സംവൃതം, വിവൃതം എന്നിവ എങ്ങനെ പ്രയോഗിക്കണം – V

Nalu DinamPathu divasam koodiഎഴുന്നള്ളിച്ച് കൊണ്ട് പോയ ആന എല്ലാവരെയും കുടഞ്ഞ് എറിഞ്ഞ് കളഞ്ഞു, കഴിഞ്ഞത് ഒക്കെ മറന്ന് കളയണം, വലിച്ച് പിടിച്ച് കൊണ്ട് വെട്ടി മാറ്റി, തോറ്റ് തൊപ്പി ഇട്ടു, കടിച്ച് പിടിച്ച് കൊണ്ട് വലിച്ച് ഊരി, പറിച്ച് എടുത്ത് വലിച്ച് എറിഞ്ഞു, മോഷ്ടിച്ച് എടുത്ത് ഒളിച്ച് വച്ചു, അടിച്ച് എടുത്ത് കൊണ്ട് ഓടി കളഞ്ഞു, നോക്കി നിന്ന് കൊണ്ട് പറ്റിച്ചു കളഞ്ഞു, തിരിഞ്ഞ് നോക്കാതെ നടന്ന് പോയി, പിരിച്ച് എടുത്ത് മാറ്റി വച്ചു, പ്രതിയെ ഓടിച്ചു ഇട്ട് പിടിച്ച് തല്ലി കൊന്നു, പൊട്ടിച്ച് എടുത്ത് കൊണ്ട് ഓടി പോയി, ചിരിച്ച് കൊണ്ട് കഴുത്ത് അറത്തു, പിരിവ് എടുത്ത് പുട്ട് അടിച്ചു, ഒടിച്ച് എടുത്ത് നിലത്ത് ഇട്ടു, കണ്ണിൽ കണ്ടത് ഒക്കെ വിളിച്ച് പറയരുത്, അമർത്തി പിടിച്ച് കൊണ്ട് കെട്ടി ഇട്ടു – ഇങ്ങനെ കുറെയേറെ ക്രിയകൾ ഒരുമിച്ചുവരുമ്പോൾ അവയിൽ പരസ്പരം ബന്ധപ്പെട്ടവയെ തമ്മിൽച്ചേർക്കണം. രണ്ടോ മൂന്നോ വാക്കുകളേ ഇങ്ങനെ ചേർക്കാവൂ. അതിലധികം ചേർക്കുന്നത് അരോചകമാണ്. (ശ്ലോകത്തിൽ അങ്ങനെയാവാം.)

എഴുന്നള്ളിച്ചുകൊണ്ടുപോയ ആന എല്ലാവരെയും കുടഞ്ഞെറിഞ്ഞുകളഞ്ഞു, കഴിഞ്ഞതൊക്കെ മറന്നുകളയണം, വലിച്ചുപിടിച്ചുകൊണ്ട് വെട്ടിമാറ്റി, തോറ്റുതൊപ്പിയിട്ടു, കടിച്ചുപിടിച്ചുകൊണ്ട് വലിച്ചൂരി, പറിച്ചെടുത്ത് വലിച്ചെറിഞ്ഞു, മോഷ്ടിച്ചെടുത്ത് ഒളിച്ചുവച്ചു, അടിച്ചെടുത്തുകൊണ്ട് ഓടിക്കളഞ്ഞു, നോക്കിനിന്നുകൊണ്ട് പറ്റിച്ചുകളഞ്ഞു, തിരിഞ്ഞുനോക്കാതെ നടന്നുപോയി, പിരിച്ചെടുത്ത് മാറ്റിവച്ചു, പ്രതിയെ ഓടിച്ചിട്ടുപിടിച്ച് തല്ലിക്കൊന്നു, പൊട്ടിച്ചെടുത്തുകൊണ്ട് ഓടിപ്പോയി, ചിരിച്ചുകൊണ്ട് കഴുത്തറത്തു, പിരിവെടുത്ത് പുട്ടടിച്ചു, ഒടിച്ചെടുത്ത് നിലത്തിട്ടു, കണ്ണിൽക്കണ്ടതൊക്കെ വിളിച്ചുപറയരുത്, അമർത്തിപ്പിടിച്ചുകൊണ്ട് കെട്ടിയിട്ടു – എന്നൊക്കെയാണ് മേല്പറഞ്ഞ വാക്കുകളെ സംയോജിപ്പിക്കേണ്ടത്.

