വയലാർ രാമവർമ്മ.

  • 2009 സെപ്റ്റംബർ മാസത്തിൽ ആലപ്പുഴയുടെ വശ്യ ഭംഗി ആസ്വദിക്കാൻ വേണ്ടി വെറുതേ തീരദേശ ഹൈവേയിലൂടെ പോകുമ്പോഴാണ് വയലാർ എന്ന കൈചൂണ്ടിപ്പലക കണ്ണിലുടക്കിയത്. ഇവിടം വരെ വന്നതല്ലേ അദ്ദേഹത്തിൻറെ വീട് ഒന്ന് കണ്ടു കളയാം എന്ന് വിചാരിച്ചു പലരോടും ചോദിച്ചു അവിടെയെത്തി. പ്രശാന്ത സുന്ദരമായ ഗ്രാമം. പോകുന്ന വഴി അദ്ദേഹം പഠിച്ചിരുന്ന, അദ്ദേഹത്തിൻറെ നാമധേയത്തിലുള്ള പള്ളിക്കൂടവും കണ്ടു.

 

രാഘവപ്പറമ്പിലെ സ്മൃതിമണ്ഡപം പ്രൌഢ ഗംഭീരമായി അങ്ങനെ തല ഉയർത്തി നില്ക്കുന്നു. തറവാടിന്റെ തറ മാത്രം അവിടെ ബാക്കി. പഴയ ഒരു തുളസിത്തറ ഇപ്പോഴും അവിടെത്തന്നെയുണ്ട്. മടിച്ചു മടിച്ച് അദ്ദേഹത്തിൻറെ മകൻ ശ്രീ ശരത് ചന്ദ്ര വർമ്മ താമസിക്കുന്ന വീട്ടിലെക്കൊന്നെത്തി നോക്കി.

 

പിൻഭാഗത്തായി നാഗത്താന്മാരെ കുടിയിരുത്തിയിരിക്കുന്ന ചിത്രകൂടവും തൊട്ടടുത്തു നാഗരാജാവിന്റെ പ്രതിഷ്ഠയുള്ള കുടുംബ ക്ഷേത്രവും. അത് വഴി പോയവരോട് പലതും ചോദിച്ചു മനസ്സിലാക്കി.

ശബ്ദം കേട്ട് ഭാരതിത്തമ്പുരാട്ടി ഇറങ്ങി വന്നു ആരാ എന്ന് അന്വേഷിച്ചു.
വയലാറിന്റെ ആ……രാ….….…..രാ………” വളരെ ഭവ്യമായി ഞങ്ങൾ പറഞ്ഞു.
വരൂഅകത്തേക്കിരിക്കൂഒട്ടും പ്രതീക്ഷിക്കാത്ത ആ ക്ഷണം ഞങ്ങളെ ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത് !!
അല്ല…… ഞങ്ങൾ വെറുതേ അദ്ദേഹത്തിൻറെ സ്മൃതിമണ്ഡപം കാണാൻ വന്നതാ…………… ഞങ്ങളെ പരിചയമൊന്നും ഇല്ലല്ലോഞാൻ അകത്തേക്ക് കയറാൻ മടിച്ച് കൊണ്ട് പറഞ്ഞു.
അതിനെന്താ? ഇങ്ങനെയൊക്കെ അല്ലെ പരിചയപ്പെടുന്നത് !” ആ സ്നേഹത്തിന്റെ മുന്നിൽ ഞങ്ങൾ കീഴടങ്ങി.

കുറെ നേരം അവിടെയിരുന്നു അദ്ദേഹത്തിനെ ചരിത്രവും ജീവിതവും ഒക്കെ ഞങ്ങളോട് പങ്കു വയ്ക്കാൻ ഒരു മടിയും ആ അമ്മയ്ക്കുണ്ടായില്ല. എത്ര ലളിതമായ പെരുമാറ്റം ! അങ്ങനെ സംസാരിക്കുന്നതിന്നിടയ്ക്കാണ് അവിടെ ഒരു കവിയരങ്ങ് എല്ലാ വർഷവും നടത്തപ്പെടുന്നു എന്നറിഞ്ഞത്. പിന്നീട് ഇങ്ങോട്ട് എല്ലാ വർഷവും ഒരു അനുഷ്ഠാനം പോലെ ഞങ്ങൾ ആ ദിവസം അവിടെപ്പോകും. ഞങ്ങളെപ്പോലെ ആയിരങ്ങൾ അവിടെ അന്ന് തടിച്ചു കൂടും, ആ മഹാത്മാവിനു പ്രണാമം അർപ്പിക്കാൻ !!

