സൈക്കിൾ യജ്ഞം അഥവാ ഒരു അമളി പറ്റിയ കഥ

സൈക്കിൾ യജ്ഞം അഥവാ ഒരു അമളി പറ്റിയ കഥ

എന്റെ കുട്ടിക്കാലത്ത് കളി അല്ലാതെ മറ്റൊരു നേരമ്പോക്കും ഇല്ലായിരുന്നു. അവധി കിട്ടിയാൽ വെറുതെ കാലത്തു മുതൽ വൈകും വരെ കറങ്ങി നടക്കും. ബസ് പോലും ദുര്‍ല്ലഭം. കൈയിൽ കാശും ഇല്ല. ഒരു സോഡാ കുടിക്കാൻ പോലും നിവൃത്തിയില്ലാത്ത കാലം. സോഡാക്ക് 5 പൈസ മാത്രമേ ഉള്ളൂ. പക്ഷേ, അഞ്ചു പൈസക്ക് അഞ്ചു പൈസ വേണ്ടേ ?

വലിയ അവധി കിട്ടുമ്പോൾ പണ്ട് സൈക്കിൾ യജ്ഞം എന്ന കലാ പരിപാടി സ്കൂൾ മൈതാനത്തു ചിലപ്പോൾ നടക്കും. ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച പിന്നെ ഞങ്ങൾ കുട്ടികൾക്ക് ഉത്സവം ആണ്. ഒരു സൈക്കിൾ ഉള്ളവൻ അന്ന് രാജാവാണ്. അന്ന് സിനിമ കാണാനോ ടൌണിൽ പോകാനോ അനുവാദം ഇല്ല. ടി വി എന്നൊന്നും കേട്ടിട്ടേ ഇല്ല. കമ്പ്യൂട്ടർ പോയിട്ട് ഒരു കാല്കുലേറ്റർ ഞങ്ങളുടെ ഭാവനയിൽപ്പോലും ഇല്ലായിരുന്നു.

ഒരു 50 അടി വൃത്തത്തിൽ കയറു കെട്ടിത്തിരിച്ച സ്ഥലത്ത് പകൽ ഒക്കെ പ്രധാന യജ്ഞക്കാരൻ വെറുതെ സൈക്കിൾ ഓടിച്ചു വട്ടത്തിൽ കറങ്ങി നടക്കും. യജ്ഞം തീരുന്നതു വരെ അയാൾ സൈക്കിളിൽത്തന്നെ ഊണും ഉറക്കവും എല്ലാം. നടുക്ക് ഒരു കമുക് നാട്ടി അതിന്മേൽ കോളാമ്പി, ട്യൂബ് ലൈറ്റ് എന്നിവ ഉറപ്പിച്ചിരിക്കും. വൈദ്യുതി എത്തിയിട്ടില്ല. അതിനാൽ ഇവർ ജെനരേറ്റർ പ്രവർത്തിപ്പിച്ചാണ് കാര്യം നടത്തിയിരുന്നത്. സന്ധ്യ ആകുമ്പോൾ മുതൽ പല തരം കലാ പരിപാടികൾ അവിടെ അരങ്ങേറും. നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അവിടെ തടിച്ചു കൂടും. അവരുടെ മോണോ ആക്ട്, മിമിക്രി, പാട്ട്, കഥാ പ്രസംഗം, മാജിക്, നാടകം എന്ന് വേണ്ട അന്നത്തെ തരികിട എല്ലാം ജനങ്ങൾ മനസ്സറിഞ്ഞു ആസ്വദിച്ചിരുന്നു. ഓരോ പരിപാടി കഴിയുമ്പോഴും പാട്ടപ്പിരിവ് ഉണ്ടായിരുന്നു. രാത്രി സൈക്കിൾ അഭ്യാസത്തോടെ പിരിയും.

