അക്ഷരനഗരിയിൽ നിന്നും ഇരുന്നും കിടന്നും…..

നേരത്തേ ഞാൻ എഴുതിയിട്ടുണ്ട്, എന്നാലും അക്ഷരനഗരി എന്ന ഓമനപ്പേരുള്ള കോട്ടയംകാർ ഇങ്ങനെ എഴുതുമ്പോൾ ഒന്നുകൂടെ പറയണം.

ഈ ബസ്സിനു കോട്ടയം എന്ന അക്ഷരനഗരിയിൽ നില്ക്കേണ്ടയാവശ്യമില്ല. ഓട്ടം കഴിഞ്ഞാൽ അവിടെ എവിടെയെങ്കിലും കിടന്നാൽ മതി. ബസ്സിന്‌ ഇരിക്കാനാവാത്തതിനാലായിരിക്കും നിന്നും കിടന്നുമൊക്കെ കാലം കഴിക്കുന്നതെന്നു തോന്നുന്നു.

മണ്ഡലകാലത്ത് കോട്ടയത്തെത്തുന്ന യാത്രികർക്ക് ഇതുപോലെയുള്ള അനുഭവം പലപ്പോളുമുണ്ടാകാറുണ്ട്. അയ്യപ്പന്മാരുടെ തിരക്കുമൂലം വാഹനത്തിൽ കയറാൻപറ്റാതെ ബസ്-സ്റ്റാൻഡിലും റെയില്വേസ്റ്റേഷനിലും നിന്നും ഇരുന്നും കിടന്നും ഒക്കെ പലർക്കും സമയം കളയേണ്ടിവരുന്നു. സർക്കാരാശുപത്രിയിലും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റു സൗകര്യങ്ങളൊന്നുമില്ലാത്തതിനാൽ ഇങ്ങനെ നിന്നും ഇരുന്നും കിടന്നുമൊക്കെ രാത്രികഴിച്ചുകൂട്ടാറുണ്ട്.

നിന്ന്, നിന്നു, നിന്നും ഇതൊക്കെ പ്രയോഗിക്കുന്നതിനു ചില പ്രത്യേകതകളുണ്ട്.

നിന്നു എന്നു തനിയെ എഴുതിയാൽ അതൊരു പൂർണ്ണക്രിയ. ഒരിടത്തു കാലൂന്നി സ്ഥിതിചെയ്തു എന്നാണർത്ഥം. ഉദാ: അവൻ വഴിയിൽ നിന്നു.

നിന്നു എന്നുള്ളത് മറ്റൊരു പദത്തോടു ചേർത്തെഴുതിയാൽ ഈ അർത്ഥമല്ല. ഉദാ: അവൻ “മാവിൽനിന്നു” മാങ്ങ പറിച്ചു. സ്വരം പിന്നാലെ വന്നാൽ വരുന്ന വ്യത്യാസം ശ്രദ്ധിക്കൂ: മാവിൽനിന്ന് അവൻ മാങ്ങ പറിച്ചു. ആ സമയത്ത് അവൻ മാവിൽ കയറി എന്നർത്ഥമില്ല. താഴെ “നിന്നുകൊണ്ടും” ടെറസ്സിന്റെ മുകളിൽ “നിന്നുകൊണ്ടും” മാവിൽ “നിന്നുകൊണ്ടും” പറിച്ചിരിക്കാം. ഇവിടെ മാവില്നിന്നും മാങ്ങ പറിച്ചു എന്നു വേണ്ടാ. തെങ്ങിൽനിന്നും കമുകിൽനിന്നും ഒക്കെ മാങ്ങ പറിച്ചാൽമാത്രം അങ്ങനെ ഉം ചേർത്താൽ മതി. ആനവണ്ടിയുടെ പിന്നിലും എഴുതി എന്ന പ്രയോഗം ശരി. സ്വകാര്യബസുകളുടെ പിന്നിൽ നേരത്തെതന്നെ എഴുതിയിട്ടുണ്ട്.