XXXXXXXXXXXXX ********************* XXXXXXXXXXXXXX

ആ ധന്യ ജീവിതം പൊലിഞ്ഞിട്ടു ഈ ഒക്ടോബർ 27 നു 39 വർഷം തികയുന്നു. കൈരളിക്കു ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു പേരാണ് വയലാർ രാമവർമ്മയുയുടേത്. വെള്ളാരപ്പള്ളി കേരളവർമ്മയുടെയും രാഘവപ്പറമ്പിൽ അംബാലികത്തമ്പുരാട്ടിയുടെയും പുത്രനായി 1928 മാർച്ച്‌ 25 നു ഭൂജാതനായ ഇദ്ദേഹം മലയാള ഭാഷയ്ക്ക് സമ്മാനിച്ച അമൂല്യങ്ങളായ കവിതകൾ ആണ് സർഗ്ഗ സംഗീതം, മുളങ്കാടുകൾ, പാദമുദ്രകൾ, കൊന്തയും പൂണൂലും, എനിക്ക് മരണമില്ല, എന്റെ മാറ്റൊലിക്കവിതകൾ, ഒരു ജൂദാസ് ജനിക്കുന്നു തുടങ്ങിയവ. ആയിഷ എന്ന ഖണ്ഡകാവ്യം, രക്തം കലർന്ന മണ്ണ്, വെട്ടും തിരുത്തും എന്നീ കഥാ സമാഹാരങ്ങൾ, പുരുഷാന്തരങ്ങളിലൂടെ എന്ന പ്രബന്ധ സമാഹാരം എന്നിവയും അദ്ദേഹത്തിൻറെ വകയയിട്ടുണ്ട്.

സർഗ്ഗസംഗീതം എന്ന കവിതയ്ക്ക് 1961 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗാന രചയിതാവിനുള്ള പ്രസിഡണ്ടിന്റെ സുവർണ്ണ മെഡൽ 1974 ൽ ലഭിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗാന രചയിതാവിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് 3 പ്രാവശ്യം നേടിയിട്ടുണ്ട്. 223 ചിത്രങ്ങൾക്ക് വേണ്ടി രണ്ടായിരത്തോളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇത് കൂടാതെ അനേകം നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. 47 വയസ്സെത്തും മുന്നേ ദിവംഗതനായ, ഇദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിൻറെ ചരമ ദിനം ആയ ഒക്ടോബർ 27 -)o തീയതി (പുന്നപ്ര-വയലാർ രക്ത സാക്ഷി ദിനം !) തിരുവനന്തപുരത്ത് വച്ച് വയലാർ അവാർഡ് ഏറ്റവും നല്ല സാഹിത്യ കൃതിക്ക് കൊടുത്തു പോരുന്നു. എല്ലാ വർഷവും, അന്നേ ദിവസം അദ്ദേഹത്തിൻറെ ജന്മ സ്ഥലത്തു ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ, കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും കവിയെയും അദ്ദേഹത്തിൻറെ കവിതകളെയും സ്നേഹിക്കുന്ന ആബാലവൃദ്ധം ജനങ്ങൾ സംബന്ധിക്കാറുണ്ട്. ഇതിനോടനുബന്ധിച്ചു നടത്തപ്പെടുന്ന കവിയരങ്ങിൽ എല്ലാവർക്കും തങ്ങളുടെ രചനകൾ അവതരിപ്പിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നുമുണ്ട്‌. നേരത്തെ പേരു കൊടുക്കണം എന്ന് മാത്രം. ഉച്ച കഴിഞ്ഞ്, വയലാർ രചിച്ച ഗാനങ്ങൾ മാത്രം ചേർത്തുള്ള, ശ്രീ കൊച്ചിൻ മൻസൂറിന്റെ ഗാനമേളയും നടത്തപ്പെടുന്നു. (ഇദ്ദേഹത്തിനു ആയിരക്കണക്കിന് സിനിമാ ഗാനങ്ങൾ മന:പാഠമാണ്. ഏതു സിനിമ, ഏതു വർഷം, ഏതു രംഗം, ആരഭിനയിച്ചു, നിർമ്മാതാവ് തുടങ്ങിയവയൊക്കെ ഇങ്ങനെ തത്സമയം അദ്ദേഹം പറയും !! )