ശനിയാഴ്ച വൈകുന്നേരം ഒരു കിണ്ണൻ പരിപാടി അവതരിപ്പിക്കും. യജ്ഞക്കാരന്റെ ഒരു സഹായി മേല്പടി വൃത്തത്തിനുള്ളിൽ ഒരു കുഴി കുഴിച്ച് അതിൽ ഇറങ്ങിക്കിടക്കും. സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെ സാന്നിദ്ധ്യത്തിൽ കുഴിയുടെ മുകളിൽ പലക വച്ച് ഓല, തുണി എന്നിവ വിരിച്ചു മണ്ണിട്ട് മൂടും.

പിന്നെ ശോക മൂകമായ അന്തരീക്ഷമാണ്. ആത്മവിദ്യാലയമേ, ദയാ പരനായ കർത്താവേ, മുൾക്കിരീടമിതെന്തിന് നല്കി തുടങ്ങിയ ദയനീയമായ പാട്ടുകൾ അന്തരീക്ഷത്തിൽ അലയടിക്കും. ഉദ്ദേശിച്ചത്ര പണം വീണില്ലെങ്കിൽ കണ്ണ് തുറക്കാത്ത ദൈവങ്ങളേ എന്ന പാട്ടാവും വരിക.

ഞായറാഴ്ചയും വൈകുന്നേരം വരെ ഇതു തുടരും. രാത്രി ഒരു പത്തു മണിക്ക് ആകാംക്ഷാഭരിതരായ ഒരു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുഴി പതിയെ നാടകീയമായി തുറക്കും. കിടിലൻ ഡയലോഗുകൾ ആ സമയത്ത് മൈക്കിലൂടെ ഒഴുകി വരും. ഹൃദയമുള്ള ഏതൊരുവനും കൈവശമുള്ള എന്തും അവിടെ വലിച്ചെറിയും. ഒരു മരണവീട്ടിൽ പോലും ഇല്ലാത്തത്ര നിശബ്ദതയാണ് പിന്നെ. മണ്ണ് നീക്കി പലക മാറ്റി ടിയാനെ പുറത്തേക്കു ഒരു ശവം മാതിരി എടുത്തു വയ്ക്കും. കുറെ നേരത്തേക്ക് യാതൊരു അനക്കവും ഇല്ലായിരിക്കും. സ്ത്രീ ജനങ്ങൾ വാവിട്ടു നില വിളിക്കും. പൈസ തുരുതുരെ പാട്ടയിൽ വീഴും. ഒരു മാതിരി കളക്ഷൻ ഒക്കെ ആയി കഴിയുമ്പോൾ ടിയാൻ പതിയെ കണ്ണ് തുറക്കും. പിന്നെ പതിയെപ്പതിയെ ഉഷാറായി വരും. പിന്നെ അയാളുംകൂടി ഉള്ള ചില അഭ്യാസങ്ങളും കഴിഞ്ഞു യജ്ഞത്തിനു തിരശ്ശീല വീഴും. (പിന്നീടാണറിഞ്ഞത്‌ ഇയാള്‍ നല്ലവണ്ണം പട്ടിണി കിടന്നിട്ടാണ് കുഴിയില്‍ ഇറങ്ങിക്കിടക്കുന്നത്. വയറ്റില്‍ ദഹിക്കാന്‍ ഒന്നും ഇല്ലെങ്കില്‍ ഓക്സിജെന്‍ കുറച്ചു മതി. എന്നാലും അതൊരു അസാമാന്യ ധൈര്യം തന്നെ !!)

അന്നൊക്കെ ആള്‍ക്കാരുടെ കയ്യില്‍ പണം കുറവായിരുന്നതിനാല്‍ കര്‍ഷര്‍ സാധനങ്ങളായി സംഭാവന കൊടുക്കുമായിരുന്നു. ഇങ്ങനെ കിട്ടുന്നവ ഇവര്‍ ലേലം വിളിച്ചു വിറ്റു കാശാക്കും. ലേലം വിളിക്കുന്ന സമയത്ത് അന്നാട്ടിലെ പ്രമാണിമാരോട്‌ വൈരാഗ്യം തീര്‍ക്കുന്നത് മൈക്കിലൂടെ ഇവരുടെ ഇരട്ടപ്പേരുകള്‍ ലേലം വിളിപ്പിക്കുന്നതിലൂടെ ആയിരുന്നു. ആരാണ് പൈസ കൊടുത്തതെന്ന് ആര്‍ക്കും അറിയില്ലാ താനും.

