ലിപി അപരിഷ്കരണം

ടൈപ്പ്റൈറ്ററിൽ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണല്ലോ നമ്മുടെ ഭാഷയിലെ ലിപികളൊക്കെ പിരിച്ചെഴുതി മൊത്തം കുളമാക്കിയത്. ഇപ്പോൾ കമ്പ്യൂട്ടർ കൊണ്ടുള്ള അച്ചടിയിൽ എങ്ങനെയൊക്കെ വേണമെങ്കിലും മലയാളം ടൈപ്പ് ചെയ്യാമല്ലോ. എഴുതാനും വായിക്കാനുമൊക്കെ പഴയ ലിപി തന്നെ നല്ലത്. ഇനി നമുക്ക് ആ പഴയ ലിപിയിലേക്കു തന്നെ മടങ്ങിപ്പോകരുതോ ? ഇനിയും ഈ വിഴുപ്പു നാം ചുമക്കേണ്ടതുണ്ടോ?

എനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനം കുറവാണ്. ആരെങ്കിലും ബുദ്ധിമുട്ടാൻ തയ്യാറുള്ളവർ ഉണ്ടെങ്കിൽ ഞാനും കൂടാം. പക്ഷേ എന്തെഴുതിയാലും ശരി മാത്രം കാണിക്കുന്ന ഒരു സോഫ്റ്റ്‌ വെയർ നമുക്ക് വേണ്ടേ ? അങ്ങനെയെങ്കിലും നമ്മുടെ പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഭാഷാശുദ്ധി തിരികെപ്പിടിക്കാൻ ഒരു ശ്രമം നടത്തിക്കൂടേ ? ഇപ്പോൾ ടൈപ്പ് ചെയ്യുമ്പോൾ അനാവശ്യമായ കുറെയേറെ വാക്കുകൾ കമ്പ്യൂട്ടർ നമ്മുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നുണ്ട്. മലയാള ഭാഷയിൽ കേട്ടുകേഴ്‌വി പോലും ഇല്ലാത്തവയാണ്‌ ഇതിൽ പലതും. അതിലൊരു ശരിയും ഉണ്ടാകും. പക്ഷേ, ആ ശരി ഏതെന്ന്, ഭാഷയിൽ അവഗാഹം ഉള്ളവർക്കു പോലും, സംശയം ഉളവാക്കുന്ന രീതിയാണ് അത്.

ഉദാ: അല്പം, സ്വല്പം, കല്പന, വില്പന, നില്ക്കുക ഇതൊക്കെ ഇങ്ങനെ തന്നെ വരണം. അൽപം, സ്വൽപം, കൽപന, വിൽപന നിൽക്കുക ഇങ്ങനെയൊക്കെ വരുന്നത് തെറ്റാണ്.

മറക്കുക, ഇളക്കുക, ഉറക്കുക, അലക്കുക, അടക്കുക, ഉടക്കുക, അരക്കുക, കനക്കുക, ഉറക്കുക, തികക്കുക, അരക്കിട്ടുറപ്പിക്കുക ഇതൊക്കെ സന്ദർഭം അനുസരിച്ച് യകാരം ചേർക്കുകയോ ചേർക്കാതിരിക്കുകയോ വേണം. ഇതിന്റെയൊക്കെ കൂടെ യകാരം ചേർത്താൽ അർത്ഥം അമ്പേ മാറിപ്പോകും.

ഇരിക്കുക, മുറിക്കുക, കരിക്കുക – ഇങ്ങനെ ഇകാരം വരുന്ന വാക്കുകളുടെ കൂടെ യകാരം വേണ്ടാ.
വേണ്ട എന്ന് എഴുതിയാൽ അർത്ഥം പൂർണ്ണമാകില്ല. വേണ്ട കാര്യം ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞെങ്കിലേ കാര്യം മനസ്സിലാകൂ. നിഷേധാത്മകമായി വരണമെങ്കിൽ വേണ്ടാ എന്ന് തന്നെ എഴുതണം. അത് പോലെ തന്നെയാണ് കൂട എന്ന പ്രയോഗവും. അറിഞ്ഞു കൂട എന്നത് തെറ്റാണ്. കൂടാ എന്ന് തന്നെ വേണം.

അങ്ങനെ ആരെങ്കിലും തെറ്റിച്ചു എഴുതിയാലും ശരിക്കുള്ള പദമേ വരാൻ പാടുള്ളൂ. തെറ്റായി എഴുതിയാൽ അടിയിൽ ചുവന്ന വര എങ്കിലും വേണം.
അങ്ങനെ പറയാനാണെങ്കിൽ പലതും ഉണ്ട്.

എങ്ങനെയൊക്കെ എങ്കിലും ആശയ വിനിമയം നടത്തിയാൽ മതിയല്ലോ എന്നാണു പുതുതലമുറ ചിന്തിക്കുന്നത്. എഴുത്ത് ഭാഷ, പത്ര ഭാഷ, വ്യവഹാര ഭാഷ, പുസ്തക ഭാഷ, ടൈപ്പിംഗ്‌ ഭാഷ, കമ്പ്യൂട്ടർ ഭാഷ തുടങ്ങി മൊബൈൽ ഭാഷ വരെ എത്തി നില്ക്കുന്നു നമ്മുടെ മലയാളം. ഇനിയങ്ങോട്ട് എന്തെല്ലാം വരാൻ കിടക്കുന്നു !!

ഒരടിസ്ഥാനമില്ലാതെ ഇങ്ങനെ പോയാൽ മതിയോ ? മാറിമാറി വരുന്ന സർക്കാരുകളുടെ പ്രതിബദ്ധത നമുക്കൊക്കെ അറിയാവുന്നതല്ലേ ? ഭരണഭാഷ മലയാളമാക്കിയാൽ എല്ലാമായി എന്നാണു തലപ്പത്തിരിക്കുന്നവരുടെ ചിന്ത. പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ പോലും ശരിയായ വിദ്യാഭ്യാസം നേടാതെയാണ്‌ കുട്ടികളെ അഭ്യസിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച തന്നെ ഇതിനൊക്കെ കാരണം. വിദ്യാഭ്യാസത്തിൽ വെള്ളം ചേർത്തതിനു രാഷ്ട്രീയപ്പാർട്ടികൾ മുതൽ ഉത്തരവാദികൾ ആണ്. അതു വഴി നാം ഓരോരുത്തരും.

ഇനിയെങ്കിലും ഇതിനൊക്കെ ഒരറുതി വരുത്തേണ്ടേ ? നമ്മുടെ പൈതൃകം അനന്തര തലമുറയ്ക്ക് കൂടി പകർന്നു കൊടുക്കണ്ടേ ? ഉണർന്നു ചിന്തിക്കുക. ഭാഷാസ്നേഹികൾ മുന്നോട്ടു വരുക. മുന്നേറാൻ നമുക്ക് കുറച്ചു പിന്നോക്കം നടക്കാം !!

facebooktwittergoogle_plusredditpinterestlinkedinmail