ശാസ്ത്രവും തത്വജ്ഞാനവും നാസ്തികത്വവും ആസ്തികത്വവും രാഷ്ട്രീയവും വിപ്ളവവും രാജ്യസ്നേഹവും, സഹോദര സ്നേഹവും വിലാപവും ഹാസ്യവും പ്രേമവും വിരഹവും എന്ന് വേണ്ടാ ജീവിതത്തിന്റെ സമസ്ത വശങ്ങളും സ്പർശിച്ചിട്ടുള്ള ആ ഗാനങ്ങളും കവിതകളും വർഷമെത്ര കഴിഞ്ഞാലും ഇന്നും മലയാളിയുടെ നാവിൻ തുമ്പിൽ നിന്നും മാഞ്ഞു പോയിട്ടില്ല. മലയാളിയും മലയാളവും ഉള്ളിടത്തോളം ആ ഓർമ്മകൾ മരിക്കുകയുമില്ല. ഇടതു പക്ഷ സഹയാത്രികനായിരുന്ന അദ്ദേഹത്തിന്റെ രചനകളിൽ അധ:സ്ഥിതർക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. ചെറുപ്പത്തിൽ സ്വായത്തമാക്കിയ സംസ്കൃതവും, പുരാണങ്ങളിലും ഇതിഹാസങ്ങളിലും കൈവരിച്ച അഗാധ പാണ്ഡിത്യവും കവിതകളിലും ഗാനങ്ങളിലും വളരെ സരളമായി അദ്ദേഹം സന്നിവേശിപ്പിച്ചിരുന്നു. അന്ധ വിശ്വാസങ്ങളെ അടിമുടി എതിർക്കുന്ന ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നും തന്നെ മറ്റൊരു കവിക്കും അവകാശപ്പെടാനാവാത്തത്ര ഈടുറ്റ ഭക്തി ഗാനങ്ങളും, വിപ്ളവ ഗാനങ്ങളും പിറന്നു. സർവ്വ രാജ്യത്തൊഴിലാളികളേ എന്ന പട്ടു കേട്ടാൽ ഏതു തൊഴിലാളിയുടെ രക്തമാണ് തിളയ്ക്കാത്തത് ! ശരണമയ്യപ്പാ സ്വാമീ എന്ന ഗാനം കേട്ടാൽ ആരാണ് സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിക്കാത്തത് ? നിത്യ വിശുദ്ധയാം കന്യാ മറിയാമേ എന്നുള്ള പാട്ട് കേട്ടാൽ ഉടനെ തന്നെ നാം അറിയാതെ കൈ കൂപ്പിപ്പോകില്ലേ ? ചന്ദ്രകളഭം എന്ന വിശ്വോത്തര വിരഹ ഗാനം കേട്ടാൽ ഏതു കാമുകന്റെ ഹൃദയമാണ് നുറുങ്ങാത്തത് ? അങ്ങനെ പറയാൻ തുടങ്ങിയാൽ അവസാനമില്ല. (വിസ്താര ഭയത്താൽ കവിതകളിലേക്ക്‌ കടക്കുന്നില്ല)

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഇദ്ദേഹത്തിന്റെ മകളായ ശ്രീമതി യമുനാ പ്രസാദ് നല്കിയ 10 സെന്റ് സ്ഥലത്ത് 2003 ജനുവരി 26 നു അദ്ദേഹത്തിനു ഒരു സ്മൃതി മണ്ഡപം പല പല ഘട്ടങ്ങളായി പണി തീർത്തു.

 

ഇടക്കാലത്ത് അദ്ദേഹത്തിനു ഒരു സ്മാരകം പണിയാൻ സർക്കാർ തീരുമാനിച്ചു. അദ്ദേഹത്തിൻറെ പുസ്തകങ്ങൾ, കണ്ണട, കസേര, തൂലിക ഇത്യാദികൾ, കവിതകളുടെയും ഗാനങ്ങളുടെയുമൊക്കെ കൈയെഴുത്ത് പ്രതികൾ, പുരസ്കാരങ്ങൾ തുടങ്ങിയവ സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും ഒരു മ്യൂസിയം, അതിനോടൊപ്പം ഒരു ലൈബ്രറി, വായനശാല, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം എന്നിവയും വിഭാവനം ചെയ്തു. പണി അങ്ങനെ ഒരു വിധമൊക്കെ കഴിഞ്ഞു എന്ന് പറയാം. എന്നാലും ഇത് വരെ മുഴുവനായിട്ടില്ല. പാതി ജീവിച്ചു നമ്മെ വിട്ടു പിരിഞ്ഞ ആ മഹാ കവിയെപ്പോലെ !!

(കടപ്പാട് : പലരോടും, വയലാർ കുടുംബത്തോട് പ്രത്യേകിച്ചും )

ഇതോടനുബന്ധിച്ച് എന്റെ ബോസ്സിന്റെ ഒരു കവിതയും ചേർക്കുന്നു.