പറഞ്ഞുപറഞ്ഞ് അമളി മറന്നു. കയ്യിൽ കാൽ കാശില്ല എന്ന് പറഞ്ഞല്ലോ. വിശപ്പ് ആണേൽ അതി കഠിനവും. അന്ന് കടയിൽ കിട്ടുന്നത് നാരങ്ങ മുട്ടായി, നിലക്കടല മുട്ടായി, റസ്ക്, വട്ടർ എന്നിവയാണ്. യജ്ഞ വേദിക്ക് അടുത്തായി എന്നും ഒരു നിലക്കടല വറുക്കുന്ന ഉന്തുവണ്ടി വരും. പെട്രോമാക്സ് എന്ന ഒരുതരം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഈ വണ്ടി വരുന്നത്. അതിന്റെ കടകട ശബ്ദം കേൾക്കുമ്പോൾ വിശപ്പ് ശതഗുണീഭവിക്കും. ആരെങ്കിലും പരിചയക്കാർ വാങ്ങുന്നുണ്ടോ എന്ന് പ്ലാനിൽ നോക്കി നില്ക്കും. പരസ്യമായി അങ്ങനെ വാങ്ങിയാൽ വാങ്ങുന്നവനു ഒന്നും കിട്ടാറില്ല.

അങ്ങനെ നില്ക്കുമ്പോളുണ്ട് അതാ ഒരു കൂട്ടുകാരൻ നിലക്കടല കോണ്‍ വാങ്ങുന്നു. അന്ന് സ്ട്രീറ്റ് ലൈറ്റ് ഒന്നും ഇല്ല. വാങ്ങിയപാടെ അവന്‍ എന്നെക്കണ്ട് ഇരുട്ടത്തേക്ക് ഓടി. ഞാന്‍ പിന്നാലെയും. അയാളെ പിടികൂടി കോണ്‍ വാങ്ങി തുറന്നു ഞാന്‍ നിലക്കടല വായിലിട്ടു.

ആഹാ !!!!! എന്തൊരു രുചി എന്ന് ഭാവിക്കാന്‍ പോയി. പക്ഷെ വായില്‍ വന്നത് ചവര്‍പ്പോ കയ്പ്പോ എന്ന് എനിക്ക് ഇപ്പോഴും നിശ്ചയം ഇല്ല. ഇതെന്തു സാധനം ?? നിലക്കടലയ്ക്കു ഇങ്ങനെയും രുചിയോ ? യജ്ഞസ്ഥലത്തെ വെളിച്ചത്തില്‍ വന്നു ഞാന്‍ നോക്കി. ഇതെന്താ ഇത് കറുത്തിരിക്കുന്നത് ?? സൂക്ഷിച്ചു നോക്കി. ദൈവമേ …!! ആട്ടിന്‍ കാട്ടം നിലക്കടല മാതിരി പൊതിഞ്ഞു കൊണ്ട് വന്നതാണ്‌ അയാള്‍………….!!!!!!!!! തിരിഞ്ഞു നോക്കി. കൂട്ടുകാരനെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. കാറിത്തുപ്പിയിട്ടും അതിന്റെ ചുവ പോയില്ല. കുറെ ഛര്‍ദ്ദിച്ചു. എവിടെ വെള്ളം കിട്ടാന്‍ ? അന്നൊന്നും പൊതു ടാപ്പ്‌ ഇല്ല. ഓടി വീട്ടിലെത്തി വായ കഴുകി വൃത്തിയാക്കി. ഒന്നും സംഭവിക്കാത്ത മട്ടില്‍ യജ്ഞത്തില്‍ തുടര്‍ന്നും പങ്കെടുത്തു. കുറെ കഴിഞ്ഞപ്പോള്‍ ഇതെല്ലാം മറന്നേ പോയി.

പിറ്റേന്നും ഞങ്ങള്‍ ഒരുമിച്ചു കളിച്ചു. ബാല്യത്തിന്റെ നിഷ്കളങ്കത…..

facebooktwittergoogle_plusredditpinterestlinkedinmail