ഉരുണ്ട് വീണ് മുറിഞ്ഞു, എറിഞ്ഞ് വീഴ്ത്തി തന്നു, പറിച്ച് എടുത്ത് തന്നു, കടിച്ച് എടുത്ത് കൊണ്ട് പോയി, ഒടിഞ്ഞ് നുറുങ്ങി പോയി, കടിച്ച് ചവച്ച് തിന്നു, തൂക്കി നോക്കി എടുത്തു, നീണ്ട് നിവർന്ന് കിടപ്പുണ്ടാകും – ഇങ്ങനെ അടുപ്പിച്ചടുപ്പിച്ചുള്ള, തമ്മിൽ ബന്ധമുള്ള, ക്രിയകൾ ഒന്നായിട്ടെഴുതണം. ഉരുണ്ടുവീണുമുറിഞ്ഞു, എറിഞ്ഞുവീഴ്ത്തിത്തന്നു, പറിച്ചെടുത്തുതന്നു, കടിച്ചെടുത്തുകൊണ്ടുപോയി, ഒടിഞ്ഞുനുറുങ്ങിപ്പോയി, കടിച്ചുചവച്ചുതിന്നു, തൂക്കിനോക്കിയെടുത്തു, നീണ്ടുനിവർന്നുകിടപ്പുണ്ടാകും – എന്നൊക്കെ ചേർക്കണം.

മുഖത്ത് നോക്കി പറഞ്ഞു, വെടി വച്ച് കൊന്ന് കളഞ്ഞു, പറഞ്ഞ് കൊടുത്തത് എല്ലാം, കടിച്ച് തിന്നത് ഒക്കെ, തടിച്ച് വീർത്തു, കടിച്ച് കുടഞ്ഞു എന്നിവയൊക്കെ മുഖത്തുനോക്കിപ്പറഞ്ഞു, വെടിവച്ചുകൊന്നുകളഞ്ഞു, പറഞ്ഞുകൊടുത്തതെല്ലാം, കടിച്ചുതിന്നതൊക്കെ, തടിച്ചുവീർത്തു, കടിച്ചുകുടഞ്ഞു എന്നൊക്കെ എഴുതണം.

ഇരട്ടിച്ചുപറയുന്ന ക്രിയകൾ സംവൃതോകാരം കളഞ്ഞിട്ട് ചേർത്തെഴുതണം:
ഇടിച്ച് ഇടിച്ച് നിൽക്കുന്നു – ഇടിച്ചിടിച്ചുനിൽക്കുന്നു, പറഞ്ഞ് പറഞ്ഞ് തോറ്റു – പറഞ്ഞുപറഞ്ഞുതോറ്റു, കുടിച്ച് കുടിച്ച് മരിച്ചു – കുടിച്ചുകുടിച്ചുമരിച്ചു, പിടിച്ച് പിടിച്ച് നടക്കുന്നു – പിടിച്ചുപിടിച്ചുനടക്കുന്നു, നടന്ന് നടന്ന് വലഞ്ഞു – നടന്നുനടന്നുവലഞ്ഞു, വലിച്ച് വലിച്ച് തളർന്നു – വലിച്ചുവലിച്ചുതളർന്നു, തുഴഞ്ഞ് തുഴഞ്ഞ് തളർന്നു – തുഴഞ്ഞുതുഴഞ്ഞുതളർന്നു, കരഞ്ഞ് കരഞ്ഞ് തളർന്നു – കരഞ്ഞുകരഞ്ഞുതളർന്നു, കൊടുത്ത് കൊടുത്ത് മുടിഞ്ഞു – കൊടുത്തുകൊടുത്തുമുടിഞ്ഞു, പിടച്ച് പിടച്ച് ചത്തു – പിടച്ചുപിടച്ചുചത്തു, കിടന്ന് കിടന്ന് മടുത്തു – കിടന്നുകിടന്നുമടുത്തു, ചുമച്ച് ചുമച്ച് മരിക്കാനായി – ചുമച്ചുചുമച്ചുമരിക്കാറായി.