നിന്ന് എന്നു പറഞ്ഞാൽ അതൊരു പൂർണ്ണക്രിയയല്ല. എവിടെയോ നിന്നുകൊണ്ട് എന്തോ ചെയ്യുവാൻ തുനിഞ്ഞു എന്നോ മറ്റോ ആവാം. അവൻ മാവിൽ നിന്ന് മാങ്ങ പറിച്ചു എന്നു പറഞ്ഞാൽ അവൻ മാവിൽക്കയറി, നിന്നുകൊണ്ടാണ് മാങ്ങ പറിച്ചത്‌. എന്നാൽ നിന്ന് എന്നു മറ്റൊരു പദത്തോടു ചേർത്തെഴുതിയാൽ ഈ അർത്ഥമല്ല. ഉദാ: മുകളിൽനിന്ന് അവൻ നോക്കി. ഇവിടെ ഇയാൾ മുകളിൽ നില്ക്കുകയായിരുന്നു എന്ന അർത്ഥമില്ല. മുകളിൽ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ നോക്കിയിരിക്കാം. വ്യഞ്ജനം പിന്നാലെ വന്നാൽ : “അവൻ മുകളിൽനിന്നു നോക്കി” എന്നു വരും.

നിന്നും എന്നെഴുതിയാൽ അതിന്റെ കൂടെ മറ്റൊരു ഉംകൂടെ വന്നിരിക്കണം. അല്ലെങ്കിൽ അതിനുമുന്നേ അതിനെക്കുറിച്ചു പരാമർശിച്ചിരിക്കണം. അതുമല്ലെങ്കിൽ കുറെയേറെ കാര്യങ്ങൾ ഒരുമിച്ചു പറയുമ്പോൾ ഉം പ്രയോഗിക്കാം.

ഉദാ : നിന്നും ഇരുന്നും കിടന്നുമൊക്കെ നേരം വെളുപ്പിച്ചു എന്നു രോഗികൾ പറയും. എന്റെ കൈയിൽനിന്നും കൂട്ടുകാരന്റെ കൈയിൽനിന്നും എന്റെ ഭാര്യയുടെ കൈയിൽനിന്നുമൊക്കെ അവൻ കടം വാങ്ങി. പലരും കൊടുക്കില്ല എന്നു പറഞ്ഞു. എന്നിട്ടും അവൻ ചോദിച്ചു. പല ദിക്കിൽനിന്നും ആളുകൾ വന്നു. ഇതൊക്കെ തൊട്ടുമുന്നിലുള്ള പദത്തോടു ചേർത്തെഴുതിയാൽ, അതു ഗതി എന്ന, വാക്കുകളെത്തമ്മിൽ ഘടിപ്പിക്കുന്ന വ്യാകരണസൂത്രം.

ഈ ബസ്സ് അക്ഷരനഗരിയിൽനിന്നു പുറപ്പെടണം. ഒരു ബസ്സിന്‌ ഒരിടത്തുനിന്നുമാത്രമേ പുറപ്പെടാനാവൂ. പലസ്ഥലത്തുനിന്നും പുറപ്പെടാനാവില്ല. ഏറ്റുമാനൂർനിന്നും മൂവാറ്റുപുഴനിന്നും എറണാകുളത്തുനിന്നും തൃശൂർനിന്നുമൊക്കെ ആളുകൾ അതിൽ കയറട്ടെ.

(കാലത്തും വൈകിട്ടുമുള്ള ആകാശവാണിയുടെ പ്രക്ഷേപണത്തിൽ : “തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന …..ട്രെയിൻ, ചെന്നൈയില്നിന്നു പുറപ്പെടുന്ന ട്രെയിൻ, അബുദാബിയിൽ നിന്നും വരുന്ന …..ഫ്ലൈറ്റ് നെടുമ്പാശ്ശേരിയിൽനിന്നും പുറപ്പെടുന്ന ദുബായ് ഫ്‌ലൈറ്റ്” എന്നൊക്കെ കേൾക്കാം. സർക്കാർ “ഔദ്യോഗികമായി” പറയുമ്പോൾ അതു ശരിയാണെന്നല്ലേ പൊതുജനം ധരിക്കൂ ?) manorama 29/10/17Ninnum29.10.17

facebooktwittergoogle_plusredditpinterestlinkedinmail