കൈരളിയുടെ കാവ്യ ഗന്ധർവ്വൻ – ശ്രീ വയലാർ രാമവർമ്മയുടെ ‘പാദമുദ്രകൾ’ പതിഞ്ഞ രാഘവപ്പറമ്പിലെ പവിത്രമായ മണ്ണിൽ ആദ്യമായി കാലെടുത്തു വച്ചപ്പോൾ എനിക്കുണ്ടായ മനോവികാരങ്ങളാണ് ഞാനീ കവിതയിലൂടെ അവതരിപ്പിക്കുന്നത്‌. ഇപ്പോഴും ആ മഹദ് വ്യക്തിയുടെ ഗാനങ്ങളും കവിതകളും മലയാളിയുടെ നാവിൻ തുമ്പത്തു തത്തിക്കളിക്കുമ്പോൾ, ‘എനിക്ക് മരണമില്ല’ എന്ന അദ്ദേഹത്തിൻറെ കവിത എത്ര അന്വർത്ഥമാണെന്ന് നാം ഓർത്തു പോകും. ഈ ‘നല്ല ഹൈമവത ഭൂവിൽ’ ‘ഇനിയൊരു ജന്മം കൂടി’ ചോദിച്ച്, ‘സർഗ്ഗ സംഗീതം’ പാടി, നമ്മെയൊക്കെ ‘ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരത്തു’ കൂടി കൊണ്ടു നടന്ന ആ മാഹാനുഭാവന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള എന്റെ

തീർത്ഥയാത്ര.

സർഗ്ഗസംഗീത’മുറങ്ങുന്ന ഭൂമിയിൽ
സ്വർഗ്ഗാനുഭൂതി നുകർന്നു ഞാൻ നില്ക്കവേ,
സംക്രമിച്ചുള്ളിലേക്കാരോ സിരകളെ
സർവ്വം വരിഞ്ഞു മുറുക്കുന്ന നൊമ്പരം.

പണ്ടെന്റെ ബാല്യം മെനഞ്ഞ സ്വപ്നങ്ങളെ
വിണ്ടലത്തേക്കു നയിച്ച ഗാനങ്ങൾ ഞാൻ
വീണ്ടുമോർപ്പൂ കാവ്യഗന്ധർവ്വ ! നിൻ സ്മൃതി –
മണ്ഡപത്തെ വലം വച്ചു നടക്കവേ.

പെട്ടെന്ന് പാറിപ്പറന്നു ചെന്നെത്തുവാൻ
പറ്റാത്ത പൂമരക്കൊമ്പിൽ നീ കൂട്ടിയ
കൂട്ടിൽ നിന്നെന്തേ പറന്നു പോയ്‌ ? പത്രി നീ-
യിത്ര പൊൻ തൂവൽ കുടഞ്ഞെറിഞ്ഞൂഴിയിൽ !

വിങ്ങും ഹൃദയം, ഗൃഹാതുരത്വം നിറ –
ഞ്ഞിന്നീ തറവാട്ടു ശേഷിപ്പു കാണുകിൽ,
ഉള്ളിലൊതുങ്ങാതെ കാവ്യാനുഭൂതികൾ
തിങ്ങിയടർന്നു മരിക്കുന്ന സാക്ഷികൾ !

എത്ര ചരിത്രമീ പേരാൽ ചുവട്ടിലെ
സർപ്പ ദൈവങ്ങൾ കുറിച്ചിട്ടിരിക്കണം !
കട്ടിക്കരിങ്കൽ പ്രതിമകളെങ്കിലും
കുട്ടനെ” യോർത്തവർ തേങ്ങിയിരിക്കണം !

തൊട്ടുവന്ദിച്ചാ തുളസിത്തറയൊന്നു
ചുറ്റിപ്പതുക്കെക്കവർന്നു ഞാൻ വെണ്‍തരി –
മുത്തൊരു നുള്ളു നിൻ മുറ്റത്തു നിന്നു നീ
തൊട്ട മുത്തൊന്നതിലില്ലാതിരിക്കുമോ ?

മറ്റു രത്നങ്ങളിരിക്കുന്ന ചെപ്പിൽ ചെ –
മ്പട്ടിൽ പൊതിഞ്ഞു ഞാൻ വച്ചീ പ്രസാദവും.
കെട്ടഴിച്ചാ നിധി നോക്കുമിടയ്ക്കിടെ
കെട്ടി ഞാൻ പിന്നെയും വയ്ക്കുമതേ വിധം.

ആ ‘നല്ല ഹൈമവതഭൂ’വിലൂടെ ഞാ –
നാരെയോ തേടി നടന്ന കാലത്തിളം –
കാവ്യ സുഗന്ധമുതിർന്നതാണെന്നിൽനി –
ന്നാരുമറിഞ്ഞില്ലതെന്നിലമർന്നു പോയ് .

എൻ മനോരാജ്യത്തിലെങ്ങോ മറഞ്ഞിരി-
പ്പിന്നും കവിതയുറങ്ങുന്ന പൊയ്കകൾ.
നിൻ മണി മുറ്റത്തെ മുത്തൊന്നെറിഞ്ഞൊരു
കുഞ്ഞോളമുണ്ടാക്കി നോക്കട്ടെ ഞാനിനി.

വിമല പൈങ്ങോട്.

facebooktwittergoogle_plusredditpinterestlinkedinmail