലൂടെ ചൂരൽ കോർത്തുപിടിച്ചുകൊണ്ടുള്ള ഓട്ടം – കുത്തിയോട്ടം. ഇതൊക്കെ വിശദീകരണങ്ങൾ ആവശ്യമില്ലാത്ത പദങ്ങളാണ്. ഉക്തശബ്ദങ്ങളാൽ അർത്ഥബോധം ഉണ്ടാകാമെങ്കിൽ അനുക്തപദം ചേർത്തുള്ള മദ്ധ്യമപദലോപിയെ അവലംബിക്കാറില്ല.

സംസ്കൃതത്തിൽനിന്നു ഭാഷയിലേക്കു വന്നതാണ് അവ്യയീഭാവൻ, ദ്വിഗു എന്നിവ.

i) അവ്യയീഭാവതത്പുരുഷൻ
ഉപസർഗ്ഗങ്ങൾ, അവ്യയങ്ങൾ, നാമങ്ങൾ, വിശേഷണങ്ങൾ എന്നിവ പൂർവ്വപദമായി നാമത്തോടു ചേർത്തുണ്ടാക്കുന്ന പൂർവ്വപദപ്രധാനമായ സമാസമാണിത്.
അഭിമുഖം = മുഖത്തോടുമുഖമായി, അനുപദം = ഓരോ ചുവടുവയ്‌പിലും, ആപാദചൂഡം = പാദം മുതൽ തലവരെ, ആചന്ദ്രാർക്കം = സൂര്യചന്ദ്രന്മാർ ഉള്ളടത്തോളം, ഉത്പ്രേക്ഷണം =മുകളിലേക്കു നോക്കൽ, യഥാവിധി, യഥായോഗ്യം തുടങ്ങിയവ.

ii) ദ്വിഗുതത്പുരുഷൻ : പൂർവ്വപദം സംഖ്യാവാചിയാണെന്നതാണ് ഇതിന്റെ പ്രത്യേകത. ഉദാ: ദ്വാദശി, ത്രിവർണം, ചതുർത്ഥി, പഞ്ചലോഹം, ഷഡംഗം, സപ്‌താഹം, നവധാന്യം, ദശകം തുടങ്ങിയവ.
(ഇരട്ട, മുക്കണ്ണൻ, നാൽക്കാലി, അഞ്ഞാഴി, അറുമുഖൻ, ഏഴുനിലമാളിക, എട്ടങ്ങാടി – ഇതൊക്കെ ഈ വകുപ്പിലെ മലയാളതത്പുരുഷൻ എന്നു തോന്നുന്നു)

ഇങ്ങനെ പലതരത്തിൽ തത്പുരുഷസമാസങ്ങൾ ഉണ്ടാക്കാമെന്നാണു വിദഗ്ദ്ധമതം.

facebooktwittergoogle_plusredditpinterestlinkedinmail