മഹദ് വ്യക്തികൾ !!

മലയാളത്തിൽ എന്തെഴുതിയാലും സംസ്കൃതം കടന്നുവരുന്നതിനാൽ സന്ധി/സമാസങ്ങൾ പലതും തെറ്റുന്നുണ്ട്. അല്പമെങ്കിലും അതിനെക്കുറിച്ചൊരു ജ്ഞാനം അത്യാവശ്യമാണല്ലോ എന്നുകരുതി, കൊച്ചി-മറൈൻഡ്രൈവിൽ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽനിന്ന് “കേരള സംസ്കൃത വിജ്ഞാന നിഘണ്ടു” എന്നൊരു പുസ്തകം വാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. മറിച്ചുനോക്കിയപ്പോൾ ഇതു വളരെ വിജ്ഞാനപ്രദമാണെന്നു കാണുന്നു.

തുറന്നപ്പോൾത്തന്നെ ജനറൽ എഡിറ്റർ, ഗസ്റ്റ് എഡിറ്റർ എന്നിവരുടെ ആമുഖം വായിച്ചുനോക്കി. ദാ കിടക്കുന്നു ഒരു കിടിലൻവാക്ക് – samkrutham1samskrutham1Samskrutham3Samskrutham4 (*ഉപാന്ത്യഖണ്ഡികയുടെ അവസാനം ശ്രദ്ധിക്കൂ) ഈ നിഘണ്ടുരചനയിൽ സഹായിച്ച രണ്ടു മഹാവ്യക്തികളെ ഉദ്ദേശിച്ചാണീ പ്രയോഗം നടത്തിയിരിക്കുന്നത്. മഹദ് വ്യക്തികൾ എന്നാൽ മഹാന്റെ വ്യക്തികൾ എന്നർത്ഥം. മഹദ്‌വാക്യം എന്നാൽ മഹാന്റെ വാക്യം. അതുകൊണ്ടാണ് നാം മഹദ്കവി, മഹത്പുരുഷൻ എന്നൊക്കെപ്പറയാതെ മഹാകവി, മഹാപുരുഷൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത്. മഹാന്മാരൊക്കെ പറയുന്നതും എഴുതുന്നതും മഹദ്വാക്യങ്ങളാണ്. മഹാന്റെ ചരിതം മഹച്ചരിതം, മഹാന്റെ ചരമം മഹച്ചരമം എന്നൊക്കെ ശരി.

നേരത്തെ ഞാൻ വാങ്ങിയ പ്രൊഫ. അച്യുതവാര്യർ എഴുതിയ ‘ഭാഷാവ്യാകരണപഠനം’ എന്നൊരു പുസ്തകത്തിലും ഇവരുടെ ആമുഖമുണ്ട്. മൊത്തം അക്ഷരത്തെറ്റാണ് ! പുസ്തകത്തിന്റെ ഉള്ളടക്കം കേമമാണ്, വളരെ വിജ്ഞാനപ്രദവുമാണ്. ഇതുപോലെ ആമുഖങ്ങൾ എഴുതുന്ന “ആ മുഖങ്ങൾ” ഇപ്പോളും അവിടെത്തന്നെയുണ്ടെങ്കിൽ ഇതുപോലെ പലതും ഇനിയും നമുക്കു വായിക്കേണ്ടിവരും. (ഇതിൽ കാണുന്ന മറ്റുള്ള പിശകുകളെക്കുറിച്ചൊക്കെ ഞാൻ നേരത്തെ ഉപന്യസിച്ചിട്ടുള്ളതിനാൽ അതിലേക്കൊന്നും കടക്കുന്നില്ല)

ഇങ്ങനെയുള്ളവരെയൊക്കെ ഈവകസ്ഥാപനങ്ങളുടെയൊക്കെ മേലധികാരികളായി ഇരുത്തിയിട്ടുള്ളതെന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇവർ ഈ പുസ്തകങ്ങളൊന്നും മറിച്ചുനോക്കുകപോലും ചെയ്തിട്ടില്ല എന്ന് ഇതിൽനിന്നു വ്യക്തമല്ലേ ? വെറുതേ ഒപ്പിടാൻമാത്രമായി ചില ജന്മങ്ങൾ !!

(*ഉപാന്ത്യം = last but one)

facebooktwittergoogle_plusredditpinterestlinkedinmail