ക്രിയകൾക്കിടയിൽ മറ്റൊരു വാക്കു വന്നാൽ ഇങ്ങനെ രണ്ടു ക്രിയകൾ ചേർത്ത് അവസാനം സംവൃതോകാരം നിലനിറുത്തിക്കൊണ്ട് എഴുതണം:
കടിച്ചുകടിച്ച് പല്ലു തേഞ്ഞു, ഇരുന്നിരുന്ന് വേരിറങ്ങി, നടന്നുനടന്ന് വീട്ടിലെത്തി, തിന്നുതിന്ന് തടിവച്ചു, കരഞ്ഞുകരഞ്ഞ് കണ്ണുനീർ വറ്റി, കൊടുത്തുകൊടുത്ത് അവൻ മുടിഞ്ഞു, കുടിച്ചുകുടിച്ച് കരൾ തീർന്നു, പറന്നുപറന്ന് മുകളിലെത്തി, കണ്ടുകണ്ട് കണ്ണു കഴച്ചു, കേട്ടുകേട്ട് ചെവി ചെകിടിച്ചു, പറഞ്ഞുപറഞ്ഞ് ഞാൻ തോറ്റു, എടുത്തെടുത്ത് മുഴുവൻ തീർന്നു, എറിഞ്ഞെറിഞ്ഞ് കൈ കുഴഞ്ഞു.

ഉകാരം കഴിഞ്ഞാൽ സാധാരണഗതിയിൽ ദ്വിത്വം വരുകയില്ല. കൂട്ടുക്കാരൻ, പാട്ടുക്കാരൻ, വീട്ടുക്കാരൻ, പട്ടുത്തൂവാല, കട്ടുത്തിന്നു, കഴിഞ്ഞുപ്പോയി, ഒടിഞ്ഞുപ്പോയി, കിടന്നുപ്പോയി, അടുപ്പുക്കല്ല്, പുട്ടുക്കുറ്റി, ചട്ടുക്കാലൻ എന്നൊക്കെ എഴുതരുത്. കൂട്ടുകാരൻ, പാട്ടുകാരൻ, വീട്ടുകാരൻ, പാട്ടുതൂവാല, കട്ടുതിന്നു, കഴിഞ്ഞുപോയി, ഒടിഞ്ഞുപോയി, കിടന്നുപോയി, അടുപ്പുകല്ല്, പുട്ടുകുറ്റി, ചട്ടുകാലൻ എന്നൊക്കെ ശരി. (വെട്ടുക്കിളി, നാട്ടുക്കൂട്ടം, പുഴുപ്പല്ല്, മുഴുക്കുടിയൻ, നടുപ്പാതിര, അപ്പുച്ചേട്ടൻ, അപ്പുക്കുട്ടൻ, അമ്മുച്ചേച്ചി, അരപ്പുക്കൈയൻ എന്നൊക്കെ ചില അപവാദങ്ങളുമുണ്ട്)

മൊബൈൽ ഫോണിലെ നീക്കിയിരിപ്പുതുക എത്രയെന്ന് കമ്പ്യൂട്ടർക്കളവാണി പറയുന്നതുപോലെ ആകാശവാണി ഇടയ്ക്കിടെ സമയം എത്രയാണെന്നറിയിക്കാറുണ്ട്; എട്ട് മണി കഴിഞ്ഞ് മുപ്പത് മിനിറ്റ് പതിനഞ്ച് സെക്കൻഡ്, പത്ത് മണി കഴിഞ്ഞ് പതിനഞ്ച് മിനിറ്റ് ഇരുപത്തഞ്ച് സെക്കൻഡ് എന്നൊക്കെയാണവരുടെ അനൗൺസ്‌മെന്റ്. ഇതൊക്കെ എട്ടുമണി കഴിഞ്ഞ് മുപ്പതു മിനിറ്റ് പതിനഞ്ചു സെക്കൻഡ്, പത്തുമണി കഴിഞ്ഞ് പതിനഞ്ചു മിനിറ്റ് ഇരുപത്തഞ്ചു സെക്കൻഡ് എന്നൊക്കെപ്പറയണം.

ചില ആധുനിക ഗദ്യകവികൾ ഭാവം വരാൻവേണ്ടി ‘അവൾ കരഞ്ഞൂ…….’, ‘കരം പിടിച്ചൂ…….’ എന്നിങ്ങനെ ദീർഗ്ഘം വരുത്തിയിട്ട് പിന്നിൽ കുറെ കുത്തുകളും ചേർക്കും. അതൊക്കെ അസഹ്യങ്ങളാണ്. അങ്ങനെ ഭാഷയിൽ പ്രയോഗമില്ല. വൃത്തം ഒപ്പിക്കാൻവേണ്ടി കവികൾ ഇങ്ങനെ ചെയ്യാറുണ്ട്. എഴുതുമ്പോൾ സാഹിത്യത്തോടു നീതി പുലർത്തണം. സംഗീതകാരന്മാർ വേണ്ട സ്ഥലങ്ങളിൽ നീട്ടുകയോ കുറുക്കുകയോ ഒക്കെ ചെയ്തോളും. ഭഗവാനേ, അച്ഛാ, അമ്മേ, മോനേ, മോളേ, കുട്ടീ, ചേട്ടാ, ചേച്ചീ, മാന്യരേ, സുഹൃത്തേ എന്നിങ്ങയുള്ള സംബോധനകളൂം എന്നെ വിടൂ, രക്ഷിക്കണേ, ഓടിവായോ തുടങ്ങിയ നിലവിളികളും വേഗം ഓടിക്കോളൂ, സ്ഥലംവിട്ടോളൂ, പോകൂ, കാണൂ, ഇരിക്കൂ, നടക്കൂ, പറയൂ, കേൾക്കൂ എന്നൊക്കെയുള്ള നിർദ്ദേശവാചികളുമാണ് നീട്ടുന്നത്. ഒരിടത്ത് ഒരു ചിഹ്നമേ ചേർക്കാൻ വകുപ്പുള്ളൂ. ഇങ്ങനെ കുത്തുകളിട്ടാൽ അവിടെ എന്തോ വിട്ടുപോയിട്ടുണ്ട്, അഥവാ പൂരിപ്പിക്കേണ്ടതായിട്ടുണ്ട് എന്നൊക്കെ അർത്ഥം.

ചിത്രം 1 – ദ എന്ന വ്യഞ്ജനം വന്നതിനാൽ മുന്നിൽ വിവൃതോകാരം വേണം. കൂടി എന്നാൽ വർദ്ധിച്ചു എന്നർത്ഥം. കൂടെ എന്നാണു് ഇവിടെ വേണ്ടത്. കൂടെ ഗതിയായതിനാൽ തൊട്ടുമുന്നിലുള്ള പദത്തോടു ചേർക്കണം. ത എന്ന വ്യഞ്ജനം വന്നതിനാൽ മുന്നിൽ വിവൃതോകാരം വേണം. നാലു ദിനംകൂടെ തണുപ്പു തുടരും എന്നാണെഴുതേണ്ടത്.

ചിത്രം 2 – ഇവിടെയും മേല്പറഞ്ഞതുപോലെ ദ എന്ന വ്യഞ്ജനത്തിന്റെ മുന്നിൽ ഉ എന്നു പ്രയോഗിക്കണം. കൂടെ, മാത്രം എന്നിവ ഗതികളായതിനാൽ തൊട്ടുമുന്നിലുള്ള പദത്തോടു ചേർക്കണം. ഇനി പത്തു ദിവസംകൂടെമാത്രം എന്നു ശരി.
(By Joseph V Boby)

(അവസാനിച്ചു)

facebooktwittergoogle_plusredditpinterestlinkedinmail